Image

ക്രിസ്ത്യന്‍ഭീകരത ഭയങ്കരമായി നിലനില്‍ക്കുന്ന സമൂഹമാണിത്: സിസ്റ്റര്‍ ജെസ്മി

Published on 02 August, 2011
ക്രിസ്ത്യന്‍ഭീകരത ഭയങ്കരമായി നിലനില്‍ക്കുന്ന സമൂഹമാണിത്: സിസ്റ്റര്‍ ജെസ്മി
(from DC Books blog)
 
എന്തുകൊണ്ടാണ് പൊരുത്തക്കേടുകള്‍ മനസ്സിലാക്കിയ തുടക്കക്കാലത്തുതന്നെ അതില്‍നിന്നു പുറത്തുവന്നില്ല? പുറത്തുവരലിനും തുറന്നുപറച്ചിലിനും ഇത്രയേറെ കാത്തിരിക്കേണ്ടതുണ്ടായിരുന്നോ?
(RAJESH KUMAR)
പുറത്തുവരാന്‍വേണ്ടിയല്ല ഞന്‍ കന്യാസ്ത്രീയായത്. മരണം വരെ യേശുവിനുവേണ്ടി സമര്‍പ്പിച്ചവളാണ് ഞാന്‍. തിന്മകള്‍ കണ്ട് ഓടാന്‍ തുടങ്ങിയാല്‍ ജീവിതകാലം മുഴുവന്‍ ഓടേണ്ടിവരും. അനീതിക്കെതിരെ അതിനകത്തുനിന്നും പൊരുതിക്കൊണ്ടിരിക്കുകയായിരുന്നു ഞാന്‍. എനിക്ക് മാനസികരോഗം ഉണ്ടെന്ന് ആരോപിച്ച് മരുന്ന് നല്‍കാന്‍ ശ്രമിച്ചപ്പോഴാണ് ഞാനവിടെനിന്നും രക്ഷപ്പെട്ടത്. തിന്മകണ്ടിട്ടല്ല ഇറങ്ങിയത്. അവിടെനിന്നിരുന്നെങ്കില്‍ ഞനൊരു മാനസികരോഗിയായിത്തീര്‍ന്നേനെ.
കേരളത്തിലെ കന്യാസ്ത്രീസമൂഹം തങ്ങളുടെ ജീവിതത്തില്‍ പൊതുവെ അസംതൃപ്തരാണോ?
(SEENA)
വിവിധകാലങ്ങളില്‍നടന്ന സര്‍വെകള്‍ സൂചിപ്പിക്കുന്നത് കന്യാസ്ത്രീകള്‍ അവരുടെ ജീവിതത്തില്‍ പൊതുവെ അതൃപ്തരും അസ്വസ്ഥരുമാണ്. കന്യാസ്ത്രീകള്‍ പരസ്പരം കാണുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ തുറന്നു പങ്കിടാറുണ്ട്. ആത്മാര്‍ത്ഥമായി ദൈവസമര്‍പ്പണം നടത്തിയവരുടെ കാര്യമാണിത്. അല്ലാത്തവര്‍ അത് ആസ്വദിക്കുന്നു. നല്ല ശമ്പളവും സുഖജീവിതവും അവര്‍ക്ക് ലഭിക്കുന്നു.
സിസ്റ്റര്‍ അഭയയെ കൊന്ന പ്രതികള്‍ ഇന്നും സഭയുടെ അധികാരകേന്ദ്രങ്ങള്‍ അലങ്കരിക്കുന്നതിനെക്കുറിച്ച് എന്തുപറയുന്നു?
(MATHEWMAMMEN)
കാന്‍സര്‍ ബാധിച്ചാല്‍ അത് നീക്കം ചെയ്യുന്നതിനുപകരം  വീണ്ടും വീണ്ടും പഴുപ്പിക്കുന്ന നിലപാടാണ് സഭ സ്വീകരിക്കുന്നത്. തെറ്റുചെയ്തവരെ സംരക്ഷിക്കരുത്.
കത്തോലിക്കസഭ മാത്രമല്ല ഒട്ടുമിക്ക ക്രിസ്ത്യന്‍സഭകളും ഇന്ന് കച്ചവടംതന്നെയാണ് ചെയ്യുന്നത്.ഒരുതരം ആത്മീയ വ്യഭിചാരം. ഇതേക്കുറിച്ച് സിസ്റ്റര്‍ ജെസ്മി എന്തുപറയുന്നു?  (BOBYTHOMAS)
സഭകളില്‍നിന്ന് യേശുവും ബൈബിളും  ചോര്‍ന്നുപൊയ്ക്കഴിഞ്ഞു. ജീസസ് പറഞ്ഞതില്‍നിന്നും ഘടകവിരുദ്ധമായാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. പിന്നെ, കച്ചവടം മാത്രമല്ലേയുള്ളു. രാഷ്ട്രീയാധികാരംവരെ ഇന്ന് സഭകരസ്ഥമാക്കിയിട്ടുണ്ട്. കഴിയാവുന്ന എല്ലാമേഖലകളിലും അധികാരം സ്ഥാപിക്കാന്‍ സഭ ഞങ്ങളോട് ആവശ്യപ്പെടാറുണ്ട്. സിലബസ് കമ്മിറ്റികളിലെല്ലാം കയറാന്‍ പറയും. ഇതൊരിക്കലും ശരിയല്ല.
നിങ്ങളെപോലുള്ള സ്ത്രീപ്രവര്‍ത്തകര്‍ കൂടുതലുണ്ടായിട്ടും കേരളത്തില്‍ സ്ത്രീകള്‍ ധാരാളം പീഢിപ്പിക്കപ്പെടുന്നതെന്തുകൊണ്ടാണ്?
( SYAMMOHAN )
എല്ലാകാലത്തും സ്ത്രീകള്‍ക്കെതിരെ നടന്ന ആക്രമണങ്ങള്‍ ഇക്കാലത്തും തുടരുന്നുണ്ടെന്നതു സത്യം. പക്ഷേ, ഇക്കാര്യങ്ങള്‍ പുറത്തുപറയാന്‍ സ്ത്രീകള്‍ ധൈര്യപ്പെട്ടുതുടങ്ങി. അതുകൊണ്ട് കൂടുതല്‍ വാര്‍ത്തകള്‍ നാം കേള്‍ക്കുന്നു എന്നതാണ് യഥാര്‍ത്ഥ്യം. എല്ലാമേഖലകളിലും പുരുഷാധിപത്യം നിലനില്‍ക്കുന്ന സമൂഹത്തില്‍ സ്ത്രീകള്‍ പലകാര്യങ്ങളും ചെയ്യുന്നതില്‍ പരിമിതിയുണ്ട്. മറ്റൊരുകാര്യം, സെക്‌സിനെ ഏറ്റവും കൂടുതല്‍ അടിച്ചമര്‍ത്തിയ സമൂഹമാണ് കേരളം. പക്ഷേ, ഇന്ന് സെക്‌സില്ലെങ്കില്‍ ജീവിക്കാന്‍ പറ്റില്ല, സെക്‌സാണ് കൂടുതല്‍ അത്യാവശ്യം എന്ന തരത്തിലാണ് ചാനലുകളിലും പത്രങ്ങളും പരിപാടികള്‍ വന്നുകൊണ്ടിരിക്കുന്നത്. അടിച്ചമര്‍ത്തിയതിന് പൊതുസമ്മതി ലഭിച്ചപ്പോള്‍ ആക്രാന്തത്തോടെ ഓടിനടക്കുകയാണ് പുരുഷന്മാര്‍. ഒന്നര വയസ്സുകാരിയുടെയടുത്ത് നില്‍ക്കുന്ന പതിമൂന്നുവയസ്സുകാരനെ മാറ്റി നിര്‍ത്തേണ്ടിവരുന്നു നമുക്കിന്ന്..
പട്ടക്കാരെ വെറുപ്പിച്ചുകൊണ്ട് ഒരു ക്രിസ്ത്യാനിയായി ജീവിക്കാന്‍ കഴിയില്ല. നമ്മള്‍ ഏറ്റവും ഭയക്കേണ്ടത് ക്രിസ്ത്യന്‍ ഭീകരതയാണ്?  (NAVEENMOHAN )
ക്രിസ്ത്യന്‍ഭീകരത ഭയങ്കരമായി നിലനില്‍ക്കുന്ന സമൂഹമാണിത്. നേരിട്ടുള്ള ഭീകരതയല്ല നേരിട്ടല്ലതായുള്ളതിനെയാണ് നാം ഭയക്കേണ്ടത്. അതിനെ നാം ചെറുക്കയും നേരിടുകയും വേണം. മാര്‍ക്‌സിസ്റ്റ് ഭീകരതയോളംവരും ക്രിസ്ത്യന്‍ ഭീകരതയും.
ക്രിസ്ത്യന്‍സംഘങ്ങള്‍ ഗുണ്ടാപടകളായി മാറിയിരിക്കുകയാണോ?
(JACOBSON )
സമീപകാലത്ത്, അങ്ങിനെയ1രു അനുഭവംകൂടി നമുക്കുലഭിച്ചിരിക്കുന്നു.
സമ്മര്‍ദ്ദം ചെലുത്തി നേടിയെടുക്കേണ്ടതാണോ വിശ്വാസം? ( ARUN )
അടിച്ചേല്‍പ്പിക്കുന്ന വിശ്വാസം ദോഷം ചെയ്യും. അത് അന്ധവിശ്വാസമാണ്.
ആമേന്‍ അതിനുള്ളിലെ ലൈംഗികവര്‍ണനകള്‍കൊണ്ടല്ലെ ശ്രദ്ധിക്കപ്പെട്ടത്? ( MOLYKKUTTY JOSEPH )
ലൈംഗികവര്‍ണനകള്‍ ആവശ്യമുള്ളവര്‍ക്ക് നീലപ്പുസ്തകവും മഞ്ഞപ്പുസ്തകവുമുണ്ടല്ലോ. അവര്‍ക്കുവേണ്ടിയല്ല ഞാനെഴുതിയത്. അവരല്ല എന്റെ വായനക്കാര്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക