Image

ലോക്‌പാല്‍ ബില്‍ ഇന്ന്‌ ലോക്‌സഭയില്‍ അവതരിപ്പിക്കും

Published on 04 August, 2011
ലോക്‌പാല്‍ ബില്‍ ഇന്ന്‌ ലോക്‌സഭയില്‍ അവതരിപ്പിക്കും
ന്യൂഡല്‍ഹി: ഏറെ വിവാദമുണ്ടാക്കിയ ലോക്‌പാല്‍ ബില്‍ ഇന്ന്‌ ലോക്‌സഭയില്‍ അവതരിപ്പിക്കും. എന്നാല്‍ ബില്ലിനെ ശക്തമായി എതിര്‍ക്കാന്‍ അന്നാ ഹസാരെയും പൗരപ്രമുഖരും ലോക്‌സഭാംഗങ്ങളോട്‌ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്‌. വന്‍ വിവാദമുണ്ടായ ബില്ല്‌ എത്രയും വേഗം അത്‌ സഭയിലെത്തുന്നതാണ്‌ നല്ലതെന്ന നിലപാടാണ്‌ സര്‍ക്കാറിനുള്ളത്‌. ഇതിന്റെ ഭാഗമായി ബില്ലിന്റെ കരട്‌ 48 മണിക്കൂര്‍ മുമ്പ്‌ അംഗങ്ങള്‍ക്ക്‌ വിതരണം ചെയ്യണമെന്ന വ്യവസ്ഥ ഒഴിവാക്കിത്തരണമെന്ന്‌ സര്‍ക്കാര്‍ സ്‌പീക്കര്‍ മീരാകുമാറിനോട്‌ അഭ്യര്‍ഥിച്ചിട്ടുണ്ട്‌.

പ്രധാനമന്ത്രിയെയും ഉന്നതനീതിപീഠത്തെയും ലോക്‌പാലിന്റെ പരിധിയില്‍ നിന്ന്‌ ഒഴിവാക്കാനുള്ള തീരുമാനത്തെ അന്ന ഹസാരെയും പൗരപ്രമുഖരും ശക്തമായി എതിര്‍ക്കുന്നു.

അധികാരത്തിലിരിക്കുന്ന സമയത്ത്‌ പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ ഓഫീസിനെയും ലോക്‌പാലിന്റെ പരിധിയില്‍ നിന്ന്‌ ഒഴിവാക്കാന്‍ ബില്‍ നിര്‍ദേശിക്കുന്നു. ഉന്നത നീതിപീഠത്തിനെയും പാര്‍ലമെന്‍റിനകത്തെ എം. പി.മാരുടെ പെരുമാറ്റത്തെയും ലോക്‌പാലിന്റെ പരിധിയില്‍ നിന്ന്‌ ഒഴിവാക്കാനും ശുപാര്‍ശ ചെയ്യുന്നു. ചെയര്‍മാനും എട്ടംഗങ്ങളുമാണ്‌ ലോക്‌പാല്‍ സമിതിയില്‍ ഉണ്ടാവുക. മന്ത്രിമാര്‍, എം.പി.മാര്‍, ഗ്രൂപ്പ്‌ എ ഓഫീസര്‍മാര്‍, ബോര്‍ഡ്‌, കോര്‍പ്പറേഷന്‍, ട്രസ്റ്റ്‌, സൊസൈറ്റി, പാര്‍ലമെന്‍റ്‌ ചുമതലപ്പെടുത്തുന്ന സമിതികള്‍ തുടങ്ങിയവര്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ ലോക്‌പാലിന്റെ പരിധിയില്‍ ഉള്‍പ്പെടും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക