Image

വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ പ്രൗഢഗംഭീരമായി

ജോയിച്ചന്‍ പുതുക്കുളം Published on 05 August, 2011
വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ പ്രൗഢഗംഭീരമായി
ഷിക്കാഗോ: ഭാരതത്തിന്റെ അഭിമാനവും പ്രഥമ വിശുദ്ധയും സഹനത്തിന്റെ മാതൃകയുമായ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ബല്‍വുഡ്‌ സീറോ മലബാര്‍ കത്തീഡ്രലില്‍ ഭക്ത്യഢംഭരപൂര്‍വ്വം കൊണ്ടാടി.

ജൂലൈ 31-ന്‌ ഞായറാഴ്‌ച രാവിലെ 11 മണിക്ക്‌ കത്തീഡ്രല്‍ ദേവാലയത്തില്‍ നടന്ന ആഘോഷമായ ദിവ്യബലിയില്‍ വികാരി ജനറാള്‍ റവ.ഫാ. ആന്റണി തുണ്ടത്തില്‍ മുഖ്യകാര്‍മികത്വവും, റവ.ഫാ. മാത്യു പന്തലാനിക്കല്‍, റവ.ഫാ. റാഫേല്‍ കാരേക്കാട്ട്‌ എന്നിവര്‍ സഹകാര്‍മികത്വവും വഹിച്ചു. റവ.ഫാ. മാത്യു പന്തലാനിക്കല്‍ തിരുനാള്‍ സന്ദേശം നല്‍കി. സഹനത്തിന്റെ തീച്ചൂളയില്‍ അടിയുറച്ച ദൈവ വിശ്വാസത്തില്‍ ജീവിതം ബലിയര്‍പ്പിച്ച വി. അല്‍ഫോന്‍സാമ്മയുടെ ജീവിതവിശുദ്ധിയും, സഹനശക്തിയും ഏവര്‍ക്കും മാതൃകയായിരിക്കട്ടെയെന്ന്‌ പന്തലാനിയച്ചന്‍ തന്റെ തിരുനാള്‍ സന്ദേശത്തില്‍ ഉത്‌ബോധിപ്പിച്ചു.

ക്രിസ്‌തീയ തീഷ്‌ണതയ്‌ക്ക്‌ നൂതനഭാഷ്യം ചമയ്‌ക്കാന്‍ സഹനത്തിന്റെ മെഴുകുതിരിയായി, മറ്റുള്ളവര്‍ക്ക്‌ പ്രകാശമായി സ്വയം എരിഞ്ഞുതീര്‍ന്ന വി. അല്‍ഫോന്‍സാമ്മയുടെ മദ്ധ്യസ്ഥതയിലൂടെ ധാരാളം ദൈവാനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ വിശ്വാസിസമൂഹം പ്രാര്‍ത്ഥനാമന്ത്രങ്ങളുമായി തിരുകര്‍മ്മങ്ങളില്‍ പങ്കുചേര്‍ന്നു.

കുഞ്ഞുമോന്‍ ഇല്ലിക്കലിന്റെ നേതൃത്വത്തില്‍ ഗായകസംഘം ആലപിച്ച ഭക്തിനിര്‍ഭരമായ ഗാനങ്ങള്‍ കര്‍മ്മാദികള്‍ ഭക്തിസാന്ദ്രമായി.

ദേവാലയത്തിലെ തിരുകര്‍മ്മങ്ങള്‍ക്കുശേഷം വി. അല്‍ഫോന്‍സമ്മായുടെ തിരുസ്വരൂപവും വഹിച്ചുകൊണ്ട്‌, ചെണ്ടമേളങ്ങളുടേയും, വര്‍ണ്ണപ്പകിട്ടാര്‍ന്ന മുത്തുക്കുടകളുടേയും അകമ്പടിയോടെ ആയിരക്കണക്കിനു വരുന്ന വിശ്വാസികള്‍, പ്രാര്‍ത്ഥനാനിരതരായി, പ്രദക്ഷിണമായി നീങ്ങി, പാരീഷ്‌ ഹാളില്‍ പ്രത്യേകമായി സജ്ജീകരിച്ച പീഠത്തില്‍ സ്ഥാപിച്ചു.

തുടര്‍ന്ന്‌ ലദീഞ്ഞും നേര്‍ച്ചകാഴ്‌ച സമര്‍പ്പണവും നടന്നു. ജോയി വട്ടത്തിലും കുടുംബാംഗങ്ങളുമാണ്‌ തിരുനാള്‍ ഏറ്റെടുത്ത്‌ നടത്തിയത്‌. പ്രസുദേന്തിയുടെ വകയായി നടത്തപ്പെട്ട വിഭവസമൃദ്ധമായ സ്‌നേഹവിരുന്നോടെ തിരുനാള്‍ സമാപിച്ചു.

ലിറ്റര്‍ജി കോര്‍ഡിനേറ്റര്‍മാരായ ജോസുകുട്ടി നടയ്‌ക്കപ്പാടം, ജോണ്‍ വര്‍ഗീസ്‌ തയ്യില്‍പീടിക, ചെറിയാന്‍ കിഴക്കേഭാഗം, കൈക്കാരന്മാരായ റോയി തച്ചില്‍, ജോമോന്‍ ചിറയില്‍, സിറിയക്‌ തട്ടാരേട്ട്‌, ജിബു ജോസഫ്‌, പാരീഷ്‌ കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ തിരുനാളിന്‌ നേതൃത്വം നല്‍കി.
വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ പ്രൗഢഗംഭീരമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക