Image

നോര്‍ത്തീസ്റ്റ്‌ റീജിയണല്‍ സീറോ മലബാര്‍ യൂത്ത്‌ കോണ്‍ഫറന്‍സ്‌ സമാപിച്ചു

ജോസ്‌ മാളേയ്‌ക്കല്‍ Published on 08 August, 2011
നോര്‍ത്തീസ്റ്റ്‌ റീജിയണല്‍ സീറോ മലബാര്‍ യൂത്ത്‌ കോണ്‍ഫറന്‍സ്‌ സമാപിച്ചു
ഗാര്‍ഫീല്‍ഡ്‌: യുവജനങ്ങളുടെ കൂട്ടായ പങ്കാളിത്തം കൊണ്ടും, പ്രോഗ്രാമുകളുടെ ഉന്നതനിലവാരംകൊണ്ടും, പ്രശംസനീയമായ മാനേജ്‌മെന്റ്‌ കഴിവുകള്‍കൊണ്ടും തികച്ചും വ്യത്യസ്ഥത പുലര്‍ത്തിയ യൂത്ത്‌ കോണ്‍ഫറന്‍സായിരുന്നു ന്യൂജേഴ്‌സിയിലെ കേര്‍ണി റിട്രീറ്റ്‌ സെന്ററില്‍ ജൂലൈ 31ന്‌ സമാപിച്ചത്‌.

വൈദികരുടെയും, മാതാപിതാക്കളുടേയും, പള്ളികമ്മിറ്റികളുടെയും, മുതിര്‍ന്നവരുടെയും നേരിട്ടുള്ള ഇടപെടലുകള്‍ കൂടാതെ, എന്നാല്‍ വൈദികരുടെ മേല്‍നോട്ടത്തില്‍ തന്നെ യുവജനങ്ങള്‍ക്കുവേണ്ടി യുവജനങ്ങളുടെ തന്നെ ഒരു ടീം വളരെ നാളത്തെ പ്ലാനിങ്ങിലൂടെ ചിട്ടയായി നടത്തിയ നാലുദിവസത്തെ യുവജനകോണ്‍ഫറന്‍സ്‌ വളരെയധികം ആളുകളുടെ മുക്തകണ്‌ഠമായ പ്രശംസ പിടിച്ചുപറ്റി.

ചിക്കാഗോ സീറോമലബാര്‍ കത്തോലിക്കാ രൂപതയുടെ പത്താം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ജൂലൈ 28 മുതല്‍ 31 വരെ നടന്ന നോര്‍ത്തീസ്റ്റ്‌ റീജിയണല്‍ സീറോമലബാര്‍ യൂത്ത്‌ കോണ്‍ഫറന്‍സ്‌ ജൂലൈ 28 വ്യാഴാഴ്‌ച്ച വൈകുന്നേരം ചിക്കാഗോ സീറോമലബാര്‍ കത്തോലിക്കാ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ ഉല്‍ഘാടനം ചെയ്‌തു. ഗാര്‍ഫീല്‍ഡ്‌ സീറോമലബാര്‍
മിഷന്‍ സ്‌പിരിച്വല്‍ ഡയറക്‌റ്റര്‍ റവ. ഫാ. ജോയി ആലപ്പാട്ട്‌, ബ്രോങ്ക്‌സ്‌ സെന്റ്‌ തോമസ്‌ സീറോമലബാര്‍ ഇടവക വികാരി റവ. ഫാ. ജോസ്‌ കണ്ടത്തിക്കുടി എന്നിവരും തദവസത്തില്‍ സന്നിഹിതരായിരുന്നു. വിവിധ നിറത്തിലുള്ള ടീ ഷര്‍ട്ടുകള്‍ ധരിച്ച യുവതീയുവാക്കള്‍ അവരുടെ ഇടവകബാനറിന്‍ കീഴില്‍ ബിഷപ്പിനെ അനുഗമിച്ച്‌ പ്രദക്ഷിണമായി സമ്മേളനഹാളിലെത്തി. അഭിവന്ദ്യ അങ്ങാടിയത്ത്‌ പിതാവിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശുദ്ധ കൂര്‍ബാനയും, വി. അല്‍ഫോന്‍സാമ്മയുടെ നോവേനയും പ്രദക്ഷിണവും നടന്നു. തുടര്‍ന്ന്‌ യുവജനങ്ങള്‍ അഭിനയിച്ചവതരിപ്പിച്ച വീഡിയോ ഷോ സാങ്കേതിക മികവുകൊണ്ടും, അവതരണശൈലികൊണ്ടും കാണികളുടെ കയ്യടി നേടി.

ഗാര്‍ഫീല്‍ഡ്‌ സീറോമലബാര്‍ മിഷന്‍ യുവജനസംഘടന (OLSY) ആതിഥേയത്വം വഹിച്ച്‌ നോര്‍ത്തീസ്റ്റ്‌ റീജിയണില്‍ ആദ്യമായി നടത്തിയ ഈ കോണ്‍ഫറന്‍സില്‍ സെന്റ്‌ തോമസ്‌ സീറോമലബാര്‍ ഇടവക (ഈസ്റ്റ്‌ മില്‍സ്റ്റോണ്‍), ബ്ലസഡ്‌ കുഞ്ഞച്ചന്‍ സീറോമലബാര്‍ മിഷന്‍ (സ്റ്റാറ്റന്‍ ഐലന്‍ഡ്‌), സെന്റ്‌ തോമസ്‌ സീറോമലബാര്‍ ഇടവക (ബ്രോങ്ക്‌സ്‌), സീറോമലബാര്‍ മിഷന്‍ (റോക്ക്‌ലാന്‍ഡ്‌), സെന്റ്‌ മേരീസ്‌ സീറോമലബാര്‍ ഇടവക (വെസ്റ്റ്‌ ഹെമ്പ്‌സ്റ്റെഡ്‌), സെന്റ്‌ തോമസ്‌ സീറോമലബാര്‍ മിഷന്‍ (ബോസ്റ്റണ്‍) എന്നീ പള്ളികളില്‍നിന്നുള്ള മുന്നൂറ്റമ്പതിലധികം യുവതീയുവാക്കള്‍ പങ്കെടുത്തു.

ഗാര്‍ഫീല്‍ഡ്‌ സീറോമലബാര്‍ മിഷന്‍ സ്‌പിരിച്വല്‍ ഡയറക്‌റ്റര്‍ റവ. ഫാ. ജോയി ആലപ്പാട്ട്‌ നേതൃത്വം നല്‍കിയ കോണ്‍ഫറന്‍സിന്റെ ആപ്‌തവാക്യം `ഒരേ ആല്‍മാവില്‍, ഒരേ അഭിപ്രായം' (ഫിലിപ്പി 2:2) എന്നതായിരുന്നു. ഈ തീമിനെ ആധാരമാക്കി ചിക്കാഗോ രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ യുവജനപ്രതിനിധി എബിന്‍ കുര്യാക്കോസ്‌ ക്ലാസ്‌ നയിച്ചു. പ്രെയിസ്‌ ആന്റ്‌ വര്‍ഷിപ്പോടെ ആരംഭിച്ച രണ്ടാം ദിവസം രൂപതാ ചാന്‍സലര്‍ റവ. ഫാ. വിനോദ്‌ മഠത്തിപ്പറമ്പില്‍ സീറോമലബാര്‍ ആരാധനാക്രമത്തെപ്പറ്റി യുവജനങ്ങള്‍ക്ക്‌ ക്ലാസ്‌ എടുക്കുകയും അവരുടെ ചോദ്യങ്ങള്‍ക്കു മറുപടി പറയുകയും ചെയ്‌തു. സീറോമലബാര്‍ ഐഡന്റിറ്റിയെക്കുറിച്ച്‌ ജെയ്‌സി ജോസഫും, തിയോളജി ഓഫ്‌ ബോഡിയെപ്പറ്റി ലൈഫ്‌ നെറ്റ്‌ എഡ്യൂക്കേഷന്‍ ഗ്രൂപ്പും ക്ലാസുകള്‍ നയിച്ചു. തുടര്‍ന്ന്‌ എല്ലാ ഇടവകകളും ചേര്‍ന്ന്‌ സംയുക്തമായി നടത്തിയ ബൈബിള്‍ ക്വിസില്‍ യുവജനങ്ങള്‍ വളരെ ആവേശത്തോടെ പങ്കെടുത്തു.

റവ. ഫാ. ജോസ്‌ കണ്ടത്തിക്കുടി ദിവ്യബലിയര്‍പ്പിച്ച്‌ മൂന്നാം ദിവസം കലാകായികമല്‍സരങ്ങള്‍ക്കായി തുറന്നുകൊടുത്തു. സീറോളിമ്പിക്‌സ്‌ എന്ന പേരില്‍ നടത്തിയ കലാകായിക മല്‍സരങ്ങളില്‍ വോളിബോള്‍, ബാസ്‌കറ്റ്‌ബോള്‍, റിലേ മല്‍സരങ്ങള്‍, വൈവിദ്ധ്യമാര്‍ന്ന കലാപരിപാടികള്‍, ബൈബിള്‍ സ്‌കിറ്റ്‌, പ്രെയിസ്‌ ആന്റ്‌ വര്‍ഷിപ്പ്‌, മ}സിക്ക്‌ ആന്റ്‌ ഡാന്‍സ്‌ എന്നിവ എന്നിവ അരങ്ങേറി.

കോണ്‍ഫറന്‍സിന്റെ അവസാനദിവസം യുവജനങ്ങളെ ഗ്രൂപ്പുകളായി തിരിച്ച്‌ ദൈവവിളിയെക്കുറിച്ച്‌ ജെയ്‌സി ജോസഫ്‌, എബിന്‍ കുര്യാക്കോസ,്‌ ബ്ര. കെവിന്‍ മുണ്ടക്കല്‍, ടീമാ തോമസ്‌ എന്നിവര്‍ ക്ലാസ്‌ എടുത്തു. റവ. ഫാ. ജോയി ആലപ്പാട്ടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്ന ദിവ്യബലിയോടെ നാലുനാള്‍ നീണ്ടുനിന്ന യൂത്ത്‌ കോണ്‍ഫറന്‍സിനു തിരശീല വീണു. കലാകായികമല്‍സരങ്ങളില്‍ ഗാര്‍ഫീല്‍ഡ്‌ മിഷന്‍ ഒന്നാം സ്ഥാനവും, ബ്രോങ്ക്‌സ്‌ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഗാര്‍ഫീല്‍ഡ്‌ മിഷനില്‍നിന്നുള്ള ഡെലിക്‌സ്‌ അലക്‌സ്‌, ഷെറിന്‍ പാലാട്ടി, ശില്‍പ ഫ്രാന്‍സിസ്‌ എന്നിവരായിരുന്നു കോണ്‍ഫറന്‍സ്‌ കോര്‍ഡിനേറ്റേഴ്‌സ്‌. ഗാര്‍ഫീല്‍ഡ്‌ മിഷന്‍ പാസ്റ്ററല്‍ കൗണ്‍സില്‍ മെംബര്‍ സെബാസ്റ്റ്യന്‍ ടോം, കൈക്കാരന്‍ ജോയി ചാക്കപ്പന്‍ എന്നിവരുടെ നേതൃത്വത്തില്‍ മാതാപിതാക്കള്‍ പരിപാടികള്‍ക്ക്‌ സഹായികളായി. നോര്‍ത്തീസ്റ്റ്‌ റീജിയണില്‍നിന്നുള്ള യുവജനങ്ങള്‍ക്കു ഒത്തുചേരുന്നതിനും, തങ്ങളൂടെ കലാവാസനകള്‍ പ്രകടിപ്പിക്കുന്നതിനും, നേതൃത്വഗുണങ്ങള്‍ പരിപോഷിപ്പിക്കുന്നതിനും, നല്ലൊരു കൂട്ടായ്‌മ രൂപപ്പെടുത്തുന്നതിനും, ഭാവിയില്‍ സോഷ്യല്‍ നെറ്റ്‌ വര്‍ക്കിംഗിനും ഈ കോണ്‍ഫറന്‍സ്‌ ഉപകരിച്ചു.
നോര്‍ത്തീസ്റ്റ്‌ റീജിയണല്‍ സീറോ മലബാര്‍ യൂത്ത്‌ കോണ്‍ഫറന്‍സ്‌ സമാപിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക