Image

ഫോമ അവ്യക്തത ദുരീകരിക്കണം: മാപ്പ്‌, ഫിലാഡല്‍ഫിയ

Published on 25 May, 2011
ഫോമ അവ്യക്തത ദുരീകരിക്കണം: മാപ്പ്‌, ഫിലാഡല്‍ഫിയ
ജോയിച്ചന്‍ പുതുക്കുളം
ഫോമ-ഫൊക്കാന ലയനവുമായി ബന്ധപ്പെട്ട്‌ മാധ്യമങ്ങളില്‍ തുടര്‍ച്ചയായി പ്രത്യക്ഷപ്പെടുന്ന വ്യത്യസ്‌തമായ വാര്‍ത്തകളെക്കുറിച്ചുള്ള തെറ്റിദ്ധാരണവും, അവ്യക്തതയും എത്രയുംവേഗം ദുരീകരിക്കണമെന്ന്‌ ഫോമയില്‍ അംഗമായ പ്രമുഖ മലയാളി സംഘടനയായ മലയാളി അസോസിയേഷന്‍ ഓഫ്‌ ഗ്രേറ്റര്‍ ഫിലാഡല്‍ഫിയ (മാപ്പ്‌) ഒരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ഫോമയും ഫൊക്കാനയും ലയിച്ച്‌ ഒറ്റസംഘടനയായി പ്രവര്‍ത്തിക്കണമെന്ന്‌ ബഹുഭൂരിപക്ഷം അമേരിക്കന്‍ മലയാളികളും ആഗ്രഹിക്കുന്നു. എന്നാല്‍ ലയനത്തിന്റെ പേരില്‍ ഇപ്പോള്‍ നടക്കുന്നത്‌ വെറും അഭ്യാസം മാത്രമാണ്‌. അമേരിക്കന്‍ മലയാളികളുടെ മഹത്തായ സംഘടനയെ വെറും സാങ്കേതിക കാരണങ്ങളുടെ പേരില്‍ പിളര്‍ത്തിയവരും, അനാവശ്യമായി കോടതിയില്‍ കേസ്‌ കളിച്ച്‌ മലയാളികളുടെ മനസ്സില്‍ മുറിവേല്‍പ്പിച്ചവരുമാണ്‌ ലയനമോഹികളായി മുന്നില്‍ നില്‍ക്കുന്നത്‌ എന്നത്‌ വിരോധാഭാസമാണ്‌.

ഈ കാര്യത്തില്‍ അംഗസംഘടനകളെ വെറും നോക്കുകുത്തികളാക്കുന്ന നടപടികളാണ്‌ ഫോമ അനുവര്‍ത്തിച്ചിരിക്കുന്നത്‌. ഫോമയ്‌ക്ക്‌ നൂറുശതമാനവും പിന്തുണ നല്‍കുന്ന ഒരു സംഘടനയാണ്‌ മാപ്പ്‌. എന്നാല്‍ ലയനകാര്യങ്ങളെക്കുറിച്ച്‌ യാതൊരു വസ്‌തുതയും ഒരു അംഗസംഘടനയെന്ന നിലയില്‍ മാപ്പ്‌ അറിഞ്ഞിട്ടില്ല.

45-ല്‍പ്പരം സംഘടനകളുടെ അംബ്രല്ല ഓര്‍ഗനൈസേഷന്‍ എന്നവകാശപ്പെടുന്ന ഫോമാ അംഗസംഘടനകളെ വിശ്വാസത്തിലെടുക്കാതെയും അഭിപ്രായം ആരായുകയും ചെയ്യാതെ ലയനം പോലെയുള്ള നയപരമായ തീരുമാനങ്ങളെടുക്കുകയും അതിനുവേണ്ടി കമ്മിറ്റി രൂപീകരിക്കുകയും ചെയ്‌തത്‌ ജനാധിപത്യ മര്യാദയനുസരിച്ചല്ല.

ഏറ്റവും ഒടുവില്‍ വന്ന പത്രവാര്‍ത്തയില്‍ ലയനമല്ല, യോജിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ മാത്രമേയുള്ളുവെന്ന്‌ പറയുന്നു. അതിന്‍പ്രകാരം കണ്‍വെന്‍ഷന്‍ തീയതികള്‍ മാറ്റുകയും, ഫോമാ-ഫൊക്കാന കണ്‍വെന്‍ഷനുകള്‍ ഇടവിട്ടുള്ള വര്‍ഷങ്ങളില്‍ നടത്തുകയും ചെയ്യും. ഡല്‍ഹിയില്‍ നിന്നും വന്ന ഒരു മധ്യസ്ഥനാണ്‌ ഈ പ്രഖ്യാപനങ്ങള്‍ നടത്തിയിരിക്കുന്നത്‌. അമേരിക്കന്‍ മലയാളികളുടെ ഭാഗധേയം നിര്‍ണ്ണയിക്കേണ്ടത്‌ പുറത്തുനിന്നുള്ളവരാണോ?

ഫോമയെ സംബന്ധിച്ച്‌ പ്രധാന തീരുമാനങ്ങള്‍ എടുക്കേണ്ടത്‌ ജനറല്‍ കൗണ്‍സിലാണ്‌. എന്നാല്‍ ജനറല്‍ കൗണ്‍സില്‍ അറിയാതെയാണ്‌ ഈ വസ്‌തുതകളെല്ലാം അരങ്ങേറിയത്‌.

ജനറല്‍ കൗണ്‍സിലിന്റെ അംഗീകാരമില്ലാതെ ഫോമ എടുക്കുന്ന തീരുമാനങ്ങളെ ഒരു അംഗസംഘടനയെന്ന നിലയില്‍ പിന്തുണയ്‌ക്കില്ലെന്ന്‌ മാപ്പ്‌ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിയും, ബോര്‍ഡ്‌ ഓഫ്‌ ട്രസ്റ്റീസും സംയുക്തമായി തീരുമാനിച്ചു.

മെയ്‌ എട്ടാംതീയതി മാപ്പ്‌ ഇന്ത്യന്‍ കമ്യൂണിറ്റി സെന്ററില്‍ സമ്മേളിച്ച എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിയുടേയും, ബോര്‍ഡ്‌ ഓഫ്‌ ട്രസ്റ്റീസിന്റേയും പ്രത്യേക യോഗത്തില്‍ പ്രസിഡന്റ്‌ ജോര്‍ജ്‌ എം. മാത്യു അധ്യക്ഷതവഹിച്ചു. ജനറല്‍ സെക്രട്ടറി റോയി ജേക്കബ്‌ പ്രമേയം അവതരിപ്പിച്ചു. യോഹന്നാന്‍ ശങ്കരത്തില്‍, രാജന്‍ നായര്‍, ഐപ്പ്‌ ഉമ്മന്‍ മാരേട്ട്‌, വര്‍ഗീസ്‌ ഫിലിപ്പ്‌, ഷാജി ജോസഫ്‌, ജോണ്‍സണ്‍ മാത്യു, ഫിലിപ്പ്‌ ജോണ്‍ എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു

ഫോമ അവ്യക്തത ദുരീകരിക്കണം: മാപ്പ്‌, ഫിലാഡല്‍ഫിയ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക