Image

ആത്മീയ പിതാക്കന്മാരെ ആദരിച്ചു

Published on 25 May, 2011
ആത്മീയ പിതാക്കന്മാരെ ആദരിച്ചു
ബാബു പാറയ്ക്കല്‍

ന്യൂയോര്‍ക്ക്: രണ്ടുദശാബ്ദക്കാലത്തോളം മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ അമേരിക്കന്‍ ഭദ്രാസനത്തിന്റെ ഇടയനായി സേവനം അനുഷ്ഠിച്ച അഭിവന്ദ്യ മാത്യൂസ് മാര്‍ ബര്‍ണബാസ് മെത്രാപ്പോലീത്ത ശാരീരികാസ്വാസ്ഥ്യംമൂലം സ്ഥാനത്യാഗം ചെയ്ത് കേരളത്തിലേക്ക് മടങ്ങുകയാണ്.

ജനങ്ങളുടെ പ്രിയങ്കരനായ ഈ പിതാവിന് വിശ്വാസികള്‍ വിരുന്ന് സത്കാരം നല്‍കി ആദരിച്ചു. പൗരസ്ത്യ കാലോലിക്കയും, മലങ്കര മെത്രാപ്പോലീത്തയുമായ സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ മാര്‍ത്തോമാ ബസേലിയോസ് പൗലോസ് ദ്വിതീയന്‍ ബാവായ്ക്ക് സ്വീകരണവും, അമേരിക്കന്‍ ഭദ്രാസനത്തിന്റെ പുതിയ ഇടയനായി സ്ഥാനാരോഹണം ചെയ്ത സക്കറിയാ മാര്‍ നിക്കളാവോസ് മെത്രാപ്പോലീത്തയെ അനുമോദിക്കുന്നതിനും കൂടിയായിരുന്നു ഭദ്രാസന കൗണ്‍സില്‍ ഇങ്ങനെയൊരു അവസരമൊരുക്കിയത്.

ന്യൂയോര്‍ക്കിലെ ന്യൂറോഷലിലുള്ള ഗ്രീന്‍ കണ്‍ട്രി ക്ലബില്‍ വെച്ചായിരുന്നു പൊതുസമ്മേളനവും വിരുന്ന് സത്കാരവും നടത്തിയത്. പൊതുസമ്മേളനത്തില്‍ പരിശുദ്ധ കാതോലിക്കാബാവാ അധ്യക്ഷതവഹിച്ചു. മലബാര്‍ ഭദ്രാസന മെത്രാപ്പോലീത്ത സക്കറിയാ മാര്‍ തെയോഫിലോസ്, നിലയ്ക്കല്‍ ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ്, സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്ത അലക്‌സിയോസ് മാര്‍ യൗസേബിയോസ്, അര്‍മ്മീനിയന്‍ ഓര്‍ത്തഡോക്‌സ് ആര്‍ച്ച് ബിഷപ്പ് ഖജാഗ് ബര്‍സാമിയന്‍, അമേരിക്കയിലെ മലങ്കര കത്തോലിക്കാ സഭയുടെ എക്‌സാര്‍ക്കേറ്റ് തോമസ് മാര്‍ യൗസേബിയോസ്, അമേരിക്കയിലെ നാഷണല്‍ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ ജനറല്‍ സെക്രട്ടറി റവ.ഡോ. മൈക്കിള്‍ കിന്നമോന്‍, ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ പ്രഭു ദയാല്‍ തുടങ്ങിയവര്‍ ആശംസാപ്രസംഗങ്ങള്‍ നടത്തി.

പരിശുദ്ധ ബാവാ തിരുമേനി തന്റെ ആശംസാ പ്രസംഗത്തില്‍ അമേരിക്കന്‍ ഭദ്രാസനത്തിന്റെ പ്രധാന്യം എടുത്തുപറയുകയുണ്ടായി. ഭദ്രാസനത്തെ 18 വര്‍ഷം നയിക്കുകയും, ആത്മീയ പ്രസ്ഥാനങ്ങളെ പരിപോഷിപ്പിക്കുകയും കാലഘട്ടത്തിന്റെ ആവശ്യമനുസരിച്ച് ഭദ്രാസനത്തെ ഉയര്‍ത്തുകയും ചെയ്ത ആത്മീയ പിതാവിനോട് സഭാ മക്കള്‍ കടപ്പെട്ടിരിക്കുന്നതായി പരിശുദ്ധ ബാവാ അഭിപ്രായപ്പെട്ടു.

അഭിവന്ദ്യ ബര്‍ണബാസ് തിരുമേനയുടെ പിന്‍ഗാമിയായി വാഴിക്കപ്പെട്ട അഭിവന്ദ്യ സക്കറിയാസ് മാര്‍ നിക്കളാവോസ് മെത്രാപ്പോലീത്ത തന്റെ പ്രസംഗത്തില്‍ മുന്‍ഗാമിയോടുള്ള ഗാഢമായ സ്‌നേഹബന്ധത്തിന്റെ ഊഷ്മളത ഉന്നിപ്പറയുകയുണ്ടായി. വ്യക്തിബന്ധം നോക്കാതെ സത്യത്തേയും, ക്രിസ്തീയ മൂലയങ്ങളേയും മുറുകെപ്പിടിച്ച് സംസാരിക്കുന്ന അഭിവന്ദ്യ തിരുമേനി അമേരിക്കന്‍ സഭയുടെ യശ്ശസുയര്‍ത്തിയ കര്‍മ്മയോഗിയാണെന്ന് അഭിപ്രായപ്പെടുകയും, ആയുരാരോഗ്യം നല്‍കി സര്‍വ്വേശ്വരന്‍ കാത്ത് പരിപാലിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.

തുടര്‍ന്ന് നടത്തിയ പ്രസംഗത്തില്‍ അമേരിക്കന്‍ ഭദ്രാസനത്തിന്റെ കഴിഞ്ഞ രണ്ടു ദശാബ്ദക്കാലത്തേക്കു തിരുഞ്ഞുനോക്കിക്കൊണ്ട് അഭിവന്ദ്യ മാത്യൂസ് മാര്‍ ബര്‍ണബാസ് തിരുമേനി ഭദ്രാസനത്തിന്റെ നേട്ടങ്ങള്‍ ചൂണ്ടിക്കാട്ടിക്കൊണ്ട് ചാരിതാര്‍ത്ഥ്യത്തോടെയാണ് താന്‍ പടിയിറങ്ങുന്നതെന്ന് പറഞ്ഞു. ഭദ്രാസനത്തിലെ വൈദീകരും ജനങ്ങളും, തന്നോട് കാട്ടിയ സ്‌നേഹവും ആദരവും തന്റെ പിന്‍ഗാമിയായി സ്ഥാനാരോഹണം ചെയ്ത അഭിവന്ദ്യ സക്കറിയാ മാര്‍ നിക്കളാവോസിനോടും അതുപോലെ തന്നെ പ്രകടിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. സ്‌നേഹിക്കുന്ന ജീവിക്കുന്ന അപ്പസ്‌തോലന്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന അഭിവന്ദ്യ ബര്‍ണബാസ് തിരുമേനി പ്രസാംഗാനന്തരം സ്റ്റേജില്‍ നിന്നും ഇറങ്ങിപ്പോയപ്പോള്‍ ജനങ്ങള്‍ ഒന്നടങ്കം എഴുന്നേറ്റ് നിന്ന് ഗാനമാലപിച്ച് തങ്ങളുടെ ആത്മീയ പിതാവിന് ഹൃദയംഗമമായ സ്‌നേഹം പ്രകടിപ്പിച്ചുകൊണ്ട് ആദരവ് അര്‍പ്പിച്ചു.

ഈ അവിസ്മരണീയ മുഹൂര്‍ത്തത്തിന് തിലകക്കുറി ചാര്‍ത്തിക്കൊണ്ട് "അപ്പസ്‌തോലിക് വിസിറ്റ്' എന്ന സ്മരണിക ഭദ്രാസന പബ്ലിസിറ്റി കമ്മിറ്റി പുറത്തിറക്കി. ഭദ്രാസന മീഡിയാ കമ്മിറ്റിക്കുവേണ്ടി ബാബു പാറയ്ക്കല്‍ അറിയിച്ചതാണിത് (516 554 1607, 718 468 4927).
ആത്മീയ പിതാക്കന്മാരെ ആദരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക