Image

ലോട്ടറിയില്‍ നേരറിയുമോ സി.ബി.ഐ ?

ജി.കെ. Published on 27 May, 2011
ലോട്ടറിയില്‍ നേരറിയുമോ സി.ബി.ഐ ?
ഒടുവില്‍ അന്യസംസ്ഥാന ലോട്ടറി ക്രമക്കേട്‌ സംബന്ധിച്ച കേസില്‍ സി.ബി.ഐ അന്വേഷണത്തിന്‌ തയാറാണെന്ന്‌ കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചിരിക്കുന്നു. സിബിഐ അന്വേഷണം ഉണ്ടാവുമെന്ന പ്രഖ്യാപനം ഭരണപക്ഷവും പ്രതിപക്ഷവും ഒരു പോലെ ബംപര്‍ ലോട്ടറിയായി ആഘോഷിക്കുന്നുണ്ടെങ്കിലും ജനങ്ങള്‍ക്ക്‌ അറിയേണ്ടത്‌ 80000 കോടി രൂപയുടെ നികുതിവെട്ടിപ്പ്‌ നടത്തിയെന്ന്‌ സര്‍ക്കാര്‍ തന്നെ സമ്മതിക്കുന്ന ലോട്ടറി കേസില്‍ സിബിഐയ്‌ക്ക്‌ നേരറിയാനാവുമോ എന്നാണ്‌.

സിബിഐ അന്വേഷണം പ്രഖ്യപിച്ചപ്പോഴും ഭരണ പ്രതിപക്ഷ കക്ഷികളൊഴികെ ജനങ്ങള്‍ അതിന്‌ വലിയ പ്രാധാന്യം കല്‍പ്പിക്കാതിരിക്കുന്നതും അതുകൊണ്ടു തന്നെയാണ്‌. കാരണം പട്ടിണിപാവങ്ങളുടെ പണം കൊണ്ട്‌ കോടികള്‍ സംസ്ഥാനത്തു നിന്ന്‌ കടത്തിയ ലോട്ടറി മാഫിയയെ സഹായിക്കാന്‍ ഭരണപക്ഷത്തും പ്രതിപക്ഷത്തും ആളും ആര്‍ത്ഥവുമായി നിരവധി പേരുണ്ടടന്നത്‌ തന്നെ. ഒരു വി.ഡി.സതീശനോ വി.എസ്‌.അച്യുതാനന്ദനോ വിചാരിച്ചാല്‍ തകര്‍ക്കാന്‍ കഴിയുന്നതല്ല ആ സംഘടിതശേഷിയെന്ന്‌ ജനങ്ങള്‍ക്ക്‌ നല്ലപോലെ അറിയാം. കുറഞ്ഞപക്ഷം യു.ഡി.എഫ്‌ മന്ത്രിസഭയില്‍ അര്‍ഹമായ മന്ത്രിസ്ഥാനം നിഷേധിക്കപ്പെട്ടപ്പോഴെങ്കിലും വി.ഡി.സതീശനും അത്‌ തിരിച്ചറിഞ്ഞിട്ടുണ്ടാവണം.

1967ല്‍ ഇ.എം.എസ്‌. മന്ത്രിസഭയില്‍ ധനമന്ത്രിയായിരുന്ന പി.കെ. കുഞ്ഞാണ്‌ ഭാഗ്യക്കുറി പ്രസ്‌ഥാനത്തിനു കേരളത്തില്‍ തുടക്കം കുറിച്ചത്‌. സദുദ്ദേശത്തോടെ തുടങ്ങിയ ഭാഗ്യപരീക്ഷണം കാലക്രമത്തില്‍ മലയാളി കുടുംബങ്ങളില്‍ മദ്യത്തേക്കാള്‍ വലിയ വിപത്തായി മാറി എന്നതാണ്‌ യാഥാര്‍ത്ഥ്യം. സര്‍ക്കാര്‍ ലോട്ടറി എന്ന `നിര്‍'ഭാഗ്യ പരീക്ഷണത്തെ ഉപേക്ഷിച്ച്‌ 5000വും പതിനായിരവും ഇന്‍സ്റ്റന്റായി ലഭിക്കുന്നു ഒറ്റ നമ്പറിലേക്കും ഇരട്ട നമ്പറിലേക്കുമെല്ലാം മലയാളിയുടെ ചൂതാട്ട മനസ്‌ മാറി. എന്തും എളുപ്പത്തില്‍ നേടാന്‍ ശ്രമിക്കുന്ന മലയാളി മനസ്സിനെ പരമാവധി ചൂഷണം ചെയ്‌ത സാന്റിയാഗോ മാര്‍ട്ടിനെപ്പോലുള്ള ലോട്ടറിമാഫിയ നമ്മുടെ കുടുംബങ്ങളെ ചൂതാട്ടകേന്ദ്രങ്ങളാക്കി മാറ്റി. കിട്ടുന്ന ദിവസക്കൂലിയില്‍ നിന്ന്‌ ഭാഗ്യപരീക്ഷണത്തിനായി നൂറും ഇരുന്നൂറും വരെ മാറ്റിവെയ്‌ക്കാന്‍ ആളുകള്‍ തയാറയതോടെ ലോട്ടറി അടിച്ചത്‌ മാര്‍ട്ടിനെപ്പോലെയുള്ള ഇടനിലക്കാര്‍ക്കായിരുന്നു.

സിക്കിം, ഭൂട്ടാന്‍ സര്‍ക്കാരുകളുടെ പേരില്‍ അവര്‍ അറിഞ്ഞും അറിയാതെയും ടിക്കറ്റുകള്‍ വിറ്റും വില്‍ക്കാതെയും മാര്‍ട്ടിനെപ്പോലുള്ളവര്‍ ഭാഗ്യം വിറ്റ്‌ സംസ്ഥാനത്തു നിന്ന്‌ കോടികള്‍ കടത്തി. അതിന്‌ കേരളത്തിലെ ഏറ്റവും വലിയ സംഘടനാശേഷിയുള്ള സി.പി.എം തന്നെ സ്വന്തം ചാനലില്‍ ലൈവ്‌ ഒരുക്കി കൊടുത്തതോടെ ഉണ്ടാവിനടയുള്ള എതിര്‍പ്പുകള്‍ മുളയിലെ കരിഞ്ഞു. പാര്‍ട്ടി പത്രത്തിന്‌ കോടികള്‍ ബോണ്ടായും നായനാര്‍ ഫുട്‌ബോളിന്‌ കോടികള്‍ സ്‌പോണ്‍സര്‍ഷിപ്പായും നല്‍കിയതോടെ പാര്‍ട്ടിയിലെ ഒരുവിഭാഗത്തിനും മാര്‍ട്ടിനെപ്പോലുള്ളവര്‍ വേണ്ടപ്പെട്ടവരും വാഴ്‌ത്തപ്പെട്ടവരുമായി.

യു.ഡി.എഫ്‌ പക്ഷത്തും ഭാഗ്യാന്വേഷികള്‍ക്ക്‌ കുറവൊന്നുമുണ്ടായിരുന്നില്ല. കോണ്‍ഗ്രസിന്റെ ദേശീയ നേതാവ്‌ മണികുമാര്‍ സുബ്ബയും അഭിഷേക്‌ സിംഗ്‌വിയുമെല്ലാം ലോട്ടറി മാഫിയയ്‌ക്കുവേണ്ടി കോടതികളില്‍ നേരിട്ട്‌ ഹാജരായി വക്കാലത്ത്‌ മേടിച്ചു. ലോട്ടറി മാഫിയയുടെ ഈ തീവെട്ടിക്കൊള്ളയ്‌ക്ക്‌ കോണ്‍ഗ്രസും സി.പി.എമ്മും ഒരുപോലെ കുടപിടിച്ചതോടെ തുള വീണത്‌ പാവപ്പെട്ട ജനങ്ങളുടെ കീശയിലായിരുന്നു. അന്നന്നത്തെ അന്നത്തിനുവേണ്ടി പണിയെടുക്കുന്നവന്‍ അതിരാവിലെ മുതല്‍ ലോട്ടറി ചുരണ്ടിയും ടിവിക്ക്‌ മുന്നില്‍ ഭാഗ്യം കണ്‍മുന്നില്‍ മാറിമറിയുന്നതും നോക്കി നിന്ന്‌ നിരാശനായി. എന്നിട്ടും കണ്ണുതുറക്കാതെ കേന്ദ്രം കേരളത്തെയും കേരളം കേന്ദ്രത്തെയും കുറ്റംപറഞ്ഞ്‌ കാലം കഴിച്ചു.

ഒടുവില്‍ രാഷ്‌ട്രീയ ലാഭത്തിനാണെങ്കിലും അല്ലെങ്കിലും വി.ഡി.സതീശനെപ്പോലൊരു യുവനേതാവ്‌ ലോട്ടറി മാഫിയക്കെത്തിരെ കുരിശുയുദ്ധം പ്രഖ്യാപിക്കുകയും വിഭാഗീയതയുടെ പേരിലാണെങ്കിലും അല്ലെങ്കിലും മുഖ്യമന്ത്രിയായിരുന്ന വി.എസ്‌.അച്യുതാനന്ദന്‍ സഖാവ്‌ ധനമന്ത്രിയായിരുന്ന തോമസ്‌ ഐസക്കിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയും ചെയ്‌തതോടെ ചെറുതെങ്കിലും ഒരു വിരലെങ്കിലും അനക്കാന്‍ സര്‍ക്കാര്‍ തയാറായി. എന്നിട്ടും മാര്‍ട്ടിന്റെ പാലക്കാട്‌ കുന്നത്തൂര്‍മേട്‌ ഓഫീസിലെ രേഖകള്‍ ദുരൂഹസാഹചര്യത്തില്‍ കത്തി നശിച്ചതിനെക്കുറിച്ച്‌ എന്തെങ്കിലും അന്വേഷിക്കാനോ മാര്‍ട്ടിനെ ചോദ്യം ചെയ്യാനോ സര്‍ക്കാര്‍ മടിച്ചു.

മാധ്യമ സമ്മര്‍ദ്ദത്തെയും കോടതികളുടെ ഇടപെടലിനെയും തുടര്‍ന്ന്‌ ഒടുവില്‍ പേരിനെങ്കിലും മാര്‍ട്ടിനെ ചോദ്യം ചെയ്യാനും ലോട്ടറി മുന്‍കൂര്‍ നികുതി വാങ്ങുന്നത്‌ നിര്‍ത്തിവെയ്‌ക്കാനും സംസ്ഥാന സര്‍ക്കാര്‍ തയാറായി. നികുതി വാങ്ങുന്നത്‌ നിര്‍ത്തിയതോടെ സംസ്ഥാനത്തെ അന്യസംസ്ഥാന ഭാഗ്യപരീക്ഷണത്തിന്‌ താല്‍ക്കാലിക വിരാമമായെങ്കിലും പൂര്‍ണമായും ആശ്വസിക്കാന്‍ ജനങ്ങള്‍ക്ക്‌ കഴിയില്ല. സാന്റിയാഗോ മാര്‍ട്ടിനുമായുള്ള കരാര്‍ ഭൂട്ടാന്‍ സര്‍ക്കാര്‍ റദ്ദാക്കിയിട്ടുണ്ടടങ്കിലും മറ്റൊരു പേരില്‍ മറ്റൊരിടത്ത്‌ മാര്‍ട്ടിന്‍മാര്‍ ഇനിയും അവതരിച്ചുകൂടെന്നുമില്ല.

ലോട്ടറി മാഫിയ ഉയര്‍ത്തിയ വ്യാമോഹത്തില്‍പ്പെട്ട്‌ ഭാഗ്യം തേടിയിറങ്ങി കടക്കെണിയിലും നിരാശയിലുമായി ആത്മഹത്യ ചെയ്‌ത കുടുംബങ്ങളോടെങ്കിലും നീതി പുലര്‍ത്താന്‍ സിബിഐ അന്വേഷണംകൊണ്ടായാല്‍ അതുതന്നെ വലിയ ഭാഗ്യമാവും. ഭരണകൂടങ്ങളെവരെ സ്വാധീനിക്കാന്‍ ശേഷിയുള്ള ലോട്ടറി മാഫിയയെ നിയമത്തിനും കോടതിക്കും മുന്നില്‍ കൊണ്ടുവരാന്‍ സിബിഐയ്‌ക്കാവുമോ എന്നതാണ്‌ പ്രസക്തമായ ചോദ്യം.

അഴിമിതി ആരോപണങ്ങളുടെ ചെളിക്കുണ്ടില്‍ ആഴ്‌ന്നു നില്‍ക്കുന്ന കേന്ദ്രത്തിലെ യു.പി.എ സര്‍ക്കാരിന്‌ ഇക്കാര്യത്തില്‍ എന്തെങ്കിലും ചെയ്യാനാകുമോ?. ലോട്ടറി വ്യാപാരം തല്‍ക്കാലത്തേങ്കിലും നിലയ്‌ക്കുന്നതോടെ ഭാഗ്യം വിറ്റ്‌ ഉപജീവനം നടത്തിയവര്‍ക്ക്‌ പുതിയ തൊഴിലവസരങ്ങള്‍ ഒരുക്കി അവരെ സാധാരണ ജീവിതത്തിലേക്ക്‌ മടക്കിക്കൊണ്ടുവരാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കുമോ?. സിബിഐ അന്വേഷണം പ്രഖ്യാപിക്കുമ്പോഴും ഉത്തരം കിട്ടാനായി നിരവധി ചോദ്യങ്ങള്‍ ഇപ്പോഴും ബാക്കിയാണ്‌. ബംപര്‍ ലോട്ടറിയുടെ നറുക്കെടുപ്പിനായുള്ള കാത്തിരിപ്പ്‌ പോലെ ജനങ്ങള്‍ കാത്തിരുന്നു കാണുകയേ നിര്‍വാഹമുള്ളു.

പിന്‍കുറിപ്പ്‌: 1996-2001 കാലഘട്ടത്തില്‍ തമിഴ്‌നാട്‌ മുഖ്യമന്ത്രിയായിരുന്ന ജയലളിത തമിഴ്‌നാട്ടില്‍ ലോട്ടറി നിരോധിച്ചപ്പോള്‍ നിരോധനം പിന്‍വലിക്കാനായി ജയലളിതയ്‌ക്ക്‌ മാര്‍ട്ടിന്‍ വാഗ്‌ദാനം ചെയ്‌തത്‌ ആയിരം കോടി രൂപ. പതിനഞ്ചു വര്‍ഷങ്ങള്‍ക്കിപ്പുറം ലോട്ടറി ചൂതാട്ടം തുടരാന്‍ നമ്മുടെ നേതാക്കള്‍ക്ക്‌ മാര്‍ട്ടിന്‍ നല്‍കിയത്‌ എന്തൊക്കെയായിരിക്കും. കണക്കുക്കൂട്ടി കഷ്‌ടപ്പെടേണ്ട. കാരണം സാധാരണക്കാരന്റെ കണക്കുക്കൂട്ടലുകള്‍ക്കും അപ്പുറമാണ്‌ മാര്‍ട്ടിന്‍മാരുടെ സ്വാധീനം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക