Image

മാര്‍ ജോര്‍ജ്‌ ആലഞ്ചേരി അഭിഷിക്തനായി

Published on 30 May, 2011
മാര്‍ ജോര്‍ജ്‌ ആലഞ്ചേരി അഭിഷിക്തനായി
കൊച്ചി: സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്‌ ബിഷപ്പായി മാര്‍ ജോര്‍ജ്‌ ആലഞ്ചേരി സ്ഥാനമേറ്റു. എറണാകുളം സെന്റ്‌ മേരീസ്‌ ബസിലിക്കയില്‍ നടന്ന ചടങ്ങില്‍ സഭാ അഡ്‌മിനിസ്‌ട്രേറ്റര്‍ മാര്‍ ബോസ്‌കോ പുത്തൂര്‍ സ്ഥാനാരോഹണ ചടങ്ങുകള്‍ക്ക്‌ നേതൃത്വം നല്‍കി. സ്ഥാനാരോഹണത്തിന്‌ ശേഷം മേജര്‍ ആര്‍ച്ച്‌ ബിഷപ്പിന്റെ നേതൃത്വത്തില്‍ കുര്‍ബാന നടന്നു. തുടര്‍ന്ന്‌ വിവിധ മെത്രാന്‍മാര്‍ അദ്ദേഹത്തെ അഭിനന്ദിച്ചു.

ബസിലിക്കയില്‍ എത്തിയ നിയുക്ത ബിഷപ്പിനെ ഇടവക വികാരി റവ. ഡോ. ജോസ്‌ ചിറമേല്‍ ശ്രേഷ്‌ഠ മെത്രാപ്പോലീത്തയെ മെഴുകുതിരി നല്‌കി കാനോനികമായി സ്വീകരിച്ചു. സഭയുടെ ഇടക്കാല അഡ്‌മിനിസ്‌ട്രേറ്റര്‍ ചുമതല വഹിച്ച കൂരിയ ബിഷപ്‌ മാര്‍ ബോസ്‌കോ പുത്തൂരിന്റെ കാര്‍മികത്വത്തിലാണു സ്ഥാനാരോഹണ ശുശ്രൂഷകള്‍ നടന്നത്‌. മേജര്‍ ആര്‍ച്ച്‌ ബിഷപ്പിന്റെ സ്ഥാനചിഹ്നങ്ങളായ അംശവടിയും മുടിയും മാര്‍ ആലഞ്ചേരിക്ക്‌ അഡ്‌മിനിസ്‌ട്രേറ്റര്‍ നല്‍കി. തുടര്‍ന്ന്‌ മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ സഭയോടു വിശ്വാസപ്രഖ്യാപനം നടത്തി. മറ്റു മെത്രാന്മാര്‍ വിധേയത്വം പ്രഖ്യാപിക്കുന്നതിന്റെ അടയാളമായി മേജര്‍ ആര്‍ച്ച്‌ ബിഷപ്പിനെ ആശ്ലേഷിച്ചതോടെയാണ്‌ സ്ഥാനാരോഹണച്ചടങ്ങുകള്‍ പൂര്‍ത്തിയായത്‌.

തന്റെ മുന്‍ഗാമി കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലിന്റെ കബറിടത്തില്‍ മാര്‍ ആലഞ്ചേരി പുഷ്‌പങ്ങള്‍ അര്‍പ്പിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക