Image

ഷിക്കാഗോ സാഹിത്യവേദി ജൂണ്‍ 3-ന്‌

ജോയിച്ചന്‍ പുതുക്കുളം Published on 30 May, 2011
ഷിക്കാഗോ സാഹിത്യവേദി ജൂണ്‍ 3-ന്‌
ഷിക്കാഗോ: 2011 ജൂണ്‍ മാസ സാഹിത്യവേദി മൂന്നാംതീയതി വെള്ളിയാഴ്‌ച വൈകുന്നേരം 6.30-ന്‌ കണ്‍ട്രി ഇന്‍ ആന്‍ഡ്‌ സ്യൂട്ടില്‍ വെച്ച്‌ നടത്തുമെന്ന്‌ ജനറല്‍ കോര്‍ഡിനേറ്റര്‍ ജോണ്‍ സി. ഇലക്കാട്ട്‌ അറിയിച്ചു. (2200 S. Elmhrust Mt. Prospect).

ജ്യോതിഷ വിദ്യാപീഠത്തിലെ പ്രഫസര്‍ ജ്യോതിഷവചസ്‌പതി വാസ്‌തു ആചാര്യ പി.സി. രവീന്ദ്രവര്‍മ്മ `ഭാരതീയ ജ്യോതിഷവും വാസ്‌തുവിദ്യയും' എന്ന പ്രബന്ധം അവതരിപ്പിക്കുന്നതാണ്‌.

154-മത്‌ മെയ്‌മാസ സാഹിത്യ വേദി പ്രൊഫ. ഇ.ജെ. ജേക്കബിന്റെ അധ്യക്ഷതയില്‍ കൂടി. പ്രബന്ധ അവതാരകന്‍ രാധാകൃഷ്‌ണന്‍ നായരെ, രവി രാജ സദസ്സിന്‌ പരിചയപ്പെടുത്തി. കവിത്രയങ്ങളില്‍ മുഖ്യനായ കുമാരനാശാന്റെ കവിതകളെ ആസ്‌പദമാക്കി `ആശാന്‍ കവിതകള്‍' എന്ന പ്രബന്ധം, ആശാന്‍ കവിതാ പണ്‌ഡിതനായ രാധാകൃഷ്‌ണന്‍ നായര്‍ അവതരിപ്പിച്ചു.

ഒരു കാലഘട്ടത്തിന്റെ സാമൂഹിക- സാമുദായിക ആചാരാനുഷ്‌ഠാനങ്ങളെ പ്രതിബിംബിക്കുന്ന കരുണ, വാസവദത്ത, നളിനി, ലീല, ചണ്‌ഡാലഭിക്ഷുകി, ചിന്താവിഷ്‌ടയായ സീത തുടങ്ങിയ ആശാന്‍ കവിതകളെ ഉദ്ധരിച്ചുകൊണ്ടുള്ള പ്രബന്ധം സദസ്യര്‍ ആദ്യാവസാനം ശ്രദ്ധയോടെ ആസ്വദിച്ചു. തുടര്‍ന്ന്‌ നടന്ന ചര്‍ച്ചാ ഉദ്ധരണികള്‍ കൂടിയായപ്പോള്‍ ആശാന്‍ കവിതാമയമായി സാഹിത്യവേദി.

`ദൈവമാണമ്മ' എന്ന കവിത ചാക്കോ ഇട്ടിച്ചെറിയ എഴുതി അവതരിപ്പിച്ചത്‌ മദേഴ്‌സ്‌ ഡേയ്‌ക്ക്‌ മാറ്റുകൂട്ടി. സത്യസായി ബാബയുടേയും, സാഹിത്യവേദി അംഗമായ ജോസഫ്‌ ഇലക്കാടിന്റേയും നിര്യാണത്തില്‍ സാഹിത്യവേദി അനുശോചനം രേഖപ്പെടുത്തി.

എന്‍.വി. കുര്യാക്കോസിന്റെ നന്ദി പ്രകടനത്തോടുകൂടി അരുണ്‍ നായര്‍ സ്‌പോണ്‍സര്‍ ചെയ്‌ത മെയ്‌മാസ സാഹിത്യവേദി സമംഗളം പര്യവസാനിച്ചു. ജൂണ്‍മാസ സിഹിത്യവേദിയിലേക്ക്‌ സാഹിത്യ സ്‌നേഹികളെ സംഘാടകര്‍ സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: പി.സി. രവീന്ദ്രവര്‍മ്മ (847 627 4617), രാധാകൃഷ്‌ണന്‍ നായര്‍ (847 634 9529), ജോണ്‍ സി. ഇലക്കാട്ട്‌ (773 282 4855)
ഷിക്കാഗോ സാഹിത്യവേദി ജൂണ്‍ 3-ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക