Image

രജനി തിരിച്ചെത്തുന്നതും കാത്ത്‌ കോടികളുടെ സിനിമ...

Published on 31 May, 2011
രജനി തിരിച്ചെത്തുന്നതും കാത്ത്‌ കോടികളുടെ സിനിമ...
`നിങ്ങളുടെ സ്‌നേഹം എന്നെ തിരിച്ചുകൊണ്ടുവരും'' എന്ന ആരാധകരോടുള്ള സൂപ്പര്‍താരം രജനികാന്തിന്റെ സന്ദേശം മൊബൈല്‍ ഫോണുകളിലൂടെയും, ട്വിറ്ററുകളിലൂടെയും റേഡിയോയിലൂടെയുമൊക്കെ കഴിഞ്ഞ ദിവസം പ്രചരിച്ചതോടെ രജനിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള ആശങ്കകള്‍ അകന്നു തുടങ്ങി. സിംഗപ്പൂരില്‍ വിദഗ്‌ധ ചികില്‍സക്കായി പ്രവേശിപ്പിച്ചിരിക്കുന്ന രജനികാന്തെന്ന താരരാജാവിനെ കാത്തിരിക്കുന്നത്‌ കോടിക്കും മുകളില്‍ വരുന്ന കടുത്ത ആരാധകരും ഇരുനൂറും മുന്നൂറും കോടികള്‍ ബജറ്റ്‌ വലിപ്പമുള്ള സിനിമകളുമാണ്‌.

തമിഴകത്ത്‌ മാത്രമല്ല ലോകമെങ്ങും ആരാധകരുള്ള ഒരു ഇന്റര്‍നാഷണല്‍ താരമാണ്‌ രജനികാന്ത്‌. ജാക്കിച്ചാന്‍ കഴിഞ്ഞാല്‍ ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന സിനിമാതാരം. ഒരു കോടിക്ക്‌ മുകളില്‍ അംഗങ്ങളുള്ള ഫാന്‍സ്‌ അസോസിയേഷനാണ്‌ ദക്ഷിണേന്ത്യയില്‍ രജനികാന്തിന്റേത്‌. ഏതൊരു രാഷ്‌ട്രീയ കക്ഷിയേക്കാളും തമിഴ്‌നാട്‌ ജനതയെ നിയന്ത്രിക്കാന്‍ പോന്ന സ്വാധീന ശക്തിയും രജനികാന്തിനുണ്ടെന്ന്‌ ശത്രുക്കള്‍ പോലും സമ്മതിക്കും.

അങ്ങനെയുള്ള രജനികാന്ത്‌ കഴിഞ്ഞ ദിവസങ്ങളില്‍ ആശുപത്രയില്‍ കഴിഞ്ഞപ്പോള്‍ തമിഴകം പ്രാര്‍ഥനയില്‍ മുഴുകിയില്ലെങ്കില്‍ മാത്രമേ അത്ഭുതമുള്ളു. അക്ഷരാര്‍ഥത്തില്‍ തമിഴ്‌നാട്‌ ഇപ്പോള്‍ രജനിക്ക്‌ വേണ്ടിയുള്ള പ്രാര്‍ഥനയില്‍ തന്നെയാണെന്ന്‌ പറയാം. രജനിക്ക്‌ വേണ്ടി ആരാധകര്‍ ക്ഷേത്രങ്ങളില്‍ വഴിപാടുകളും പൂജകളും നടത്തുന്നു. നിരത്തുകള്‍ രജനി ചിത്രങ്ങള്‍ക്ക്‌ മുമ്പില്‍ ഫാന്‍സ്‌ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ പ്രാര്‍ഥനകളില്‍ മുഴുകുന്നു. തമിഴകത്ത്‌ ഈ ദിവസങ്ങളില്‍ ഇതൊക്കെയൊരു സാധാരണ കാഴ്‌ചയാണ്‌.

എന്തിനേറെ പറയുന്ന തമിഴകത്തെ മുന്‍നിര താരവും ഇപ്പോള്‍ ഭരണമുന്നണി എം.എല്‍.എയുമായ ശരത്‌കുമാറിന്റെ നേതൃത്വത്തില്‍ വരെ രജനിക്കായി പ്രാര്‍ഥനകള്‍ നടന്നു. രാജ്യമെങ്ങുമുള്ള രാഷ്‌ട്രീയ നേതാക്കളും സെലിബ്രിറ്റികളും രജനി സുഖംപ്രാപിക്കാനായി ആശംസകള്‍ അറിയിച്ചു കൊണ്ടേയിരിക്കുന്നു.

റിലീലുള്ളത്‌ റിയാലിറ്റിയല്ലെന്ന്‌ തമിഴ്‌മക്കള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞിട്ടും രജനികാന്ത്‌ എന്ന താരരാജാവിന്‌ ജനങ്ങള്‍ക്കിടയിലുള്ള സ്വാധീനത്തിന്‌ ഒരു കുറവുമില്ലെന്നാണ്‌ തമിഴകത്തെ കാഴ്‌ചകള്‍ സൂചിപ്പിക്കുന്നത്‌. താരത്തിന്റെ ആരോഗ്യത്തിനായി ആരാധകര്‍ പ്രാര്‍ഥനയില്‍ മുഴുകുമ്പോള്‍ രജനി പൂര്‍ണ്ണ ആരോഗ്യവനായി തിരിച്ചെത്തുന്നത്‌ കാത്തിരിക്കുന്ന കോടികളുടെ പ്രോജക്‌ടുകളാണ്‌.

രജനികാന്തിന്റെ അനൗണ്‍സ്‌ ചെയ്‌തിരിക്കുന്ന പ്രോജക്‌ടായ `റാണ' തന്നെയാണ്‌ ഇതില്‍ പ്രധാനം. കെ.എസ്‌ രവികുമാര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ആദ്യ ഷൂട്ടിംഗ്‌ ദിവസമായ ഏപ്രില്‍ 29നാണ്‌ രജനികാന്ത്‌ ആരോഗ്യപ്രശ്‌നങ്ങളാണ്‌ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്‌. ഷൂട്ടിംഗ്‌ ആരംഭിച്ച ഏപ്രില്‍ 29ന്‌ നാല്‌ മണിക്കൂറോളം രജനി ലൊക്കേഷനില്‍ ചിലവഴിക്കുകയും കാമറക്ക്‌ മുമ്പിലെത്തുകയും ചെയ്‌തിരുന്നു. എന്നാല്‍ ആരോഗ്യപ്രശ്‌നങ്ങളാണ്‌ ആശുപത്രയില്‍ പ്രവേശിപ്പിക്കപ്പെടുകയായിരുന്നു. എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ രജനി സുഖം പ്രാപിച്ചു. റാണയുടെ ഷൂട്ടിഗ്‌ പുനരാരംഭിക്കാമെന്ന്‌ കരുതിയിരിക്കുമ്പോഴാണ്‌ രജനിയുടെ ആരോഗ്യനില വീണ്ടും വഷളായത്‌. അതോടെ അദ്ദേഹം ചെന്നൈയിലെ രാമചന്ദ്രമെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിക്കപ്പെട്ടു. ഇപ്പോള്‍ വിദഗ്‌ധ ചികില്‍സക്കായി സിംഗപ്പോറിലേക്ക്‌ മാറ്റുകയും ചെയ്‌തിരിക്കുന്നു.

കെ.എസ്‌ രവികുമാര്‍ സംവിധാനം ചെയ്യാനിരിക്കുന്ന റാണ എന്ന രജനികാന്ത്‌ ചിത്രത്തിന്‌ 210 കോടി രൂപയുടെ ബജറ്റാണ്‌ നിലവില്‍ പ്ലാന്‍ ചെയ്‌തിരുന്നത്‌. 180 കോടി രൂപ മുതല്‍ മുടക്കി സണ്‍പിക്‌ചേഴ്‌സ്‌ നിര്‍മ്മിച്ച രജനികാന്ത്‌ - ഷങ്കര്‍ ചിത്രം റോബോട്ട്‌ 385 കോടി രൂപ തിരിച്ചുപിടിച്ച്‌ ഇന്ത്യന്‍ സിനിമയില്‍ തന്നെ ചരിത്രം സൃഷ്‌ടിച്ചതോടെയാണ്‌ രജനികാന്തിനെ കേന്ദ്രീകരിച്ച്‌ റാണ എന്ന പ്രോജക്‌ട്‌ രൂപപ്പെട്ടത്‌. രജനികാന്തില്‍ 200കോടി നിക്ഷേപിച്ചാല്‍ ഇരട്ടിയായി തിരിച്ചു കിട്ടുമെന്നതാണ്‌ യന്തിരന്‍ അഥവാ റോബോട്ട്‌ നല്‍കുന്ന പാഠം. ഇത്‌ തന്നെയാണ്‌ ഇറോസ്‌ ഇന്റര്‍നാഷണല്‍ റാണ നിര്‍മ്മിക്കാന്‍ കാരണവും. ഇറോസ്‌ ഇന്റര്‍നാഷണലും രജനികാന്തിന്റെ മകള്‍ സൗന്ദര്യ രജനികാന്തും ചേര്‍ന്നാണ്‌ റാണ നിര്‍മ്മിക്കുന്നത്‌.

രജനികാന്ത്‌ മൂന്ന്‌ ഗെറ്റപ്പുകളിലെത്തുന്ന ആക്ഷന്‍ ചിത്രം എന്നതാണ്‌ ചിത്രത്തിന്റെ പ്രത്യേക. അമിതാഭ്‌ ബച്ചന്റെ ഒരു പഴയകാല ഹിറ്റില്‍ നിന്നാണ്‌ കെ.എസ്‌ രവികുമാര്‍ റാണയുടെ പ്രമേയം രൂപപ്പെട്ടുത്തിയിരിക്കുന്നതെന്നും പറയപ്പെടുന്നു. ചിത്രത്തില്‍ മറ്റൊരു ഹൈലൈറ്റും കെ.എസ്‌ രവികുമാര്‍ പ്ലാന്‍ ചെയ്‌തിരുന്നു. ബോളിവുഡ്‌ ഇതിഹാസം അമിതാഭ്‌ ബച്ചന്‍ അതിഥിതാരമായി റാണിയില്‍ പ്രത്യക്ഷപ്പെടുന്നു എന്നതായിരുന്ന പ്രധാന ഹൈലൈറ്റ്‌.

ഇവര്‍ക്കൊപ്പം ദീപികാ പദുക്കോണ്‍, രേഖ, വിദ്യാബാലന്‍ എന്നിവരെ ചിത്രത്തിലെ നായികമാരായി കരാര്‍ ചെയ്‌തിരുന്നു. രജനി മൂന്ന്‌ പ്രായത്തിലാണ്‌ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്‌. ഓരോ ഗെറ്റപ്പിലെയും നായികമാരായിരുന്നു ഇവര്‍. എന്നാല്‍ ബിഗ്‌ ബി ചിത്രത്തിലേക്ക്‌ കരാര്‍ ചെയ്യപ്പെട്ടതോടെ ബിഗ്‌ ബിയുമായി ശിതസമരമുള്ള രേഖ ചിത്രത്തില്‍ നിന്നും പിന്മാറി. പകരം ഹേമമാലിനി രജനിയുടെ നായികയായി കരാര്‍ ചെയ്യപ്പെട്ടു. ഇത്രയധികം താരങ്ങളുടെ ഡേറ്റുകള്‍ കൃത്യമായി മാനേജ്‌ ചെയ്‌ത്‌ ഒരുവര്‍ഷം കൊണ്ട്‌ ചിത്രീകരണം പൂര്‍ത്തിയാക്കുവനാണ്‌ കെ.എസ്‌ രവികുമാര്‍ പ്ലാന്‍ ചെയ്‌തിരുന്നത്‌. എ.ആര്‍ റഹ്‌മാന്‍ ചിത്രത്തിനായി സംഗീതം ഒരുക്കുവാനും ആരംഭിച്ചിരുന്നു.

എന്നാല്‍ എല്ലാ കണക്കുകൂട്ടലുകളെയും തെറ്റിച്ചുകൊണ്ടാണ്‌ രജനിക്ക്‌ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ടത്‌. രജനികാന്ത്‌ എത്രയും വേഗം സുഖംപ്രാപിച്ച്‌ തിരിച്ചെത്തുന്നതും കാത്തിരിക്കുകയാണ്‌ ഇപ്പോള്‍ റാണയുടെ അണിയറ പ്രവര്‍ത്തകര്‍. റാണക്കൊപ്പം രജനിയുടെ മകള്‍ സൗന്ദര്യ ഒരുക്കുന്ന `ഹര' എന്ന അനിമേഷന്‍ ചിത്രവും രജനിയുടെ തിരിച്ചുവരവിനായി കാത്തിരിക്കുന്നു. കോടികള്‍ ചിലവ്‌ വരുന്ന ഈ അനിമേഷന്‍ ചിത്രത്തില്‍ രജനിയുടെ അനിമേറ്റ്‌ കഥാപാത്രമാണ്‌ നായകന്‍. ഈ കഥാപാത്രത്തിന്‌ ശബ്‌ദം നല്‍കുന്നത്‌ രജനികാന്ത്‌ തന്നെയാണ്‌. ഈ വര്‍ഷം അവസാനത്തോടെ ഇംഗ്ലീഷ്‌, തമിഴ്‌, തെലുങ്ക്‌, ഹിന്ദി ഭാഷകളിലായി റിലീസിന്‌ ഒരുങ്ങുകയായിരുന്നു ഹര. എന്നാല്‍ രജനി ഇനിയും ഡബ്ബിംഗ്‌ പൂര്‍ത്തിയാക്കാത്തതിനാല്‍ ചിത്രം വൈകാന്‍ സാധ്യതയുണ്ട്‌. രജനികാന്തിനെയും കമലഹാസനെയും ഒരുമിപ്പിച്ചുകൊണ്ട്‌ ഷങ്കര്‍ പ്ലാന്‍ ചെയ്‌തിരുന്നെ മെഗബജറ്റ്‌ പ്രോജക്‌ടും ഇപ്പോള്‍ അണിയറയില്‍ കാത്തുനില്‍ക്കുന്നുണ്ട്‌.

രണ്ട്‌ വര്‍ഷത്തില്‍ ഒരു സിനിമയാണ്‌ ഇപ്പോള്‍ രജനികാന്തിന്റെ രീതി. 1997ന്‌ ശേഷം രജനി അഭിനയിച്ചത്‌ വെറും ഏഴ്‌ ചിത്രങ്ങളില്‍ മാത്രം. 97ല്‍ അരുണാചലം, 99ല്‍ പടയപ്പ, 2002ല്‍ ബാബ, 2005ല്‍ ചന്ദ്രമുഖി, 2007 ശിവാജി, 2008 കുചേലന്‍, 2010 യന്തിരന്‍ എന്നിങ്ങനായാണ്‌ ഈ ഏഴ്‌ ചിത്രങ്ങള്‍. ഇതില്‍ ബാബ വന്‍ പരാജയമായപ്പോള്‍ ബാക്കിയുള്ള ചിത്രങ്ങളെല്ലാം ഇന്ത്യന്‍ സിനിമയില്‍ തന്നെ റിക്കോര്‍ഡ്‌ കളക്ഷനാണ്‌ നേടിയത്‌. വര്‍ഷങ്ങളുടെ ഇടവേളകളില്‍ മാത്രം രജനി ചിത്രങ്ങള്‍ എത്തുമ്പോഴും തമിഴ്‌നാട്ടില്‍ രജനിയുടെ ആരാധകര്‍ നിരാശപ്പെട്ടിരുന്നില്ല. രജനിയുടെ തീരുമാനങ്ങളും ചിന്തകളും അവര്‍ക്ക്‌ വിലപ്പെട്ടതായിരുന്നു. രജനി തന്റെ ആരാധകര്‍ക്ക്‌ തിരിച്ചു നല്‍കിയ സ്‌നേഹമാണ്‌ തീര്‍ച്ചയായും അദ്ദേഹത്തെ ഏറ്റവും ആരാധകരുള്ള താരരാജാവാക്കി മാറ്റിയത്‌.

ശ്വാസകോശത്തിലുള്ള അണുബാധയാണ്‌ രജനികാന്തിന്റെ ആരോഗ്യനിലയെ തളര്‍ത്തിയതെന്ന്‌ ഡോക്‌ടര്‍മാര്‍ പറയുന്നു. സിംഗപ്പൂരിലേക്ക്‌ പോകുന്നതിനു മുമ്പ്‌ രജനിഅടുത്ത സുഹൃത്തുക്കളെ കാണുകയും ചെയ്‌തു. ഭയപ്പെടാന്‍ ഒന്നുമില്ലെങ്കിലും കുറച്ചു ദിവസങ്ങളുടെ പൂര്‍ണ്ണ വിശ്രമം രജനിക്ക്‌ ആവശ്യമാണെന്നാണ്‌ ഡോക്‌ടര്‍മാര്‍ പറഞ്ഞിരിക്കുന്നത്‌. രജനിയുടെ ആരോഗ്യനിലയില്‍ കുടുംബാംഗങ്ങളെപ്പോലെ തന്നെ ആരാധകരും ആശങ്കയിലായിരുന്നു. ഇടക്ക്‌ രജനിയുടെ നില അതീവഗുരുതരമായി എന്ന്‌ ചില അഭ്യൂഹങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന്‌ തമിഴ്‌നാട്ടില്‍ ആരാധകര്‍ പരിഭ്രാന്തരായി എന്നതാണ്‌ സത്യം. അവസാനം ആരാധകരെ ആശ്വസിപ്പിക്കാന്‍ രജനിയുടെ ഭാര്യ ലതരജനികാന്തിന്‌ പത്രക്കുറിപ്പ്‌ ഇറക്കേണ്ടി വന്നു. ഇപ്പോള്‍ സിംഗപ്പൂരിലേക്ക്‌ യാത്രതിരിക്കുന്നതിന്‌ മുമ്പ്‌ മകള്‍ സാന്ദര്യയുടെ മൊബൈല്‍ ഫോണില്‍ ആരാധകര്‍ക്കുള്ള സന്ദേശം രജനി റിക്കോര്‍ഡ്‌ ചെയ്‌തിരുന്നു. ഈ സന്ദേശത്തിലാണ്‌ രജനിയുടെ ആരാധകര്‍ ഇപ്പോള്‍ ആശ്വസിക്കുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക