Image

വി.എസിനെ പിണറായി ഭയക്കുന്നതെന്തിന്‌?

Published on 01 June, 2011
വി.എസിനെ പിണറായി ഭയക്കുന്നതെന്തിന്‌?
പിണറായി വിജയന്‍ വി.എസിനെ ഭയക്കുന്നുണ്ടോ. ഉണ്ടെന്ന്‌ തന്നെ കരുതേണ്ടി വരും. കാരണം സംസ്ഥാന കമ്മറ്റി പോളിറ്റ്‌ബ്യൂറോയ്‌ക്ക്‌ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നിന്നും വി.എസ്‌ ഫാക്‌ടറിനെ മനപ്പൂര്‍വ്വം ഒഴിവാക്കിയതും, `നിങ്ങള്‍ ചെയ്യുന്നത്‌ ശരിയല്ല' എന്ന്‌ പ്രകാശ്‌ കാരാട്ട്‌ തുറന്നു പറഞ്ഞുകൊണ്ട്‌ വി.എസ്‌ ഫാക്‌ടറിനെ ഉള്‍പ്പെടുത്തി റിപ്പോര്‍ട്ട്‌ അംഗീകരിച്ചതുമൊക്കെ കാണുമ്പോള്‍ പിണറായി വിജയന്‌ അല്‌പം ഭയം ഉണ്ടെന്ന്‌ തന്നെ കരുതണം. വി.എസ്‌ പക്ഷത്തോട്‌ കാര്യമായ മമത കാണിക്കാതെയിരിക്കുകയും ഔദ്യോഗിക പക്ഷത്തോട്‌ ആവശ്യത്തിലധികം മമത കാണിക്കുകയും ചെയ്‌തിരുന്ന പ്രകാശ്‌കാരട്ട്‌ വരെ വി.എസ്‌ പ്രഭാവത്തില്‍ അത്ഭുതപ്പെടുകയും അംഗീകരിക്കുകയും ചെയ്യുന്നത്‌ കാണുമ്പോള്‍ പിണറായി വിജയനെന്നല്ല ആരും അമ്പരന്ന്‌ പോകും. അതുകൊണ്ടു തന്നെയാവാം വി.എസ്‌ ഫാക്‌ടര്‍ ഉണ്ടെന്ന്‌ പിണറായി വിജയനും അവസാനം മാധ്യമങ്ങളോട്‌ തുറന്ന്‌ സമ്മതിക്കേണ്ടി വന്നത്‌.

അടുത്ത ഫെബ്രുവരിയോടെ സി.പി.എം പാര്‍ട്ടികോണ്‍ഗ്രസ്‌ നടക്കുമെന്നാണ്‌ കരുതുന്നത്‌. പാര്‍ട്ടികോണ്‍ഗ്രസിന്‌ മുന്നോടിയായി നടക്കേണ്ട പാര്‍ട്ടി സമ്മേളനങ്ങള്‍ വരുന്ന സെപ്‌തംബറില്‍ ആരംഭിക്കും. ഈ സമ്മേളനങ്ങള്‍ വീഭാഗിയതയുടെ ബലപരീക്ഷണങ്ങളാവും എന്നതില്‍ ആര്‍ക്കും സംശയമില്ല. ഈ ബലപരീക്ഷണത്തില്‍ ഇനി സിപിഎമ്മില്‍ വി.സ്‌ പക്ഷം പിടിമുറുക്കുമോ എന്നതാണ്‌ ഇപ്പോള്‍ ഏവരും ഉറ്റുനോക്കുന്നത്‌.

ഇലക്ഷന്‌ മുമ്പ്‌ എല്ലാവരും കരുതിയിരുന്നത്‌ വരുന്ന പാര്‍ട്ടികോണ്‍ഗ്രസോടെ വി.എസ്‌ പക്ഷം പാടെ ക്ഷയിക്കും എന്നായിരുന്നു. തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം സ്വാഭാവികമായും പരാജയം നേരിടുമെന്നും അത്‌ മുഖ്യമന്ത്രി എന്ന നിലയില്‍ വി.എസില്‍ കെട്ടിഏല്‍പ്പിച്ച്‌ അദ്ദേഹത്തെ തീര്‍ത്തും പാര്‍ശ്വവല്‍കരിക്കാം എന്നുമായിരുന്നു സ്വാഭാവികമായും ഔദ്യോഗികപക്ഷം കണക്കുകൂട്ടിയിരുന്നത്‌. എന്നാല്‍ ഏവരെയും അത്ഭുതപ്പെടുത്തി സി.പി.എമ്മം നേടിയത്‌ വന്‍ വിജയം. അതിന്റെ ക്രെഡിറ്റ്‌ മൊത്തമായും വി.എസ്‌ നേടുകയും ചെയ്‌തു. ഇതോടെ വി.എസിന്റെ ചിറകുകള്‍ക്ക്‌ ബലം കൂടുകയാണ്‌ ചെയ്‌തത്‌.

കഴിഞ്ഞ അഞ്ച്‌ വര്‍ഷങ്ങളില്‍ വി.എസ്‌ സമാനതകളില്ലാത്ത ജനനായകനായി വളര്‍ന്നപ്പോള്‍ പിണറായി വിജയന്‍ പാര്‍ട്ടിയില്‍ പിടിമുറുക്കിയ കാഴ്‌ചയായിരുന്ന കേരളം കണ്ടത്‌. പാര്‍ട്ടി ജില്ലാകമ്മറ്റികളിലെ മേല്‍ക്കൈയുടെ കാര്യത്തില്‍ സമാസമം നിന്നിരുന്നു വി.എസ്‌ പക്ഷവും ഔദ്യോഗിക പക്ഷവും എങ്കില്‍ കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട്‌ 14 ജില്ലകളില്‍ ബഹുഭൂരിപക്ഷവും പിണറായി പക്ഷത്തേക്ക്‌ മറിഞ്ഞു. പത്തനംതിട്ടപോലെ ചുരുക്കം ചില ജില്ലാകമ്മറ്റികളില്‍ മാത്രമാണ്‌ വി.എസിന്‌ ഇപ്പോള്‍ മേല്‍ക്കൈ ഉള്ളത്‌.

കൗതുകകരമായ മറ്റൊരു വസ്‌തുത പല ജില്ലാകമ്മറികളും വി.എസിനെ നിശിതമായും പ്രത്യക്ഷമായും എതിര്‍ക്കുന്നു എന്നതാണ്‌. കണ്ണൂരും ഇടുക്കിയുമാണ്‌ ഇതില്‍ പ്രധാനം. ഔദ്യോഗിക പക്ഷത്തിന്റെ സ്വന്തം ജില്ലയാണ്‌ കണ്ണൂരെങ്കില്‍ വി.എസിന്റെ മൂന്നാര്‍ ദൗത്യമായിരുന്നു ഇടുക്കി ജില്ലാ കമ്മറ്റിയെ അദ്ദേഹത്തിനെതിരെ തിരിച്ചത്‌. ഇങ്ങനെ പല ഘട്ടങ്ങളിലായി കേരളത്തില്‍ പാര്‍ട്ടിക്കുള്ളിലെ പിടിവള്ളികളെല്ലാം വി.എസിന്‌ നഷ്‌ടപ്പെട്ടിരുന്നു. ഇത്‌ മാത്രമല്ല പാര്‍ട്ടിയില്‍ ശക്തരായ വി.എസ്‌ പക്ഷത്തെ പ്രമുഖ നേതാക്കളും ഒന്നുകില്‍ മൗനം പാലിക്കുകയോ, അല്ലെങ്കില്‍ കളംമാറ്റി ചവുട്ടുകയോ ചെയ്‌തു.

എന്നിട്ടും വി.എസ്‌ തളരാതെ പിടിച്ചു നിന്നത്‌ പലപ്പോഴും പോളിറ്റ്‌ ബ്യൂറിയില്‍ തനിക്കുള്ള സ്വാധീനം ഉപയോഗിച്ചായിരുന്നു. പോളിറ്റ്‌ബ്യൂറിയില്‍ നിന്നും സസ്‌പെന്‍ഡ്‌ ചെയ്യപ്പെട്ടപ്പോഴും പോളിറ്റ്‌ബ്യൂറിയില്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക്‌ വി.എസിനോട്‌ ഒരു പ്രത്യേക പ്രതിപത്തിയുണ്ടായിരുന്നു. പലപ്പോഴും ഇത്‌ വി.എസിന്‌ ഗുണം ചെയ്യുകയും ചെയ്‌തു. എന്നാല്‍ ജനറല്‍സെക്രട്ടറിയായ പ്രകാശ്‌ കാരാട്ട്‌ വി.എസിന്റെ പ്രഭാവം കണ്ടില്ലെന്ന്‌ നടിക്കാന്‍ തുടങ്ങിയത്‌ മുതല്‍ പാര്‍ട്ടിയില്‍ വി.എസിന്റെ ഗതി ഇനി എന്താവും എന്ന്‌ ചോദ്യങ്ങളുയര്‍ന്നിരുന്നു. പാര്‍ട്ടിയെ അവഗണിച്ച്‌ വി.എസിന്‌ എത്രദൂരം ഇനിയും പോകാനാവും എന്നതും പ്രസക്തമായ ചോദ്യമായിരുന്നു.

ഇതിനെല്ലാം വി.എസ്‌ മറുപടി നല്‍കിയത്‌ തിരഞ്ഞെടുപ്പിലൂടെയായിരുന്നു. സ്വന്തം പാര്‍ട്ടിക്കാരെകൊണ്ടുമാത്രമല്ല, യുഡിഎഫിനെക്കൊണ്ടും, ബി.ജെ.പിയെകൊണ്ടുപോലും വി.സ്‌ ഫാക്‌ടര്‍ ഒരു യാഥാര്‍ഥ്യമാണ്‌ എന്ന്‌ അംഗീകരിപ്പിക്കാന്‍ വി.എസിന്‌ കഴിഞ്ഞു. ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ്‌ അവലോകന റിപ്പോര്‍ട്ടില്‍ വി.എസ്‌ ഫാക്‌ടറിനെക്കുറിച്ച്‌ എടുത്ത്‌ പറയുന്നുണ്ട്‌.

ജീവിച്ചിരിക്കുന്ന നേതാക്കന്‍മാരുടെ ചിത്രങ്ങളുള്ള പോസ്റ്ററുകള്‍ സി.പി.എമ്മിന്റെ പാരമ്പര്യമല്ല എന്ന്‌ പിണറായി വിജയന്‍ പറഞ്ഞത്‌ വി.എസിന്റെ വര്‍ദ്ധിച്ചു വരുന്ന ജനകീയതയില്‍ ഔദ്യോഗിക പക്ഷത്തിനുള്ള അസഹുഷ്‌ണുതയായി രാഷ്‌ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഈ വി.എസ്‌ ഇഫക്‌ട്‌ ഇനിയുള്ള നാളുകളില്‍ ഉള്‍പ്പാര്‍ട്ടിപ്പോരിനെ എങ്ങനെയാവും സ്വാധീനിക്കുക എന്നതാണ്‌ ഔദ്യോഗിക പക്ഷം ഇപ്പോള്‍ ഭയക്കുന്നത്‌. 1998 മുതല്‍ സിപിഎം സംസ്ഥാന സെക്രട്ടറിയായിരിക്കുന്ന പിണറായി വിജയന്‌ ഇനി സെക്രട്ടറി പദത്തിലേക്ക്‌ ഒരവസരം കൂടിയില്ല എന്നതും ഇവിടെ പ്രസക്തമാണ്‌. താമസിയാതെ പോളിറ്റ്‌ബ്യൂറോ അംഗം മാത്രമായി പിണറായി വിജയന്‍ മാറുമ്പോള്‍, പ്രതിപക്ഷ നേതാവായി പാര്‍ട്ടിക്കുള്ളിലും ജനങ്ങള്‍ക്കിടയിലും കരുത്താര്‍ജ്ജിക്കാനുള്ള നീണ്ട കാലയളവാണ്‌ വി.എസിന്‌ മുമ്പിലുള്ളത്‌.

പാര്‍ട്ടിയില്‍ വി.എസ്‌ കരുത്താര്‍ജ്ജിച്ചു എന്ന്‌ ഉറപ്പായാല്‍ ജില്ലാകമ്മറികള്‍ എവിടേക്ക്‌ വേണമെങ്കിലും മാറിമറിയാം. ഓദ്യോഗിക പക്ഷമെന്ന ലേബല്‍ വി.എസ്‌ പക്ഷത്തിന്‌ ചാര്‍ത്തിക്കിട്ടിയേക്കാം. പക്ഷെ ഇതിന്‌ വി.എസ്‌ ഒരുപാട്‌ വിയര്‍പ്പൊഴുക്കേണ്ടിവരും. പൊതുവില്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയില്‍ പ്രത്യേകിച്ചും സി.പി.എമ്മില്‍ പിടിമുറുകിയിരിക്കുന്ന ആധുനീകവല്‍ക്കരണവും കോര്‍പ്പറേറ്റ്‌ താത്‌പര്യങ്ങളും എത്രത്തോളം ചെറുക്കാന്‍ വി.എസിന്‌ കഴിയും എന്നതനുസരിച്ചിരിക്കും പാര്‍ട്ടിയില്‍ വി.എസ്‌ നേടാന്‍ പോകുന്ന സ്വാധീനം. പാര്‍ട്ടിയില്‍ വളര്‍ന്നു വരുന്ന പുതിയ പ്രവണതകളില്‍ വി.എസ്‌ അല്‌പം പോലും താത്‌പര്യമുള്ളയാളല്ല. വിഭാഗീയതയുടെ ഒരു ആശയപരമായ കാരണവും ഇതു തന്നെ. ഈ പ്രശ്‌നം എളുപ്പത്തില്‍ മറികടക്കാന്‍ എത്ര ശക്തനാണെങ്കിലും വി.എസിന്‌ കഴിയില്ല.

ഔദ്യോഗികപക്ഷം വി.എസിനെ ഭയക്കുന്ന മറ്റുചിലതു കൂടിയുണ്ട്‌. അത്‌ പാര്‍ട്ടിയുടെ താത്‌പര്യങ്ങളെയും മറികടന്ന്‌ വി.എസ്‌ മുമ്പോട്ടു വെക്കുന്ന തുടര്‍ സമരങ്ങളാണ്‌. അഴിമതി വിരുദ്ധ പോരാട്ടമെന്നതാണ്‌ വി.എസിന്റെ അജണ്ട തന്നെ. അപ്പോള്‍ പിന്നെ ലാവ്‌ലിന്‍ കേസില്‍ എന്തായിരിക്കും അദ്ദേഹത്തിന്റെ നയമെന്ന്‌ ഊഹിക്കാം. പ്രത്യേകിച്ചും ലാവ്‌ലിന്‍കേസില്‍ പിണറായി വിജയന്‍ സംശയാദ്‌പദമായ സാഹചര്യത്തില്‍ നില്‍ക്കുമ്പോള്‍. നിയമസഭക്ക്‌ അകത്തായാലും പുറത്തായാലും ഈ കേസില്‍ പിണറായിക്ക്‌ വേണ്ടി വി.എസ്‌ വാദിക്കില്ല എന്നത്‌ തീര്‍ച്ചയാണ്‌. ഇനി വാദിക്കാതെ മൗനം പാലിക്കുകയാണ്‌ വി.എസ്‌ ചെയ്യുന്നതെങ്കില്‍ അതും പിണറായിക്ക്‌ തിരിച്ചടിയാകും. ലാവ്‌ലിന്‍ കേസ്‌ സര്‍ക്കാര്‍ പ്രതിപക്ഷത്തിനെതിരെ ഒരു ആയുധമാക്കിയാല്‍ അതിനെതിരെ ശബ്‌ദിക്കാന്‍ വി.എസ്‌ മുന്നോട്ടു വരുമെന്ന്‌ ആരും പ്രതിക്ഷിക്കുന്നില്ല. വരും നാളുകളില്‍ സി.പി.എമ്മിനുള്ളില്‍ നേരിടാന്‍ പോകുന്ന വലിയ പ്രശ്‌നമായിരിക്കുമിത്‌. മൊത്തത്തില്‍ വി.എസ്‌ പക്ഷം പാര്‍ട്ടിയില്‍ ശക്തിപ്രാപിക്കുന്നത്‌ നിലവിലെ ഔദ്യോഗിക പക്ഷത്തിന്‌ ഭീഷിണിയാകും എന്നതില്‍ സംശയമില്ല.

വി.എസ്‌ പാര്‍ട്ടിയെ അനുസരിക്കുന്ന പ്രതിപക്ഷ നേതാവാകണോ എന്നതാണ്‌ വി.എസിനെ സ്‌നേഹിക്കുന്നവര്‍ക്കും വിമര്‍ശിക്കുന്നവര്‍ക്കും മുമ്പിലുള്ള ചോദ്യം. പാര്‍ട്ടിക്ക്‌ വിധേയനായി പോകുന്ന വി.എസിന്‌ ഭരണപക്ഷം മാത്രം ഭയന്നാല്‍ മതിയാവും. പക്ഷെ പാര്‍ട്ടിക്കും മുകളിലേക്ക്‌ പറക്കുന്ന വി.എസിനെ പാര്‍ട്ടിയിലെ ഒരു വിഭാഗം തീര്‍ച്ചയായും ഭയപ്പെട്ടേ മതിയാവു. ഇവിടെ വി.എസിന്റെ തീരുമാനം അദ്ദേഹത്തിന്റെ വ്യക്തി സാതന്ത്രമാണ്‌. കാലങ്ങള്‍ നീണ്ട സമരജീവിതം വി.എസിന്‌ ആ വ്യക്തി സാതന്ത്രം തീര്‍ച്ചയായും അനുവദിച്ചു നല്‍കുന്നുണ്ട്‌. അല്ലെങ്കില്‍ വി.എസ്‌ സ്വതന്ത്രനായി നിലനില്‍ക്കേണ്ടത്‌ ജനകീയമായ താത്‌പര്യം തന്നെയാണ്‌.

ഇതിനൊപ്പം വി.എസിനെ പോളിറ്റ്‌ബ്യൂറോയില്‍ തിരിച്ചെടുക്കണമെന്ന ആവശ്യവും പാര്‍ട്ടിയില്‍ ശക്തമാകുന്നുണ്ട്‌. പോളിറ്റ്‌ബ്യൂറോയില്‍ തിരിച്ചെത്തിയാല്‍ സി.പി.എം കേന്ദ്രതലത്തിലെ ഏറ്റവും ശ്രദ്ധേയമായ വാക്കുകള്‍ വി.എസിന്റേതാകുമെന്നതില്‍ സംശയമില്ല. കാരണം ബംഗാളിലെ ചുവപ്പുകോട്ട തകര്‍ന്നു വീണപ്പോഴും കേരളത്തില്‍ ഇടതിന്റെ പ്രഭാവം തകരാതെ കാത്തുരക്ഷിച്ച വി.എസിന്റെ ഹീറോയിസം പോളിറ്റ്‌ബ്യൂറോയിലെ ബഹുഭൂരിപക്ഷവും അംഗീകരിച്ചു കഴിഞ്ഞു.

വി.എസിന്‌ ഗുണകരമാകുന്ന മറ്റൊരു ചര്‍ച്ചയും പാര്‍ട്ടിയില്‍ ഇപ്പോള്‍ രൂപപ്പെട്ടു കഴിഞ്ഞു. വി.എസിനൊപ്പം പാര്‍ട്ടി സംസ്ഥാന നേതൃത്വം ഉറച്ചു നിന്നിരുന്നെങ്കില്‍ ഇടതുപക്ഷത്തിന്‌ വീണ്ടും ഭരണം നേടാന്‍ കഴിയുമെന്ന്‌ അണികള്‍ ഉറച്ചു വിശ്വസിക്കുന്നു. പോളിറ്റ്‌ ബ്യൂറോയില്‍ അനൗദ്യോഗിക ചര്‍ച്ചകളില്‍ വരെ ഈ വിഷയം സ്ഥാനം പിടിച്ചു. ഭരണം നഷ്‌ടമാക്കിയതിന്‌ ഔദ്യോഗിക പക്ഷത്തിന്റെ പിടിവാശിയെ കുറ്റപ്പെടുത്തുന്നവരും കുറവല്ല.

പാര്‍ട്ടിയുടെ സംഘടനാതലത്തില്‍ മാറ്റങ്ങള്‍ വരുത്തണമെന്നതാണ്‌ ഇലക്ഷന്‍ റിസള്‍ട്ട്‌ നല്‍കുന്ന സൂചനയെന്ന്‌ വി.എസ്‌ ഇതിനോടകം പറഞ്ഞു കഴിഞ്ഞു. അതുവഴി പാര്‍ട്ടി നേതൃത്വത്തിനും വി.എസ്‌ ചില സൂചനകള്‍ നല്‍കുകയാണ്‌. ആ സൂചനകള്‍ എന്തൊക്കെയാണെന്ന്‌ ഉടന്‍ ആരംഭിക്കുന്ന പാര്‍ട്ടി സമ്മേളനങ്ങളില്‍ വ്യക്തമാകും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക