Image

കൊച്ചി മെട്രോയില്‍ വീണ്ടും പ്രതീക്ഷകളുടെ ചൂളംവിളി

ജി.കെ. Published on 02 June, 2011
കൊച്ചി മെട്രോയില്‍ വീണ്ടും പ്രതീക്ഷകളുടെ ചൂളംവിളി
കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ കൊച്ചി മെട്രോ പൊതുമേഖലയില്‍ തന്നെ വേണമെന്ന്‌ വാശിപിടിയ്‌ക്കില്ലെന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്‌ടിയുടെ പ്രസ്‌താവന സംസ്ഥാനത്തിന്റെ വികസനവേഗങ്ങള്‍ക്ക്‌ വീണ്‌ടും പുത്തന്‍ പ്രതീക്ഷകള്‍ നല്‍കിയിരിക്കുകയാണ്‌. പൊതുമേഖലയിലോ സംയുക്ത സംരംഭമായോ മാത്രമെ മെട്രോ റെയില്‍ നടപ്പാക്കൂ എന്ന എല്‍ഡിഎഫ്‌ സര്‍ക്കാരിന്റെ അയവില്ലാത്ത നിലപാട്‌ മൂലം സംസ്ഥാനത്തിന്‌ നഷ്‌ടമായ വികസനത്തിന്റെ വിലപ്പെട്ട അഞ്ചുവര്‍ഷങ്ങള്‍ തിരിച്ചുപിടിക്കാന്‍ ഉമ്മന്‍ ചാണ്‌ടി സര്‍ക്കാരിനാവുമോ അതോ വെറും പ്രഖ്യാപനം മാത്രമാകുമോ മുഖ്യമന്ത്രിയുടെ പ്രസ്‌താവനയെന്നത്‌ കാത്തിരുന്ന്‌ കാണേണ്‌ടകാര്യമാണ്‌.

പദ്ധതി സ്വകാര്യമേഖലയില്‍ നടപ്പാക്കാനാവില്ലെന്ന്‌ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍ ഇ. ശ്രീധരന്‍ വ്യക്തമാക്കിയിട്ടുണ്‌ടെങ്കിലും പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കുന്നതിനെ അദ്ദേഹവും അനുകൂലിക്കുന്നു. പൊതു-സ്വകാര്യ പങ്കാളിത്തത്തിന്റെ വിജയോദാഹരണമായി നെടുമ്പാശേരി വിമാനത്താവളം കേരളീയര്‍ക്ക്‌ മുന്നില്‍ തല ഉയര്‍ത്തി നില്‍ക്കുന്നുമുണ്‌ട്‌. പദ്ധതിയില്‍ പങ്കാളിയാവാനാവില്ലെന്ന കേന്ദ്ര ആസൂത്രണക്കമ്മീഷന്റെ നിലപാടില്‍ അയവുവരുത്താന്‍ യു.ഡി.എഫ്‌ സര്‍ക്കാരിന്‌ കഴിയുമെന്ന്‌ തന്നെ ആശിക്കാം. കേന്ദ്രത്തില്‍ ഇപ്പോഴുള്ള അനുകൂലസാഹചര്യം മുതലെടുക്കാനായാലെ പദ്ധതി യാഥാര്‍ഥ്യമാക്കാനാവൂ എന്ന തിരിച്ചറിവാണ്‌ നമ്മുടെ ഭരണാധികാരികള്‍ക്ക്‌ ഇനി ഉണ്‌ടാവേണ്‌ടത്‌.

ഇല്ലെങ്കില്‍ കേരളത്തിന്റെ വികസനമരടിപ്പിന്‌ മറ്റൊരു ഉദാഹരണമായി മെട്രോ റെയിലും മാറുമെന്നതില്‍ യാതൊരു സംശയവുമില്ല. അത്തരം ഉദാഹരണങ്ങള്‍ എത്രവേണമെങ്കിലും ചൂണ്‌ടിക്കാണിക്കാനായി നമുക്ക്‌ മുന്നിലുണ്‌ട്‌. പൊതു മേഖലയിലെന്നും സ്വകാര്യ മേഖലയിലെന്നും സംയുക്ത മേഖലയിലെന്നുമൊക്കെപ്പറഞ്ഞ്‌ കൊച്ചി മെട്രോയെക്കുറിച്ചു പറഞ്ഞു കേള്‍ക്കാന്‍ തുടങ്ങിയിട്ട്‌ പത്തു വര്‍ഷമായി. ആലുവ മുതല്‍ തൃപ്പൂണിത്തുറ വരെ നീളുന്ന 25.25 കിലോമീറ്റര്‍ റെയില്‍വേ ലൈന്‍ 2001ല്‍ അധികാരത്തില്‍ വന്ന എ.കെ. ആന്റണി സര്‍ക്കാരിന്റെ വാഗ്‌ദാനമായിരുന്നു. പദ്ധതിയുടെ വിശദമായ റൂട്ട്‌ മാപ്പ്‌ തയാറാക്കാന്‍ 2004 ഡിസംബര്‍ 22ന്‌ അന്നത്തെ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നോഡല്‍ ഏജന്‍സിയായ ഡല്‍ഹി മെട്രൊ റെയില്‍ കോര്‍പ്പേറേഷ (ഡിഎംആര്‍സി)നുമായി കരാര്‍ ഒപ്പിട്ടു.

അതിനു മുന്‍പു തന്നെ കൊങ്കണ്‍ റെയില്‍ കോര്‍പ്പറേഷനുമായി സഹകരിച്ച്‌ സ്‌കൈ ബസ്‌ പദ്ധതിയും വിഭാവന ചെയ്‌തിരുന്നു. 2005ല്‍ ഡിഎംആര്‍സി സമര്‍പ്പിച്ച മൂവായിരം കോടി രൂപയുടെ അടങ്കലുമായി കൊച്ചി മെട്രൊ റെയില്‍ എന്ന വമ്പന്‍ പദ്ധതിക്ക്‌ പച്ചക്കൊടി ലഭിച്ചെങ്കിലും ആരൊക്കെയോ ചേര്‍ന്ന്‌ ചങ്ങല വലിച്ചു നിര്‍ത്തി. അന്നത്തെ തീരുമാനപ്രകാരം 2006ല്‍ പണി തുടങ്ങി 2010ല്‍ കൊച്ചിയുടെ നഗരവിഹായസിലൂടെ അത്യാധുനിക ആഡംബര ട്രെയിന്‍ കൂകിപ്പായണമായിരുന്നു. ഇന്നിപ്പോള്‍ 2011 പകുതി പിന്നിട്ടു. എന്നിട്ടും ഇരുപത്തഞ്ചേകാല്‍ കിലോമീറ്റര്‍ നീളം വരുന്ന കൊച്ചി മെട്രൊ റെയിലിനു വേണ്ടി ഒരു ഇരുമ്പുതൂണ്‍പോലും സ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതിനിടെ കഴിഞ്ഞ വര്‍ഷം ഡിഎംആര്‍സി നല്‍കിയ പുതുക്കിയ പദ്ധതി അടങ്കല്‍ 6000 കോടി രൂപയായി എന്നത്‌ മാത്രമാണ്‌ കൊച്ചി മെട്രോയുടെ കാര്യത്തിലുണ്‌ടായ ഏക മുന്നേറ്റം.

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത സംരഭമായി പദ്ധതി നടപ്പാക്കാനായിരുന്നു എല്‍ഡിഎഫ്‌ സര്‍ക്കാരിന്റെ തീരുമാനം. അതിനു പച്ചക്കൊടി കാട്ടാതിരിക്കാന്‍ കേന്ദ്ര ആസൂത്രണ ബോര്‍ഡ്‌ പറഞ്ഞ ന്യായം, കൊച്ചി മെട്രൊ കേരളത്തിന്റെ മാത്രം പദ്ധതിയാണെന്നും അതുകൊണ്ടു കേന്ദ്ര സര്‍ക്കാര്‍ അതില്‍ മുതല്‍ മുടക്കിയാല്‍ മറ്റു നഗരങ്ങളും സമാന ആവശ്യങ്ങള്‍ ഉന്നയിക്കുമെന്നുമായിരുന്നു. ഫെഡറല്‍ സംവിധാനത്തില്‍ ഇത്തരം നിലപാടുകളെടുക്കുന്നത്‌ ഒരു സര്‍ക്കാരിനും ഭൂഷണമല്ല. ഈ തര്‍ക്കം ഇപ്പോഴും അണ്‌ടിയാണോ മാങ്ങയാണോ മൂത്തതെന്ന ചോദ്യംപോലെ അതേപടി നിലനില്‍ക്കുന്നു. കൊച്ചി മെട്രൊ ഒരിക്കലും ലാഭത്തില്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയില്ലെന്നായിരുന്നു ആസൂത്രണ ബോര്‍ഡിന്റെ മറ്റൊരു വിലയിരുത്തല്‍.

ഈ രണ്ടു വാദങ്ങളും കേള്‍ക്കുന്ന ഏതൊരാളുടെയും മനസില്‍ ഉയരുന്ന ഒരു ചോദ്യമുണ്ട്‌. കൊച്ചി മെട്രൊ എന്നെങ്കിലും യാഥാര്‍ഥ്യമാകുമോ? ഇപ്പോഴത്തെ അവസ്ഥയില്‍ പദ്ധതി കരാര്‍ ആകുമ്പോഴേക്കും ചുരുങ്ങിയതു പതിനായിരം കോടി രൂപയെങ്കിലും വേണ്ടി വരും. അത്രയും വലിയൊരു തുക സംസ്ഥാന സര്‍ക്കാരിനു മാത്രം കണ്ടെത്തി മുതല്‍ മുടക്കാന്‍ കഴിയുമോ എന്നു ഭരണപ്രതിപക്ഷഭേദമെന്യേ എല്ലാ രാഷ്ട്രീയ നേതൃത്വങ്ങളും കൂട്ടായി ആലോചിക്കേണ്‌ട വിഷയമാണ്‌. അതിന്‌ കഴിയില്ലെങ്കില്‍ പണം കണ്ടെത്താന്‍ മറ്റു വഴികള്‍ തേടണം. സഹകരണ മേഖലയിലോ മറ്റു മേഖലകളിലോ പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ കഴിയുമോ എന്ന്‌ അടിയന്തരമായി പരിശോധിക്കണം. നടപ്പാക്കാന്‍ കഴിയില്ലെങ്കില്‍ ദയവ്‌ ചെയ്‌തു കൊച്ചി മെട്രൊ റെയ്‌ല്‍ പദ്ധതിക്കു ബദല്‍ ആലോചിക്കണം. ഒരിക്കല്‍ ഉപേക്ഷിച്ച സ്‌കൈ ബസ്‌, കോല്‍ക്കത്ത മാതൃകയില്‍ ട്രാം സര്‍വീസ്‌, അതുമല്ലെങ്കില്‍ പബ്ലിക്‌ ട്രാന്‍സ്‌പോര്‍ട്ട്‌ സംവിധാനം തുടങ്ങിയ വേറേ പല വഴികളെക്കുറിച്ചും വിദഗ്‌ധരുമായി കൂടിയാലോചിക്കാവുന്നതേയുള്ളൂ. ഇടപ്പള്ളിയിലും നോര്‍ത്ത്‌, സൗത്ത്‌ ഓവര്‍ബ്രിഡ്‌ജുകളിലും രാപ്പകല്‍ കാത്തുകെട്ടിക്കിടക്കുന്ന പതിനായിരക്കണക്കിന്‌ വാഹനങ്ങള്‍ക്കു ശാപമോക്ഷം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനും ബാധ്യതയുണ്‌ടെന്നകാര്യം മറക്കരുത്‌.

കേന്ദ്രത്തെമാത്രം കുറ്റപ്പെടുത്തിയും നടപടികളൊന്നുമെടുക്കാതെയും കാലം കഴിക്കുന്ന ഭരണ നേതൃത്വങ്ങളല്ല ഇനി നമുക്ക്‌ വേണ്‌ടത്‌. പദ്ധതികള്‍ എങ്ങിനെ നടപ്പാക്കണമെന്ന്‌ തീരുമാനമെടുക്കുകയും അവ കാര്യക്ഷമതയോടെ നടപ്പാക്കാന്‍ ശ്രമിക്കുകയും അതിന്‌ കഴിഞ്ഞില്ലെങ്കില്‍ ബദല്‍ മാര്‍ഗങ്ങളെക്കുറിച്ച്‌ ആലോചിക്കുകയും ചെയ്യുന്ന ഭരണകര്‍ത്താക്കളയാണ്‌. ഇനി മെട്രോ റെയില്‍ നടപ്പാക്കാനാകില്ലെങ്കില്‍ അക്കാര്യം തുറന്നു പറയാനുള്ള സന്‍മനസ്സെങ്കിലും നമ്മുടെ ഭരണാധികാരികള്‍ കാട്ടണം. അല്ലാതെ ഒരിക്കലും നടക്കാത്ത മനോഹര സ്വപ്‌നമാണെന്നറിഞ്ഞിട്ടും സര്‍വേ, സ്ഥലമെടുപ്പ്‌, സ്‌റ്റേ, കോടതി എന്നൊക്കെപ്പറഞ്ഞ്‌ ജനങ്ങളുടെ ക്ഷമയുടെ ട്രാക്ക്‌ തെറ്റിക്കരുത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക