Image

മാര്‍ത്തോമാ ഡയോസിഷന്‍ പ്രതിനിധി സമ്മേളനം സമാപിച്ചു

ജോര്‍ജി വര്‍ഗീസ്‌ Published on 07 June, 2011
മാര്‍ത്തോമാ ഡയോസിഷന്‍ പ്രതിനിധി സമ്മേളനം സമാപിച്ചു
ന്യൂയോര്‍ക്ക്‌: അമേരിക്കയും, കാനഡയും, യുണൈറ്റഡ്‌ കിംഗ്‌ഡവും ഉള്‍പ്പെടുന്ന മാര്‍ത്തോമാ സഭയുടെ നോര്‍ത്ത്‌ അമേരിക്കന്‍ ഡയോസിസിലെ 79 ഇടവകകളിലെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെ വാര്‍ഷിക സമ്മേളനം ന്യൂയോര്‍ക്കിലെ ലോംഗ്‌ ഐലന്റിലെ മാര്‍തോമാ പള്ളിയില്‍ വെച്ച്‌ മെയ്‌ 27,28 തീയതികളില്‍ നടത്തപ്പെട്ടു.

ഭദ്രാസനാധിപന്‍ അഭിവന്ദ്യ റൈറ്റ്‌ റവ.ഡോ. ഗീവര്‍ഗീസ്‌ മാര്‍ തിയഡോഷ്യസ്‌ തിരുമേനിയുടെ മഹനീയ അധ്യക്ഷതയില്‍ കൂടിയ സമ്മേളനത്തില്‍ വൈദീകരും അത്മായ പ്രതിനിധികളും ഉള്‍പ്പടെ 118 അംഗങ്ങള്‍ പങ്കെടുത്തു. സാധാരണ ജനങ്ങള്‍ അഭിമുഖീകരിക്കുന്ന വൈവിധ്യമാര്‍ന്ന പ്രശ്‌നങ്ങളേയും, വെല്ലുവിളികളേയും ഉയര്‍ത്തിക്കാട്ടിയ മാര്‍ തിയഡോഷ്യസ്‌ തിരുമേനി, യുവാക്കളുടെ ഉന്നമതിക്കും, മുതിര്‍ന്ന പൗരന്മാരുടെ പരിരക്ഷയ്‌ക്കും, കുടുംബങ്ങളുടെ കെട്ടുറപ്പിനും ഉതകുമാറ്‌ സഭാജനങ്ങള്‍ ഒത്തൊരുമിച്ച്‌ പ്രവര്‍ത്തിക്കണമെന്ന്‌ ആഹ്വാനം ചെയ്‌തു.

പഠനത്തിനും പരിശീലനത്തിനും മുന്‍ഗണന നല്‍കുന്ന `ട്രെയിംഗിനിംഗ്‌ ആന്‍ഡ്‌ റിസോഴ്‌സ്‌ സെന്ററു'കള്‍ ഭദ്രാസനത്തിന്റെ എല്ലാ റീജിയനുകളിലും ആരംഭിക്കുന്നതിനുള്ള ഒരു വന്‍ പദ്ധതിയുടെ രൂപരേഖ തിരുമേനി അവതരിപ്പിച്ചു.

നവാകരണത്തിന്റെ നൂറ്റിയെഴുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന ഇത്തരുണത്തില്‍ സഭയുടെ ചരിത്രവും നവീകരണ ദൗത്യവും വിശകലനം ചെയ്‌തുകൊണ്ട്‌ ബോസ്റ്റണ്‍ മാര്‍ത്തോമാ ചര്‍ച്ച്‌ വികാരി റവ. കെ.സി വര്‍ഗീസ്‌ പ്രബന്ധം അവതരിപ്പിച്ച്‌ വിശദമായ ചര്‍ച്ചയ്‌ക്ക്‌ നേതൃത്വം നല്‍കി.

79 ഇടവകകളും കോണ്‍ഗ്രിഗേഷനുകളുമുള്ള അമേരിക്കന്‍ ഭദ്രാസനത്തില്‍ കഴിഞ്ഞവര്‍ഷം നടപ്പാക്കിയ വിവിധ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വാര്‍ഷിക റിപ്പോര്‍ട്ടും കണക്കും സെക്രട്ടറി റവ. കെ.ഇ. ഗീവര്‍ഗീസ്‌ അവതരിപ്പിച്ചു പാസാക്കി. ട്രഷറര്‍ ചാക്കോ മാത്യു പുതിയ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ച്‌, 2011-ലെ ബജറ്റ്‌ അസംബ്ലിയില്‍ അവതരിപ്പിച്ചു.

സഭാജനങ്ങളുടെ ആത്മീയവും ഭൗതീകവുമായ വളര്‍ച്ചയ്‌ക്ക്‌ ഉതകുന്ന വൈവിധ്യമാര്‍ന്ന പ്രവര്‍ത്തന പരിപാടികള്‍ കൂടാതെ, സഭയുടെ സാമൂഹ്യ ദൗത്യം വിളിച്ചറിയിക്കുന്ന മെക്‌സിക്കോ മിഷന്‍ ഉള്‍പ്പെടുന്ന പല പ്രവര്‍ത്തനങ്ങള്‍ക്കും ഡയോസിസ്‌ നേതൃത്വംനല്‍കി. മനുഷ്യമനസ്സിനെ ഞെട്ടിച്ച ഹെയ്‌ത്തിയിലെ പ്രകൃതി ദുരന്തത്തിന്‌ സഹായധനമായി 131,775 ഡോളര്‍ നല്‍കുകയുണ്ടായി.

ഭദ്രാസനത്തിലെ എല്ലാ പട്ടക്കാരേയും ഉള്‍പ്പെടുത്തിക്കൊണ്ട്‌ രണ്ടുദിവസം നീണ്ടുനിന്ന ക്ലെര്‍ജി കോണ്‍ഫറന്‍സ്‌ അസംബ്ലിയോട്‌ അനുബന്ധിച്ച്‌ നടത്തപ്പെട്ടു. റൈറ്റ്‌ റവ.ഡോ. ഐസക്ക്‌ മാര്‍ ഫീലിക്‌സിനോസ്‌ തിരുമേനി ഈ പഠന സമ്മേളനം ഉദ്‌ഘാടനംചെയ്‌തു.

2011 മുതല്‍ മൂന്നുവര്‍ഷത്തേയ്‌ക്ക്‌ പ്രവര്‍ത്തിക്കുന്ന ഡയോസിഷന്‍ കൗണ്‍സിലിന്റെ തെരഞ്ഞെടുപ്പ്‌ അസംബ്ലി സമ്മേളനത്തിന്റെ ആദ്യദിവസം നടത്തപ്പെട്ടു. റവ.കെ.ഇ. ഗീവര്‍ഗീസ്‌ ഡയോസിഷന്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ മൂന്നുവര്‍ഷം സ്‌തുത്യര്‍ഹമായി സേവനം ചെയ്‌ത ചാക്കോ മാത്യു ട്രഷററായി വീണ്ടും ഐകകണ്‌ഠ്യേന തെരഞ്ഞെടുക്കപ്പെട്ടു.

വിവിധ റീജിയനുകളെ പ്രതിനിധീകരിച്ച്‌ 16 കൗണ്‍സില്‍ അംഗങ്ങള്‍ വാശിയേറിയ തെരഞ്ഞെടുപ്പിലൂടെ അധികാരമേറ്റു.

ഡയോസിഷന്‍ സെക്രട്ടറി റവ. കെ.ഇ. ഗീവര്‍ഗീസ്‌ സ്വാഗതവും, ട്രഷറര്‍ ചാക്കോ മാത്യു നന്ദിയും പറഞ്ഞു.
മാര്‍ത്തോമാ ഡയോസിഷന്‍ പ്രതിനിധി സമ്മേളനം സമാപിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക