Image

അമ്മേ....(വിനോദ്‌ പ്രീത്‌, ന്യൂയോര്‍ക്ക്‌)

Published on 07 May, 2015
അമ്മേ....(വിനോദ്‌ പ്രീത്‌, ന്യൂയോര്‍ക്ക്‌)

മദേഴ്‌സ്‌ ഡേ-May 10

അമ്മേ, പുറകില്‍ നിന്നാണ്‌ ആ വിളി കേട്ടത്‌. ഒരു കുട്ടിയുടെ ശബ്‌ദമല്ല. ഒരു യുവാവിന്റെ ശബ്‌ദവും അല്ല. കൗമാരത്തിന്റെയും യുവത്വത്തിന്റെയും ഇടയിലുള്ള ഒരു സൗണ്ട്‌ ടോണ്‍. സൗണ്ട്‌ ടോണ്‍നെക്കാളും ആ വിളി ശ്രദ്ധിക്കപ്പെടാന്‍ കാരണം അമ്മേ എന്ന ആ വിളിയിലുള്ള സ്‌ഫുടതയും ക്ലാരിറ്റിയും പിന്നെ പൂര്‍ണ്ണമായും മനസ്സും വായയും തുറന്നുകൊണ്ടുള്ള വിളിയായിരുന്നു.

ഈ കഴിഞ്ഞ അസോസിയേഷന്‍ വിഷു പ്രോഗ്രാം കഴിഞ്ഞ്‌ പാത്രങ്ങളൊക്കെ അടുക്കി വെക്കുന്ന തിരക്കിനിടയില്‍ പുറകിലെങ്ങോ ഉണ്ടായിരുന്ന ഏതോ ഒരു പത്തൊന്‍പതുകാരന്‍ അല്‍പം ദൂരെ മാറി നില്‍ക്കുകയായിരുന്ന അവന്റെ അമ്മയെ വിളിച്ച കാര്യമാണ്‌ മുകളില്‍ എഴുതിയത്‌. അല്ലാതെ വലിയ കഥയോ സംഭവമോ ഒന്നുമല്ല ഇത്‌. ഈ അമേരിക്കയില്‍ ഇരുന്നുകൊണ്ട്‌ ആ ഒരു പ്രത്യേക സ്വരത്തില്‍ ശുദ്ധ മലയാളത്തില്‍ പത്തൊന്‍പതുകാരന്റെ അമ്മ വിളി കേട്ടപ്പോള്‍ ചിന്തകള്‍ എവിടെയൊക്കെയോ എത്തി. ഒരു കലര്‍പ്പില്ലാത്ത വിളിയായിരുന്നു അത്‌. നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ നിങ്ങളുടെ കുട്ടികളും, ചുറ്റിലുള്ള കുട്ടകളുമൊക്കെ അമ്മേ എന്നു ഏതൊക്കെ രീതിയില്‍ വിളിക്കുന്നുവെന്ന്‌?

എന്തിന്‌, നമ്മള്‍ക്ക്‌ നമ്മളിലേക്ക്‌ തന്നെ വരാം. ഓര്‍ത്തെടുക്കാന്‍ പറ്റുന്നുണ്ടോ നിങ്ങളുടെ പത്തൊന്‍പതുകളില്‍ നിങ്ങളെങ്ങനെ അമ്മയെ വിളിച്ചു എന്ന്‌? എനിക്ക്‌ ഓര്‍മ്മയില്‍ വരുന്നത്‌ രണ്ട്‌ വിളികളാണ്‌. അമ്മേ. എഴുതിയിരിക്കുന്ന `അം' സ്‌ട്രെസ്സ്‌ ചെയ്‌തുകൊണ്ടുള്ള വിളി. ഒന്നു ട്രൈ ചെയ്‌തു നോക്കൂ. കോളേജും, ഹോസ്‌ററലും, പഠിത്തവും, കളിയും, രാഷ്‌ട്രീയവും, കലോത്സവവും എല്ലാം കൂട്ടുകാര്‍ തന്നെ എന്നു വിശ്വസിക്കുന്ന, കയര്‍ പൊട്ടിച്ചു സ്വതന്ത്രനാവാന്‍ വെമ്പുന്ന പ്രായം. ഞാന്‍ പറയുന്നത്‌ തന്നെ ശരിയെന്നു അമ്മയോട്‌ സമര്‍ത്ഥിക്കാന്‍ അടികൂടുന്ന പ്രായവും വിളിയും എന്നെയാരും പഠിപ്പിക്കേണ്ട എന്നു പറയാതെ പറയുന്ന വിളി.

പിന്നെ ഒരു വിളി അമ്മേ -എന്നാണ്‌. രണ്ടാമത്തെ `മ്മേ' എന്നത്‌ കുറേ വലിച്ചു നീട്ടിയങ്ങ്‌ പിടിക്കും. ചിലപ്പോള്‍ അതിന്‌ ഒരു താളവും കാണും. ഒന്നു ട്രൈ ചെയ്‌തു നോക്കൂ.. ഈ വിളി അമ്മ പറഞ്ഞതും അമ്മയുടെ ഐഡിയയും ഒക്കെ തെറ്റായിരുന്നു, ഞാനപ്പോഴേ പറഞ്ഞതല്ലേ, ഐ ആം റൈറ്റ്‌ (ആന്റ്‌ സ്‌മാര്‍ട്ട്‌) എന്നൊക്കെ സ്ഥാപിക്കാനുള്ള ഒരു വിളി. ബോധമില്ലാത്തവന്‍ എന്നും, ഇരുപത്‌ വയസ്സായിട്ടും നിന്റെയൊക്കെ അണ്ടര്‍വെയര്‍ ഒക്കെ ഇപ്പോഴും കഴുകിത്തരണമല്ലോ എന്നും സ്‌നേഹത്തോടെ കംപ്ലെയിന്റ്‌ പറയുമ്പോള്‍ അമ്മയുടെ കുറ്റം കണ്ടുപിടിച്ചു കൊണ്ടുള്ള ഒരു വിളി.

ഈ പ്രായത്തില്‍ നിങ്ങള്‍ വേറെ എങ്ങിനെയൊക്കെ വിളിച്ചെന്നു പറഞ്ഞാലും, ഒരു പ്രത്യേകതയുണ്ട്‌. ആ വിളികള്‍ വളരെ നാച്ചുറല്‍ ആണ്‌, കലര്‍പ്പില്ലാത്തത്‌ ആണ്‌. വികാരങ്ങള്‍ ഏതുമാവട്ടെ-ദേഷ്യം, സന്തോഷം, കംപ്ലെയിന്റ്‌, തമാശ- അതൊക്കെ അതേപോലെ ആ വിളികളില്‍ കാണുമായിരുന്നു. നിങ്ങളുടെ ഇരുപതുകളിലെയും മുപ്പതുകളിലെയും, നാല്‍പതുകളിലേയും അമ്മേ വിളി പത്തൊന്‍പതുകളിലെ വിളിയുമായി ഒന്നു കംപെയര്‍ ചെയ്‌തു നോക്കൂ. അപ്പോള്‍ അറിയാം ആ വ്യത്യാസം.

ഇരുപതുകളില്‍ കരുതലോടെയുള്ള വിളികള്‍. മിക്കവാറും ഫോണിലൂടെ ആയിരുന്നിരിക്കണം. ഒരു തരം ആലോചിച്ച്‌ പിടിച്ചുള്ള വിളികള്‍. പഠിത്തം കഴിഞ്ഞു. ജോലി കിട്ടി എന്നും പറയാം, കിട്ടിയില്ല എന്നും പറയാം. പോസ്റ്റിംഗ്‌ പ്ലെയ്‌സ്‌ തീരുമാനമായി എന്നും ഇല്ല എന്നും പറയാം. ഇത്രയും കാലം നമ്മള്‍ക്കു വേണ്ടി കഷ്‌ടപ്പെട്ട അമ്മയെ പുതിയ സ്ഥലങ്ങളൊക്കെ കൊണ്ടുപോവാനും കാണിക്കാനും ഉള്ള ഒരു ത്വര. പക്ഷേ, നമ്മള്‍ക്കു തന്നെ ഒന്നിനും ഒരു ഉറപ്പൊന്നുമില്ല. ഇല്ലാത്ത ഉറപ്പു ഉണ്ടെന്നു കാണിച്ചാല്‍ പിന്നെ പെണ്ണു കാണലിലേക്കും, കല്യാണക്കാര്യത്തിലേക്കും കടക്കുന്ന അമ്മ, ലീവ്‌ എത്ര കിട്ടും എന്നുള്ള അന്വേഷണങ്ങള്‍. അടുത്ത വരവ്‌ എപ്പോള്‍ എന്ന ചോദ്യങ്ങള്‍. ജോലി മാറണം, ഉപരിപഠനത്തിനു പോവണം എന്നൊക്കെ പ്ലാന്‍ ചെയ്യുമ്പോള്‍ പിന്നെ അമ്മയെ വിളിക്കുമ്പോള്‍ ആലോചിച്ച്‌ കരുതലോടെ വിളിക്കാന്‍ തുടങ്ങി. ഇതുപതുകളിലെ എന്നെ മനസ്സിലാക്കൂ അമ്മേ.

മുപ്പിതുകളിലുള്ള അമ്മ വിളികളാണ്‌ ഏറ്റവും രസകരം. പലപ്പോഴും ഡിസ്‌കസ്‌ ചെയ്‌ത്‌ തീരുമാനിച്ചുള്ള വിളികള്‍. അമ്മ ഇപ്പോള്‍ വെറും അമ്മ മാത്രമല്ലല്ലോ. അമ്മായി അമ്മയും, വല്ല്യമ്മയും, അച്ഛമ്മയും ഒക്കെ ആയി കഴിഞ്ഞല്ലോ. നമ്മള്‍ക്കു മാത്രം തീരുമാനിച്ചു ഒരു കാര്യം- അടുത്ത അവധിക്ക്‌ വരുന്നതു പോലും - അമ്മയോട്‌ കമ്മിറ്റ്‌ ചെയ്യാന്‍ പറ്റുമോ? എന്തൊക്കെ കാര്യങ്ങള്‍, ആരുടെയൊക്കെ സൗകര്യങ്ങള്‍ ഒത്തു വരണം? അതിലും ഉപരിയായി, ഈ അമേരിക്കയില്‍ ജോലി ആയി വരുമ്പോള്‍ ജീവിതം വീണ്ടും എല്ലാം ഒരു ഒന്നില്‍ നിന്നുള്ള തുടക്കമാണ്‌. ബന്ധുക്കളില്ല, സുഹൃത്തുക്കളില്ല, പരിചയക്കാരില്ല, ജോലി അല്ലെങ്കില്‍ പ്രൊജക്‌ട്‌ എത്രകാലം കാണും, വിസ എപ്പോള്‍ പുതുക്കി കിട്ടും, വിസിറ്റിന്‌ നാട്ടില്‍ പോയാല്‍ ചെന്നൈയില്‍ വിസ വീണ്ടും സ്റ്റാമ്പ്‌ ചെയ്‌തു കിട്ടുമോ? കമ്പനി ഗ്രീന്‍ കാര്‍ഡിന്‌ അപ്ലൈ ചെയ്യുമോ, ഭാര്യയ്‌ക്ക്‌ വര്‍ക്ക്‌ പെര്‍മിറ്റ്‌ കിട്ടാന്‍ വല്ല സാധ്യതയുമുണ്ടോ? ഒന്നിനും വീണ്ടും ഒരു ഉറപ്പുമില്ലാത്ത കാലം. എന്തെങ്കിലുമാവട്ടെ, നാളെ അമ്മയുടെ കൂടെത്തന്നെ ജീവിക്കണം, ഇവിടെയായാലും നാട്ടിലായാലും ,പൂര്‍ണ്ണമായും ടേക്ക്‌ കെയര്‍ ചെയ്യണം എന്ന സ്വപ്‌നത്തോടെ കുറച്ച്‌ സാമ്പത്തികം ഉണ്ടാക്കാം എന്ന്‌ ലക്ഷ്യത്തോടെ ഇവിടെ തുടരുമ്പോള്‍, ഡിസ്‌കസ്‌ ചെയ്യാതെയും കരുതലില്ലാതെയും അമ്മയെ വിളിക്കാന്‍ പറ്റുമോ. പറയാതെ തന്നെ അമ്മയും മനസ്സിലാക്കിക്കാണും, അവനും, അവളും കുട്ടികളും കൂടെയുള്ള ഒറ്റയ്‌ക്കുള്ള ഒരു കളിയല്ലേ അവിടെ. ഏതോ നാട്ടില്‍.

നാല്‍പ്പതുകളുടെ തുടക്കം. സാമ്പത്തികമായി കുറച്ച്‌ സേവിംഗ്‌സ്‌ ഒക്കെ വന്നു. ഗ്രീന്‍ കാര്‍ഡിന്റെ കാര്യത്തിലും ഒരു ഉറപ്പൊക്കെ ആയി. ഇനി ധൈര്യമായി ചില തീരുമാനങ്ങളൊക്കെ എടുക്കാം. അമ്മയെ വിളിക്കുന്നു. കലര്‍പ്പില്ലാത്ത ശബ്‌ദത്തില്‍, ഒരു പത്തൊന്‍പതുകാരനെ പോലെ അമ്മേ. മറുതലക്കില്‍ നിന്നും പതിഞ്ഞ ശബ്‌ദത്തില്‍ ഒരു ചോദ്യം: `നിങ്ങള്‍ ആരാ?'

അല്‍ഷൈമേഴ്‌സ്‌ എന്ന മറവിരോഗം അമ്മയെ എത്രയോ പുറകിലേക്കു നടത്തിക്കഴിഞ്ഞിരുന്നു. ഇന്നിപ്പോള്‍ അമ്മേ എന്നു വിളിക്കാനും ആരുമില്ല. പത്തൊന്‍പതുകാരന്റെ അമ്മേ വിളി കേള്‍ക്കുമ്പോള്‍ വെറുതേ ഒന്നു തിരിഞ്ഞു നോക്കുന്നു. ഒരു നിമിഷം ആ പത്തൊന്‍പതുകാരന്‍ ഞാനായെങ്കില്‍ എന്നും വെറുതെ ആശിച്ചു പോവുന്നു.

എല്ലാ അമ്മമാര്‍ക്കും `ഹാപ്പി മദേഴ്‌സ്‌ ഡേ.'
അമ്മേ....(വിനോദ്‌ പ്രീത്‌, ന്യൂയോര്‍ക്ക്‌)അമ്മേ....(വിനോദ്‌ പ്രീത്‌, ന്യൂയോര്‍ക്ക്‌)അമ്മേ....(വിനോദ്‌ പ്രീത്‌, ന്യൂയോര്‍ക്ക്‌)
Join WhatsApp News
Ponmelil Abraham 2015-05-07 14:20:22
Happy Mother's Day. Valare nalla kurippukal.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക