Image

കേരളത്തിലെ ച്യുതിയ്‌ക്കെതിരെ ഡോ. ഏ.കെ.ബി.യുടെ യജ്ഞം

ശ്രീവരാഹം സോമന്‍ Published on 07 May, 2015
കേരളത്തിലെ ച്യുതിയ്‌ക്കെതിരെ  ഡോ. ഏ.കെ.ബി.യുടെ യജ്ഞം
കേരളം അധഃപതനത്തിന്റെ മൂര്‍ദ്ധന്യതയില്‍! രക്ഷിയ്‌ക്കാന്‍ ഒക്കുമോ?

`ഒക്കും എന്നു മാത്രമല്ല, കേരളത്തിന്‌ ലോകോത്തരമാകാന്‍ സാധ്യതയുമുണ്ട്‌'. അതാണ്‌, ഡോ. ഏ കെ ബാലകൃഷ്‌ണപിള്ളയുടെ വാദം. അദ്ദേഹം പ്രശസ്‌തപണ്ഡിതനും മനുഷ്യവികാസവൈദ്യശാസ്‌ത്രജ്ഞനും സാമൂഹ്യസേവകനും സാഹിത്യകാരനുമാണ്‌. കൂടാതെ, കേരളവികാസഗവേഷകനുമാണ്‌.

കേരളത്തിലെ ഇന്നത്തെ സ്ഥിതി: പ്രകൃതി തകര്‍ന്നു. പാടങ്ങള്‍ ത്യജിയ്‌ക്കപ്പെട്ടു. ആഹാരം എണ്‍പതു ശതമാനം മറുനാടുകളില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന വിഷം. വെള്ളവും വായുവും മലീമസം. മഹാരോഗങ്ങള്‍ കൂടുന്നു. മറുനാട്ടില്‍ നിന്നൊഴുകുന്ന പണവും കള്ളപ്പണവും കൈക്കൂലിയും കൊണ്ടു ധൂര്‍ത്തടിയ്‌ക്കുന്ന ഒരു വിഭാഗം ആളുകള്‍. മറുവശത്ത്‌ ജീവിതം നരകമായി നേരിടുന്ന ഭൂരിപക്ഷം. മദ്യം മനുഷ്യന്റെ മനഃസാക്ഷി!

പ്രതിഭാശാലിയായ ഡോ. ഏ കെ ബി ഈ തവണയും കേരളത്തിലെത്തിയത്‌ സമ്പൂര്‍ണ്ണവും സമഗ്രവുമായ ഒരു വികസന പരിപാടിയുമായാണ്‌.

അതില്‍ അദ്ദേഹം പ്രസ്‌താവിയ്‌ക്കുന്നു:

`കേരളത്തിലെ വനങ്ങളേയും നദികളേയും പാടങ്ങളേയും ചുരുങ്ങിയ ചിലവില്‍ പ്രകൃതിപരമായ വഴികളിലൂടെ പുനരുജ്ജീവിപ്പിയ്‌ക്കാം. ജലാശയങ്ങള്‍ ശുദ്ധിചെയ്‌ത്‌ വന്‍ മത്സ്യകേന്ദ്രങ്ങളാക്കാം. പരുത്തി, കയര്‍, തടി, മുള, തുടങ്ങിയവയുടെ ഉല്‌പന്നങ്ങള്‍ ലോകവിപണിയില്‍ എത്തിയ്‌ക്കാം. വിദ്യാഭ്യാസമേഖല ഒന്നാംകിടയിലേയ്‌ക്ക്‌ ഉയര്‍ത്താം. മാഞ്ഞു പോകുന്ന ഭാഷയും സംസ്‌കാരവും വീണ്ടെടുക്കാം. ഇവയോടെ മലയാളികളുടെ മയങ്ങിക്കിടക്കുന്ന സര്‍ഗ്ഗാത്മകത്വം ഉണരും. സാമൂഹ്യതയും സുഭിക്ഷതയും ഉണ്ടാകും.'

ഫോക്കാനയുടെ കോട്ടയം കണ്‍വെന്‍ഷനില്‍ ട്രസ്റ്റീ ബോര്‍ഡ്‌ ചെയര്‍മാന്‍ ശ്രീ പോള്‍ കറുകപ്പിള്ളിലിന്റെ നേതൃത്വത്തിലും ശ്രീ ടി എസ്‌ ചാക്കോ, ശ്രീ ഫിലിപ്പോസ്‌ ഫിലിപ്പ്‌, ശ്രീമതി ലീല മാരേട്ട്‌, തുടങ്ങിയവരുടെ പിന്തുണയിലും പ്രവര്‍ത്തകര്‍ ഡോ. ഏ കെ ബിയുടെ വികസനപരിപാടിയെ ഉത്സാഹത്തോടെ സ്വീകരിച്ചു. മറുനാടുകളിലേതുള്‍പ്പെടെ, പല സ്ഥാപനങ്ങളും അംഗീകരിച്ചു. ശ്രീ മാധവന്‍ നായരുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്തു കൂടിയ ബിസിനസ്സ്‌ പ്രവര്‍ത്തകരുടെ യോഗത്തില്‍ പങ്കെടുത്ത പലരും ഡോ. ഏ കെ ബിയെ അനുമോദിച്ചു.

അര നൂറ്റാണ്ടിലേറെയായി വികസനപ്രവര്‍ത്തനങ്ങളിലൂടെയും, സാഹിത്യകാരന്‍ എന്ന നിലയ്‌ക്കും അറിയപ്പെടുന്ന ഡോ. ഏ കെ ബി അനേകം ആളുകളുടെ സ്‌നേഹാദരങ്ങള്‍ നേടിയിട്ടുണ്ട്‌. ഓരോ തവണയും കേരളത്തിലെത്തുമ്പോള്‍ അവതരിപ്പിയ്‌ക്കുന്ന അദ്ദേഹത്തിന്റെ വികസനപരിപാടികള്‍ ചര്‍ച്ച ചെയ്‌തിട്ടുള്ളവരില്‍ പല പ്രമുഖരും ഉള്‍പ്പെടുന്നു: വൈസ്‌ ചാന്‍സലര്‍ വി കെ സുകുമാരന്‍ നായര്‍, എന്‍ വി കൃഷ്‌ണവാരിയര്‍, പി എന്‍ പണിക്കര്‍, പി ഗോവിന്ദപ്പിള്ള, ജെ കാര്‍ത്തികേയന്‍, വെളിയം ഭാര്‍ഗ്ഗവന്‍, പി കെ വാസുദേവന്‍ നായര്‍, ഡോ എന്‍ എ കരീം, പ്രൊഫ. രാമന്‍പിള്ള, എം എ ബേബി, തുടങ്ങിയവര്‍. കെ ബി നയിയ്‌ക്കുന്ന മറ്റൊരു പ്രസ്ഥാനം കുഞ്ഞുങ്ങളുടേയും സ്‌ത്രീകളുടേയും പീഡനം അവസാനിപ്പിയ്‌ക്കാനാണ്‌.

കേരളത്തിലെ ഇന്നത്തെ ച്യുതിയുടെ അഗാധത അറിഞ്ഞുകൊണ്ട്‌ ഈ തവണ ഡോ. ഏ കെ ബി എത്തിയത്‌ തന്റെ മാനവവികാസവൈദഗ്‌ദ്ധ്യത്തില്‍ തയ്യാറാക്കിയ കേരളത്തിന്റെ മൊത്തത്തിലുള്ള പരിപാടിയുമായാണ്‌. അതു നടപ്പാക്കാന്‍ വ്യവസായികളായ ഡോ. രാജ്‌മോഹന്‍ പിള്ളയുടേയും ശ്രീ ഗോപാലന്‍ നായരുടേയും ആഭിമുഖ്യത്തില്‍ ഉള്‍പ്പെടെ വലുതും ചെറുതുമായ വ്യവസായികളുടെ മുമ്പില്‍ ഡോ. ഏ കെ ബി തന്റെ പരിപാടി ചര്‍ച്ച ചെയ്‌തു. ആയുര്‍വേദം, അലോപ്പതി, ഹോമിയോപ്പതി എന്നിവയില്‍ നിന്നുള്ള ഭിഷഗ്വരന്മാരുടെ ഇടയില്‍ പുതിയ പദ്ധതികളുമായി ആരോഗ്യവികസനരംഗത്തെ സാധ്യതകളെ വിശദീകരിച്ചു. ഇന്നു കേരളത്തില്‍ ഉറങ്ങിക്കിടക്കുന്ന മഹാവിഭവങ്ങളുടെ ഉടമകളാണ്‌ `സീനിയര്‍' പൗരന്മാര്‍. അവരുടെ നിരവധി യോഗങ്ങളില്‍ പൊതുവേയും വ്യക്തിപരമായ ചര്‍ച്ചകളില്‍ പ്രത്യേകിച്ചും, തങ്ങളുടെ കഴിവുകളുപയോഗിച്ചുള്ള പ്രവര്‍ത്തനത്തിലൂടെ സമൂഹത്തിന്‌ നേട്ടങ്ങളുണ്ടാക്കാന്‍ ഡോ. ഏ കെ ബി പ്രചോദനം നല്‍കി.

കാലടി മലയാറ്റൂര്‍ ദേശങ്ങളില്‍ കെ ബി പിള്ളയുടെ സാമൂഹ്യനിര്‍മ്മാണ പരിപാടികളില്‍ പങ്കാളികളായിരുന്ന എക്‌സ്‌ എം എല്‍ എ ശ്രീ ജോയി, മുന്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ ടി പി ജോര്‍ജ്ജ്‌, ഡോ. പൊന്നപ്പന്‍, ഡോ. ബാലകൃഷ്‌ണന്‍ ഇളയിടം, ശ്രീ ശങ്കരാകോളേജിലെ ഏതാനും പ്രൊഫസ്സര്‍മാര്‍, കോണ്‍ട്രാക്ടര്‍ രാധാകൃഷ്‌ണന്‍ തുടങ്ങിയവര്‍ അദ്ദേഹത്തിനും പ്രിയതമ ധ്യാന പിള്ളയ്‌ക്കും ആഹ്ലാദകരമായ ഒരു സ്വീകരണം നല്‍കി. ഈ സന്ദര്‍ഭം കാലടി മലയാറ്റൂര്‍ മതമൈത്രിയുടേയും ആത്മീയതയുടേയും കേന്ദ്രമാക്കുന്നതുള്‍പ്പെടെയുള്ള പുതിയ വികസനപരിപാടികള്‍ അവതരിപ്പിയ്‌ക്കാന്‍ ഡോ. ഏ കെ ബി പിള്ളയ്‌ക്കു കഴിഞ്ഞു. ഈ പ്രദേശം `സംഘം' സംസ്‌കാരത്തിന്റെ കേന്ദ്രവും ആണ്‌.

തിരുവനന്തപുരത്ത്‌ മലയാളം വിശിഷ്ടഭാഷാസമിതിയുടെ ആഭിമുഖ്യത്തില്‍ അനവധി സാഹിത്യകാരന്മാരുടെ അഭിവാദ്യങ്ങളോടുകൂടി മലയാളത്തിന്റെ പ്രശസ്‌തകവിയും പണ്ഡിതനുമായ പ്രൊഫ. പുതുശ്ശേരി രാമചന്ദ്രന്‍ ഡോ. ഏ കെ ബാലകൃഷ്‌ണപിള്ളയെ പൊന്നാട അണിയിച്ചു. മലയാളം ധൃതഗതിയില്‍ പിന്നോക്കപ്പെടുമ്പോള്‍ സമര്‍ത്ഥവും പ്രായോഗികവുമായ പുതിയ പരിപാടികള്‍ അവതരിപ്പിച്ചുകൊണ്ട്‌ കെ ബി യുടെ വാദം മലയാളത്തേയും മലയാളസാഹിത്യത്തേയും സാര്‍വ്വദേശീയ പ്രാമുഖ്യത്തിലെത്തിയ്‌ക്കാന്‍ കഴിയും എന്നാണ്‌. ഈ കാര്യങ്ങള്‍ മലയാളം സര്‍വ്വകലാശാല വൈസ്‌ചാന്‍സലര്‍ ശ്രീ ജയകുമാറിനെ അറിയിച്ചിട്ടുണ്ട്‌. തന്റെ പരിപാടി ഡോ. ഏ കെ ബി വ്യക്തിപരമായും സാഹിത്യസമ്മേളനങ്ങളിലും അവതരിപ്പിച്ചു. ചര്‍ച്ച ചെയ്‌തവര്‍: പ്രൊഫ. ഓ എന്‍ വി കുറുപ്പ്‌, ശ്രീ കാവാലം നാരായണപ്പണിക്കര്‍, ശ്രീ പി നാരായണക്കുറുപ്പ്‌, പ്രൊഫസ്സര്‍മാരായ പുതുശ്ശേരി രാമചന്ദ്രന്‍, പന്മന രാമചന്ദ്രന്‍ നായര്‍, പ്രബോധചന്ദ്രന്‍ നായര്‍, ആറന്മുള ഹരിഹരപുത്രന്‍, ശ്രേഷ്‌ഠഭാഷാസമിതി പ്രസിഡന്റ്‌ ശ്രീ ബേബി ജോസഫ്‌, തുടങ്ങിയവര്‍ ഉള്‍പ്പെടുന്നു. ഇവര്‍ ഉള്‍പ്പെടെയുള്ള മലയാള സാഹിത്യകാരന്മാരുടെ ശ്രമഫലമായാണ്‌ ശ്രേഷ്‌ഠഭാഷാപദവിയും മലയാളം സര്‍വ്വകലാശാലയും ഉണ്ടായത്‌. എന്നാല്‍ `മലയാളം ബില്‍' അസംബ്ലി പാസ്സാക്കാത്തതിലും മലയാളത്തിന്റെ സ്ഥിതി പിന്നോട്ടു പോകുന്നതിലും ബുദ്ധിജീവികളില്‍ പൊതുവേ നിസ്സഹായതയും നിരാശയുമുണ്ട്‌. മലയാളത്തിനും കേരളസംസ്‌കാരത്തിനും വേണ്ടി കക്ഷിരാഷ്ട്രീയത്തിന്‌ അതീതമായി പരസ്‌പരം സഹകരിയ്‌ക്കേണ്ടിയിരിയ്‌ക്കുന്നു. സമകാലീന മലയാളസാഹിത്യം ഇന്നത്തെ ഉപരിപ്ലവതയ്‌ക്കും കൃത്രിമത്വത്തിനും അതീതമായി നൈസര്‍ഗ്ഗികമായ അഭ്യാസത്തോടും ഉള്‍ക്കാഴ്‌ചയോടും കേരളത്തിലെ അതിഗഹനമായ വിഷയങ്ങള്‍ കണ്ടെത്തി സൃഷ്ടിയിലാക്കണമെന്ന്‌ `സമഗ്രവികാസ സാഹിത്യസിദ്ധാന്തം എന്ന പുസ്‌തകം തയ്യാറാക്കിക്കൊണ്ടിരിയ്‌ക്കുന്ന സിദ്ധാന്തകനായ ഡോ. ഏ കെ ബി പ്രസ്‌താവിയ്‌ക്കുന്നു.

മലയാളസിനിമയ്‌ക്കും മേല്‍ സിദ്ധാന്തം ആവശ്യം. സിനിമയുടെ പ്രഗത്ഭമായ വഴിത്താരതേടിയായിരുന്ന മലയാളത്തിന്റെ വീര്യനടനും ജീവകാരുണ്യപ്രസ്ഥാനത്തില്‍ തത്‌പരനുമായ ശ്രീ സുരേഷ്‌ ഗോപിയുമായുണ്ടായ സംവാദം. മലയാളത്തിനു വേണ്ടി ശക്തമായി നിലകൊള്ളുന്ന സിനിമയുടെ ആചാര്യന്‍ ശ്രീ അടൂര്‍ ഗോപാലകൃഷ്‌ണന്‍ തന്റെ സൃഷ്ടികളെപ്പറ്റിയുള്ള ഗവേഷണം അമേരിക്കയിലെ `വിസ്‌കോണ്‍സിന്‍' സര്‍വ്വകലാശാലയില്‍ നടക്കുന്നതായി കെ ബിയെ അറിയിച്ചു. എന്തുകൊണ്ട്‌ കേരളത്തിലെ സര്‍വ്വകലാശാലകളില്‍ നടക്കുന്നില്ല? വിദ്യാഭ്യാസം കച്ചവടവും കക്ഷിരാഷ്ട്രീയവുമായ സ്ഥിതിവിശേഷത്തില്‍ നിന്നും സാര്‍വദേശീയപ്രമുഖമാക്കാന്‍ കഴിയുമെന്ന്‌ അധികാരികള്‍ അറിയേണ്ടിയിരിയ്‌ക്കുന്നു. വിദ്യാഭ്യാസകൌണ്‍സില്‍ വൈസ്‌ ചെയര്‍മാന്‍ മുന്‍ അംബാസിഡര്‍ ശ്രീ ടി പി ശ്രീനിവാസന്‍ വിദഗ്‌ദ്ധമായി കൈകാര്യം ചെയ്‌ത മറുനാടന്‍ വിദ്യാര്‍ത്ഥികളുടെ മുഖ്യസമ്മേളനത്തില്‍ ശ്രീ അശ്വതി തിരുനാള്‍ ഗൌരിലക്ഷ്‌മീഭായിയും ഡോ എ കെ ബിയും കേരളസംസ്‌കാരത്തിന്റെ മൂല്യങ്ങളെപ്പറ്റി പ്രഭാഷണം ചെയ്‌തു. ഭാഷയും സംസ്‌കാരസ്ഥാപനങ്ങളും പ്രത്യേകിച്ചു കാഴ്‌ചബംഗ്ലാവുകളും അധഃപതിച്ചുകൊണ്ടിരിയ്‌ക്കുന്ന ചുറ്റുപാടുകളില്‍ മറുനാടന്‍ വിദ്യാര്‍ത്ഥികള്‍ കേരളത്തെ ബഹുമാനിയ്‌ക്കുമോ? സാംസ്‌കാരികനായകന്മാരായ ശ്രീ പി ഭാസ്‌കരന്‍, ശ്രീ പി എന്‍ പണിക്കര്‍ തുടങ്ങിയവരുടെ ജീവിതം ഡോക്യുമെന്ററിയിലൂടെ വെളിവാക്കിയ ഈ ലേഖകന്റെ ഭാവിപരിപാടികള്‍ക്ക്‌ കെ ബി നല്‍കുന്ന പിന്തുണ ഇവിടെ പ്രസ്‌താവിച്ചുകൊള്ളട്ടെ!

അമേരിക്കയിലെ മലയാളികളുടെ കേരളവികാസപ്രസക്തിയുടെ ഏറ്റവും വലിയ ശക്തിയായാണ്‌ കെ ബി പിള്ള എല്ലാ പ്രഭാഷണങ്ങളിലും ചര്‍ച്ചകളിലും പ്രകടമായത്‌. ആളോഹരിപ്രകാരം കേരളത്തിലേക്കാള്‍ സമൃദ്ധമായ അമേരിക്കയിലെ മലയാള മാദ്ധ്യമങ്ങളേയും വിദ്യാഭ്യാസകേന്ദ്രങ്ങളേയും കെ ബി അവതരിപ്പിച്ചു, അറിയിച്ചു. കേരളത്തിലെ വാണിജ്യവ്യവസായരംഗത്ത്‌ ഏറ്റവും വലിയ പ്രചോദനമായ `ധനം' പ്രസിദ്ധീകരണത്തില്‍ അമേരിക്കയിലെ മലയാളികളെ കേന്ദ്രീകരിച്ച്‌, കെ ബിയുടെ വികസനപരിപാടിയുടെ ഗഹനമായ ഒരു റിപ്പോര്‍ട്ട്‌ പ്രസിദ്ധീകരിച്ചു. അഖിലേന്ത്യാ റേഡിയോയിലും ദൂരദര്‍ശനിലും ഓരോ മണിക്കൂര്‍ നീണ്ടുനിന്ന കെ ബിയുമായുള്ള കൂടിക്കാഴ്‌ചയില്‍ കേരളത്തിന്റെ സമഗ്രമായ വികസനപരിപാടിയില്‍ അമേരിക്കന്‍ മലയാളികള്‍ക്കു ചെയ്യാവുന്ന വലിയ പങ്കിനെ വിശദീകരിച്ചു. പ്രൊഫ. ആന്റണി പാലയ്‌ക്കലും ശ്രീ അഞ്‌ജനാ നായരുമാണ്‌ കൂടിക്കാഴ്‌ച നടത്തിയത്‌. ബുദ്ധിജീവികളും സാധാരണക്കാരുമായുള്ള സമ്പര്‍ക്കത്തിലൂടെ കെ ബി സ്ഥിരീകരിച്ച കാര്യങ്ങള്‍ താഴെ പ്രസ്‌താവിയ്‌ക്കുന്നു.

(1) മറുനാടന്‍ മലയാളികളുടെ കഴിവുകളുടെ വിനിയോഗം കൊണ്ട്‌ കേരളവികസനവും അവരുടെ കേരളത്തോടുള്ള സാംസ്‌കാരികമായ ഐക്യവും സാധിയ്‌ക്കാം. അതിനുള്ള തുറന്ന വീക്ഷണം എല്ലാ തലങ്ങളിലും ഉണ്ടാകണം.

(2) കേരളത്തിലുള്ള, നന്മയും വികസനതാത്‌പര്യങ്ങളും ഉള്ള ആളുകളെ കക്ഷിരാഷ്ട്രീയത്തില്‍ നിന്നും മോചിപ്പിച്ച്‌ കര്‍മ്മനിരതരാക്കണം.

(3) അടിയന്തിരമായി എല്ലാ മലയാളികളും അറിഞ്ഞു പ്രവര്‍ത്തിയ്‌ക്കേണ്ട കാര്യം പ്രകൃതിനാശവും സാമൂഹ്യമായ അധഃപതനവും വരുത്തിയ അപകടത്തില്‍ നിന്നും രക്ഷപ്പെടാനുള്ള മാര്‍ഗ്ഗങ്ങളാണ്‌.

(4) ഭാഷ, സംസ്‌കാരം, സാമ്പത്തികം, ഇവയുടെ ഉദ്‌ഗ്രഥനാപരമായ വികാസം കൊണ്ട്‌, അഞ്ചു വര്‍ഷം കൊണ്ട്‌ കേരളം അഭിവൃദ്ധിയിലെത്തും.

(5) കേരളത്തിലെ രാഷ്ട്രീയനേതാക്കള്‍ ബുദ്ധിശാലികളാണ്‌. അവര്‍ കക്ഷിരാഷ്ട്രീയത്തിന്നതീതമായി വികസനയത്‌നങ്ങള്‍ക്ക്‌ ഒന്നിയ്‌ക്കണം.

ന്യൂയോര്‍ക്കിലേയ്‌ക്കു മടങ്ങുമ്പോള്‍ പ്രൊഫ. ഏ കെ ബാലകൃഷ്‌ണപിള്ളയോട്‌ ഈ ലേഖകന്‍ ചോദിച്ചു: `അടുത്ത പരിപാടി എന്താണ്‌?'

സ്വതസ്സിദ്ധമായ ആത്മാര്‍ത്ഥതയോടും ആത്മധൈര്യത്തോടും അദ്ദേഹം പറഞ്ഞു: `അമേരിക്കയിലും മറുനാടുകളിലും കേരളത്തിലും കൂട്ടായ്‌മയോടു കൂടി യജ്ഞം തുടരും.'
കേരളത്തിലെ ച്യുതിയ്‌ക്കെതിരെ  ഡോ. ഏ.കെ.ബി.യുടെ യജ്ഞംകേരളത്തിലെ ച്യുതിയ്‌ക്കെതിരെ  ഡോ. ഏ.കെ.ബി.യുടെ യജ്ഞം
Join WhatsApp News
വിദ്യാധരൻ 2015-05-07 16:40:10
കേരളം രക്ഷപ്പെടണമെങ്കിൽ കേരളത്തിലെ അഴുമതിക്കാരായ മന്ത്രിമാരെയും അവരുടെ സന്താന പരമ്പരകളേയും, രാഷ്ട്രീയക്കാരെയും  അടിച്ചിറക്കി ശുദ്ധികലശം ചെയ്യണം.  സാഹിത്യകാരന്മാർക്ക് ഇത് ചെയ്യാൻ കഴിയും പക്ഷെ  സാഹിത്യകാരന്മാർ ഉണരണം. ലിയോണ്‍ ട്രോട്സ്കി യുടെ സാഹിത്യം സ്റ്റാലിന്റെ നീക്കങ്ങളെ നിരന്തരം എതിര്ത്തുകൊണ്ട്  റഷ്യൻ വിപ്ലവത്തിൽ സ്വാധീനം ചിലത്തിയതുപോലെ കേരളത്തിലെ അഴുമതിക്കെതിരെ അവിടുത്തെ സാഹിത്യകാരന്മാർ ഉണർന്നു എഴുന്നെൽക്കണ്ടാത്താണ്. നിർഭാഗ്യകരം എന്ന് പറയട്ടെ,  ആറുമുളയിലെ ഭൂപ്രകൃതിയുടെമേൽ കച്ചവടക്കാർ ചാടിവീണപ്പോൾ ഒരു സുഗതകുമാരിയോഴിച്ചു മാറ്റരേയും കാണാൻ കഴിഞ്ഞില്ല, ഒരു പക്ഷെ അവെരെല്ലാം സാഹിത്യ സമ്മേളനങ്ങളിൽ അമേരിക്കയിലോ തുഞ്ചൻപറമ്പിലോ ആയിരിന്നിരിക്കും.   സാമൂഹ്യപരിവർത്തനങ്ങളുടെ ഭാഗം ആകാൻ കഴിയുന്നില്ലായെങ്കിൽ സാഹിത്യത്തിനു നിലനില്പില്ല. കാരണം സാഹിത്യാത്തിന്റെ അടിവേരുകൾ സമൂഹത്തിലാണ്.  എന്നാൽ ഇന്നത്തെ സാഹിത്യവും കവിതയും വായിക്കാൻ കഴിയാതെ സാധാരണക്കാരൻ വാ പൊളിച്ചു നില്ക്കുകയാണ്.  നാട്നിളേ പ്രസംഗം നടത്തുന്നതോടൊപ്പം കര്‍മ്മ പദ്ധതികളും ഉണ്ടായിരുന്നെങ്കിൽ എന്ന് വെറുതെ ആശിച്ചു പോകയാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക