Image

ആത്മീയ നിറവില്‍ യുജനങ്ങള്‍ക്കായി റോക്ക്‌ഫോര്‍ഡ്‌ ധ്യാനം

ജോയിച്ചന്‍ പുതുക്കുളം Published on 03 January, 2012
ആത്മീയ നിറവില്‍ യുജനങ്ങള്‍ക്കായി റോക്ക്‌ഫോര്‍ഡ്‌ ധ്യാനം
ഷിക്കാഗോ: ചിക്കാഗോ സെക്രഡ്‌ ഹാര്‍ട്ട്‌, സെന്റ്‌ മേരീസ്‌ ഇടവകകളുടെ സംയുക്താഭിമുഖ്യത്തില്‍ റോക്ക്‌ ഫോര്‍ഡിലുള്ള ബിഷപ്പ്‌ ലെയ്‌ന്‍ റിട്രീറ്റ്‌ സെന്ററില്‍ യുവജനങ്ങള്‍ക്കായി മൂന്നുദിവസം നീണ്ടുനിന്ന ധ്യാനം വിജയകരമായി നടത്തപ്പെട്ടു. ഇരു ദേവാലയങ്ങളിലെയും യൂത്ത്‌ മിനിസ്‌ട്രിയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട ധ്യാനത്തില്‍ 120 ഓളം ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ്‌ പങ്കെടുത്തത്‌. വികാരി ജനറാള്‍ എബ്രാഹം മുത്തോലത്തിന്റെ കാര്‍മ്മികത്വത്തില്‍ വി. കുര്‍ബാനയോടുകൂടി ആരംഭിച്ച ധ്യാനത്തിന്‌ ബഹു അച്ചന്‍ ഉദ്‌ഘാടന സന്ദേശം നല്‍കി. ക്രിസ്‌തുമസ്സ്‌ വെക്കേഷന്റെ ആഘോഷങ്ങളില്‍നിന്നെല്ലാം അകന്ന്‌ മൂന്നുദിവസം ഒന്നുചേര്‍ന്ന്‌ ധ്യാനിക്കുവാനും പ്രാര്‍ത്ഥിക്കുവാനും സമയം കണ്ടെത്തിയ യുവജനങ്ങളെ അച്ചന്‍ മുക്തകണ്‌ഠം പ്രശംസിച്ചു. യുവജനധ്യാനം ഇടവകകളുടെ വളര്‍ച്ചയിലെ ഒരു നാഴികക്കല്ല്‌ ആയിരിക്കുമെന്ന്‌ ബഹു. മുത്തോലത്തച്ചന്‍ പ്രസ്‌താവിച്ചു. തുടര്‍ന്ന്‌ വിവിധ ദിവസങ്ങളിലായി റിട്രീറ്റ്‌ സെന്ററില്‍ വച്ച്‌ ധ്യാനപ്രസംഗങ്ങള്‍, ആരാധന, കൌണ്‍സിലിംഗ്‌, കുമ്പസാരം, വി. കുര്‍ബാന, ഗ്രൂപ്പ്‌ ഗയിംസ്‌, ബൈബിള്‍ അധിഷ്‌ഠിത വിനോദപരിപാടികള്‍ മുതലായവ നടത്തപ്പെട്ടു.

ഷിക്കാഗോ നഗരത്തില്‍നിന്നും 70 മൈല്‍ അകലെ പ്രകൃതിരമണീയമായ സ്ഥലത്ത്‌ സ്ഥിതിചെയ്യുന്ന റിട്രീറ്റ്‌ സെന്റര്‍ ആത്മീയ അനുഭൂതി പകരുന്ന അന്തരീക്ഷത്താല്‍ അനുഗ്രഹീതമാണ്‌. യുവജനങ്ങള്‍ക്ക്‌ തങ്ങളുടെ ജീവിതത്തെപ്പറ്റിയുള്ള പ്രതീക്ഷകളും ആശങ്കകളും ഒക്കെ പ്രശസ്‌തരായ ധ്യാനഗുരുക്കളുമായും വൈദികരുമായും പങ്കുവയ്‌ക്കുവാനും ആരാധനയിലൂടെയും പ്രര്‍ത്ഥനയിലൂടെയും ദൈവവുമായി കൂടുതല്‍ അടുക്കുവാനും ധ്യാനം ഏറെ സഹായിച്ചു. താമസത്തിനും ആഹാരത്തിനും ക്‌ളാസ്സുകള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും വിനോദങ്ങള്‍ക്കുമുള്ള എല്ലാ സൌകര്യങ്ങളും ധ്യാനകേന്ദ്രത്തില്‍ ഒരുക്കിയിരുന്നു.

യുവജനങ്ങള്‍ക്ക്‌ ആദ്ധ്യാത്മികനിറവില്‍ അപ്പപ്പോള്‍ നിര്‍ദേശങ്ങളും ഉപദേശങ്ങളും നല്‍കുവാനായി പ്രശസ്‌ത ധ്യാനഗുരുകൂടിയായ ഫാ. സജിപണര്‍കയില്‍ മൂന്നുദിവസവും കുട്ടികളോടൊപ്പം താമസിച്ചു ധ്യാനത്തിന്‌ ആദ്ധ്യാത്മിക നേതൃത്വം നല്‍കി. ധ്യാനത്തിലൂടെ കുട്ടികളുടെ ജീവിതത്തില്‍ ലഭിച്ച ആത്മീയ ഉണര്‍വ്വ്‌ വരും ദിവസങ്ങളില്‍ കുട്ടികളുടെ ജീവിതത്തില്‍ ദര്‍ശിക്കുവാനാകുമെന്നും, തുടര്‍ന്നും ഇതുപോലുള്ള ധ്യാനങ്ങള്‍ ഇടവകകളുടെ വളര്‍ച്ചയ്‌ക്ക്‌ പ്രചോദനം ആകുമെന്നും സമാപന സന്ദേശത്തില്‍ ഫാ. സജി പിണര്‍കയില്‍ പ്രസ്‌താവിച്ചു. സിജു ഫിലിപ്പ്‌, മാര്‍ക്ക്‌ നീമോ, താല എന്നിവരാണ്‌ ധ്യാനപ്രസംഗങ്ങള്‍ക്ക്‌ നേതൃത്വം നല്‍കിയത്‌. ഷിജു ചെറുമണത്ത്‌, സണ്ണി മേലേടം, ജയ കുളങ്ങര, ജോണി തെക്കേപ്പറമ്പില്‍, ജോജോ പെരുമണത്തേട്ട്‌, ജിജി കട്ടപ്പുറം, അന്നമ്മ പുലിമലയില്‍ എന്നിവര്‍ കുട്ടികളോടൊത്ത്‌ താമസിച്ച്‌ യുവജനധ്യാനത്തിന്‌ ശക്തമായ നേതൃത്വം നല്‍കി.

മെര്‍ലിന്‍ പുള്ളോര്‍കുന്നേലിന്റെ നേതൃത്വത്തില്‍ പത്ത്‌ പേരടങ്ങുന്ന യൂത്ത്‌ ലീഡേഴ്‌സ്‌ ആണ്‌ ധ്യാന കേന്ദ്രത്തില്‍ ഗ്രൂപ്പ്‌ ലീഡേഴ്‌സ്‌ ആയി പ്രവര്‍ത്തിച്ചതും രജിസ്‌ട്രേഷന്‍ നടത്തിയതും. ഇരു ദേവാലയങ്ങളിലെയും മതബോധന സ്‌കൂള്‍ ഡി.ആര്‍.ഇ. മാരായ സാബു മുത്തോലത്ത്‌, സജി പൂതൃക്കയില്‍, മനീഷി കൈമൂലയില്‍, ലൈസന്‍ ചങ്ങുംമൂലയില്‍ എന്നിവര്‍ വിവിധ ദിവസങ്ങളിലായി ധ്യാനകേന്ദ്രം സന്ദര്‍ശിച്ച്‌ ധ്യാനത്തിന്‌ പ്രോത്സാഹനം നല്‍കി. ഡോ. അലക്‌സ്‌ കറുകപ്പറമ്പില്‍ ക്രമീകരണങ്ങള്‍ക്ക്‌ സഹായിച്ചു. മാത്യു അച്ചന്റെ സേവനവും ധ്യാനകേന്ദ്രത്തില്‍ വിലപ്പെട്ടതായിരുന്നു.

മുന്‍ വര്‍ഷങ്ങളിലേപ്പോലെതന്നെ ഈ വര്‍ഷവും റോക്ക്‌ ഫോര്‍ഡ്‌ ധ്യാനം യുവജനങ്ങള്‍ക്കിടയിലേയ്‌ക്ക്‌ ആഴത്തിലിറങ്ങുന്ന ആത്മീയ അനുഭൂതിയായി മാറി. റോക്ക്‌ഫോര്‍ഡ്‌ ധ്യാനത്തിന്റെ തുടര്‍ധ്യാനത്തിനായി തങ്ങള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നതായി ധ്യാനത്തില്‍ പങ്കെടുത്തവര്‍ ഏകകണ്‌ഠമായി അഭിപ്രായപ്പെട്ടു. സണ്ണി മേലേടം/ജയിന്‍ മാക്കീല്‍ അറിയിച്ചതാണിത്‌.
ആത്മീയ നിറവില്‍ യുജനങ്ങള്‍ക്കായി റോക്ക്‌ഫോര്‍ഡ്‌ ധ്യാനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക