Image

മഅദനിയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി

Published on 03 January, 2012
മഅദനിയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി
ന്യൂഡല്‍ഹി: ബാംഗ്ലൂര്‍ സ്‌ഫോടന പരമ്പരക്കേസില്‍ കുറ്റാരോപിതനായി ജയിലില്‍ കഴിയുന്ന പി.ഡി.പി. നേതാവ് അബ്ദുള്‍ നാസര്‍ മഅദനിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയുടെ ബാംഗ്ലൂര്‍ കേന്ദ്രത്തില്‍ മഅദനിയ്ക്ക് ചികിത്സ നല്‍കണമെന്ന് ജസ്റ്റിസുമാരായ പി സദാശിവം, ജെ ചെലമേശ്വര്‍ എന്നിവര്‍ ഉള്‍പ്പെട്ട ബഞ്ച് കര്‍ണാടക സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. മലപ്പുറത്തെ കോട്ടയ്ക്കല്‍ ആര്യവൈദ്യ ശാലയില്‍ ചികിത്സ തേടുന്നതിന് മഅദനിയ്ക്ക് ഇടക്കാല ജാമ്യം അനുവദിക്കണമെന്ന മുതിര്‍ന്ന അഭിഭാഷകന്‍ സുശീല്‍ കുമാറിന്റെ ആവശ്യം കോടതി തള്ളി.

കര്‍ണാടക ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് മഅദനി സുപ്രീം കോടതിയെ സമീപിച്ചത്. കോയമ്പത്തൂര്‍ സ്‌ഫോടന കേസില്‍ ഒന്‍പതര വര്‍ഷത്തിനുശേഷം മഅദനിയെ വെറുതെവിട്ടകാര്യം മുതിര്‍ന്ന അഭിഭാഷകനായ സുശീല്‍ കുമാര്‍ കോടതിയുടെ ശ്രദ്ധയില്‍ പെടുത്തി. മഅദനിയ്ക്ക് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും അദ്ദേഹം കോടതിയില്‍ വാദിച്ചു. എന്നാല്‍ ജാമ്യം അനുവദിക്കാന്‍ സുപ്രീം കോടതി തയ്യാറായില്ല.

കര്‍ണാടക സര്‍ക്കാരിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ എം.എന്‍ കൃഷ്ണമണി, സ്റ്റാന്‍ഡിങ് കോണ്‍സല്‍ അനിത ഷേണായ് എന്നിവര്‍ മഅദനിയ്ക്ക് ജാമ്യം അനുവദിക്കുന്നതിനെ എതിര്‍ത്തു. ചികിത്സയ്ക്കുവേണ്ടി കേരളത്തിലേക്ക് കൊണ്ടുപോകുന്നതിനെയും ഇരുവരും എതിര്‍ത്തു. മഅദനിയ്ക്ക് ജാമ്യം അനുവദിക്കുന്നത് സമൂഹത്തിന് ഭീഷണിയാണെന്ന് അഭിഭാഷകര്‍ വാദിച്ചു. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യങ്ങള്‍ക്ക് മാറ്റമുണ്ടായാല്‍ ഇടക്കാല ജാമ്യത്തിനവേണ്ടി മഅദനിയ്ക്ക് കോടതിയെ സമീപിക്കാമെന്ന് സുപ്രീം കോടതി ബഞ്ച് വ്യക്തമാക്കി.

2008 ല്‍ ബാംഗ്ലൂരിലെ ഒന്‍പത് സ്ഥലങ്ങളില്‍ ഉണ്ടായ ബോംബ് സ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ടാണ് മഅദനി ജയിലില്‍ കഴിയുന്നത്. സ്‌ഫോടനത്തില്‍ രണ്ടുപേര്‍ മരിക്കുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അതിനിടെ മഅദനിക്ക് മെച്ചപ്പെട്ട വൈദ്യസഹായം നല്‍കാനും കേസുമായി ബന്ധപ്പെട്ട നടപടികള്‍ ത്വരിതപ്പെടുത്താനും അഭ്യര്‍ഥിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കര്‍ണാടക മുഖ്യമന്ത്രി സി.വി.സദാനന്ദ ഗൗഡയ്ക്ക് കത്തയച്ചു. പ്രമേഹവും ഹൃദയസംബന്ധമായ രോഗങ്ങളുംമൂലം വിഷമിക്കുന്ന മഅദനിക്ക് മെച്ചപ്പെട്ട വൈദ്യസഹായം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി നിവേദനം നല്‍കിയതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി കത്തയച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക