ന്യൂഡല്‍ഹി: ടാറ്റായുടെ ലക്ഷം രൂപയുടെ കാറായ നാനോയെ വെല്ലാന്‍ പ്രമുഖ ടുവീലര്‍, ത്രീവിലര്‍ നിര്‍മാതാക്കളായ ബജാജ് രംഗത്ത്. ഡല്‍ഹിയില്‍ നടക്കുന്ന ഓട്ടോ എക്സ്പോയിലാണ് ബജാജ് ചെറുകാറായ ആര്.ഇ 60 പ്രദര്‍ശിപ്പിച്ചത്. ലിറ്ററിന് 35 കിലോമീറ്ററാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.
നാലുപേര്‍ക്ക് യാത്രചെയ്യാവുന്ന കാറിന്റെ പരമാവധി വേഗത 70 കിലോമിറ്ററാണ്. കാറിന്റെ വില ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. നാനോയുടെ അടുത്തായിരിക്കും ആര്.ഇ 60ന്റെ വിലയെന്നാണ് സൂചന. 2008ല്‍ ചെറുകാറുമായി ബജാജ് രംഗത്തെത്തിയിരുന്നെങ്കിലും പിന്നീട് പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. ഒരുവര്‍ഷത്തിനുള്ളില്‍ ബജാജിന്റെ ചെറുകാര്‍ ഇന്ത്യന്‍ നിരത്തുകളില്‍ ഓടിത്തുടങ്ങുമെന്നാണ് പ്രതീക്ഷ.