Image

പൊന്നമ്പലമേട്ടില്‍ ഇത്തവണമുതല്‍ മകരവിളക്കുദിവസം ദീപാരാധന

Published on 03 January, 2012
പൊന്നമ്പലമേട്ടില്‍ ഇത്തവണമുതല്‍ മകരവിളക്കുദിവസം ദീപാരാധന
ശബരിമല: പൊന്നമ്പലമേട്ടില്‍ ഇത്തവണമുതല്‍ മകരവിളക്കുദിവസം ദീപാരാധന നടത്തുമെന്ന് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എം.രാജഗോപാലന്‍ നായര്‍ പറഞ്ഞു. ഒരു മുതിര്‍ന്ന മേല്‍ശാന്തിയുടെ കാര്‍മികത്വത്തിലായിരിക്കും ഇത്.
അയ്യപ്പന് തിരുവാഭരണം ചാര്‍ത്തി ദീപാരാധന നടക്കുന്നവേളയില്‍ത്തന്നെയായിരിക്കും പൊന്നമ്പലമേട്ടിലും ദീപാരാധന നടത്തുക. ഇതിന് ആരെ നിയോഗിക്കണം,എങ്ങനെ നടത്തണം എന്നൊക്കെയുള്ള കാര്യങ്ങള്‍ ഉടന്‍ തീരുമാനിക്കും. ശബരിമലതന്ത്രി, മേല്‍ശാന്തി തുടങ്ങിയവരുടെ അഭിപ്രായങ്ങളും ആരായും.
മകരജ്യോതി സംബന്ധിച്ച് പലതവണ പലവിവാദങ്ങളും ഉയര്‍ന്നിട്ടുണ്ട്. ശബരിമലയിലെ ദീപാരാധനസമയത്ത് ശ്രീമൂലസ്ഥാനമായ പൊന്നമ്പലമേട്ടില്‍ മുന്‍പ് ആദിവാസികള്‍ ദീപം തെളിച്ചിരുന്നു. പിന്നീടതുമുടങ്ങിയപ്പോള്‍ മറ്റുചില കേന്ദ്രങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു. ഇക്കാര്യം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ദേവസ്വംബോര്‍ഡ് വ്യക്തമാക്കിയിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ ഇതേച്ചൊല്ലിയുള്ള നിഗൂഢതയും വിവാദങ്ങളും അവസാനിപ്പിച്ചുകൊണ്ടാണ് ദീപാരാധന നടത്തുന്നതിനുള്ള പുതിയ തീരുമാനം.

മലഅരയന്‍മാരെക്കൂടി ഉള്‍പ്പെടുത്തണം-ഹിന്ദു ഐക്യവേദി

ശബരിമല: ആചാരങ്ങള്‍ പാലിക്കാനും തുടരാനുമുള്ള തീരുമാനം ഉചിതമായെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ പറഞ്ഞു. പണ്ടുമുതലേ ആദിവാസികള്‍ തുടര്‍ന്നുവന്ന ആചാരമാണ് പൊന്നമ്പലമേട്ടിലെ ജ്യോതി തെളിക്കല്‍.
അവിടെ ദീപാരാധന നടത്തുന്നത് ആദിവാസി വിഭാഗമായ മലഅരയന്മാരെക്കൂടി ഉള്‍പ്പെടുത്തി വേണമെന്ന് കുമ്മനം നിര്‍ദ്ദേശിച്ചു.

(mathrubhumi)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക