Image

മലയാളി ഉള്‍പ്പെട്ട ന്യൂജേഴ്‌സി കൊലപാതകം, മുഖ്യപ്രതിക്ക് ജീവപര്യന്തം തടവ്

ജോര്‍ജ് തുമ്പയില്‍ Published on 22 May, 2015
മലയാളി ഉള്‍പ്പെട്ട ന്യൂജേഴ്‌സി കൊലപാതകം, മുഖ്യപ്രതിക്ക് ജീവപര്യന്തം തടവ്
ന്യൂജേഴ്‌സി: പാക് വംശജ നസീഷ് നൂറാണിയെ വധിച്ച കേസില്‍ ഭര്‍ത്താവ് കാഷിഫ് പര്‍വേയ്‌സിന് ജീവപര്യന്തം തടവ്. മലയാളി കാമുകി അന്റോണിയറ്റ് സ്റ്റീഫനെ സ്വന്തമാക്കാനുള്ള പര്‍വേശിന്റെ ശ്രമത്തിന്റെ ഭാഗമായിരുന്നു ആസൂത്രിത കൊലപാതകം. കൊലപാതകം നടത്താന്‍ പര്‍വേശ് കണ്ടെത്തിയതാവട്ടെ മലയാളി കാമുകിയേയും. കൊലപാതകം ആസൂത്രണം ചെയ്തതിനും, തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചതിനും, ഒപ്പമുണ്ടായിരുന്ന കുട്ടിക്ക് കടുത്ത മാനസിക ആഘാതമേല്‍പ്പിച്ചതിനും, അന്യായമായി ആയുധം കൈവശം വച്ചതിനും പത്ത് വര്‍ഷം അധിക തടവിനും മോറിസ്ടൗണിലെ സുപ്പീരിയര്‍ കോടതി വിധിയെഴുതി. ഇതോടെ, 66 വര്‍ഷങ്ങള്‍ക്ക് ശേഷമേ കാഷിഫിന് പരോള്‍ അനുമതിയുണ്ടാകു. മലയാളി കാമുകിക്ക് വേണ്ടി പാക്കിസ്ഥാന്‍ വംശജനും ബ്രൂക്‌ലിന്‍ സ്വദേശിയുമായ കാഷിഫ് പര്‍വേയ്‌സ് നടത്തിയ കൊലപാതകം അമേരിക്ക.യിലെങ്ങും ശ്രദ്ധ നേടിയിരുന്നു. ഇന്ത്യന്‍ സമൂഹത്തെയാകമാനം ഞെട്ടിച്ച ന്യൂജേഴ്‌സി കൊലപാതകം നടന്നത് 2011 ഓഗസ്റ്റ് 16-നായിരുന്നു. മലയാളി അന്റോണിയറ്റ് സ്റ്റീഫനായിരുന്നു കാഷിഫിന്റെ ഭാര്യയ്ക്ക് നേരെ നിറയൊഴിച്ചത്. കുറ്റസമ്മതം നടത്തിയ അന്റോണിയറ്റ് സ്റ്റീഫന്റെ വിധി ജൂണ്‍ അഞ്ചിനേ പ്രഖ്യാപിക്കൂ. കൊലപാതകം, ഗൂഢാലോചന എന്നിവയടക്കം കുറഞ്ഞത് മുപ്പത് വര്‍ഷമെങ്കിലും അന്റോണിയറ്റിന് ശിക്ഷ ലഭിച്ചേക്കുമെന്നാണ് സൂചന.

2011 ഓഗസ്റ്റ് 16-ന് രാത്രി ബൂണ്‍ടണില്‍ വച്ചായിരുന്നു മലയാളിയായ അന്റോണിയറ്റ് കാമുകനെ സ്വന്തമാക്കാനായി അയാളുടെ ഭാര്യയ്ക്ക് നേരെ വെടിയുതിര്‍ത്തത്. വീട്ടുകാര്‍ക്കൊപ്പം റംസാന്‍ ആഘോഷിക്കാനായി എത്തിയ കാഷിഫും ഭാര്യയും ഭക്ഷണം കഴിച്ചു മടങ്ങുമ്പോഴാണ് വെടിവയ്പ്പ്. കാഷിഫിന്റെ ഭാര്യ സഹോദരിയുടെ വീടിനു മുന്നിലായിരുന്നു സംഭവം. ഭാര്യ നസീഷ് നൂറാണി, മൂന്നു വയസ്സു മാത്രമുണ്ടായിരുന്ന പുത്രന്‍ ഷയാനെ സ്‌ട്രോളറിലിരുത്തി പുറത്തേയ്ക്ക് നടക്കുമ്പോഴായിരുന്നു വെടിവയ്പ്പ്. നെഞ്ചില്‍ വെടിയേറ്റ നൂറാണി സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. കാഷിഫിനും തോളിലും കൈകളിലും വെടിയേറ്റിരുന്നുവെങ്കിലും അത് കൊലപാതക കുറ്റത്തില്‍ നിന്നും രക്ഷപ്പെടാനുള്ള ആസൂത്രിതനീക്കങ്ങളുടെ ഭാഗമായിരുന്നുവെന്ന് പിന്നീട് തെളിഞ്ഞു. ഷയാന് പരിക്കേറ്റിരുന്നില്ല. ഇവര്‍ക്ക് മറ്റൊരു പുത്രന്‍ കൂടിയുണ്ട്. 

സംഭവത്തിനു പിന്നില്‍ ഭീകരാക്രമണമാണ് എന്നു വരുത്തി തീര്‍ക്കാനുള്ള കാഷിഫിന്റെ ശ്രമമാണ് ഈ കേസ് രാജ്യാന്തര ശ്രദ്ധ നേടിയത്. തന്നെയും ഭാര്യയെയും വെടിവച്ചത് ഒരു ആഫ്രിക്കന്‍ അമേരിക്കനും, ഒരു വെള്ളക്കാരനും മറ്റൊരാളും ചേര്‍ന്നാണെന്നായിരുന്നു കാഷിഫിന്റെ പ്രാഥമിക മൊഴി. എന്നാല്‍ സംഭവസ്ഥലത്തെ ക്യാമറാദൃശ്യങ്ങള്‍ അന്വേഷണം അന്റോണിയറ്റിനടുത്തേക്ക് പോലീസിനെ എത്തിക്കുകയായിരുന്നു. തുടര്‍ന്നു നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍ അന്റോണിയറ്റ് കുറ്റസമ്മതം നടത്തിയതോടെ പര്‍വേശിന്റെ മെനഞ്ഞെടുത്ത കഥ പൊളിയുകയായിരുന്നു. മാസച്ചുസെറ്റ്‌സിലെ ബെല്ലിരിക്കയില്‍ താമസിക്കുന്ന അന്റോണിയറ്റ് ബെസ്റ്റ് ബൈ ഇലക്ട്രോണിക്‌സ് കടയിലെ ജീവനക്കാരിയായിരുന്നു. 

മൂത്ത മകന് സിക്കിള്‍ സെല്‍ അനീമിയ ബാധിച്ചത് ചികിത്സിക്കാന്‍ ഭാര്യ തയ്യാറാവാതിരുന്നതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു പര്‍വേശിന്റെ വാദം. നൂറാണിയിലെ ഇല്ലാതാക്കിയാല്‍ മാത്രമേ കുട്ടികളുടെ സംരക്ഷണചുമതല തനിക്ക് ലഭിക്കൂവെന്നും തുടര്‍ ചികിത്സ സാധ്യമാകൂ എന്നും കാഷിഫ് കാമുകിയെ തെറ്റിദ്ധരിപ്പിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് കുട്ടിയുടെ ചികിത്സയ്ക്കായി അന്റോണിയറ്റ് കാഷിഫിന് 12000 ഡോളര്‍ നല്‍കിയിരുന്നുവത്രേ. എന്നാല്‍ കുട്ടിക്ക് യാതൊരു അസുഖവുമില്ലെന്നായിരുന്നു കുട്ടിയെ പരിശോധിച്ച പീടിയാട്രീഷന്റെ വിധിയെഴുത്ത്.

കൊലപാതകം നടത്താന്‍ വേണ്ടി ഷൂട്ടിങ് പരിശീലനം നടത്തുന്നതിന്റെ വീഡിയോ, ഇരുവരുടെയും ചാറ്റ് മെസേജ്, സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും മൊഴികള്‍ എന്നിവ വായിച്ചു കേട്ട ജഡ്ജി റോബര്‍ട്ട് ഗില്‍സണ്‍ ഇരുവരും കുറ്റക്കാരാണെന്നു നേരത്തെ കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് കാഷിഫിന്റെ വിധി പ്രഖ്യാപിച്ചത്. വിചാരണവേളയില്‍ എല്ലാ ദിവസവും കോടതിയിലെത്തിയിരുന്ന പര്‍വേശിന്റെ മാതാപിതാക്കള്‍ വിധി പ്രഖ്യാപിക്കുമ്പോള്‍ എത്തിയിരുന്നില്ല. യാതൊരു തരത്തിലും പ്രതി ദാക്ഷിണ്യം അര്‍ഹിക്കുന്നില്ലെന്ന മുഖവുരയോടെയാണ് ജഡ്ജി വിധി പ്രസ്താവിച്ചത്. നസീഷ് നൂറാണിയുടെ ബന്ധുക്കളെല്ലാം തന്നെ വിധി പ്രഖ്യാപനം കേള്‍ക്കാനെത്തിയിരുന്നു. തങ്ങള്‍ക്ക് നീതി ലഭിച്ചു, എന്നാല്‍ നസീഷിന്റെ മക്കള്‍ക്ക് അമ്മയെ ഇനി തിരിച്ചു കിട്ടില്ലല്ലോ എന്നായിരുന്നു അവരുടെ വേദനനിര്‍ഭരമായ പ്രതികരണം.

പര്‍വേശ് ഭാര്യ നസീഷിനെ ഒഴിവാക്കാന്‍ പല തവണ ശ്രമം നടത്തിയിരുന്നതായി അസിസ്റ്റന്റ് പ്രോസിക്യൂട്ടര്‍ മാത്യു ട്രോയിയാനോ ചൂണ്ടിക്കാട്ടി. പാക്കിസ്ഥാനിലേക്ക് മടങ്ങുമ്പോള്‍ അവിടെ വച്ച് കൊല്ലാനായിരുന്നു ഒരു പദ്ധതിയെന്നും, അതിനു സമയമെടുക്കുകയാണെങ്കില്‍ വിഷം നല്‍കി കൊല്ലാനും കാമുകി അന്റോണിയറ്റുമായി ചേര്‍ന്നു പദ്ധതിയിട്ടിരുന്നത്രേ. എന്നാല്‍, ഇത്തരമൊരു വെടിവയ്പ്പ് നാടകത്തിലൂടെ സ്വന്തം ജീവിതം ഭദ്രമാക്കാനും അതുവഴി കാമുകിയുമൊത്ത് ഒരുമിച്ചു ജീവിക്കാനുമായിരുന്നു പര്‍വേശ് സ്വപ്‌നം കണ്ടത്. എന്നാല്‍, വെടിവയ്പ്പിലൂടെ അന്റോണിയറ്റ് നസീഷിനെ കൊന്നില്ലായിരുന്നുവെങ്കിലും പര്‍വേശ് മറ്റൊരു വാടകകൊലയാളിയെ കണ്ടെത്തിയേനെയെന്നുള്ള പ്രോസിക്യൂഷന്‍ വാദം കോടതി മുഖവിലയ്‌ക്കെടുത്തി. 

മലയാളി ഉള്‍പ്പെട്ട ന്യൂജേഴ്‌സി കൊലപാതകം, മുഖ്യപ്രതിക്ക് ജീവപര്യന്തം തടവ്മലയാളി ഉള്‍പ്പെട്ട ന്യൂജേഴ്‌സി കൊലപാതകം, മുഖ്യപ്രതിക്ക് ജീവപര്യന്തം തടവ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക