Image

'അണക്കെട്ടിന്റെ സംയുക്ത നിയന്ത്രണം അംഗീകരിക്കുന്നു'

Published on 04 January, 2012
'അണക്കെട്ടിന്റെ സംയുക്ത നിയന്ത്രണം അംഗീകരിക്കുന്നു'
തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ പുതിയ അണക്കെട്ടിന്റെ കാര്യത്തില്‍ കേരളത്തിന്റെയും തമിഴ്‌നാടിന്റെയും സംയുക്തനിയന്ത്രണം എന്ന ആശയം അംഗീകരിക്കുന്നുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. കേരളത്തിന്റേത് തുറന്ന സമീപനമാണ്. ജനങ്ങളുടെ സുരക്ഷയാണ് പ്രധാനം. അതിനായി ന്യായമായ എന്തു ആവശ്യങ്ങളും അംഗീകരിക്കാന്‍ കേരളം തയാറാണ്.

ജലനിരപ്പ് 120 അടിയായി കുറയ്ക്കണമെന്ന കേരളത്തിന്റെ ആവശ്യം താത്കാലികവും ഇപ്പോഴത്തെ ഗുരുതരമായ സ്ഥിതിവിശേഷം പരിഗണിച്ചുമാണ്. പുതിയ അണക്കെട്ട് നിലവില്‍ വന്നാല്‍ ജലനിരപ്പ് നിയമാനുസൃതമായി തിട്ടപ്പെടുത്താവുന്നതാണ്.

മെട്രോ റെയില്‍ പദ്ധതിയെ സംബന്ധിച്ചിടത്തോളം അവസാനവാക്ക് ഇ ശ്രീധരന്റേതായിരിക്കും. അദ്ദേഹത്തിന്റെ എല്ലാ കഴിവും കേരളത്തിന്റെ വികസനത്തിനായി വിനിയോഗിക്കണം എന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. വിവാദങ്ങളില്‍ കുടുക്കി ഒരു പദ്ധതിയും തടസ്സപ്പെടുത്തരുത്.

തിരുവനന്തപുരത്തെ വെള്ളപ്പൊക്ക ദുരിതാശ്വാസത്തിനായി അഞ്ചുകോടി രൂപ അടിയന്തരമായി ചെലവാക്കും. ഇതിനായി ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി. ദുരിതമനുഭവിക്കുന്നവര്‍ക്ക് ഒരു മാസത്തെ റേഷന്‍ സൗജന്യമായി നല്‍കും. വെള്ളപ്പൊക്കത്തില്‍ നാശനഷ്ടം സംഭവിച്ച പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായി അഞ്ചംഗ ക്യാബിനറ്റ് സബ്കമ്മറ്റിയെ നിയോഗിക്കും.

കൂടാതെ തലസ്ഥാനത്തെ വെള്ളപ്പൊക്കത്തിന് ശാശ്വതപരിഹാരം കാണാനായി അതിനെക്കുറിച്ച് സമഗ്രമായ പഠനം നടത്താന്‍ ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റൈറ്റ്‌സിനെ നിയോഗിക്കാനും തീരുമാനമായി. റൈറ്റ്‌സിന്റെ വിദഗ്ധസംഘം ക്യാബിനറ്റ് സബ്കമ്മറ്റിയുമായി ജനവരി 12-ന് ചര്‍ച്ച നടത്തും. തുടര്‍ന്ന് ദീര്‍ഘകാലാടിസ്ഥാനത്തില്‍ പ്രശ്‌നം പരിഹരിക്കാനുള്ള പദ്ധതിക്ക് രൂപം കൊടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

എസ്.സി, എസ്.ടി, ഓ.ഇ.സി വിഭാഗത്തിനുള്ള വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനും മന്ത്രിസഭ തീരുമാനിച്ചു. കോട്ടയത്തെ ചെമ്പ് പഞ്ചായത്തില്‍ ഇന്റഗ്രേറ്റഡ് ടൗണ്‍ഷിപ്പ് നിര്‍മിക്കാനുള്ള പദ്ധതി മന്ത്രിസഭ തത്വത്തില്‍ അംഗീകരിച്ചു. 1300 കോടി രൂപയാണ് ഈ പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക