Image

പ്രണയിനി (കവിത : ഷീല മോന്‍സ്‌ മുരിക്കന്‍)

Published on 23 May, 2015
പ്രണയിനി (കവിത : ഷീല മോന്‍സ്‌ മുരിക്കന്‍)
എന്റെ താപസമൗനത്തിലേയ്‌ക്കു
പെയ്‌തിറങ്ങിയ മഴത്തുള്ളിയായിരുന്നു നീ ...
നിന്നെ സമുദ്രമാക്കിയതു ഞാനാണ്‌ .
പക്ഷേ ....
ഞാന്‍ പുഴയായതും ഒഴുകിയതും
അഴിമുഖത്തിന്റെ അതിര്‍വരമ്പുകടന്നുവന്ന്‌ ഇണചേര്‍ന്നതും
നീരാവിയായി മേലോട്ടൊഴുകിയതും
നീലിമയിലേയ്‌ക്ക്‌ പടര്‍ന്നുകയറി
കറുത്തമേഘകെട്ടുകള്‍ കണ്ടപ്പോള്‍ ഒളിച്ചു കളിച്ചതും
വെളുത്ത മേഘങ്ങളുടെ തൂവല്‍കെട്ടുകള്‍ തഴുകിയതും
നക്ഷത്രങ്ങളുടെ പ്രകാശം ചോര്‍ത്തി
രാത്രിക്ക്‌ സമ്മാനിച്ചതും
രാത്രിയുടെ രഹസ്യനാഴിയില്‍
സഫലമാകില്ലെന്നു ഉറപ്പുള്ള സ്വപ്‌നങ്ങള്‍
ശേഖരിച്ചുവെച്ചതും
ഉറക്കത്തെ പടിക്ക്‌ പുറത്തുനിറുത്തി
നിഴലുകളോട്‌ കൊഞ്ചിയതും
രൂപവും ശബ്ദവുമില്ലാത്ത ഒന്നില്‍നിന്ന്‌
അനുഭൂതി കവര്‍ന്നെടുത്തു ലാളിച്ചതും
പ്രണയത്തിന്റെ നനവ്‌
മഴത്തുള്ളിയില്‍ ഉണ്ടായിരുന്നതുകൊണ്ടാണ്‌!

ഷീല മോന്‍സ്‌ മുരിക്കന്‍
പ്രണയിനി (കവിത : ഷീല മോന്‍സ്‌ മുരിക്കന്‍)
Join WhatsApp News
വിദ്യാധരൻ 2015-05-26 10:46:27
ഒരു കൊച്ചു മഴതുള്ളിയായി നീയെൻ 
അകതാരിൽ വന്നന്നു മുട്ടിയപ്പോൾ 
അറിയാതെ വാതിൽ തുറന്നുപോയി 
അകമേ കയറി നീ സാക്ഷയിട്ടു. 
കരളിലെ കുളിരായി  നീ മാറുമെന്ന്
വെറുതെ ഞാൻ സ്വപ്നവും കണ്ടിരുന്നു. 
ശരിയായ പ്രണത്തിനിത്രമാത്രം 
പ്രശ്നങ്ങൾ ഉണ്ടെന്നു ആരറിഞ്ഞു?
മഴതുള്ളി മഴയായി പ്രളയമായി 
ഉരുൾപൊട്ടി ബന്ധങ്ങൾ കടപുഴകി.
കാർമേഘം വാനിൽ ഞാൻ കണ്ടിടുമ്പോൾ 
ഓടുന്നു ഞാനിന്നു ജീവനുമായി.
മഴത്തുള്ളി ദേഹത്ത് പതിഞ്ഞിടാതെ 
മെയ്യാകെ എണ്ണ ഞാൻ തേച്ചിടുന്നു.

ഗണേഷ് 2015-05-26 13:15:54
എണ്ണ  പ്രയോഗം കൊള്ളാം.  ഒരുത്തിയുടെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ ഒരു മാർഗ്ഗം നോക്കിയിരിക്കുകയായിരുണ്ണ്‍.
വായനക്കാരൻ 2015-05-26 18:07:34
പ്രണയമാകുന്ന സൂര്യപ്രകാശത്തിന്  
ഒരു പ്രത്യേക കഴിവുണ്ട്.  
ഏതു ചെളിക്കുണ്ടിൽ നിന്നും 
പരിശുദ്ധമായ നീരാവിപോലെ  
ആത്മാവിനെ ഉയർത്തി 
വെണ്മേഘങ്ങളാക്കി 
പുത്തൻ അനുഭൂതികളുടെ  ദേശങ്ങളിലേക്ക് 
പുഷ്പക വിമാനത്തിലെത്തിക്കും.  
തണുത്ത കാറ്റടിച്ച് 
ഘനീഭവിച്ച് 
ഭൂമിയിലേക്ക് താണുവീണ് 
വീണ്ടും ചെളിക്കുണ്ടിനോട് ചേരും വരെ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക