Image

വടക്കാഞ്ചേരി സ്വദേശിയെ ദുബായില്‍ കാണാനില്ലെന്ന്‌ പരാതി

Published on 04 January, 2012
വടക്കാഞ്ചേരി സ്വദേശിയെ ദുബായില്‍ കാണാനില്ലെന്ന്‌ പരാതി
ദുബായ്‌: തൃശൂര്‍ വടക്കാഞ്ചേരി കരുമത്ര അരങ്ങശ്ശേരി ഹൗസില്‍ ടി.എ.തോമസിന്റെ മകന്‍ സിജോ തോമസിനെ ദുബായില്‍ കാണാനില്ലെന്ന്‌ പരാതി. ദുബായ്‌ ദെയ്‌റ നായിഫിലെ കംപ്യുസെല്‍ എന്ന സ്‌ഥാപനത്തില്‍ അക്കൗണ്ടന്റായിരുന്ന സിജോയെ ഇക്കഴിഞ്ഞ നവംബര്‍ 27 മുതലാണ്‌ കാണാതായത്‌. നവംബര്‍ 30 ന്‌ നാട്ടിലേയ്‌ക്ക്‌ അവധിക്ക്‌ പോകാന്‍ തയ്യാറെടുക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി കാര്‍ഗോ വഴി കുറെ സാധനങ്ങളും നാട്ടിലേയ്‌ക്കയച്ചിരുന്നു. 26ന്‌ സിജോ ജോലി ചെയ്യുന്ന കടയുടമ സുനില്‍ ജോസഫാണ്‌ കാണാതായ വിവരം തങ്ങളെ അറിയിച്ചതെന്ന്‌ സി ജോയുടെ മാതാവ്‌ തേര്‍മഠം വീട്ടില്‍ എ. ടി. മേരി ദുബായ്‌ ഇന്ത്യന്‍ കോണ്‍സുലേറ്റിന്‌ നല്‍കിയ പരാതിയില്‍ പറഞ്ഞു.

തൃശൂര്‍ സ്വദേശികളായ സിജോയുടെ കുടുംബം കാസര്‍കോട്‌ നീലേശ്വരത്ത്‌ സ്‌ഥിരതാമസമാക്കിയതാണ്‌. വീണ്ടും തൃശൂരിലേക്ക്‌ താമസം മാറാന്‍ തയാറെടുക്കുകയായിരുന്നു. സിജോ മൂന്നര വര്‍ഷത്തോളമായി ദുബായിലാണ്‌ ജോലി ചെയ്യുന്നത്‌. സിജോ തോമസ്‌ സ്‌ഥാപനത്തില്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയതായി കടയുടമ സുനില്‍ ജോസഫ്‌ തങ്ങളെ അറിയിച്ചതായി എ.ടി.മേരി പരാതിയില്‍ വ്യക്‌തമാക്കി. പ്രവാസി വകുപ്പ്‌ മന്ത്രി വയലാര്‍ രവി, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, നീലേശ്വരം പൊലീസ്‌ തുടങ്ങിയവര്‍ക്കും നേരത്തെ പരാതി നല്‍കിയിരുന്നു.

സിജോയെക്കുറിച്ച്‌ എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 0091-9447264316/ 0091-4884266873 എന്ന നമ്പരില്‍ അറിയിക്കുക. അതേസമയം, തന്റെ സ്‌ഥാപനത്തില്‍ നിന്ന്‌ ലക്ഷക്കണക്കിന്‌ ദിര്‍ഹത്തിന്റെ തട്ടിപ്പ്‌ നടത്തി സിജോ തോമസ്‌ മുങ്ങിയതായി കംപ്യുസെല്‍ എല്‍എല്‍സി ഉടമ നീലേശ്വരം സ്വദേശി സുനില്‍ ജോസഫ്‌ നായിഫ്‌ പൊലീസില്‍ പരാതിപ്പെട്ടു. സിജോയെക്കുറിച്ച്‌ വിവരം ലഭിക്കുന്നവര്‍ 050-5520122 എന്ന നമ്പരില്‍ അറിയിക്കണം.
വടക്കാഞ്ചേരി സ്വദേശിയെ ദുബായില്‍ കാണാനില്ലെന്ന്‌ പരാതി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക