Image

ഭന്‍വാഡി ദേവി കേസ്: മൃതദേഹം കത്തിച്ചുവെന്ന് സംശയിക്കുന്നയാള്‍ അറസ്റ്റില്‍

Published on 04 January, 2012
ഭന്‍വാഡി ദേവി കേസ്: മൃതദേഹം കത്തിച്ചുവെന്ന് സംശയിക്കുന്നയാള്‍ അറസ്റ്റില്‍
ജോധ്പൂര്‍: നഴ്‌സ് ഭന്‍വാഡി ദേവി തിരോധാന കേസ് പുതിയ വഴിത്തിരിവില്‍. ഭന്‍വാഡി ദേവിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ചുകളഞ്ഞെന്ന് ആരോപിക്കപ്പെടുന്ന കൈലാസ് ജഖാര്‍ അറസ്റ്റില്‍.   ജോധ്പൂര്‍-അജ്മര്‍ ഹൈവേയില്‍ നിന്ന് ഇന്നലെ രാത്രിയാണ് ജഖാറിനെ സിബിഐ അറസ്റ്റ് ചെയ്തത്. ഇയാള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. ഫലോഡിക്കു സമീപമുള്ള ഒരു ഗ്രാമത്തില്‍ വച്ച് ഭാന്‍വാഡിയുടെ മൃതദേഹം കത്തിച്ചതായി ജാഖര്‍ സമ്മതിച്ചെന്നും തെളിവെടുപ്പിനായി ഇയാളെ അതേസ്ഥലത്ത് കൊണ്ടു പോകുമെന്നും പൊലീസ് പറഞ്ഞു.   ഭന്‍വാഡി ദേവിയെ തട്ടിക്കൊണ്ടു പോയ സോഹന്‍ലാല്‍ ബിഷ്‌ണോയിയുടെയും സഹാബൂദ്ദീന്റെയും കൈയില്‍ നിന്ന് അവരെ ഏറ്റുവാങ്ങിയത് കൈലാസ് ജഖാറാണ്. തുടര്‍ന്ന് അവരുടെ നിര്‍ദേശപ്രകാരം കൊന്നു മൃതദേഹം കത്തിച്ചു കളയുകയായിരുന്നുവെന്നാണു നിഗമനം. 

കേസിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ തിരയുന്ന ബിഷ്ണാറാം ബിഷ്‌ണോയിയുടെ സംഘത്തില്‍പ്പെട്ട ആളാണ് കൈലാസ് ജഖാര്‍. ബിഷ്ണറാമിന്റെ സഹോദരന്‍ ഓം പ്രകാശ് ബിഷ്‌ണോയിയെ   നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോള്‍ സിബിഐയുടെ കസ്റ്റഡിയിലാണ്. പ്രധാന പ്രതിയെന്നു കരുതുന്ന സഹിറാം ബിഷ്‌ണോയി ഈ മാസം പ്രത്യേക കോടതിയില്‍ കീഴടങ്ങിയിരുന്നു. ഇയാളെ സിബിഐ കസ്റ്റഡിയില്‍ ജനുവരി രണ്ടുവരെ റിമാന്‍ഡു ചെയ്തിരിക്കുകയാണ്. 

നഴ്‌സ് ഭന്‍വാഡി ദേവിയുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസില്‍ രാജസ്ഥാന്‍ മുന്‍ ജലവിഭവ മന്ത്രി മഹിപാല്‍ മദേര്‍നയെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. മദേര്‍ന ഉള്‍പ്പെടെ  നാലു പേര്‍ക്കെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ ഒന്നു മുതലാണു ദുരൂഹസാഹചര്യത്തില്‍ ഭന്‍വാഡി ദേവി അപ്രത്യക്ഷയായത്. മദേര്‍നയും ഭന്‍വാഡി ദേവിയും ഉള്‍പ്പെടുന്ന വിവാദ സിഡി നേരത്തേ ചില കേന്ദ്രങ്ങള്‍ക്കു ചോര്‍ന്നുകിട്ടിയതിനെത്തുടര്‍ന്നാണ് അവര്‍ അപ്രത്യക്ഷയായത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക