Image

അടിയന്തരാവസ്ഥ, ഉടുമ്പ്, സരിത (ലേഖനം - ഡി.ബാബുപോള്‍)

ഡി.ബാബുപോള്‍ Published on 02 June, 2015
അടിയന്തരാവസ്ഥ, ഉടുമ്പ്, സരിത (ലേഖനം - ഡി.ബാബുപോള്‍)
ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ നാട്ടില്‍ അടിയന്തരാവസ്ഥ ഉണ്ടായിരുന്നതിനാല്‍ പുതുതായി പ്രഖ്യാപിച്ചത് എന്ത് കുന്തമാണ് എന്ന് സിദ്ധാര്‍ത്ഥ ശങ്കര്‍ റേ ഒഴികെ ഏറെപ്പേര്‍ക്ക് അറിയുമായിരുന്നില്ല എന്നതാണ് സത്യം. രാജ്യ- രക്ഷാച്ചട്ടങ്ങളും - ഡിഫന്‍സ് ഓഫ് ഇന്ത്യ റൂള്‍സ്-ആഭ്യന്തര സുരക്ഷിതത്വനിയമവും- മെയിന്റനന്‍സ് ഓഫ് ഇന്റേണല്‍ സെക്യൂരിറ്റി ആക്ട്:  മിസ എന്ന് ചുരുക്കപ്പേര് - നിലവിലുണ്ടായിരുന്നു. അതൊക്കെ പ്രാബല്യത്തില്‍ ഉണ്ടായിരിക്കുമ്പോള്‍ തന്നെ ആണ് ജയപ്രകാശ് നാരായണന്‍ ഒരു വിമോചനസമരം നയിച്ചത്. അലഹബാദ് ഹൈക്കോടതി വിധി കൂനിന്മേല്‍ വളര്‍ന്ന  കുരു ആയി ഭീഷണി ഉയര്‍ത്തിയപ്പോള്‍ പുറമെ നിന്നുള്ള ശത്രുവിന്റെ പേരില്‍ എന്നത് പോലെ തന്നെ അകമെ ഉള്ള ശത്രുവിനെ നിഗ്രഹിക്കാനും ഭരണഘടന പ്രയോജനപ്പെടുത്താം എന്ന അതിബുദ്ധി സിദ്ധാര്‍ത്ഥ ശങ്കര്‍റേയ്ക്ക് ഉണ്ടായി. അതോടെ സര്‍ക്കാരിന്റെ അധികാരം അതിരറ്റതായി. ഹേബിയസ് കോര്‍പസും പത്രസ്വാതന്ത്ര്യവും ഇല്ലാതായതോടെ ജനാധിപത്യം ശീതികരണിയിലായി എന്ന് പറയാം.

1975 ജൂണ്‍ 25,26 തിയതികളില്‍ ഞാന്‍ ഹൈറേഞ്ചിലായിരുന്നു എന്ന് ഓര്‍മ്മയുണ്ട്. അന്ന് ദേവീകുളത്തെയും ഇടുക്കിയിലെയും ആര്‍.ഡി.ഓ.മാര്‍ പുതിയ പ്രഖ്യാപനത്തിന്റെ അര്‍ത്ഥതലങ്ങള്‍ തേടി ബന്ധപ്പെട്ടതും ഓര്‍മ്മയുണ്ട്. ഇനി നമുക്ക് വിലസാം. എത്ര വിലസാം, എങ്ങനെ വിലസാം എന്നൊക്കെ ചീഫ് സെക്രട്ടറി പറഞ്ഞുതരും എന്ന് തമാശ പറഞ്ഞു ഞാന്‍.

ജയപ്രകാശും മൊറാര്‍ജിയും അദ്വാനിയും എല്ലാം ജയിലിലായി. കേരളത്തിലും പ്രതിപക്ഷവും ആര്‍.എസ്. എസും അടിച്ചമര്‍ത്തലിനെ നേരിടാന്‍ നിര്‍ബ്ബന്ധിതമായി. ഇടുക്കിയിലെ കളക്ടര്‍ എന്ന നിലയില്‍ അടിയന്തിരാവസ്ഥ എന്നെ രണ്ട് തരത്തില്‍ ബാധിച്ചു.

പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ എന്ന നിലയില്‍ എനിക്ക് അനുഭവപ്പെട്ട ക്ലേശങ്ങള്‍ കുറഞ്ഞു. ഒന്നുക്കൊന്നരാടന്‍ എന്ന മട്ടില്‍ തൊഴില്‍ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ബദ്ധപ്പെടുകയായിരുന്നു നാല് വര്‍ഷമായി. രാവിലെ പത്തിന് ആരംഭിച്ച അനുരജ്ഞന യോഗം പിറ്റേന്ന് പുലര്‍ച്ച വരെ പോയ അനുഭവം ഉണ്ട്. ഏറ്റവും നീണ്ട യോഗത്തില്‍ ഇരുപത്തി രണ്ട് മണിക്കൂറാണ് എനിക്ക് ഇരിക്കേണ്ടി വന്നത്. അടിയന്തിരാവസ്ഥ വന്നതോടെ അത്തരം സന്ധി സംഭാഷണങ്ങള്‍ അപ്രസക്തമായി. നാല് വര്‍ഷം കൊണ്ട് നക്‌സലൈറ്റുകള്‍ ഉള്‍പ്പെടെയുള്ള നേതാക്കളുമായി വളര്‍ത്തിയെടുത്ത വ്യക്തിബന്ധങ്ങള്‍ ഞാന്‍ നഷ്ടപ്പെടുത്തിയൊന്നുമില്ല. 

ഇടുക്കിയിലെ രണ്ട് നക്‌സലുകളെയും ജയിലില്‍ നിന്ന് ഇറക്കാന്‍ കഴിഞ്ഞു  എന്ന കഥ ഇവിടെ പറയണം. അവരെ പോലീസ് പിടിച്ചു. അവരുടെ ഭാര്യമാര്‍ എനിക്കാണ് എഴുതിയത് രക്ഷിക്കണമെന്ന്. ആ കത്തുകളുമായി ഞാന്‍ എമ്മെനെ കണ്ടു. എമ്മെന്‍ കരുണാകരനെ കണ്ടു. രണ്ട് പേരും മോചിതരായി. അത് ഒരു കളക്ടറും ജില്ലയിലെ നക്‌സലുകളും തമ്മില്‍ ഉണ്ടായിരുന്ന വ്യക്തിബന്ധത്തിന്റെ ബാക്കിപത്രം. ഒരിന്ദിരാഗാന്ധിക്കും അത്തരം ബന്ധങ്ങള്‍ നശിപ്പിക്കാനാവില്ല. എങ്കിലും എന്റെ ദാക്ഷിണ്യം ഉണ്ടായില്ലെങ്കില്‍ അനന്തമായ തുരങ്കത്തിലേയ്ക്കാവും യാത്ര എന്ന് അവര്‍ തിരിച്ചറിഞ്ഞു. എമര്‍ജന്‍സിയുടെ മറവില്‍ മുതലെടുക്കാന്‍ എന്‍ജിനിയര്‍മാരെയോ കോണ്‍ട്രാക്ടര്‍മാരെയോ അനുവദിച്ചില്ല. 

അതേ സമയം ഞാന്‍ ഒരു തീരുമാനം ഉത്തമബോധ്യത്തോടെ എടുത്തുകഴിഞ്ഞാല്‍ പിന്നെ തര്‍ക്കിച്ചിട്ട് കാര്യമില്ല എന്ന് നേതാക്കള്‍ ഗ്രഹിച്ചു. കുറെക്കൂടെ അവിടെ തുടര്‍ന്നിരിന്നുവെങ്കില്‍ കോണ്‍ഗ്രസ്സുകാരുടെ ജാഥ ഉണ്ടാകുമായിരുന്നു. എന്റെ  പിറകെ വന്ന കളക്ടറുടെ കാറില്‍ ഡി.സി.സി പ്രസിഡന്റ് അധികാരത്തോടെ കയറിയിരുന്നതിനെക്കുറിച്ച് സി.പി.ഐ നേതാവ് വഴിത്തല ഭാസ്‌ക്കരന്‍ മുഖ്യമന്ത്രിയോട് പരാതി പറഞ്ഞ കഥ സഖാവ് തന്നെ ആണ് എന്നോട് പറഞ്ഞത്. ഭാഗ്യവശാല്‍ എനിക്ക് ആ നാണക്കേട് ഉണ്ടായില്ല. 

ആര്‍.എസ്.എസുകാരുടെ അറസ്റ്റ് സംബന്ധിച്ച ഒരു ഫയലാണ് എന്റെ മാറ്റത്തില്‍ കലാശിച്ചത്. ആര്‍.എസ്. എസുമായട്ടെന്നല്ല ഭാ.ജ.പാ. യുമായി പോലും അന്ന് എനിക്ക് അടുപ്പം ഒന്നും ഇല്ല. നരസിംഹറാവുവിന്റെ പതനത്തിന് ശേഷമാണ് എനിക്ക് അല്‍പം ഭാ.ജ.പാ. അനുഭാവം ഉണ്ടാകാന്‍ തുടങ്ങിയത്. വി.പി.സിങ്ങ് മുതലായവരൊന്നും നാട് ഭരിക്കാന്‍ പോന്നവരല്ല എന്ന് അപ്പോഴേയ്ക്ക് തെളിഞ്ഞുകഴിഞ്ഞുവല്ലോ. കവി പി.നാരായണക്കുറുപ്പ്, ഭാരതീയ വിചാരകേന്ദ്രത്തിലെ പരമേശ്വര്‍ജി., ഒ.രാജഗോപാല്‍ തുടങ്ങിയവരുമായുള്ള പരിചയവും എന്നെ സ്വാധീനിച്ചു എന്ന് തോന്നുന്നു. ഏതായാലും  അതൊക്കെ 1995 -ന് ശേഷം ഉള്ള കഥയാണ്. അതിനും ഇരുപതുകൊല്ലം മുന്‍പായിരുന്നല്ലോ ഞാന്‍ കളക്ടറായിരുന്നത്.

ആര്‍.എസ്.എസ് നിരോധിച്ചതോടെ സജീവ പ്രചാരകരെ അറസ്റ്റ് ചെയ്യാന്‍ തുടങ്ങി. കളക്ടറാണ് ഉത്തരവ് നല്‍കേണ്ടത്. പോലീസുകാര്‍ കൊണ്ടുവരുന്ന പട്ടികയിലെ അലക്കടയാളത്തിനപ്പുറം കളക്ടര്‍ക്ക് എന്ത് അറിവുണ്ടാകാനാണ്  'പ്രതികളെക്കുറിച്ച് ' ? അങ്ങനെ കുറേ പേര്‍ അകത്തായി.

അതിനടുത്ത ദിവസം മന്മഥന്‍ സാര്‍- എം.പി.മന്മഥന്‍ -വീട്ടില്‍ കയറി വന്നു. അദ്ദേഹം വടക്കന്‍ തിരുവിതാംകൂര്‍ കാരനാണ്. എന്റെ അച്ഛന്റെ അടുത്ത സ്‌നേഹിതനും ആയിരുന്നു. വന്നപാടെ അദ്ദേഹം ചോദിച്ചത്, നീ ഇതെന്ത് പണിയാടാ കൊച്ചനേ ചെയ്തത് എന്നായിരുന്നു. പി.എസ്.സി വഴി നിയമനം കിട്ടാന്‍ അര്‍ഹത നേടിയിരുന്ന ഒരു യുവാവ് എന്റെ കൈയ്യൊപ്പ് വഴി ജയിലിലായി. അവള്‍ തന്നു, ഞാന്‍ തിന്നു എന്ന് പണ്ട് ആദാം ദൈവത്തോട് പറഞ്ഞതിനപ്പുറമൊന്നും എനിക്കുണ്ടായിരുന്നില്ല പറയാന്‍.

അടുത്ത തവണ അറസ്റ്റിനുള്ള പട്ടികയും റിപ്പോര്‍ട്ടും  ഒക്കെയായി പോലീസുകാര്‍ വന്നപ്പോള്‍ ഞാന്‍ ചെറുതായി ഒന്ന് ഉടക്കി. ഇവര്‍ പണ്ട് ആര്‍.എസ്.എസുകാരായിരുന്നു എന്ന് പറഞ്ഞാല്‍ പോരാ, ജൂണ്‍ 25-ന് ശേഷം അവര്‍ ഏര്‍പ്പെട്ട നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍ വേണം എന്ന് ഞാന്‍ ഉത്തരവിട്ടു. അന്ന് അത് മതിയായിരുന്നു ട്രാന്‍സഫറിന്.

ആഭ്യന്തരമന്ത്രി ആയിരുന്ന കരുണാകരന് വ്യക്തിപരമായി ഒരു കോപവും ഉണ്ടായിരുന്നില്ല എന്നോട്. അദ്ദേഹവും അച്ഛനും പരിചയക്കാരായിരുന്നു. ആ കഥ ഒന്നിലധികം സ്ഥലത്ത് എഴുതിയിട്ടുള്ളത് ആവര്‍ത്തിക്കേണ്ടതില്ല. മാറിയ സാഹചര്യങ്ങളില്‍ മറ്റൊരിടത്തേയ്ക്ക് മാറുന്നതാണ് നല്ലത് എന്ന് തോന്നി എന്ന സ്‌നേഹ വചസ്സോടെയാണ് അദ്ദേഹം പിന്നെ എന്റെ ആ സ്ഥലം മാറ്റത്തെക്കുറിച്ച് പറഞ്ഞത്.

കളക്ടറുദ്യോഗം എളുപ്പമല്ല. നീണ്ട അഞ്ച് സംവത്സരങ്ങളാണ് ഞാന്‍ ആ തിരക്കില്‍ കഴിഞ്ഞത്. അടിയന്തരാവസ്ഥ വരുന്നതിന് മുന്‍പ് തന്നെ ഞാന്‍ മാറ്റം ചോദിച്ചിരുന്നതാണ്. എമ്മെനും അച്യൂത മേനോനും സമ്മതിക്കാത്തതുകൊണ്ടാണ് തുടരേണ്ടി വന്നത്. അടിയന്തരാവസ്ഥയില്‍ എന്റെ സേവനം വേണ്ടിയിരുന്നില്ല. അതുകൊണ്ട് അവരും സമ്മതിച്ചു. അച്യൂതമേനോന്റെ വാത്സല്യവും മതിപ്പും എന്നെ അക്കാലത്തെ ഏറ്റവും കാമ്യമായ ഒരു കസേരയില്‍ എത്തിക്കുയും ചെയ്തു: ടൈറ്റാനിയത്തിന്റെ മാനേജിംഗ് ഡയറക്ടര്‍. 

കേരളത്തിലെ അടിയന്തരാവസ്ഥ ഇന്ന് സൗദി അറേബ്യയില്‍ കാണുന്ന രാജഭരണത്തെക്കാള്‍ ഭേദം ആയിരുന്നു എന്ന് പറയുന്നത് ആ നാടിനെ കുറ്റപ്പെടുത്താനല്ല. ഒരു ബിനൈല്‍ ഡിക്‌ടെറ്റര്‍ഷിപ്പ് ആയിരുന്നു കരുണാകരന്റെ ആ ഭരണം എന്ന് പറയുകയാണ് ലക്ഷ്യം. വണ്ടികള്‍ സമയത്ത് ഓടി. സര്‍ക്കാരാപ്പീസുകള്‍ കൃത്യമായി പ്രവര്‍ത്തിച്ചു. അട്ടിമറിയും നോക്കുകൂലിയും ബന്ദും ഘെരാവോയും ജാഥയും വഴിമുടക്കലും ഒന്നും ഇല്ല. അതിനിടെ ഒരു കുഞ്ഞാമ്പുവിനെ അന്യായമായി  അറസ്റ്റ് ചെയ്തതോ കരുണാകരന്റെ മറവില്‍ രണ്ടുമൂന്ന് ഡി.സി.സി പ്രസിഡന്റുമാര്‍ നാട് വാണ് കാശ് വാരിയതോ ജനം ഒട്ട് അറിഞ്ഞതുമില്ല.

വിമോചനസമരം കഴിഞ്ഞ് നടന്ന തെരഞ്ഞെടുപ്പില്‍ സമരത്തെ നേരിട്ട കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ നിലംപൊത്തി. അടിയന്തിരാവസ്ഥ കഴിഞ്ഞ് നടന്ന തെരഞ്ഞെടുപ്പില്‍ അടിയന്തിരാവസ്ഥക്കാലത്തെ അധികാരികള്‍ തന്നെ ജയിച്ചുവന്നു. കേരളത്തിലെ അടിയന്തിരാവസ്ഥയ്ക്ക് ജനം നല്‍കിയ അംഗീകാരം ആയിരുന്നു ആ തെരഞ്ഞെടുപ്പു ഫലം. 

കേരളത്തിലുണ്ടായ അതിക്രമങ്ങള്‍ അടിയന്തരാവസ്ഥ ഇല്ലെങ്കിലും സംഭവിക്കാവുന്നതായിരുന്നു. രാജന്‍ കേസ് ആണല്ലോ ഏറ്റവും കൂടുതല്‍ ചര്‍ച്ചാ വിഷയം ആയിട്ടുള്ളത്. അടിയന്തരാവസ്ഥയ്ക്ക് മുന്‍പും പിന്‍പും കസ്റ്റഡി മരണങ്ങള്‍ ഉണ്ടായിട്ടുണ്ട്. രാജന്റെ മരണം അടിയന്തരാവസ്ഥ കൊണ്ട് ഉണ്ടായതല്ല. അടിയന്തരാവസ്ഥ കൊണ്ട് സംഭവിച്ചത് ആ വിവരം പുറത്തറിയാന്‍ വൈകി എന്നത് മാത്രം ആണ്.

അച്യൂതമേനോന് വേണ്ടി കൂടെ ഒരു വക്കാലത്ത് ഹാജരാക്കട്ടെ. അച്യൂതമേനോന്‍ കമ്മ്യൂണിസ്റ്റുകാരന്‍ ആയിരുന്നു. പാര്‍ട്ടി പറഞ്ഞതനുസരിച്ച് അച്ചടക്കത്തിന്റെ ഭാഗമായി  മുഖ്യമന്ത്രി  ആയ സഖാവ്. അദ്ദേഹത്തിന് 1975-77 കാലത്ത് രണ്ട് വഴികാളാണ് മുന്നില്‍ ഉണ്ടായിരുന്നത്. ഒന്ന്, ഇന്ദിരയോട് സഹകരിക്കുന്ന പാര്‍ട്ടി നയത്തിന് വിധേയനായി തുടരുക. രണ്ട്, പാര്‍ട്ടി വിട്ട് പുറത്തുപോവുക. ചെങ്കൊടി പുതച്ച് തന്നെ മരിക്കണം  എന്ന് മോഹിച്ച അച്യുതമേനോന് മുന്നില്‍ രണ്ടാമത്തെ വഴി സ്വയം അടഞ്ഞുകിടന്നു. അതുകൊണ്ട് കിഴക്കന്‍ ജര്‍മ്മനിയിലും റഷ്യയിലും ഒക്കെ ചികിത്സയ്ക്ക് പോയും ഒരു നല്ല സി.പി.ഐക്കാരനായി വാനരത്രയത്തെപ്പോലെ മൗനം ഭജിച്ചും ഒരു തരത്തില്‍ കാലം കഴിച്ചു. അത്ര തന്നെ.

നമ്മുടെ പത്രങ്ങള്‍ ഒക്കെ അക്കാലത്ത് ഒരു ഉടുമ്പിന് പിറകെ ആയിരുന്നു. മൃഗശാലയില്‍ നിന്ന് ഒരു ഉടുമ്പ് ചാടിപ്പോയി. അത് ശംഖുമുഖത്ത് എത്തി എന്ന് മനോരമ. വട്ടിയൂര്‍ക്കാവിലേയ്ക്ക് പോകുന്നത് കണ്ടവരുണ്ട് എന്ന് മാതൃഭൂമി. അടിയന്തിരാവസ്ഥയ്ക്ക് എതിരെ പ്രതികരിക്കാന്‍ ആകെ ഉണ്ടായത് ഒരു പാവം കോവളം ചന്ദ്രന്‍.

പത്രങ്ങളും സൂപ്രീംകോടതിയും ആണ് ജനാധിപത്യത്തെ നിലനിര്‍ത്താന്‍ വേണ്ട അനുപേക്ഷണീയ ഘടകങ്ങള്‍ എന്നതാണ് അടിയന്തിരാവസ്ഥ നല്‍കുന്ന പാഠം. പെയ്ഡ് ന്യൂസും സെന്‍സേഷണലിസവും പത്രങ്ങളെയും ദൃശ്യമാധ്യമങ്ങളെയും ദുര്‍ബ്ബലപ്പെടുത്താതിരിക്കണം. സരിത കന്യകയാണ് എന്ന് കോടതി തീര്‍പ്പ് കല്പിക്കാതിരിക്കണം.

ഡി.ബാബുപോള്‍

അടിയന്തരാവസ്ഥ, ഉടുമ്പ്, സരിത (ലേഖനം - ഡി.ബാബുപോള്‍)
Join WhatsApp News
വായനക്കാരൻ 2015-06-02 13:19:42
അതൊരു സെൻസേഷനൽ തലക്കെട്ടാണല്ലോ ബാബു പോൾ. ഉടുമ്പും സരിതയും തമ്മിലുള്ള കണക്ഷൻ അറിയാൻ ലേഖനം മുഴുവൻ വായിച്ചു.
Martin 2015-06-02 16:39:58
ബോറിംഗ് അന്ന് കേട്ടോ കളക്ടർ ഇപ്പോഴും റിപീറ്റ് ചെയ്തുന്നത് . ഇടുകി പ്രൊജക്റ്റ്‌ നെ പറ്റി ഒന്നും ഇതിൽ ഒന്നും കണ്ടില്ല . (മലയാറ്റൂർ  കോപ്പി) . താങ്ക്സ് 
Jose Joseph 2015-06-02 16:41:42
It is heartening to learn that Dr. Babu Paul was one among the few Govt. Officials who had the courage to act according to their conscious in spite of the great risk they faced to their Job and Life during that frightening days.
വിക്രമൻ 2015-06-02 18:25:20
കേരളത്തിലെ മന്ത്രിമാരുടേം രാഷ്ട്രീയാക്കാരുടേം ലിംഗ പരിശോധന  നടത്തി അതൊന്നും കളങ്കപ്പെട്ടതല്ല എന്ന് ഉറപ്പ് വരുത്തിയതിനുശേഷം വേണം  സരിത കന്യകയല്ല എന്ന് കോടതി തീർപ്പു കല്പിക്കാൻ എന്ന് ബഹുമാനപ്പെട്ട കോടതി മുമ്പാകെ ഈ എളിയ പൗരൻ ഉണർത്തിക്കുന്നു 

saritha fan 2015-06-03 09:01:33
അടുത്ത സിനിമയുടെ പേരു കിട്ടി: സരിത കന്യകയാണു; സരിത ഒരു കന്യക; ഒരു കന്യകയുടെ കഥ
തിരിച്ചും ആകാം: സരിത കന്യകയല്ല; നിങ്ങളെന്നെ കന്യകയല്ലാതാക്കി
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക