Image

ജനസമ്പര്‍ക്ക പരിപാടി കണ്ണൂരില്‍

Published on 05 January, 2012
ജനസമ്പര്‍ക്ക പരിപാടി കണ്ണൂരില്‍
കണ്ണൂര്‍: മുഖ്യമന്ത്രിയുടെ ജില്ലയിലെ ജനസമ്പര്‍ക്ക പരിപാടി വ്യാഴാഴ്ച കണ്ണൂര്‍ പോലീസ് പരേഡ് ഗ്രൗണ്ടില്‍ തുടങ്ങി. രാവിലെ ഒമ്പതിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു.

ജില്ലയില്‍ 24,213 പരാതികളാണ് പൊതുജനങ്ങളില്‍നിന്ന് ലഭിച്ചിട്ടുള്ളത്. ഇതില്‍ പതിനായിരത്തോളം പരാതികള്‍ ബി.പി.എല്‍. കാര്‍ഡുമായും മൂവായിരത്തോളം സ്വര്‍ണപ്പണയ വായ്പാ ബാധ്യത ഒഴിവാക്കുന്നതുമായും ബന്ധപ്പെട്ടതാണ്. ഇവ പിന്നീട് പരിഗണിക്കുമെന്നും ഈ അപേക്ഷകര്‍ ജനസമ്പര്‍ക്ക പരിപാടിക്ക് എത്തേണ്ടതില്ലെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

ജനസമ്പര്‍ക്ക പരിപാടിക്ക് വിവിധ വകുപ്പുകളുടെ 33 കൗണ്ടറുകളാണ് ഒരുക്കിയിട്ടുള്ളത്. രാവിലെ ഒമ്പതുമുതല്‍ പരാതിയുമായി ബന്ധപ്പെട്ട വകുപ്പുകളുടെ കൗണ്ടറില്‍ നിന്ന് സേവനം ലഭിക്കും. മുഖ്യമന്ത്രിയെ നേരില്‍ക്കാണാന്‍ ആദ്യം കൗണ്ടറില്‍നിന്ന് ടോക്കണ്‍ വാങ്ങണം. ടോക്കണ്‍ വിതരണത്തിന് 20 ഉപ കൗണ്ടറുകളും പത്ത് അന്വേഷണ കൗണ്ടറുകളുമുണ്ടാവും.

അംഗവൈകല്യമുള്ളവരെയും രോഗികളെയുമാണ് ആദ്യം കാണുക. അവസാനത്തെ പരാതിക്കാരനെയും കണ്ട ശേഷമേ പരിപാടി അവസാനിപ്പിക്കുകയുള്ളൂ. ഭക്ഷണം, വെള്ളം, ആംബുലന്‍സ് സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ജനസമ്പര്‍ക്ക പരിപാടിയോടനുബന്ധിച്ച് നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാത്രിയില്‍ വിവിധ ഭാഗങ്ങളിലേക്ക് വാഹനസൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജനസമ്പര്‍ക്ക പരിപാടി നടക്കുന്ന 13-ാമത് ജില്ലയാണ് കണ്ണൂര്‍. ഇടുക്കി ജില്ലയാണ് ഇനി ബാക്കിയുള്ളത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക