Image

ലോക്പാല്‍: ബി.ജെ.പി നേതാക്കള്‍ പ്രസിഡന്റിനെ കാണും

Published on 05 January, 2012
ലോക്പാല്‍: ബി.ജെ.പി നേതാക്കള്‍ പ്രസിഡന്റിനെ കാണും
ന്യൂഡല്‍ഹി: ലോക്പാല്‍ പ്രശ്‌നത്തില്‍ നേരിട്ട് ഇടപെടണമെന്നാവശ്യപ്പെടാന്‍ ബി.ജെ.പി നേതാക്കള്‍ ഇന്ന് പ്രസിഡന്റ് പ്രതിഭാപാട്ടിലിനെ കാണും. മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനിയുടെയും പാര്‍ട്ടി പ്രസിഡന്റ് നിതിന്‍ ഗഡ്കരിയുടെയും നേതൃത്വത്തിലാണ് ബി.ജെ.പി സംഘം പ്രസിഡന്റിനെ കാണുന്നത്.

രാജ്യത്തിന്റെ പാര്‍ലമെന്റ് ചരിത്രത്തില്‍ നടന്ന ഏറ്റവും വലിയ തട്ടിപ്പുകളില്‍ ഒന്നാണ് ബില്ലിന്റെ ചര്‍ച്ചയ്ക്കിടെ രാജ്യസഭയില്‍ നടന്നതെന്ന് ബി.ജെ.പി. ആരോപിച്ചിരുന്നു. സര്‍ക്കാറിന് അധികാരത്തില്‍ തുടരാന്‍ അവകാശമില്ലെന്ന് ചൂണ്ടിക്കാട്ടിയ ബി.ജെ.പി. ലോക്‌സഭ ഉടനെ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രതിപക്ഷത്തിനു പുറമെ സഖ്യകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെയും എതിര്‍പ്പിനിടെ ലോക്പാല്‍ ബില്ലില്‍ വോട്ടെടുപ്പില്ലാതെ ചര്‍ച്ചകള്‍ അപൂര്‍ണമാക്കിയാണ് രാജ്യസഭപിരിഞ്ഞത്. അതോടെ, കേന്ദ്രസര്‍ക്കാറിനു നാണക്കേടായി വനിതാബില്‍പോലെ ലോക്പാല്‍ ബില്ലും പാര്‍ലമെന്റിന്റെ അംഗീകാരം ലഭിക്കാതെ മടങ്ങി.

ഇതുവരെ സാക്ഷ്യം വഹിക്കാത്ത ക്ഷുഭിതരംഗങ്ങള്‍ക്കിടെ, രാജ്യസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞതായി സഭാധ്യക്ഷന്‍ ഹമീദ് അന്‍സാരി പ്രഖ്യാപിക്കുകയായിരുന്നു. പാര്‍ലമെന്റിന്റെ ഈ സമ്മേളനത്തില്‍ ലോക്പാല്‍ ബില്‍ പാസ്സാക്കാന്‍ തുനിഞ്ഞ സര്‍ക്കാറിന് തിരിച്ചടിയായി എന്നു മാത്രമല്ല, സമ്മേളനത്തിന്റെ ഒടുവില്‍ മനപ്പൂര്‍വം നാടകീയരംഗങ്ങള്‍ ആവിഷ്‌കരിച്ചതായുള്ള ആരോപണവും നേരിടേണ്ടി വന്നിരിക്കുകയാണ്.

ബില്ലിന്റെ ചര്‍ച്ചയ്ക്ക് രാത്രി മുഴുവനും അടുത്ത ദിവസവും ഇരിക്കാന്‍ തയ്യാറാണെന്ന് പ്രതിപക്ഷത്തു നിന്ന് ജെയ്റ്റ്‌ലിയും സീതാറാം യെച്ചൂരിയും മറ്റും പറഞ്ഞിട്ടും ഭരണപക്ഷം ഇതിനു വഴങ്ങിയില്ല. ഭരണപക്ഷത്തിന്റേത് ആസൂത്രിതനാടകമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. എന്നാല്‍ ബജറ്റ് സമ്മേളനത്തില്‍ വീണ്ടും ബില്‍ അവതരിപ്പിക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക