Image

സുഖ്‌റാമിനോട് കീഴടങ്ങാന്‍ സുപ്രീംകോടതി

Published on 05 January, 2012
സുഖ്‌റാമിനോട് കീഴടങ്ങാന്‍ സുപ്രീംകോടതി
ന്യൂഡല്‍ഹി: പതിനഞ്ചുവര്‍ഷം മുമ്പ് നടന്ന ടെലികോം അഴിമതിക്കേസില്‍ കുറ്റക്കാരനാണെന്ന് കോടതി വിധിച്ച മുന്‍വാര്‍ത്താവിനിമയമന്ത്രി സുഖ്‌റാമിനോട് വിചാരണക്കോടതിക്ക് മുമ്പാകെ കീഴടങ്ങാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടു.

നരസിംഹറാവു മന്ത്രിസഭയില്‍ മന്ത്രിയായിരിക്കെ ഔദ്യോഗികസ്ഥാനം ദുരുപയോഗം ചെയ്ത് സ്വകാര്യകമ്പനിക്ക് ആനുകൂല്യങ്ങള്‍ ചെയ്തുകൊടുത്തുവെന്നാണ് 84കാരനായ സുഖ്‌റാമിനെതിരെയുള്ള കേസ്. അഴിമതി നിരോധന നിയമത്തിലെ വിവിധവകുപ്പുകള്‍ പ്രകാരവും ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ ക്രിമിനല്‍ ഗൂഢാലോചന വകുപ്പുപ്രകാരവും സുഖ്‌റാം കുറ്റക്കാരനാണെന്ന് പ്രത്യേക സി.ബി.ഐ. ജഡ്ജി ആര്‍.പി. പാണ്ഡേ കണ്ടെത്തി.

അഞ്ചുവര്‍ഷം തടവുശിക്ഷയാണ് ഇദ്ദേഹത്തിന് വിധിച്ചത്. 1998ലാണ് സി.ബി.ഐ. അദ്ദേഹത്തിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. മൂന്നുലക്ഷംരൂപ കൈക്കൂലി കൈപ്പറ്റി സുഖ്‌റാമും മറ്റൊരാളും ചേര്‍ന്ന് സ്വകാര്യകമ്പനിക്ക് വന്‍തോതില്‍ കേബിള്‍ അനുവദിച്ചുവെന്നാണ് കേസ്. 2009ല്‍ സി.ബി.ഐ. നടത്തിയ റെയ്ഡില്‍ സുഖ്‌റാം വരവില്‍ക്കവിഞ്ഞ് 4.25 കോടി രൂപയുടെ സ്വത്ത് സമ്പാദിച്ചതായി തെളിഞ്ഞിരുന്നു.

ഹിമാചല്‍പ്രദേശില്‍നിന്നുള്ള കോണ്‍ഗ്രസ് നേതാവായ സുഖ്‌റാം മൂന്നുതവണ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1993'96 കാലത്താണ് അദ്ദേഹം നരസിംഹറാവു മന്ത്രിസഭയില്‍ ടെലികോം സഹമന്ത്രിയായിരുന്നുത്.

2009ല്‍ മറ്റൊരു ടെലികോം അഴിമതിക്കേസില്‍ സുഖ്‌റാമിനെ മൂന്നുവര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നു. ഹൈദരാബാദിലെ അഡ്വാന്‍സ് റേഡിയോ മാസ്റ്റ്‌സ് എന്ന സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടറായ രാമറാവുവിന് അനധികൃതമായി ആനുകൂല്യങ്ങള്‍ ചെയ്തു കൊടുത്ത് പൊതുഖജനാവിന് 1.66 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ് കേസ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക