Image

സൗദിയില്‍ വനിതകളുടെ വസ്‌ത്രവ്യാപാര -ഫാഷന്‍ ഷോപ്പുകളിലും സ്വകാര്യവത്‌കരണം

Published on 05 January, 2012
സൗദിയില്‍ വനിതകളുടെ വസ്‌ത്രവ്യാപാര -ഫാഷന്‍ ഷോപ്പുകളിലും സ്വകാര്യവത്‌കരണം
റിയാദ്‌: സ്വദേശിവത്‌കരണത്തിന്‍െറ ഭാഗമായി സ്‌ത്രീകളുടെ സ്വകാര്യ വസ്‌ത്ര വ്യാപാര സഥാപനങ്ങളിലും സൗന്ദര്യവര്‍ധക വസ്‌തുക്കളുടെ വില്‍പന കേന്ദ്രങ്ങളിലും സ്വദേശി സ്‌ത്രീകളെ നിയമിക്കണമെന്ന മന്ത്രാലയ ഉത്തരവ്‌ ഇന്ന്‌ പ്രാബല്യത്തില്‍ വരും. ഇത്തരം സ്ഥാപനങ്ങളില്‍ സ്‌ത്രീവത്‌കരണ പ്രക്രിയ പൂര്‍ത്തീകരിക്കുന്നതിനുവേണ്ട നടപടികള്‍ സ്വീകരിക്കുന്നതിന്‌ അനുവദിച്ച സമയപരിധി ഇന്നലെ അവസാനിച്ചു. നിയമം പ്രാബല്യത്തില്‍ വരുന്നതോടെ സ്‌ത്രീകളുടെ സ്വകാര്യ വസ്‌ത്ര വ്യാപാര സ്ഥാപനങ്ങളില്‍ വ്യാപകമായ പരിശോധന നടത്തുമെന്ന്‌ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്‌. ഇതിന്‌ തൊഴില്‍ മന്ത്രാലയത്തിന്‍െറയും മതകാര്യ വകുപ്പിന്‍െറയും സംയുക്ത സമിതിയാണ്‌ നേതൃത്വം നല്‍കുക.

ഇന്ന്‌ രാവിലെ മുതല്‍ പരിശോധകര്‍ ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ പരിശോധനയാരംഭിക്കും. ആദ്യപടി എന്ന നിലയില്‍ പരിശോധന ഒരാഴ്‌ച നീണ്ടുനില്‍ക്കും. ചേംബര്‍ റിക്കാര്‍ഡുകളുമായി ബന്ധപ്പെട്ട്‌ പിടിക്കപ്പെടുന്ന കേസുകള്‍ ലേബര്‍ ഓഫിസിനും ലൈസന്‍സുമായി ബന്ധപ്പെട്ടവ മുനിസിപ്പാലിറ്റിക്കുമാണ്‌ കൈമാറുക. ഇതിനകം രാജ്യത്തെ പ്രധാന നഗരങ്ങളിലെ വ്യാപാര സ്ഥാപനങ്ങള്‍ സ്‌ത്രീകളെ നിയമിക്കുന്നതിനുവേണ്ട നടപടി ക്രമങ്ങള്‍ ഏതാണ്ട്‌ പൂര്‍ത്തീകരിച്ചു കഴിഞ്ഞതായാണ്‌ വിവരം. എന്നാല്‍ സ്‌ത്രീവത്‌കരണം സാധ്യമാകാത്ത സ്ഥാപനങ്ങള്‍ നിയമ നടപടികള്‍ ഭയന്ന്‌ മറ്റ്‌ വ്യാപാരങ്ങളിലേക്ക്‌ തിരിയുന്നതായും റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിരുന്നു. വ്യാപാര സ്ഥാപനങ്ങള്‍ക്ക്‌ മന്ത്രാലയം അനുവദിച്ച സമയപരിധി കഴിയുന്നതോടെ സ്‌ത്രീവത്‌കരണ നടപടികള്‍ പൂര്‍ത്തിയാക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ മന്ത്രാലയത്തിന്‍െറ സേവനങ്ങള്‍ നിര്‍ത്തിവെക്കുന്നതടക്കമുള്ള നടപടികള്‍ കൈകൊള്ളുമെന്ന്‌ നേരത്തെ മുന്നറിയിപ്പ്‌ നല്‍കിയിരുന്നു.

സ്‌ത്രീകളുടെ നിയമനവുമായി ബന്ധപ്പെട്ട്‌ മന്ത്രാലയം പുറത്തിറക്കിയ മാര്‍ഗനിര്‍ദേശമനുസരിച്ച്‌ സെയില്‍സ്‌ ഗേള്‍ (ചില്ലറ വ്യാപാരം), സൂപ്പര്‍വൈസര്‍, അക്കൗണ്ടന്‍റ്‌കാഷ്യര്‍, ഉപഭോക്തൃ സേവനം തുടങ്ങി നാല്‌ തസ്‌തികകളിലാണ്‌ സ്‌ത്രീകള്‍ ജോലി ചെയ്യുക. എട്ട്‌ മണിക്കൂറായിരിക്കും ജോലി സമയം. ആഴചയില്‍ ഒരുദിവസം അവധി ലഭിക്കും. കുറഞ്ഞ വേതനം 3000 റിയാലായിരിക്കുമെന്നും ഇതില്‍ പകുതി തൊഴിലുടമയും ബാക്കി മാനവ വിഭവശേഷി വകുപ്പുമാണ്‌ നല്‍കുക. മൂന്ന്‌ വര്‍ഷം വരെയാണ്‌ സര്‍ക്കാരില്‍നിന്ന്‌ ഈതുക ലഭിക്കുക.
സൗദിയില്‍ വനിതകളുടെ വസ്‌ത്രവ്യാപാര -ഫാഷന്‍ ഷോപ്പുകളിലും സ്വകാര്യവത്‌കരണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക