Image

ദുബായ്‌ ഷോപ്പിംഗ്‌ ഫെസ്റ്റിവലിന്‌ തുടക്കം

Published on 05 January, 2012
ദുബായ്‌ ഷോപ്പിംഗ്‌ ഫെസ്റ്റിവലിന്‌ തുടക്കം
ദുബായ്‌: ദുബായ്‌ ഷോപ്പിംഗ്‌ ഫെസ്റ്റിവലിന്‌ ഇന്ന്‌ തുടക്കം. രാത്രി എട്ടരയ്‌ക്ക്‌ ക്രീക്കില്‍ കരിമരുന്നു പ്രയോഗത്തോടെയാണ്‌ തുടക്കം. ആറു കിലോമീറ്റര്‍ നീളത്തില്‍ വിവിധയിടങ്ങളിലായി ഭൂമിയിലും ആകാശത്തുമെല്ലാം അഗ്നിപുഷ്‌പങ്ങള്‍ വിടരും. സംഗീതത്തോടുകൂടിയുള്ള കരിമരുന്നിന്റെ വര്‍ണപ്രപഞ്ചമാണ്‌ ഒരുങ്ങുക. പുതിയ നൂറ്റാണ്ടിന്റെ രണ്ടാം പതിറ്റാണ്ടിലെ രണ്ടാം വര്‍ഷത്തില്‍ മേളയുടെ കൊടി ഉയരുമ്പോള്‍ വര്‍ണങ്ങളുടെയും സമ്മാനങ്ങളുടെയും പെരുമഴയ്‌ക്കു തുടക്കമാകും.

ദുബായ്‌ ഇവന്റ്‌സ്‌ ആന്‍ഡ്‌ പ്രമോഷന്‍ എസ്‌റ്റാബ്ലിഷ്‌മെന്റിന്റെ (ഡിഇപിഇ) ആഭിമുഖ്യത്തില്‍ ഇന്നുമുതല്‍ ഫെബ്രുവരി അഞ്ചുവരെ നടക്കുന്ന മേളയില്‍ ആറായിരത്തിലേറെ റീട്ടെയില്‍ ഔട്‌ലെറ്റുകളും 50 ഷോപ്പിങ്‌ മാളുകളും പങ്കെടുക്കുന്നുണ്ട്‌. പാതയോരങ്ങളും ക്രീക്കുമെല്ലാം അണിഞ്ഞൊരുങ്ങിക്കഴിഞ്ഞു. പുരാതന അറബിക്‌ ഗ്രാമീണക്കാഴ്‌ചകളുമായാണ്‌ ക്രീക്ക്‌ ഒരുങ്ങുന്നത്‌. പരമ്പരാഗത രീതിയിലുള്ള കടകളുടെ നിര്‍മാണം പൂര്‍ത്തിയായിക്കഴിഞ്ഞു. ഇത്തവണ കൂടുതല്‍ പരിപാടികളും സമ്മാന മേളകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുര്‍ജ്‌ ഖലീഫയുടെ ചുറ്റുവട്ടത്താണ്‌ ഭാഗ്യശാലികളെ സമ്മാനങ്ങള്‍ കാത്തിരിക്കുന്നത്‌. കൗതുകവിരുന്നുകള്‍ക്കിടെ ദിവസവും രാത്രി പത്തിനും പതിനൊന്നിനും ഇടയ്‌ക്ക്‌ ഭാഗ്യശാലികളെ പ്രഖ്യാപിക്കും. പൊന്നും പണവും ആര്‍ഭാട വാഹനങ്ങളുമൊക്കെയായി മടങ്ങാന്‍ അവസരമുണ്ട്‌.

മൂന്നരലക്ഷം ദിര്‍ഹം വിലയുള്ള ഇന്‍ഫിനിറ്റി ക്യുഎക്‌സ്‌ 56 എസ്‌യുവിയും ഒരുലക്ഷം ദിര്‍ഹവും എല്ലാ ദിവസവും നറുക്കെടുപ്പിലൂടെ ലഭിക്കും. അവസാനദിവസം നാലുവാഹനങ്ങള്‍ നല്‍കും. മാളുകളില്‍ ആകര്‍ഷകമായ വിലക്കുറവില്‍ ഷോപ്പിങ്‌ നടത്താം. സ്വര്‍ണാഭരണങ്ങള്‍, ഇലക്‌ട്രോണിക്‌ സാധനങ്ങള്‍, തുണിത്തരങ്ങള്‍, സുഗന്ധലേപനങ്ങള്‍, കരകൗശല ഉല്‍പന്നങ്ങള്‍ എന്നിവ 75% വരെ വിലക്കുറവില്‍ ലഭിക്കും.
ദുബായ്‌ ഷോപ്പിംഗ്‌ ഫെസ്റ്റിവലിന്‌ തുടക്കം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക