Image

സ്റ്റാറ്റന്‍ഐലന്റ്‌ സെന്റ്‌ ജോര്‍ജ്‌ ഓര്‍ത്തഡോക്‌സ്‌ ഇടവകയ്‌ക്ക്‌ പുതിയ ദേവാലയം

റെജി വര്‍ഗീസ്‌ Published on 05 January, 2012
സ്റ്റാറ്റന്‍ഐലന്റ്‌ സെന്റ്‌ ജോര്‍ജ്‌ ഓര്‍ത്തഡോക്‌സ്‌ ഇടവകയ്‌ക്ക്‌ പുതിയ ദേവാലയം
ന്യൂയോര്‍ക്ക്‌: പാശ്ചാത്യദേശത്ത്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയ്‌ക്ക്‌ ആദ്യമായി സ്വന്തമായ ആരാധനാലയം കരസ്ഥമാക്കിയ ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ഐലന്റ്‌ സെന്റ്‌ ജോര്‍ജ്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌ ഓഫ്‌ ഇന്ത്യ പുതിയ ദേവാലയം നിര്‍മ്മിക്കുന്നു. സ്റ്റാറ്റന്‍ഐലന്റിന്റെ ഹൃദയഭാഗത്ത്‌ വാങ്ങിയ മനോഹരമായ ഭൂപ്രദേശത്ത്‌ ഓര്‍ത്തഡോക്‌സ്‌ പാരമ്പര്യത്തിലുള്ള വിശാലമായ പള്ളിയും കെട്ടിട സമുച്ചയവും നിര്‍മ്മിക്കാനുള്ള ബഹൃത്തായ പദ്ധതിക്ക്‌ ആരംഭം കുറിക്കുന്നു.

സ്റ്റാറ്റന്‍ഐലന്റ്‌ 28 സണ്‍സെറ്റ്‌ അവന്യൂവില്‍ ജനുവരി 21-ന്‌ ശനിയാഴ്‌ച രാവിലെ 11 മണിക്ക്‌ നോര്‍ത്ത്‌ ഈസ്റ്റ്‌ ഭദ്രാസനാധിപന്‍ അഭിവന്ദ്യ സക്കറിയാസ്‌ മാര്‍ നിക്കളാവോസ്‌ മെത്രാപ്പോലീത്ത തിരുമനസുകൊണ്ട്‌ ഗ്രൗണ്ട്‌ ബ്രേക്കിംഗ്‌ കര്‍മ്മം നിര്‍വഹിച്ചുകൊണ്ട്‌ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ തുടക്കംകുറിക്കും. വൈദീക ശ്രേഷ്‌ഠര്‍, ഭദ്രാസന ഭാരവാഹികള്‍, രാഷ്‌ട്രീയ-സാമൂഹിക-ഉദ്യോഗസ്ഥ പ്രമുഖര്‍ തുടങ്ങിയവര്‍ പ്രസ്‌തുത ചടങ്ങില്‍ പങ്കെടുക്കുന്നതാണ്‌.

സ്റ്റാറ്റന്‍ഐലന്റിലെ ആദ്യകാല ഓര്‍ത്തഡോക്‌സ്‌ വിശ്വാസികളുടെ ചിരകാലാഭിലാഷമായിരുന്ന മലയാളം കുര്‍ബാന എന്ന ആശയം പൂവണിയുന്നത്‌ 1994-ഓഗസ്റ്റ്‌ പത്തിനാണ്‌. ഓസ്റ്റിന്‍ പ്ലെക്‌സിലെ അമേരിക്കന്‍ ദേവാലയത്തില്‍ ന്യൂയോര്‍ക്ക്‌ സെന്റ്‌ തോമസ്‌ പള്ളി വികാരിയായിരുന്ന റവ. ഫാ. ടി.എം. സക്കറിയ (കോര്‍എപ്പിസ്‌കോപ്പ) വിശുദ്ധബലിയര്‍പ്പിച്ചതോടെയാണ്‌ സ്റ്റാറ്റന്‍ഐലന്റില്‍ ഓര്‍ത്തഡോക്‌സ്‌ ഇടവകയ്‌ക്ക്‌ ആരംഭംകുറിക്കുന്നത്‌.

ഏതാണ്ട്‌ 15 കുടുംബങ്ങളുമായി ആരംഭിച്ച ഈ ഇടവകയില്‍ ഇന്ന്‌ ഏതാണ്ട്‌ നൂറോളം കുടുംബങ്ങളുണ്ട്‌. ആദ്യമായി സൈമണ്‍ കുളങ്ങരയുടെ ഉടമസ്ഥതയിലുള്ള എലിസബത്ത്‌ മെമ്മോറിയല്‍ ഹാളില്‍ തുടര്‍ന്നുവന്ന ആരാധനയ്‌ക്ക്‌ വന്ദ്യ യോഹന്നാന്‍ ശങ്കരത്തില്‍ (കോര്‍എപ്പിസ്‌കോപ്പ), ദിവംഗതനായ വന്ദ്യ തോമസ്‌ മുണ്ടുകുഴി (കോര്‍എപ്പിസ്‌കോപ്പ), റവ.ഫാ. കെ.സി. ജോര്‍ജ്‌, വെരി. റവ.ഫാ. ടി.സി. മാത്തായി (കോര്‍എപ്പിസ്‌കോപ്പ) എന്നിവര്‍ നേതൃത്വം നല്‍കി. 1977-ല്‍ അമേരിക്കന്‍ ഭദ്രാസന പ്രഥമ മെത്രാപ്പോലീത്തയായിരുന്ന പുണ്യശ്ശോകനായ ഡോ. തോമസ്‌ മാര്‍ മക്കാറിയോസ്‌ തിരുമേനി, റവ. ഫാ. ടി.എ. തോമസിനെ വികാരിയായി നിയമിച്ചു. അപ്രതീക്ഷിതമായുണ്ടായ അഗ്നിബാധയില്‍ പള്ളി സാമിഗ്രികളും മറ്റ്‌ ഉപകരണങ്ങളും കത്തിനശിച്ചു എങ്കിലും ഇടവകാംഗങ്ങളുടെ ഒത്തൊരുമയുടേയും തീവ്രമായ പ്രാര്‍ത്ഥനയുടേയും, ആത്മസമര്‍പ്പണത്തിന്റേയും ഫലമായി 1980 മെയ്‌ ഒന്നാംതീയതി സ്വന്തമായ ഒരു ദേവാലയം (75 Cedergrove Av) കരസ്ഥമാക്കി.

അമേരിക്കന്‍ ഐക്യനാടുകളിലെ `പുതുപ്പള്ളി പള്ളി' എന്ന വിശേഷണത്തില്‍ അറിയപ്പെടുന്ന സ്റ്റാറ്റന്‍ഐലന്റ്‌ സെന്റ്‌ ജോര്‍ജ്‌ ദേവാലയമാണ്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയ്‌ക്ക്‌ പാശ്ചാത്യദേശത്ത്‌ സ്വന്തമായി ആരാധനാലം കരസ്ഥമാക്കുന്ന ആദ്യത്തെ ഇടവകപ്പള്ളി. മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ അമേരിക്കന്‍ ഭദ്രാസനത്തില്‍ ആദ്യമായി ഒരു വൈദീകനേയും (റവ. ഫാ. അജു മാത്യു), ഒരു ദയറാ പട്ടക്കാരനേയും (റവ.ഫാ. ആന്‍ഡ്രൂസ്‌ ദാനിയേല്‍) സംഭാവന ചെയ്യാനും ഈ ഇടവകയ്‌ക്ക്‌ സാധിച്ചിട്ടുണ്ട്‌.

1980 മെയ്‌ ഏഴിന്‌ പള്ളിയുടെ മൂറോന്‍ കൂദാശയും സമര്‍പ്പണവും ഡോ. തോമസ്‌ മാര്‍ മക്കാറിയോസ്‌ തിരുമനസ്സുകൊണ്ട്‌ നിര്‍വഹിച്ചു. വിശുദ്ധ ഗീവര്‍ഗീസ്‌ സഹദായുടെ നാമത്തില്‍ സ്ഥാപിതമായ ദേവാലയത്തില്‍ റവ.ഫാ. ടി.എ. തോമസ്‌, റവ.ഫാ. ദാനിയേല്‍, വെരി. റവ. പൗലോസ്‌ ആദായി (കോര്‍എപ്പിസ്‌കോപ്പ), റവ. ഫാ. ഫിലിപ്പ്‌ സി. ഏബ്രഹാം എന്നിവര്‍ സേവനം അനുഷ്‌ഠിച്ചു. റവ.ഫാ. അലക്‌സ്‌ കെ. ജോയി ഇടവകയുടെ വികാരിയായി പ്രവര്‍ത്തിച്ചുവരുന്നു.

3.5 മില്യന്‍ ഡോളര്‍ ചെലവ്‌ പ്രതീക്ഷിക്കുന്ന പുതിയ ദേവാലയത്തിന്റെ നിര്‍മ്മാണം 2013-ല്‍ പൂര്‍ത്തീകരിച്ച്‌ കൂദാശാകര്‍മ്മം നിര്‍വഹിക്കാനാണ്‌ പദ്ധതി. റവ.ഫാ അലക്‌സ്‌ കെ. ജോയി (വികാരി, പ്രസിഡന്റ്‌), ഈപ്പന്‍ തോമസ്‌ (ട്രഷറര്‍), ജോണ്‍ ചെറിയാന്‍ (സെക്രട്ടറി), ബാബു ഫിലിപ്പ്‌ (ഫിനാന്‍സ്‌ കോര്‍ഡിനേറ്റര്‍), നിതീഷ്‌ പി. ജോയി (കണ്‍സ്‌ട്രക്ഷന്‍ കോര്‍ഡിനേറ്റര്‍) എന്നിവര്‍ ഉള്‍പ്പെട്ട വിപുലമായ ചര്‍ച്ച്‌ ബില്‍ഡിംഗ്‌ കമ്മിറ്റി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ചുക്കാന്‍പിടിക്കുന്നു. നാളിതുവരെയുള്ള ഇടവകയുടെ പ്രവര്‍ത്തനങ്ങള്‍ക്കും സംരംഭങ്ങള്‍ക്കും എല്ലാവിധ പ്രോത്സാഹനവും സഹായ സഹകരണങ്ങളും നല്‍കിവരുന്ന മുഴുവന്‍ ആളുകളുടേയും തുടര്‍ന്നുള്ള പ്രാര്‍ത്ഥനയും സഹായങ്ങളും അഭ്യര്‍ത്ഥിക്കുന്നതോടൊപ്പം ഗ്രൗണ്ട്‌ ബ്രേക്കിംഗ്‌ കര്‍മ്മം കൂടുതല്‍ അനുഗ്രഹപ്രദമാക്കുവാന്‍ ഏവരേയും ചടങ്ങുകളിലേക്ക്‌ ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നുവെന്ന്‌ ഭാരവാഹികള്‍ അറിയിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: റവ.ഫാ. അലക്‌സ്‌ കെ ജോയി (973 489 6440), ഈപ്പന്‍ തോമസ്‌ (917 678 7468), ജോണ്‍ ചെറിയാന്‍ (718 698 8446), ബാബു ഫിലിപ്പ്‌ (347 200 2465), നിതീഷ്‌ പി. ജോയി (848 219 2760), റെജി വര്‍ഗീസ്‌ (646 708 6070). റെജി വര്‍ഗീസ്‌ (പി.ആര്‍.ഒ) അറിയിച്ചതാണിത്‌.
സ്റ്റാറ്റന്‍ഐലന്റ്‌ സെന്റ്‌ ജോര്‍ജ്‌ ഓര്‍ത്തഡോക്‌സ്‌ ഇടവകയ്‌ക്ക്‌ പുതിയ ദേവാലയം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക