Image

ഹൂസ്റ്റണിലെ മോഷണ പരമ്പര: പ്രതിഷേധിക്കാനെത്തിയത് വന്‍ ജനാവലി

അനില്‍ ആറന്മുള Published on 15 June, 2015
ഹൂസ്റ്റണിലെ മോഷണ പരമ്പര: പ്രതിഷേധിക്കാനെത്തിയത് വന്‍ ജനാവലി
ഹൂസ്റ്റണ്‍:  ഹൂസ്റ്റ്ണ്‍ന്റെ പ്രാന്തപ്രദേശമായ മിസ്സോറി സിറ്റിയിലും സമീപത്തും കഴിഞ്ഞ രണ്ടാഴ്ചയായി ഇന്ത്യക്കാരുടെ വീടുകള്‍ കേന്ദ്രീകരിച്ചു നടന്ന മോഷണത്തില്‍ പ്രതിഷേധിക്കാനെത്തിയത് ആയിരത്തിലധികം ആളുകള്‍.

വ്യവസായികളായ രണ്ടു മലയാളി കുടുംബങ്ങള്‍ക്കു നേരെയാണ് രണ്ടാഴ്ച മുമ്പ് ആക്രമണമുണ്ടായത്. സമാനരീതിയില്‍ നടന്ന രണ്ടു സംഭവങ്ങളിലും പിന്‍വശത്തെ കതകോ ജനാലയോ അടിച്ചു പൊട്ടിച്ച്  വീട്ടിനുള്ളില്‍ കടന്ന് വീട്ടിലുള്ളവരെ ബന്ദികളാക്കി പണവും വിലപിടിപ്പുള്ളതും കവരുകയായിരുന്നു. ഗൃഹനാഥന്‍മാര്‍ക്ക് മര്‍ദ്ദനവും ഏറ്റിരുന്നു.

ഇത് മലയാളികള്‍ തിങ്ങിപാര്‍ക്കുന്ന മിസ്സോറി സിറ്റി, ഷുഗര്‍ലാന്‍ഡ്, സ്റ്റാഫോര്‍ഡ് എന്നീ സിറ്റികളിലെ താമസക്കാരെ ഭീതിയിലാഴ്ത്തി. ഈ സംഭവത്തിനെതിരെ അധികാരികളുടെ കണ്ണുതുറപ്പിക്കാന്‍ വേണ്ടി മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍, ഹൂസ്റ്റണ്‍ ക്‌നാനായ കാത്തലിക് കമ്മ്യൂണിറ്റി, സൗത്ത് ഇന്ത്യന്‍ യു.എസ് ചേമ്പര്‍ ഓഫ് കോമേഴ്‌സ് എന്നീ സംഘടനകള്‍ ചേര്‍ന്നു സംഘടിപ്പിച്ച പ്രതിഷേധയോഗത്തിലായിരുന്നു ആയിരത്തിലേറെ മലയാളികളും മറ്റ് ഇന്ത്യക്കാരും പങ്കെടുത്തത്.

യോഗത്തില്‍ മിസ്സോറി സിറ്റി മേയര്‍ അലന്‍ ഓവന്‍, സ്റ്റാഫോര്‍ഡ് സിറ്റി മേയര്‍ ലെനാര്‍ഡ് സ്‌കാര്‍സെല, ഫോര്‍ട്ട് ബന്‍ഡ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ജോണ്‍ ഹേലി, മിസ്സോറി സിറ്റി പോലീസ് ചീഫ് മൈക്കേല്‍ ബറസിന്‍,  സ്റ്റാഫോര്‍ഡ് സിറ്റി പോലീസ് ചീഫ് ബോണി ക്രാന്‍, ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ഷെറിഫ് ലുട്ടനന്റ് റോഡ്‌നി ഗ്ലന്‍സിംഗ്, സ്റ്റാഫോര്‍ഡ് സിറ്റി കൗണ്‍സില്‍മാന്‍ കെന്‍ മാത്യൂ, ഫോര്‍ഡ് ബെന്‍ഡ് കൗണ്ടി സ്‌കൂള്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡ് ഓഫ് ട്രസ്റ്റി കെ.പി ജോര്‍ജ്, സ്‌റേററ്റ് റപ്രസന്റേറ്റീവ് റോണ്‍ റേയ്‌നോള്‍ഡ്, ഇന്ത്യ പ്രസ്‌ക്ലബ് വൈസ്പ്രസിഡന്റ് കോശി തോമസ് (വോയ്‌സ് ഓഫ് ഏഷ്യ ന്യൂസ്‌പേപ്പര്‍), അറ്റോര്‍ണി സുരേന്ദ്രന്‍ കോരന്‍ (മലയാളി അസോസിയേഷന്‍ പ്രസിഡന്റ്), എബി തത്തംകുളം (പ്രസിഡന്റ് കെ.സി.സി.എന്‍.എ) എന്നിവര്‍ പങ്കെടുത്തു സംസാരിച്ചു.

അമേരിക്കന്‍ നിയമവാഴ്ചയനുസരിച്ച് പ്രസിഡന്റിനും സാധാരണക്കാരനും സമാധാനപരമായി ജീവിക്കാനുള്ള തുല്യാവകാശം നടത്തിക്കൊടുക്കാന്‍ കടപ്പെട്ടവനാണ് താനെന്നും എന്ത് അന്യായത്തിനും എതിരെ പ്രതികരിക്കാന്‍ മുമ്പിലുണ്ടാവുമെന്നും ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ജോണ്‍ ഹേലി പറഞ്ഞു.

ഏതുവ്യക്തിക്കും സമാധാനപരമായി താമസിക്കാവുന്ന അമേരിക്കയിലെ ചുരുക്കം സിറ്റികളില്‍ ഒന്നാണ് മിസ്സോറി സിറ്റി എന്നും, അടുത്തകാലത്തായി ഏറെ  വളര്‍ച്ച പ്രാപിച്ചതില്‍ ഇന്ത്യക്കാര്‍ക്കുള്ള പങ്ക് ഏറെ വലുതാണെന്നും, അതില്‍ താന്‍ അവരോടു കടപ്പെട്ടിരിക്കുന്നു എന്നും മിസ്സോറി സിറ്റി മേയര്‍ അലന്‍ ഓവന്‍ തന്റെ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. മേയര്‍ എന്ന നിലയില്‍ ആര്‍ക്കും ഒരു ഭീതിയും കൂടാതെ ജീവിക്കാന്‍ തന്നാലാവുന്നതെല്ലാം ചെയ്യുമെന്നും ഇന്ത്യാക്കാരെ ഉള്‍പ്പെടുത്തി പോലീസ് സേന വികസിപ്പിക്കാനുള്ള തീരുമാനങ്ങള്‍ എടുത്തുകഴിഞ്ഞു എന്നും അദ്ദേഹം അറിയിച്ചു.

45 വര്‍ഷങ്ങളായി സ്റ്റാഫോര്‍ഡ് മേയറായിരിക്കുന്ന ലെനാര്‍ഡ് സ്‌കാര്‍സെല്ല വികാരനിര്‍ഭരമായാണ് സംസാരിച്ചത്. കുറ്റകൃത്യങ്ങള്‍ അമര്‍ച്ച ചെയ്യാന്‍ തൊട്ടടുത്തു കിടക്കുന്ന മിസ്സോറി സിറ്റി, ഷുഗര്‍ലാന്‍ഡ്, സ്റ്റാഫോര്‍ഡ് സിറ്റികള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നിതിനു തീരുമാനമെടുത്തതായി അദ്ദേഹം പറഞ്ഞു. മലയാളികള്‍ കൂടി ഉള്‍പ്പെട്ട ജനതയാണ് സ്റ്റാഫോര്‍ഡിനെ വലിയ നേട്ടങ്ങള്‍ കൈവരിക്കാന്‍ സഹായിച്ചത്. ഇവിടെ ഇന്ത്യന്‍ ഡോക്ടര്‍മാരും നഴ്‌സുമാരും ടീച്ചര്‍മാരും എന്തിനേറെ രാഷ്ട്രീയക്കാരന്‍ വരെയുണ്ട്-മുന്‍നിരയിലിരുന്ന കെന്‍ മാത്യൂവിനെ ചൂണ്ടി അദ്ദേഹം പറഞ്ഞു. എന്തുകൊണ്ട് പോലീസ് സേനയിലും നിങ്ങളുടെ കുട്ടികളെ അയച്ചുകൂടാ.

തുടര്‍ന്നു സംസാരിച്ച പോലീസ് ചീഫുമാരും, എല്ലാവര്‍ക്കും സമാധാനവും സൈ്വര്യവും ആയ ജീവിതത്തിന് അവകാശമുണ്ടെന്നും അത് നടപ്പിലാക്കാന്‍ തങ്ങളാല്‍ ആവുന്നതെല്ലാം ചെയ്യുമെന്നും ഉറപ്പു പറഞ്ഞു.

കെ.പി.ജോര്‍ജ് സ്വാഗതം ആശംസിച്ചു. ജോര്‍ജ് ഈപ്പന്‍ അതിഥികളെ പരിചയപ്പെടുത്തി. ജോര്‍ജ് കോലച്ചേരില്‍ നന്ദി പ്രകാശിപ്പിച്ചു.
ഹൂസ്റ്റണിലെ മോഷണ പരമ്പര: പ്രതിഷേധിക്കാനെത്തിയത് വന്‍ ജനാവലി
ഹൂസ്റ്റണിലെ മോഷണ പരമ്പര: പ്രതിഷേധിക്കാനെത്തിയത് വന്‍ ജനാവലി
ഹൂസ്റ്റണിലെ മോഷണ പരമ്പര: പ്രതിഷേധിക്കാനെത്തിയത് വന്‍ ജനാവലി
ഹൂസ്റ്റണിലെ മോഷണ പരമ്പര: പ്രതിഷേധിക്കാനെത്തിയത് വന്‍ ജനാവലി
ഹൂസ്റ്റണിലെ മോഷണ പരമ്പര: പ്രതിഷേധിക്കാനെത്തിയത് വന്‍ ജനാവലി
Join WhatsApp News
Justice 2015-06-15 14:33:46
Complaint to vayalar Ravi or Ramesh chennithala .They will solve the problem.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക