Image

സുഷമ-വസുന്ധര-മോഡി വിവാദങ്ങള്‍ മോഡിയെ നായാടുന്നു(ഡല്‍ഹികത്ത്: പി.വി.തോമസ്.)

പി.വി.തോമസ്. Published on 22 June, 2015
സുഷമ-വസുന്ധര-മോഡി വിവാദങ്ങള്‍ മോഡിയെ നായാടുന്നു(ഡല്‍ഹികത്ത്: പി.വി.തോമസ്.)
അഴിമതി-വിവാദ മുക്ത സുതാര്യ ഭരണം കാഴ്ചവച്ചു വെന്ന് അഭിമാനിച്ചുകൊണ്ട് ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ നരേന്ദ്രമോഡിയെ സുഷമ-വസുന്ധര-മോഡി വിവാദങ്ങള്‍ തീവ്രമായി നായാടുകയാണ്.

ആരാണ് ഈ സുഷ്മ എന്ന സുഷമ സ്വരാജ്? ആരാണ് വസുന്ധര എന്ന വസുന്ധ രാജെ സിന്ധ്യ? അതുപോലെ ആരാണ് മോഡി എന്ന ലളിത് മോഡി? ഇത് ഇന്‍ഡ്യന്‍ രാഷ്ട്രീയത്തിന്റെ എ.ബി.സി. അറിയാവുന്ന ആര്‍ക്കും അറിയാവുന്ന കാര്യം ആണ്. സുഷ്മ സ്വരാജ് ഇന്‍ഡ്യയുടെ ബഹുമാനപ്പെട്ട വിദേശകാര്യ മന്ത്രിയാണ്. രാഷ്ട്രീയത്തില്‍ പരിചയസമ്പന്നയാണ്. 1977-ല്‍ ജനത പാര്‍ട്ടി അധികാരത്തില്‍ വന്നപ്പോള്‍ 825 വയസില്‍ കേന്ദ്രസഭയിലെത്തിയ ഏറ്റവും പ്രായം കുറഞ്ഞ വനിതയെന്ന ഖ്യാതിനേടിയ വ്യക്തിയാണ്. ബി.ജെ.പി.യില്‍ എല്‍.കെ. അദ്വാനി ക്യാമ്പിലെ പ്രമുഖ അംഗവും ധനമന്ത്രിയും നരേന്ദ്രമോഡിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരനുമായ അരുണ്‍ ജയ്റ്റിലിയുടെ പ്രധാന പ്രതിയോഗിയും ആണ്. മോഡിയെ പ്രധാനമന്ത്രിപദത്തിലേക്ക് ബി.ജെ.പി. 

ഉയര്‍ത്തികാണിച്ചപ്പോള്‍ പാര്‍ട്ടിയിലെ സ്ഥാനങ്ങള്‍ രാജിവച്ച അദ്വാനിക്കൊപ്പം പാറപോലെ ഉറച്ച് നിന്ന വ്യക്തിയും ആണ് സുഷ്മ. സുഷമയെ മോഡി വിദേശകാര്യമന്ത്രി ആയി നിയമിച്ചപ്പോള്‍ അത് സ്വാഭാവികമായും അവരെ നിര്‍വീര്യമാക്കി മോഡിയുടെ കീഴില്‍ മന്ത്രിസഭയില്‍ പേരിനുവേണ്ടി മാത്രം നിലനിറുത്തുവാനുള്ള നീക്കമായി രാഷ്ട്രീയവൃത്തങ്ങള്‍ വ്യാഖ്യാനിച്ചതും അതുകൊണ്ടാണ്. അതുകൊണ്ട് തന്നെയാണ് ഇപ്പോള്‍ സുഷ്മക്കെതിരെ രഹസ്യങ്ങള്‍ ചോര്‍ന്നപ്പോള്‍ എതിര്‍ക്യാമ്പിലെ പ്രതിയോഗികലെ പ്രത്യേകിച്ചുംം ജയ്റ്റിലിയെ, ബി.ജെ.പി.ക്കുള്ളിലുള്ളവര്‍ തന്നെ സംശയിക്കുന്നത്. സുഷ്മയുടെ ഭര്‍ത്താവ് സ്വരാജ് കൗശല്‍ ഒരു പ്രമുഖ ബി.ജെ.പി. നേതാവ് ആണ്. സുഷമ-മോഡി-വസുന്ധര വിവാദത്തിലെ ലളിത് മോഡിയുടെ അഭിഭാഷകയാണ്.

വിവാദത്തിലെ മറ്റൊരു കഥാപാത്രം ആയ വസുന്ധര രാജെ സിന്ദ്യ ബി.ജെ.പി. നേതാവും രാജസ്ഥാന്‍ മുഖ്യമന്ത്രിയും ആണ്. അവര്‍ ഗ്വാളിയാര്‍ രാജകുടുംബാംഗവും ആണ്. അവര്‍ ലളിത് മോഡിയുടെ ആത്മമിത്രവും ആയിരുന്നു കുറേക്കാലം മുമ്പ് വരെ. സിന്ധ്യ നരേന്ദ്രമോഡിയുടെ നല്ല പുസ്തകത്തില്‍ ഉള്‍പ്പെടുന്ന വ്യക്തി അല്ല.

ഇനി ലളിത് മോഡി. ഇദ്ദേഹം ഇന്‍ഡ്യന്‍ പ്രീമിയര്‍ ലീഗ് എന്ന ശതകോടി ക്രിക്കറ്റ് സാമ്രാജ്യത്തിന്റെ സ്ഥാപകന്‍ ആണ്. ക്രിക്കറ്റ് ബെറ്റിംങ്ങ്, മാച്ച് ഫിക്ക്‌സിംങ്ങ്, കള്ളപ്പണം വെളുപ്പിക്കല്‍, കുഴല്‍പ്പണ കച്ചവടം എന്നീ സാമ്പത്തീക കുറ്റങ്ങളില്‍ പിടികിട്ടാപ്പുള്ളിയായി ബ്രിട്ടനില്‍ താമസിക്കുന്ന മോഡി ഇപ്പോള്‍. ഇദ്ദേഹത്തെ 16 കേസുകളില്‍ വിചാരണക്കും ചോദ്യം ചെയ്യലിനും ആയി ഇന്‍ഡ്യയില്‍ കൊണ്ടുവരുവാനായി എന്‍ ഫോഴ്‌സുമെന്റ് ഡയറക്ടറേറ്റ് തെരഞ്ഞുകൊണ്ടിരിയ്ക്കയുമാണ്. ഡയറക്ടറേറ്റ് ഇദ്ദേഹത്തെ തെരയുന്ന സാമ്പത്തീക കുറ്റങ്ങളില്‍ ചിലത്: ഐ.പി.എല്‍ സംബന്ധമായി ദക്ഷിണാഫ്രിക്കയിലേക്ക് 1350 കോടി രൂപ കടത്തിയത്, ലോക കായികഗ്രൂപ്പ് കോണ്ട്രാക്റ്റ് ഇനത്തില്‍ തിരിമറി നടത്തിയത് 425 കോടി രൂപയുടെ തിരിമിറ, പ്രീമിയര്‍ ലീഗ് കോണ്ട്രാക്റ്റ് ഇനത്തില്‍ 160 കോടി രൂപയുടെ തിരിമറി, വിദേശത്ത് കണ്‍സള്‍ട്ടന്‍സി ഇനത്തില്‍ 88.5 കോടിരൂപയുടെ വെട്ടിപ്പ് തുടങ്ങിയവ. ചുരുക്കത്തില്‍ ലളിത് മോഡി ഒരു സാമ്പത്തീക ഭീകരന്‍- ഇക്കണോമിക്ക് ടെററിസ്റ്റ് ആണ്. മുംബൈ അധോലോക നായകനായ ദാവൂദ് ഇബ്രാഹിമിനെപോലെ പിടികിട്ടാപ്പുള്ളിയാണ്.
എന്താണ് പിടികിട്ടാപ്പുള്ളിയായ ഈ സാമ്പത്തീക ഭീകരനുവേണ്ടി വിദേശകാര്യമന്ത്രി സുഷ്മയും മുഖ്യമന്ത്രി സിന്ധ്യയും ചെയ്തുകൊടുത്ത ഒത്താശകള്‍?

സുഷ്മ ബ്രിട്ടീഷ് അധികൃതരെ അറിയിച്ചു ലളിത് മോഡിക്ക് പോര്‍ച്ചുഗല്‍ സന്ദര്‍ശിക്കുവാനായി ബ്രിട്ടീഷ് സര്‍ക്കാര്‍ യാത്രാനുമതി നല്‍കിയാല്‍ ഇന്‍ഡ്യന്‍ ഗവണ്‍മെന്റിന് അതില്‍ യാതൊരു വിരോധവും ഇല്ലെന്ന്. ഇത് മുന്‍ യു.പി.എ. ഗവണ്‍മെന്റിന്റെ നയത്തിന് കടക വിരുദ്ധം ആണ്. യു.പി.എ. ഗവണ്‍മെന്റ് ബ്രിട്ടീഷ് ഗവണ്‍മെന്റിനെ കര്‍ക്കശമായി താക്കീത് നല്‍കിയിരുന്ന ലളിത് മോഡിയെ ബ്രിട്ടന്‍ വിടുവാന്‍ അനുവദിച്ചാല്‍ അത് ഇന്‍ഡോ-ബ്രിട്ടീഷ് ബന്ധങ്ങളെ സാരമായി ബാധിക്കുമെന്ന്. കാരണം മോഡി ഇന്‍ഡ്യയുടെ പിടികിട്ടാപ്പുള്ളിയാണ്. ബ്രിട്ടന്‍ അതനുസരിച്ച് മോഡിയുടെ യാത്രാനുമതി നിഷേധിച്ചിരിക്കുകയായിരുന്നു. ഇന്‍ഡ്യയുടെ ഈ പുതിയ മനം മാറ്റത്തില്‍ ബ്രിട്ടീഷ് അധികാരികള്‍ തന്നെ അതിശയിച്ചുപോയി.

ഏതായാലും മോഡിക്ക് സുഷ്മയുടെ ഇടപെടലിന്റെ ഫലമായി യാത്രാനുമതി ലഭിച്ചു. സുഷ്മ ചെയ്തത് വലിയൊരു അധികാര ദുരുപയോഗം ആയിരുന്നു. പെരുമാറ്റചട്ടലംഘനമായിരുന്നു. കാര്യലാഭത്തിനായുള്ള-പകരത്തിനു പകരം- അഴിമതിയായിരുന്നു. പക്ഷേ, സുഷ്മ ഇതിനെയെല്ലാം നിഷേധിച്ചു. മാനുഷിക പരിഗണനയുടെ പേരിലാണ് അവര്‍ ലളിത് മോഡിയുടെ കേസില്‍ ഇടപ്പെട്ടത്. കാരണം മോഡിയുടെ ഭാര്യ പോര്‍ച്ചുഗലില്‍ അര്‍ബ്ബുദ രോഗത്തിനായിട്ടുള്ള ചികിത്സയില്‍ ആയിരുന്നു. ഭാര്യയുടെ ഓപ്പറേഷനായി ഭര്‍ത്താവായ മോഡിക്ക് നേരിട്ട് ഹാജരായി ചിലപേപ്പറുകലില്‍ ഒപ്പിടുവാന്‍ ഉണ്ട്. മാത്രവുമല്ല, സുഷ്മ ബ്രിട്ടീഷ് അധികാരികളോട് നിഷ്‌ക്കര്‍ഷിച്ചിരുന്നു ബ്രിട്ടീഷ് നിയമം അനുവദിക്കുന്നതനുസരിച്ച് മാത്രമേ പ്രവര്‍ത്തിക്കുവാന്‍ പാടുള്ളൂവെന്ന്.

എത്ര ശുദ്ധഗതി! എത്ര നേരേവാ നേരേ പോ എന്ന സമീപനം. പക്ഷേ, ഇത് ശരിയല്ല. സുഷ്മ ഈ മാനുഷീക പരിഗണ വേറെ എത്ര പേരുടെ കാര്യത്തില്‍ ചെയ്തിട്ടുണ്ട്? എന്തുകൊണ്ട് ലളിത് മോഡിയുടെ കാര്യത്തില്‍ മാത്രം? ലളിത് മോഡി സുഷ്മയുടെ ആത്മസുഹൃത്തായതു കൊണ്ടല്ലേ? സുഷമയുടെ ഭര്‍ത്താവും മകളും മോഡിയുടെ അഭിഭാഷകര്‍ ആയതുകൊണ്ടല്ലേ? മോഡി സുഷ്മയുടെ മരുമകന്‍ ബ്രിട്ടനിലെ സുസക്‌സ് കോളേജില്‍ അഡ്മിഷന്‍ വാങ്ങിച്ച് കൊടുത്തതു കൊണ്ടല്ലേ? വെളിച്ചത്ത് വരാത്ത എത്രയെത്ര ഇടപാടുകള്‍ ഇനിയും ഉണ്ടായിരിക്കും. ഇത് മാനുഷീക പരിഗണനയല്ല. അധികാരത്തിന്റെ പച്ചയായ ദുരുപയോഗം ആണ്. രാജ്യ താല്പര്യങ്ങള്‍ക്കെതിരെ ഒരു മന്ത്രി നടത്തുന്ന വഴിവിട്ട നടപടിയാണ്.

സുഷമ വാദിക്കുന്നു ബ്രിട്ടീഷ് നിയമം അനുവദിക്കുമെങ്കില്‍ മോഡിയെ സഹായിക്കുവാന്‍. സുഷ്മയെന്താ ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ നിയമോപദേശകയാണോ? ഇന്‍ഡ്യയുടെ വിദേശകാര്യം മന്ത്രി വേറൊരു രാജ്യത്തെ അധികൃതരുടെയടുത്ത് ഒരു സഹായം തേടുമ്പോള്‍ അവിടെ എന്ത് നിയമവും മനോധര്‍മ്മവും ആണ് പാലിക്കപ്പെടുകയെന്നത് ആര്‍ക്കും മനസിലാവുന്നതേയുള്ളൂ. ആ ഇടപെടലിന്റെ ഉദ്ദേശവും മറു രാജ്യത്തെ അധികൃതയ്ക്ക് മനസിലാക്കും. അതുകൊണ്ട് മാനുഷീക പരിഗണനയും നിയമപരമായി മാത്രമുള്ളൂ സഹായവും എന്നൊക്കെയുള്ളത് ജനങ്ങളെ വിഡ്ഢികളാക്കുവാനുള്ള വില കുറഞ്ഞ തന്ത്രങ്ങള്‍ മാത്രം ആണ്.

ശരി മാനുഷീക പരിഗണനയുടെ പേരില്‍ സുഷമ മോഡിക്കുവേണ്ടി ഇടപെട്ടു. എങ്കില്‍ ഈ മാനുഷീക ഉദ്ദേശം മാത്രം ആയിരിക്കണം ലക്ഷ്യം എന്ന നിര്‍ദ്ദേശം സുഷമ നിഷ്‌കര്‍ഷിച്ചോ? ഇല്ല, മോഡി യൂറോപ്പിലെ റിസോര്‍ട്ട് നഗരങ്ങളിലും നിശാസദനങ്ങളിലും ആടി തകര്‍ക്കുകയായിരുന്നു. കൂട്ടിനായി ഹോളിവുഡ് നടികള്‍ വന്‍കിട മോഡലുകള്‍ തുടങ്ങിയവരും. പാരീസ് ഹില്‍ട്ടനും നാവോമി കാമ്പെല്ലും എല്ലാം ഇവരില്‍ ചിലര്‍ മാത്രം. ഇതാണ് മാനുഷീക പരിഗണനയുടെ പേരില്‍ ഇന്‍ഡ്യയുടെ വിദേശകാര്യമന്ത്രി രാജ്യത്തിന്റെ ഒരു പിടികിട്ടാപുള്ളിക്കുവേണ്ടി ചെയ്തുകൊടുത്തത്! 

സിന്ധ്യ ചെയ്ത് തെറ്റ് മറ്റൊന്നാണ്. ഈ പിടികിട്ടാപുള്ളിക്ക് ബ്രിട്ടനില്‍ ഒളിച്ച് കുടിയേറി പാര്‍ക്കുവാനുള്ള രേഖകളില്‍ സാക്ഷിയായി ഒപ്പിട്ടുവെന്നതാണ്! അന്ന് സിന്ധ്യ രാജസ്ഥാനിലെ പ്രതിപക്ഷനേതാവ് ആയിരുന്നു. സിന്ധ്യയുടെ സാക്ഷിസ്ഥാനം വെളിപ്പെടുത്തുന്നത് തന്നെ മോഡിയാണ്. പക്ഷേ, സിന്ധ്യക്ക് അങ്ങനെ ഒരു കാര്യം ഓര്‍മ്മയേയില്ല. 'വാട്ട് ഡോക്യുമെന്റ് ആര്‍ യൂ ടോക്കിംങ്ങ് എബൗട്ട്?' എന്നാണ് സിന്ധ്യ മാധ്യമങ്ങളോട് ചോദിച്ചത്. ചിലപ്പോള്‍ നമുക്ക് എല്ലാ കാര്യങ്ങളും ഓര്‍മ്മിച്ചിരിക്കുവാന്‍ സാധിക്കുകയില്ലല്ലോ. പക്ഷേ, എന്തിനാണ് മോഡി സിന്ധ്യയുടെ മകന്റെ കമ്പനിയില്‍ 6 കോടി രൂപ നിഷേധിച്ചത്? സുഷ്മയുടെ മാനുഷീക പരിഗണന എന്ന വാദം പോലെ സിന്ധ്യപക്ഷത്തിന്റെ വാദം സിന്ധ്യ അന്ന് മുഖ്യമന്ത്രി ആയിരുന്നില്ല, വെറുമൊരു പ്രതിപക്ഷ നേതാവ് മാത്രം ആയിരുന്നു എന്നാണ്. ഇവര്‍ മനസിലാക്കേണ്ട ഒരു കാര്യം ഇന്‍ഡ്യയിലെ ഒരു സംസ്ഥാനത്തിലെ ഒരു പ്രതിപക്ഷ നേതാവിന് അതും ദേശീയ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവിന് ഒട്ടും മോശമല്ലാത്ത ഒരു മേല്‍വിലാസവും സ്ഥാനയോഗ്യതയും ഉണ്ട് എന്നുള്ളത് ആണ്.

സുഷ്മയും സിന്ധ്യയും സ്വമേധയ രാജിവയ്ക്കുവാന്‍ തയ്യാറല്ല. സുഷ്മയെ പിന്തുണച്ചുകൊണ്ട് പാര്‍ട്ടി പ്രസിഡന്റ് അമിത് ഷായും ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംങ്ങും ജയ്റ്റിലിയും രംഗത്തുവന്നു. പാര്‍ട്ടിയില്‍ ഭിന്നതയൊന്നും ഇല്ലെന്ന് പുറം ലോകത്തെ അറിയിക്കുകയെന്നതായിരുന്നു ലക്ഷ്യം. സുഷ്മയുടെ രാഷ്ട്രീയപ്രതിയോഗിയായ ജയ്റ്റിലി പറഞ്ഞു സുഷ്മ സദുദ്ദേശത്തോടെയാണ് മോഡിയെ സഹായിച്ചത് എന്നാണ്. അതേ ശ്വാസത്തില്‍ തന്നെ അദ്ദേഹം സമ്മതിക്കുകയും ചെയ്ത മോഡി ഇന്‍ഡ്യയില്‍ 16 സാമ്പത്തീക കുറ്റങ്ങളില്‍ സാങ്ങട്ട് ആയിട്ടുള്ള  വ്യക്തി ആണെന്ന്. അങ്ങനെ രാജ്യം തെരഞ്ഞു കൊണ്ടിരിക്കുന്ന ഒരു വ്യക്തിയെ സഹായിക്കുന്നതില്‍ എന്ത് സദുദ്ദേശം ആണുള്ളത്. മിസ്റ്റര്‍ ജയ്‌ലിറ്റി?

പ്രധാനമന്ത്രി നരേന്ദ്രമോഡി ഇങ്ങനെ ഒരു സംഭവം നടന്നതായിട്ടേ നടിച്ചിട്ടില്ല. അദ്ദേഹം ഇത് ഇപ്പോള്‍ എഴുതുന്ന സമയം വരെ മൗനത്തിലാണ്. എന്ത ്‌നടപടി ആയിരിക്കും മോഡിയും ബി.ജെ.പി.യും ഈ രണ്ട് മന്ത്രിമാര്‍ക്കെതിരെ സ്വീകരിക്കുക? നടപടികള്‍ ഒന്നും ഉണ്ടായില്ലെങ്കില്‍ പാര്‍ലിമെന്റിന്റെ മണ്‍സൂണ്‍ സെഷന്‍ ഈ പ്രളയത്തില്‍ ഒലിച്ച് പോകുവാനുള്ള എല്ലാ സാദ്ധ്യതയും ഉണ്ട്. ഒപ്പം മോഡിയുടെയും അദ്ദേഹത്തിന്റെ ഗവണ്‍മെന്റിന്റെയും വിശ്വാസ്യതയും.

സുഷമ-വസുന്ധര-മോഡി വിവാദങ്ങള്‍ മോഡിയെ നായാടുന്നു(ഡല്‍ഹികത്ത്: പി.വി.തോമസ്.)
Join WhatsApp News
Ninan Mathulla 2015-06-22 08:26:33
What happened to all the UDF critics in this forum against Oommen Chandy and his team. Looks like they all disappered in to thin air. No poem also coming from their pen.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക