Image

പ്രതിവിധി സമ്പൂര്‍ണ മദ്യനിരോധം മാത്രം

Published on 22 June, 2015
പ്രതിവിധി സമ്പൂര്‍ണ മദ്യനിരോധം മാത്രം
മദ്യവിഷയത്തില്‍ മുങ്ങിയുള്ള മരണങ്ങള്‍ക്ക് നാട്ടില്‍ ഇനിയും അറുതിയാകുന്ന ലക്ഷണമില്ളെന്നാണ് കഴിഞ്ഞദിവസങ്ങളിലായി മുംബൈയിലുണ്ടായ ഒടുവിലെ ദുരന്തം തെളിയിക്കുന്നത്. പശ്ചിമ മുംബൈയിലെ മലാഡിലുള്ള മാല്‍വണിയില്‍ വ്യാഴാഴ്ച വൈകീട്ട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വിഷമദ്യദുരന്തത്തില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 105 ആയി. 25 പേരുടെ നില ഗുരുതരമായി തുടരുകയാണെന്നിരിക്കെ മരണനിരക്ക് ഇനിയും കൂടാനേ ഇടയുള്ളൂ. ലക്ഷ്മിനഗര്‍ കോളനിയില്‍ താമസിക്കുന്ന കൂലിപ്പണിക്കാരും റിക്ഷാഡ്രൈവര്‍മാരുമായ പാവങ്ങളാണ് വ്യാജമദ്യം അകത്താക്കി മരണം വിലയ്ക്കു വാങ്ങിയത്. താണെ, പാല്‍ഘര്‍ മേഖലകളിലെ വനങ്ങളിലും ചേരികളിലെ കുടിലുകളിലും വാറ്റി വിറ്റുവരുന്ന ‘വ്യാജ’നില്‍ മെഥനോള്‍ അധികം ചേര്‍ത്തതാണ് മരണകാരണമെന്ന് പറയപ്പെടുന്നു. വീര്യം കൂട്ടാന്‍ മെഥനോള്‍ ചേര്‍ത്തതായി സംഭവത്തിന്‍െറപേരില്‍ പിടിയിലായവര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യയില്‍ ഒറിജിനലും വ്യാജനുമൊക്കെയായി മദ്യം കൂട്ടനശീകരണായുധമായി മാറിയിട്ട് കാലം കുറച്ചായി. ഇക്കഴിഞ്ഞ ജനുവരിയിലാണ് യു.പിയിലെ ലഖ്നോവില്‍ 31 പേര്‍ വിഷമദ്യം അകത്താക്കി മരണം പൂകിയത്. മുംബൈയില്‍തന്നെ 2004ല്‍ മദ്യദുരന്തത്തില്‍ 87 പേര്‍ മരിച്ചിരുന്നു. നാലുവര്‍ഷം മുമ്പ് 170 പേര്‍ പശ്ചിമബംഗാളില്‍ കൂട്ടനാശത്തിനു വിധേയരായി. എല്ലാ കഥയിലെയും വില്ലന്‍ മാരകമായ വിഷാംശങ്ങള്‍ ചേര്‍ത്ത വീര്യംകൂടിയ മദ്യംതന്നെ. എന്നിട്ടെന്ത്? ദുരന്തങ്ങള്‍ പഴയപടിതന്നെ ആവര്‍ത്തിക്കുന്നു. അതത്തേുടര്‍ന്നുള്ള സര്‍ക്കാര്‍ അന്വേഷണവും മുറതെറ്റാതെ മറ്റൊരു ദുരന്തമായി കലാശിക്കുന്നു. ഇന്ത്യന്‍ ജനസംഖ്യയില്‍ അഞ്ചു ശതമാനത്തിലേറെ ഇപ്പോഴും മദ്യത്തിനടിമകളാണ്. സമ്പന്ന സംസ്ഥാനമെന്ന് പറയാവുന്ന പഞ്ചാബില്‍ യുവ ജനസംഖ്യയുടെ മുക്കാല്‍ പങ്കും മദ്യാസക്തരാണ്. നമ്മുടെ കൊച്ചുകേരളത്തില്‍തന്നെ ഗവണ്‍മെന്‍റിന്‍െറ റവന്യൂ വരുമാനത്തിന്‍െറ 40 ശതമാനത്തിലേറെ മദ്യത്തില്‍ നിന്നാണല്ളോ വരുന്നത്. അതുകൊണ്ടുതന്നെ ബാറുകളും പാര്‍ലറുകളും സമൃദ്ധമായി അനുവദിച്ച് ജനത്തെ നിര്‍ലോഭം മദ്യത്തില്‍ കുളിപ്പിച്ചുകിടത്തുന്നുണ്ട് സര്‍ക്കാര്‍. ഈ തക്കം മനസ്സിലാക്കി ഏതാണ്ടെല്ലാ സംസ്ഥാനങ്ങളിലും ‘പാവപ്പെട്ടവന്‍െറ മദ്യവിതരണക്കാര്‍’ നഗരങ്ങളിലും ഗ്രാമങ്ങളിലുമായി മറ്റൊരു സമാന്തര മദ്യലോബിതന്നെ ഉണ്ടാക്കിയെടുത്തിട്ടുണ്ട്. സമൂഹത്തിലെ ഉന്നതശ്രേണിയിലുള്ളവര്‍ക്ക് ബ്രാന്‍ഡിനങ്ങള്‍ അകത്താക്കാന്‍ വഴിയുള്ളപ്പോള്‍ പാവങ്ങള്‍ക്ക് മിനുങ്ങാന്‍ പട്ടച്ചാരായമടക്കമുള്ള നാടന്‍വിഭവങ്ങളാണ് ആശ്രയം. ഇതു കണ്ടറിഞ്ഞ് വേണ്ടത്ര വീര്യംകൂട്ടി മദ്യം വിളമ്പിയാണ് ഇവര്‍ തടിച്ചുകൊഴുക്കുന്നത്. രാജ്യത്ത് പ്രതിവാരം വിഷക്കള്ള് അകത്താക്കി ഒന്നോ രണ്ടോ പേര്‍ മരിച്ചുവീഴുന്നുണ്ടെന്ന് ഇന്ത്യന്‍ ആല്‍ക്കഹോള്‍ പോളിസി അലയന്‍സിന്‍െറ കണക്കുകള്‍ പറയുന്നു. രാജ്യവ്യാപകമായി വര്‍ധിച്ചുവരുന്ന വിഷമദ്യത്തിന്‍െറ വ്യാപ്തിയാണ് ഇത് തെളിയിക്കുന്നത്. മുംബൈയിലെ ചേരിപ്രദേശങ്ങളില്‍ കുടില്‍വ്യവസായത്തിന് സമാനമായാണ് വ്യാജമദ്യക്കച്ചവടം നടക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. പൊലീസ്, എക്സൈസ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് ഇവരുടെ സമാന്തര ബിസിനസ് തഴച്ചുവളരുന്നത്.
അതത് സംഭവങ്ങളില്‍ വഴിപാടുപോലെ അന്വേഷണം നടത്തി നിയമനടപടികള്‍ സ്വീകരിക്കുന്നതല്ലാതെ ഭാവിയില്‍ സമാനദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ഉപായങ്ങളൊന്നും ഭരണകൂടങ്ങള്‍ ആരായുന്നില്ല. എന്നുതന്നെയല്ല, അവരുടെ മൂക്കിനുതാഴെ ഈ കൊലയാളിക്കൂട്ടങ്ങളുടെ ഒത്താശക്കാരായി സര്‍ക്കാര്‍ ഉദ്യോഗസ്ഥരും രാഷ്ട്രീയനേതാക്കളുമൊക്കെ സൈ്വരവിഹാരം നടത്തുന്നുണ്ട്. മാസപ്പടി മുറ പോലെ നല്‍കിയാല്‍ ഏതു പാഷാണവും വില്‍പന നടത്താന്‍ ഇക്കൂട്ടര്‍ വേണ്ടതെല്ലാം ചെയ്തുകൊടുക്കും. മലാഡ് വിഷമദ്യദുരന്തത്തില്‍ ഏതാനും ജൂനിയര്‍ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വിശദമായ അന്വേഷണത്തിന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് ഉത്തരവിട്ടിട്ടുമുണ്ട്. എന്നാല്‍, ഇതെല്ലാം യഥാര്‍ഥ പ്രതികളെ സംരക്ഷിച്ചുകൊണ്ടുള്ള മുഖംരക്ഷിക്കല്‍ നടപടിയാണെന്ന് പ്രതിപക്ഷമാരോപിക്കുന്നു. കേവല രാഷ്ട്രീയ ആരോപണം മാത്രമായി ഇത് തള്ളാനാവില്ല എന്നതാണ് അനുഭവം. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ്, ബി.ജെ.പി കക്ഷിഭേദങ്ങളൊന്നുമില്ല. മദ്യ, വ്യാജമദ്യലോബികളെ  സംരക്ഷിക്കുന്നതില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ മാറിമാറി മത്സരിക്കുകയാണ്. കേരളത്തിലെ ബാര്‍ കോഴയുമായി ബന്ധപ്പെട്ട വിവാദത്തിലും മുമ്പ് കേരളത്തില്‍ നടന്ന വിഷമദ്യദുരന്തങ്ങളുടെ അന്വേഷണങ്ങളിലുമെല്ലാം ഇത് വ്യക്തമായതാണ്.
മദ്യം നാട്ടിലൊഴുക്കാന്‍ ഭരിക്കുന്നവര്‍ പറഞ്ഞുവരുന്ന ന്യായം വ്യാജനെ തടയാന്‍ എന്നാണ്. എന്നാല്‍, ഒറിജിനലും വ്യാജനുമായി നിര്‍ബാധം മദ്യമൊഴുക്കി നാട്ടുകാരെ മരണത്തിന്‍െറയും നിത്യദുരിതത്തിന്‍െറയും കയത്തിലേക്ക് തള്ളിവിടുകയാണ് ഇവര്‍ ചെയ്യുന്നത്. മദ്യദുരന്തത്തില്‍നിന്ന് പാഠമുള്‍ക്കൊണ്ട് ഗുജറാത്ത് സമ്പൂര്‍ണ മദ്യനിരോധം നടപ്പാക്കി. അത് ഫലം ചെയ്തെന്നും മദ്യനിരോധത്തെ എതിര്‍ക്കുന്ന തല്‍പരകക്ഷികള്‍ ചൂണ്ടിക്കാണിച്ച പ്രശ്നങ്ങളൊന്നും അവിടെ ഉണ്ടായില്ളെന്നും സ്ഥിതിവിവരങ്ങള്‍ വ്യക്തമാക്കുന്നു. മലാഡ് കൂട്ടക്കൊലക്ക് ഉത്തരവാദികളായവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം. ഏതാനും ഉദ്യോഗസ്ഥരെ ബലിയാടാക്കിയതു കൊണ്ടായില്ല. വിഷക്കച്ചവടത്തിനു പിന്നിലുള്ള മുഴുവന്‍ കണ്ണികളെയും പിടികൂടി കഠിനശിക്ഷ നല്‍കണം. എന്നാല്‍, ഇനിയും ഈ കെടുതികള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള പോംവഴി തനി വിഷമെന്ന് സകലരും അംഗീകരിക്കുന്ന മദ്യത്തിന് സമ്പൂര്‍ണ നിരോധമേര്‍പ്പെടുത്തുകതന്നെയാണ്. (Madhyamam)
Join WhatsApp News
Ninan Mathulla 2015-06-22 06:38:08
The idea is good but not practical. Now technology is available to make it in every home. Best approach is to educate people on the controlled use of it. It is the job of community leaders (both religious and political) to educate the public. They are looking for the easy way out in suggesting these prohibition methods instead of doing their job of giving direction and purpose in life to the people.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക