Image

വെള്ളാപ്പള്ളിയും തൊഗാഡിയയും കേരളത്തെ എങ്ങോട്ടാണ് കൊണ്ടുപോകുന്നത്?

Published on 24 June, 2015
വെള്ളാപ്പള്ളിയും തൊഗാഡിയയും കേരളത്തെ എങ്ങോട്ടാണ് കൊണ്ടുപോകുന്നത്?
കെ. ബാബുരാജ് (Madhyamam)

പൊതു തെരഞ്ഞെടുപ്പായാലും ഉപതെരഞ്ഞെടുപ്പായാലും രഹസ്യമായോ പരസ്യമായോ ചില വോട്ടുകച്ചവടങ്ങള്‍ എല്ലാകാലത്തും കേരളത്തില്‍ നടക്കാറുണ്ട്. അരുവിക്കരയില്‍ ഇത്തവണ അത് നടന്നതാകട്ടെ, തികച്ചും ആസൂത്രിതവും തന്ത്രപരവും ദീര്‍ഘവീക്ഷണത്തോടെയുള്ള ഒരു പദ്ധതിയുടെ ഭാഗമായിട്ടുമാണ്. വിശ്വഹിന്ദു പരിഷത്ത് ആഗോള വര്‍ക്കിങ് പ്രസിഡന്‍റ് ഡോ. പ്രവീണ്‍ തൊഗാഡിയയും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും തമ്മിലാണ് കച്ചവടമുറപ്പിച്ചത്. അരുവിക്കര മണ്ഡലത്തിലെ ഈഴവ വോട്ടുകള്‍ ബി.ജെ.പി സ്ഥാനാര്‍ഥി ഒ. രാജഗോപാലിന് ലഭ്യമാക്കുക എന്നതില്‍ ഒതുങ്ങുന്നില്ല ഈ വ്യാപാരത്തിലെ വ്യവസ്ഥ. ഒരു ദീര്‍ഘകാല കരാറിന്‍െറ തുടക്കംമാത്രമാണ് അരുവിക്കര. കേരളത്തിലെ ഈഴവരെ ഹിന്ദു വോട്ടുബാങ്കാക്കി പരിണമിപ്പിക്കുക എന്ന ലക്ഷ്യത്തിലത്തെുന്നതിന്‍െറ ആസിഡ് ടെസ്റ്റാണ് 27ന് നടക്കാന്‍ പോകുന്ന വോട്ടെടുപ്പ്.


അരുവിക്കരയിലെ ജനസംഖ്യയില്‍ 35 ശതമാനത്തിലേറെ ഈഴവര്‍ ഉണ്ടെന്നാണ് കണക്ക്. അവരില്‍ കൂടുതല്‍പേരും ഇടതുപക്ഷ വിശ്വാസികളോ അനുഭാവികളോ ആണത്രെ. മതേതരമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍. അവര്‍ക്കിടയില്‍ ഹിന്ദുവര്‍ഗീയത കുത്തിനിറച്ച് മതവിദ്വേഷം പടര്‍ത്തി രാഷ്ട്രീയനേട്ടം കൊയ്യാനുള്ള പദ്ധതിക്കാണ് തൊഗാഡിയയും വെള്ളാപ്പള്ളിയും കൈകോര്‍ത്തിരിക്കുന്നത്. കഴിഞ്ഞ രണ്ടു മാസമായി എസ്.എന്‍.ഡി.പി ശാഖകള്‍ പുനരുജ്ജീവനത്തിന്‍െറ തിരക്കിലായിരുന്നു. വി.എച്ച്.പി കേരളത്തില്‍ തുടങ്ങാന്‍പോകുന്ന മെഡിക്കല്‍ കോളജുകളില്‍ ഒന്ന് അരുവിക്കരയിലാണെന്നാണ് ഈഴവകേന്ദ്രങ്ങളില്‍ പ്രചാരണം. ഒരു എന്‍ജിനീയറിങ് കോളജും അരുവിക്കരയില്‍ തുടങ്ങാന്‍ പോകുന്നുണ്ടത്രെ. ഈ സ്ഥാപനങ്ങളില്‍ കിട്ടാന്‍പോകുന്ന ജോലി, വാങ്ങാനിരിക്കുന്ന ശമ്പളം, പ്രദേശത്തുണ്ടാകാന്‍പോകുന്ന വികസനം എല്ലാറ്റിന്‍െറയും മേല്‍നോട്ടം എസ്.എന്‍.ഡി.പിക്ക് ആയിരിക്കുമെന്നതാണ് പ്രവീണ്‍ തൊഗാഡിയയുടെ ഉറപ്പ്. കാലവര്‍ഷം കുറവാണെങ്കിലും അരുവിക്കരയിലെ ഈഴവര്‍ക്കിടയില്‍ വാഗ്ദാനപ്പെരുമഴ തോരാതെ പെയ്യുകയാണ്.
പ്രഫഷനല്‍ കാന്‍സര്‍ ശസ്ത്രക്രിയാ വിദഗ്ധനാണ് ഡോ. പ്രവീണ്‍ തൊഗാഡിയയെങ്കിലും കഴിഞ്ഞ മൂന്നുനാല് പതിറ്റാണ്ടുകളായി അദ്ദേഹം ചെയ്തുകൊണ്ടിരിക്കുന്നത് മതവൈരം എന്ന കാന്‍സര്‍ ജനങ്ങളില്‍ പടര്‍ത്തുകയാണ്. സംഘ്പരിവാറില്‍ നരേന്ദ്ര മോദിയുടെ ആദ്യകാല സഹപ്രവര്‍ത്തകനായിരുന്നു തൊഗാഡിയ.

എണ്‍പതുകളുടെ ആദ്യം മോദി ആര്‍.എസ്.എസിലേക്കും തൊഗാഡിയ വി.എച്ച്.പിയിലേക്കും നിയോഗിക്കപ്പെട്ടു. ഗുജറാത്താണ് പ്രവര്‍ത്തനമണ്ഡലമായി തൊഗാഡിയ തെരഞ്ഞെടുത്തത്. 2001ല്‍ തൊഗാഡിയയുടെ പൂര്‍ണ പിന്തുണയിലാണ് നരേന്ദ്ര മോദി മുഖ്യമന്ത്രിയായത്. തന്‍െറ വലങ്കൈയായ വി.എച്ച്.പിയിലെ ഗോര്‍ധന്‍ സദാഫിയയെ മോദി മന്ത്രിസഭയില്‍ ആഭ്യന്തരമന്ത്രിയാക്കി പൊലീസ് ഭരണം അക്കാലത്ത് തൊഗാഡിയ നിയന്ത്രിച്ചു. 2002ലെ ഗുജറാത്ത് കലാപത്തിന്‍െറ സൂത്രധാരന്മാരില്‍ പ്രധാനി തൊഗാഡിയയായിരുന്നു. മുസ്ലിംകളെ കൊന്നത് എന്‍െറ ആളുകളായിരുന്നിട്ടും അതിന്‍െറ നേട്ടം കിട്ടിയത് നരേന്ദ്ര മോദിക്കാണെന്ന് ഒരു ഘട്ടത്തില്‍ തൊഗാഡിയ മന$സ്താപപ്പെട്ടിട്ടുണ്ട്.


മതവിദ്വേഷ പ്രസംഗത്തിന്‍െറ പേരില്‍ ഇന്ത്യയില്‍ ഏറ്റവുംകൂടുതല്‍ ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് പ്രവീണ്‍ തൊഗാഡിയക്കെതിരെയാണ്. 19 കേസുകള്‍ കേരളത്തിലും. കടുത്ത മതവിദ്വേഷം ഉളവാകുന്ന പ്രസംഗങ്ങള്‍ അദ്ദേഹം നടത്തിയിട്ടുണ്ട്. 2012ല്‍ തൃപ്രയാറില്‍ ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം സംസ്ഥാന സമ്മേളനത്തില്‍ തൊഗാഡിയ പ്രസംഗിച്ചത് മുസ്ലിംകള്‍ കടലില്‍ മീന്‍പിടിക്കാന്‍ പോകുന്നത് ഹിന്ദുക്കള്‍ തടയണമെന്നാണ്. ഇന്ത്യയുടെ കടല്‍ ഹിന്ദുക്കളുടെതാണെന്നും മീന്‍ പിടിക്കാനുള്ള അവകാശം ഹിന്ദുക്കള്‍ക്ക് മാത്രമാണെന്നും അന്നദ്ദേഹം പ്രഖ്യാപിച്ചു. അതിനുമുമ്പ് കോഴിക്കോട്ട് പൊതുയോഗത്തില്‍ തൊഗാഡിയ പ്രസംഗിച്ചത് കേരളം ജിഹാദികളുടെ നാടാണെന്നും ദക്ഷിണേന്ത്യയിലെ കശ്മീര്‍ ആണെന്നുമാണ്. ഈ പ്രസംഗം വിവാദമായപ്പോള്‍ സംസ്ഥാനത്തേക്ക് തൊഗാഡിയ വരുന്നത് സര്‍ക്കാര്‍ കുറച്ചുകാലത്തേക്ക് തടഞ്ഞു.

എന്നാല്‍, തൃപ്രയാറിലെ പ്രസംഗത്തിന്‍െറപേരില്‍ പൊലീസ് കേസെടുത്തതായി അറിവില്ല. അഥവാ എഫ്.ഐ.ആര്‍ ഇട്ടിട്ടുണ്ടെങ്കില്‍തന്നെ അതെവിടെയോ പൊടിമൂടി കിടപ്പാണ്. കേരളത്തില്‍ യഥേഷ്ടം വരാനും പോകാനും പ്രസംഗിക്കാനും ഇപ്പോള്‍ തൊഗാഡിയക്ക് തടസ്സങ്ങളൊന്നുമില്ല. കഴിഞ്ഞ ഒരു മാസത്തിനിടയില്‍ അഞ്ചുതവണ അദ്ദേഹം സംസ്ഥാനത്ത് വന്നു. കൃത്യമായ ലക്ഷ്യം എസ്.എന്‍.ഡി.പി ആയിരുന്നു. വെള്ളാപ്പള്ളി നടേശനുമായുള്ള നിരന്തര ആശയവിനിമയങ്ങള്‍. കണിച്ചുകുളങ്ങരയിലെ വസതിയില്‍ വെള്ളാപ്പള്ളിയുടെ ആതിഥ്യം. ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടെ ചരടുവലികള്‍. വി.എച്ച്.പി കേരളത്തില്‍ തുടങ്ങാന്‍പോകുന്ന ആരോഗ്യ-വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സമ്പൂര്‍ണ നടത്തിപ്പുചുമതല എസ്.്്എന്‍.ഡി.പിക്ക്, അഥവാ വെള്ളാപ്പള്ളി നടേശനും തുഷാര്‍ വെള്ളപ്പള്ളിക്കുമാണെന്നാണ് കൂടിയാലോചനകള്‍ക്കൊടുവില്‍ തീരുമാനിക്കപ്പെട്ടത്.

അഞ്ചുവര്‍ഷംകൊണ്ട് അഞ്ചു മെഡിക്കല്‍ കോളജുകള്‍, 10 എന്‍ജിനീയറിങ് കോളജുകള്‍, കാര്‍ഷികമേഖലയില്‍ ഇടുക്കിയിലും ആലപ്പുഴയിലും പുത്തന്‍ സംരംഭങ്ങള്‍... പ്രവീണ്‍ തൊഗാഡിയ മുന്നോട്ടുവെച്ച വന്‍ സാമ്പത്തികതാല്‍പര്യങ്ങളുടെ ചൂണ്ടയില്‍ വെള്ളാപ്പള്ളി കൊത്തിക്കഴിഞ്ഞു. ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത് എന്ന ഗുരുവചനം തൊഗാഡിയക്കുമുന്നില്‍ അടിയറവെച്ച് മുപ്പത് വെളിക്കാശിന് യേശുവിനെ ഒറ്റുകൊടുത്ത യൂദാസിനെ തോല്‍പിക്കാന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ് വെള്ളാപ്പള്ളി നടേശന്‍. എസ്.എന്‍.ഡി.പിയുടെ ചടങ്ങില്‍ തൊഗാഡിയയെ പങ്കെടുപ്പിക്കുകയും അദ്ദേഹത്തെ മഹത്ത്വവത്കരിക്കുകയും ചെയ്തതോടെ നടേശന്‍മുതലാളിയുടെ താല്‍പര്യങ്ങള്‍ മറയില്ലാതെ പുറത്തുവന്നിരിക്കുന്നു.


യു.പിയിലും ഗുജറാത്തിലും മധ്യപ്രദേശിലുമെല്ലാം സംഘ്പരിവാര്‍ പയറ്റി വിജയിച്ച തന്ത്രമാണ് കേരളത്തിലും അതിസമര്‍ഥമായി ആവിഷ്കരിക്കുന്നത്. അടിസ്ഥാനപരമായി സവര്‍ണ പാര്‍ട്ടിയായ ബി.ജെ.പി പിന്നാക്കക്കാരായ കല്യാണ്‍ സിങ്ങിനെ യു.പിയിലും നരേന്ദ്ര മോദിയെ ഗുജറാത്തിലും ഉമാഭാരതിയെ മധ്യപ്രദേശിലും മുന്നില്‍ നിര്‍ത്തിയാണ് ഹിന്ദുരാഷ്ട്രീയം വളര്‍ത്തിയത്.


കേരളത്തില്‍ തുടര്‍ച്ചയായി തെരഞ്ഞെടുപ്പുകളില്‍ തോല്‍ക്കുന്ന പാര്‍ട്ടിയായ ബി.ജെ.പി വളരണമെങ്കില്‍ ഈഴവസമുദായത്തില്‍ നുഴഞ്ഞുകയറണമെന്ന് അമിത് ഷാ തിരിച്ചറിഞ്ഞിരിക്കുന്നു. സംസ്ഥാനത്ത് ഇടതുപക്ഷത്തിന്‍െറ പ്രധാന പിന്‍ബലം ഈഴവരടങ്ങിയ പിന്നാക്കസമുദായമാണ്. ഇടതുപക്ഷത്തെ തകര്‍ക്കാതെ കേരളത്തില്‍ ബി.ജെ.പിക്ക് മുന്നേറാന്‍ കഴിയില്ല. അതിന് കരുവാക്കാന്‍ ഏറ്റവും പറ്റിയ ആളായാണ് വെള്ളാപ്പള്ളി നടേശനെ സംഘ്പരിവാര്‍ കണ്ടത്തെിയത്.


ഒ. രാജഗോപാലിന്‍െറ അരുവിക്കരയിലെ സ്ഥാനാര്‍ഥിത്വംവരെ അങ്ങേയറ്റം ആസൂത്രിതമാണെന്നാണ് ഇതില്‍നിന്ന് വ്യക്തമാകുന്നത്. 85കാരനായ രാജഗോപാല്‍ തുടര്‍ച്ചയായ തെരഞ്ഞെടുപ്പ് തോല്‍വികള്‍ക്കുശേഷം സജീവരാഷ്ട്രീയത്തിന് വിടുതല്‍നല്‍കി ഗവര്‍ണര്‍ കുപ്പായത്തില്‍ ഇടംതേടാന്‍ ശ്രമിക്കുമ്പോഴാണ് വീണ്ടുമൊരു ഉപതെരഞ്ഞെടുപ്പങ്കത്തിലേക്ക് അദ്ദേഹത്തെ തള്ളിവിട്ടത്. രാജഗോപാല്‍ പത്രിക കൊടുത്തതിന്‍െറ പിറ്റേന്നുമുതല്‍ക്കേ അദ്ദേഹം രണ്ടാംസ്ഥാനത്ത് വരുമെന്നും ഇടതു സ്ഥാനാര്‍ഥി എം. വിജയകുമാര്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും സംഘ്പരിവാര്‍ പ്രചണ്ഡപ്രചാരണം നടത്തുന്നുണ്ട്.

മൂന്നാംസ്ഥാനത്ത് യു.ഡി.എഫിലെ ശബരിനാഥന്‍ വരുമെന്ന് ബി.ജെ.പി പറയുന്നില്ല. അതിനു കാരണം അരുവിക്കരയില്‍ ശബരിനാഥന്‍ ജയിക്കണമെന്നാണ് അവരുടെ ഉള്ളിന്‍െറയുള്ളിലെ ആഗ്രഹം. അങ്ങനെ സംഭവിച്ചാല്‍ കേരളത്തില്‍ ഇടതുപക്ഷത്തിന്‍െറ തകര്‍ച്ചക്ക് ആക്കംകൂടുമെന്നും അതുവഴി ബി.ജെ.പിക്ക് പിടിച്ചുകയറാനുമാകുമെന്നുമാണ് സംഘ്പരിവാറിന്‍െറ കണക്കുകൂട്ടല്‍. അരുവിക്കരയില്‍ ജയിച്ചാല്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും ജയിച്ച് ഭരണത്തില്‍ തിരിച്ചുവരാന്‍ കഴിയുമെന്നാണ് യു.ഡി.എഫിന്‍െറ പ്രതീക്ഷ. എല്‍.ഡി.എഫ് തകരുമ്പോള്‍ അതില്‍ നില്‍ക്കുന്നവര്‍ ഇടംതേടുക കോണ്‍ഗ്രസിലാവില്ല, മറിച്ച് ബി.ജെ.പിയിലേക്കാണ് അവര്‍ പോകുക. സംസ്ഥാനത്ത് മതന്യൂനപക്ഷങ്ങളില്‍ ഭൂരിഭാഗവും യു.ഡി.എഫിനെ പിന്താങ്ങുമ്പോള്‍ ഭൂരിപക്ഷസമുദായത്തില്‍നിന്നാണ് ഇടതുപക്ഷത്തിന് വോട്ടുകള്‍ ലഭിക്കുന്നത്. അത് അട്ടിമറിക്കുകയാണ് സംഘ്പരിവാര്‍ ലക്ഷ്യമിടുന്നത്.

Join WhatsApp News
ANIYANKUNJU 2015-06-24 22:18:24
FWD: .............സംഘപരിവാര്‍ മുമ്പോട്ടുവയ്ക്കുന്ന രാഷ്ട്രീയം സവര്‍ണാധിപത്യത്തിന്റെ, പ്രത്യേകിച്ച് ബ്രഹ്മണാധിപത്യത്തിന്റെ രാഷ്ട്രീയമാണ്. ആത്യന്തികലക്ഷ്യം നേടുന്നതുവരെ സംഘപരിവാര്‍ അത് പുറത്തുപറയില്ല. എന്നാല്‍, വരികള്‍ക്കിടയിലൂടെ വായിക്കുന്നവര്‍ക്ക് ഇത് മനസ്സിലാക്കാന്‍ വിഷമമില്ല. സംഘപരിവാറിന്റെ 'ബ്രാഹ്മണിയല്‍ ഹിന്ദുത്വ' സിദ്ധാന്തങ്ങളുടെ അടിസ്ഥാനം ചാതുര്‍വര്‍ണ്യവ്യവസ്ഥതന്നെ. ഇടവേളകളില്‍ ഇതിന് മറയിടാന്‍ ഇതര സമുദായങ്ങളില്‍പ്പെട്ട ആരെയെങ്കിലും എന്തെങ്കിലും സ്ഥാനത്തൊക്കെയാക്കിയെന്നുവരാം. എന്നാല്‍, അത് "ബ്രാഹ്മണിയല്‍ ഹിന്ദുത്വം' സ്ഥാപിച്ചെടുക്കുന്നതിനുള്ള നീക്കത്തിലെ ഉപായങ്ങള്‍മാത്രം.ഇത് മനസ്സിലാക്കാതെ, അഥവാ മനസ്സിലാക്കിയിട്ടും ഇതര താല്‍പ്പര്യങ്ങള്‍ മുന്‍നിര്‍ത്തി മനസ്സിലായില്ലെന്ന് നടിച്ച് സംഘപരിവാറിന് പട്ടുപരവതാനി വിരിച്ചാല്‍ ഉണ്ടാവുക വര്‍ണവ്യവസ്ഥയുടെ പുനഃസ്ഥാപനമാണ്. ബ്രാഹ്മണനെ ഏറ്റവും മുകളിലും ശൂദ്രനെ ഏറ്റവും താഴെയുമുള്ള തട്ടുകളിലാക്കുന്ന ജീര്‍ണമായ വര്‍ണവ്യവസ്ഥ.

ഹിന്ദുമതത്തിന് സെമറ്റിക് മതങ്ങളുടേതുപോലുള്ള ഒരു ഘടനയില്ലെന്ന് ചിലര്‍ പറയാറുണ്ട്. ഈ വര്‍ണവ്യവസ്ഥതന്നെയാണ് അതിന്റെ ഘടന. ഹിറ്റ്ലര്‍ ആര്യപുരാതനരുടെ വംശശുദ്ധി പുനഃസ്ഥാപിക്കാന്‍ ശ്രമിച്ചതുപോലെ, മുസ്സോളിനി പ്രാചീന റോമാസാമ്രാജ്യവംശശുദ്ധി പുനഃസ്ഥാപിക്കാന്‍ ശ്രമിച്ചതുപോലെ സംഘപരിവാര്‍ പഴയ ബ്രാഹ്മണാധിപത്യം പുനഃസ്ഥാപിക്കാന്‍ നിലകൊള്ളുന്നവരാണ്. ഇത് പിന്നോക്കസമുദായത്തില്‍പ്പെട്ടവരും അവരുടെ നേതാക്കളെന്ന് അവകാശപ്പെടുന്നവരും കാണുന്നില്ലെങ്കില്‍ ഹാ കഷ്ടം! എന്നേ പറയാനാകൂ.

സംഘപരിവാര്‍ പുനഃസ്ഥാപിക്കാനാഗ്രഹിക്കുന്നത് സ്മൃതിവാക്യങ്ങള്‍ സാമൂഹികനിയമമാകുന്ന ഒരു വ്യവസ്ഥയാണ്. "ശൂദ്രം അക്ഷരസംയുക്തം ദൂരത പരിവര്‍ജയേല്‍' എന്നത് ഒരു സ്മൃതിവാക്യമാണ്. അക്ഷരം പഠിച്ച ശൂദ്രനെ അകറ്റിനിര്‍ത്തണമെന്നര്‍ഥം. ശൂദ്രന് വേദപഠനത്തിനവകാശമില്ല. വേദംകേട്ട ശൂദ്രന്റെ ചെവിയില്‍ ഈയം ഉരുക്കിയൊഴിക്കണം. ശൂദ്രന് പതിരുകലര്‍ത്തിയേ ധാന്യം അളന്നുകൊടുക്കാവൂ. ജീര്‍ണവസ്ത്രമേ ഉടുക്കാന്‍ കൊടുക്കാവൂ. ശൂദ്രന് ധര്‍മനിര്‍ണയാധികാരമില്ല. ഏതെങ്കിലും രാജാവ് ബുദ്ധിമോശത്തിന് ധര്‍മനിര്‍ണയാധികാരം ശൂദ്രന് നല്‍കിയാല്‍ ആ രാജ്യം മുടിഞ്ഞുപോകും. ഇതൊക്കെയാണ് സ്മൃതി പറയുന്നത്. ഇപ്രകാരമുള്ള ഒരു ചാതുര്‍വര്‍ണ്യവ്യവസ്ഥ പുനഃസ്ഥാപിക്കാനാണ് പ്രവീണ്‍ തൊഗാഡിയമാര്‍ ഇന്ന് വിശ്രമമില്ലാതെ ഓടിനടക്കുന്നത്. ഇത് മനസ്സിലാക്കിവേണം തൊഗാഡിയയെ ക്ഷണിച്ചിരുത്തി നല്ല സര്‍ട്ടിഫിക്കറ്റുകൊടുക്കാന്‍!  ഇത്തരം തൊഗാഡിയമാരുണ്ട് രാജ്യത്തിന്റെ പല ഭാഗത്തും. അവര്‍ക്ക് രാഷ്ട്രീയ അധികാരവുമുണ്ട്. അത്തരക്കാര്‍ സംരക്ഷിക്കാനുണ്ട് എന്നതുകൊണ്ടാണ് ഐഐടി പരീക്ഷയില്‍ മികച്ച വിജയം നേടിയ ദളിത് കുട്ടികള്‍ ആക്രമിക്കപ്പെടുന്നത്. തൊഗാഡിയമാര്‍ക്കും അവരുടെ രാഷ്ട്രീയപ്രസ്ഥാനത്തിനും സ്വീകാര്യതയുണ്ടാക്കിക്കൊടുക്കാനിറങ്ങുന്നവര്‍ ഇതൊക്കെ ഓര്‍മിക്കുന്നതുകൊള്ളാം.. .............


JOHNY KUTTY 2015-06-25 09:06:15
മാധ്യമം പത്രം പ്രചരിപ്പിക്കുന്നത് ഒരു തരത്തിലുള്ള തീവ്ര മുസ്ലിം നിലപാട് ആണ്. തീവ്രവാദം എന്ന് പറയാൻ പറ്റില്ല, പക്ഷെ ആളുകളെ തീവ്രവാദത്തിലേക്ക് ആകര്ഷിക്കാൻ സഹായിക്കുന്നതാണ്. ആ പത്രത്തിൽ വന്ന ലേഖനത്തിന് അനിയൻ കുഞ്ഞു ഓ. അബ്ദുൽ റഹ്മാനെ കടത്തി വെട്ടുന്ന രീതിയിൽ കമന്റ് ഉം ഇട്ടു, കൊള്ളാം ഈനാം പേച്ചിക്ക് മരപ്പട്ടി കൂട്ട് എന്നല്ലാതെ ഒന്നും പറയാനില്ല. തീവ്ര ഹിന്ദു നിലപാടിനെ ഒരു രീതിയിലും ന്യായീകരിക്കാൻ വേണ്ടിയല്ല ഈ കമന്റ് എന്ന് കൂടെ പറയട്ടെ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക