Image

ബ്രോക്കിന് ഒരു മലയാളപരിഭാഷ - ലേഖനം(ഡി.ബാബു പോള്‍)

ഡി.ബാബു പോള്‍ Published on 25 June, 2015
ബ്രോക്കിന് ഒരു മലയാളപരിഭാഷ - ലേഖനം(ഡി.ബാബു പോള്‍)
പരിശുദ്ധാത്മാവിനെക്കുറച്ചുള്ള അറിവ് പരിശുദ്ധാത്മാവ് എന്ന അനുഭവത്തിലൂടെ മാത്രം ലഭിക്കുന്നതാണ് എന്ന് ഓര്‍ത്തഡോക്‌സ് വിശ്വാസം പറഞ്ഞു തരുന്നു. പദങ്ങള്‍ക്കും ആശയങ്ങള്‍ക്കും അതീതമായി ഹൃദയത്തിന്റെ ശുദ്ധമനുഷ്യന് (1 പത്രോസ് 3;4) മാത്രം വെളിവായിരിക്കുന്നതാണ് ആ അനുഭവം. നിസായിലെ മാര്‍ ഗ്രിഗോറിയോസ് പറഞ്ഞിട്ടുണ്ട് ആശയങ്ങള്‍ വിഗ്രഹങ്ങളെ സൃഷ്ടിക്കുന്നു, അത്ഭുതപ്പെടാന്‍ കഴിയുന്ന മനസ്സിന് മാത്രമാണ് വല്ലതും ഗ്രഹിക്കാന്‍ കഴിയുന്നത്.(മോശയുടെ ജീവചരിത്രം).

പത്താം നൂറ്റാണ്ടില്‍ ജനിച്ച് അടുത്ത നൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍ മരിച്ച ശീമെയോന്‍ എന്ന ബൈസന്റയി പിതാവ് (സിമെയോന്‍ ദ് ന്യൂ ത്രിയോളോജിയന്‍) പ്രശസ്തമായ ഒരു പ്രാര്‍ത്ഥന രചിച്ചു. അത് ഇങ്ങനെ,

“ സത്യപ്രകാശമേ വരിക. നിത്യജീവനേ വരിക. നിഗൂഢരഹസ്യമേ വരിക. വാച്യാതീത സത്യമേ വരിക. അഗ്രാഹ്യപുരുഷാ വരിക. അനന്തസന്തോഷമെ വരിക. അസ്തമിക്കാത്ത സൂര്യനേ വരിക. രക്ഷിക്കപ്പെടാനുള്ളവരുടെ അപ്രമാദപ്രതീക്ഷയേ വരിക. തന്റെ ഇച്ഛയാല്‍ മാത്രം സൃഷ്ടിക്കുകയും പുനഃസൃഷ്ടിക്കുകയും രൂപാന്തരപ്പെടുത്തുകയും ചെയ്യുന്ന ശക്തിസ്വരൂപനേ വരിക. അദൃശ്യനും അസ്പ്രശ്യനും അപരിമേയനും ആയവനേ വരിക. സ്വര്‍ഗത്തിന് മീതെ നിശ്ചലനെങ്കിലും പാതാളഗര്‍ത്തത്തില്‍ ഉറങ്ങുന്ന ഞങ്ങളെ അനുനിമിഷം അനുധാവനം ചെയ്യുന്നവനേ വരിക. നിന്റെ നാമം സ്‌നേഹിക്കപ്പെടുന്ന നാമം, നിന്റെ നാമം എവിടെയും ആവര്‍ത്തിക്കപ്പെടുന്ന നാമം, അതിന്റെ അസ്തിത്വം വിശദീകരിക്കാനോ അതിന്റെ പ്രകൃതി അറിയുവാനോ ഞങ്ങള്‍ക്കാകുന്നില്ല. നിത്യ സന്തോഷമേ വരിക. അപചയമില്ലാത്ത കിരീടമേ വരിക…. എന്റെ സന്തോഷമേ, എന്റെ മഹത്വമേ, എന്റെ അനന്താഹ്‌ളാദമേ വരിക(വിശുദ്ധസ്‌നേഹത്തിന്റെ കീര്‍ത്തനങ്ങള്‍ ഇംഗ്ലീഷ് വിവ.ജോര്‍ജ് മലോണി).

'അപ്പൊസ്‌തോല പ്രവൃത്തികള്‍' എന്ന കൃതി വിവരിക്കുന്ന സംഭവം വ്യക്തി തലത്തില്‍ സ്വാശീകരിക്കപ്പെടുന്ന അനുഭവമായി മാറുമ്പോള്‍ ഈ പ്രാര്‍ത്ഥനയുടെ ചാരുത നമുക്ക് തിരിയും. പെട്ടെന്ന് കൊടിയ കാറ്റടിക്കുന്നതുപോലെ ആകാശത്തുനിന്ന് ഒരു മുഴക്കം ഉണ്ടായി, അവര്‍ ഇരുന്നിരുന്ന വീട് മുഴുവന്‍ നിറച്ചു. അഗ്നിജ്വാല പോലെ പിളര്‍ന്നിരിക്കുന്ന നാവുകള്‍ അവര്‍ക്ക് പ്രത്യക്ഷമായി അവനില്‍ ഓരോരുത്തന്റെ മേല്‍ പതിഞ്ഞു. എല്ലാവരും പരിശുദ്ധാത്മാവ് നിറഞ്ഞവാരായി… ഇത് അനുഭവിച്ചവരുടെ അനുഭവം. ഈ മുഴക്കം ഉണ്ടായപ്പോള്‍ പുരുഷാരം വന്നുകൂടി, ഓരോരുത്തന്‍ താന്താന്റെ ഭാഷയില്‍ അവര്‍ സംസാരിക്കുന്നത് കേട്ട് അമ്പരന്നുപോയി. ഇത് പരിശുദ്ധാത്മാവ് പ്രാപിച്ച സമൂഹത്തെ കണ്ടവരുടെ അനുഭവം; യഹൂദന്മാരായി യരുശലേമിലേയ്ക്ക് സ്വന്തം നാടുകളിലേയ്ക്ക് യാത്രയാക്കുന്ന അനുഭവം.

കുസ്തന്തീനോപ്പൊലീസിലെ സുന്നഹദോസിലാണ് സകലത്തെയും ജീവിപ്പിക്കുന്ന കര്‍ത്താവും പിതാവില്‍ നിന്ന് പുറപ്പെട്ട് പിതാവിനോടും പുത്രനോടും കൂടെ വന്ദിക്കപ്പെട്ട് സ്തുതിക്കപ്പെടുന്നവനും നിബിയന്മാരിലും ശ്ലീഹന്മാരിലും കൂടെ സംസാരിക്കുന്നവനും ആയി വിശുദ്ധ-പരിശുദ്ധാത്മാവ്- നിര്‍വ്വചിക്കപ്പെട്ടത്. ഇതിന് വേദശാസ്ത്രാധികാരികത കണ്ടെത്തിയ വലിയ മാര്‍ ബസേലിയോസും കപ്പദോക്യന്‍ പിതാക്കന്മാരും അറിയോസിനെ മുഖം അടച്ച് അടിച്ച സാന്റാക്ലോസിനെ- വിശുദ്ധ നിക്കൊളാവൊസിനെ- അനുകരിച്ചില്ല. എതിരാളികളെക്കൂടെ ഒപ്പം നിര്‍ത്താനുള്ള മോഹത്താലാവാം അവര്‍ പുത്രന് കൊടുത്ത നിര്‍വ്വചനത്തിലെ സാരാംശസമത്വം - ഹോമോ ഊസിയോസ്- പരിശുദ്ധാത്മാവിന്റെ നിര്‍വ്വചനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്.

കപ്പദോക്യന്‍ പിതാക്കന്മാരില്‍ ഒരാളായ ഗ്രീഗോറിയോസ് ഇങ്ങനെ ഉദ്ധരിക്കപ്പെടുന്നു. പഴയ നിയമം പിതാവിനെ വ്യക്തമായി കാണിക്കുന്നുണ്ടെങ്കിലും പുത്രനെ അസ്പഷ്ടമായാണ് അവതരിപ്പിക്കുന്നത്. പുതിയ നിയമം പുത്രന് വെളിപ്പെടുത്തുകയും ആത്മാവിന്റെ ദൈവത്വത്തെ സൂചിപ്പിക്കുകയും ചെയ്തു. ആത്മാവ് നമ്മോടൊത്ത് വസിക്കുന്ന  വര്‍ത്തമാനകാലത്ത് അവന്‍ സ്വയം വെളിപ്പെടുത്തുന്നു. പിതാവിന്റെ ദൈവത്വം തിരിച്ചറിയപ്പെടുന്നത് വരെ പുത്രനെക്കുറിച്ച് പഠിപ്പിക്കുന്നത് അപകടകരമായിരുന്നു. അതുപോലെ തന്നെ പുത്രന്റെ ദൈവത്വം അംഗീകരിക്കപ്പടുന്നതിന് മുന്‍പ് ആത്മാവിന്റെ ദൈവത്വം പ്രഖ്യാപിക്കപ്പെടുന്നത് ഭാരമായിരുന്നു. 

ദൈവം സ്വയം വെളിപ്പെടുത്തുന്നത് പോലെ ആവണം നാം ചെയ്യുന്നതും: എല്ലാം ധൃതിയില്‍ വെളിപ്പെടുത്തുകയുമല്ല, കാലന്ത്യത്തോളം എന്തെങ്കിലും ഒളിപ്പിച്ച് വയ്ക്കുകയുമല്ല. (ദൈവത്തെയും ക്രിസ്തുവിനെയും പറ്റി എന്ന രചനയുടെ വിവര്‍ത്തനം, വ്‌ളാഡിമര്‍ സെമിനാരി പ്രസ്, 2002)
പരിശുദ്ധാത്മാവ് ആശ്വാസദായകനാണ്. ആ ആശ്വാസം വേദനകളും വിശ്വലതകളും ഉള്ളപ്പോള്‍ സ്വിച്ചിടുമ്പോള്‍ വരുന്ന വെളിച്ചം കണക്കെ ലഭ്യമാക്കുന്ന ആര്യോഗ്യലേപനം മാത്രം അല്ല. പലപ്പോഴും വേദനകള്‍ക്ക് ജന്മം നല്‍കുന്നതിലൂടെയാണ് ആത്മാവ് ആശ്വാസപ്രദമാകുന്നത്. സാമര്‍ത്ഥയല്ലേ പറഞ്ഞത് ഓരോ എത്തിച്ചേരലും ഓരോ പുറപ്പെടലാണെന്ന് ? That every arrival is a departure ? പാറയില്‍ നിന്ന് ശില്പം ഒരുക്കുന്നവനാണ് റൂഹാ.

ഇത് ഗ്രഹിക്കണമെങ്കില്‍ മറ്റൊന്നുകൂടെ പറയണം. എല്ലാവരും ദൈവത്തിന്റെ സൃഷ്ടിയാണെങ്കിലും എല്ലാവരും ദൈവത്തിന്റെ മക്കളാകുന്നില്ല. ദൈവത്തിന്റെ സൃഷ്ടിക്ക് പരിശുദ്ധാത്മാവ് ഒരു ബാഹ്യാനുഭവമാണ്. ദൈവത്തിന്റെ മക്കള്‍ക്കാകട്ടെ അത് ആന്തരികമായ അനുഭവമത്രെ. യോഹന്നാന്റെ സുവിശേഷം പറയുന്നു: അവനെ കൈകൊണ്ട് അവന്റെ നാമത്തില്‍ വിശ്വസിക്കുന്ന ഏവര്‍ക്കും അവന്‍ ദൈവമക്കള്‍ ആകുവാന്‍ അധികാരം കൊടുത്തു.(1:12). ഈശ്വരസാക്ഷാത്ക്കാരം പ്രാപിക്കുമ്പോഴാണ് ഈശ്വരന്റെ സന്താനമായി മാറുന്നത് എന്നര്‍ത്ഥം. ക്രിസ്തുവും പരിശുദ്ധാത്മാവും വേര്‍തിരിഞ്ഞവരല്ല. ഗ്രഗറി പലാമാസ് എന്ന ബൈസന്റയിന്‍ പിതാവ് പറയുന്നുണ്ട് വചനവും നാവും തമ്മില്‍ ബന്ധപ്പെട്ടിരിക്കുന്നതിനാലാണ് ആത്മാവ് തീനാവിന്റെ രൂപത്തില്‍ ദൃശ്യമായതെന്ന്. സൃഷ്ടി സന്താനമാകുന്ന ആ അവസ്ഥാന്തരം യാഥാര്‍ത്ഥ്യമാകുന്നത് ഒരായിരം ജനിമൃതികളിലൂടെയാണ്. പലതും മരിക്കും; പലതും ജനിക്കും. ആശ്വാസപ്രദന്‍ തന്നെ ആണ് പാപത്തെയും നീതിയെയും ന്യായവിധിയെയും കുറിച്ച് ബോധം നല്‍കുന്നതും. യോഗന്നാന്‍ 16:8. അതുകൊണ്ടാണ് വേദനകള്‍ക്ക് ജന്മം നല്‍കിക്കൊണ്ടാണ് റൂഹാ ആശ്വാസം നല്‍കുന്നത് എന്ന് നേരത്തെ പറഞ്ഞത്. ഗോതമ്പുമണി നിലത്ത് വീണ് ചാകേണ്ടതുണ്ട്. ആനന്ദവും സന്തോഷവും പ്രാപിക്കും; 
ദുഃഖവും നെടുവീര്‍പ്പും ഓടിപ്പോകും എന്ന് യെശയ്യാ(35:10);  അവന്‍ അവരുടെ കണ്ണില്‍ നിന്ന് കണ്ണുനീര്‍ എല്ലാം തുടച്ചുകളയും എന്ന് യോഹന്നാന്‍ വെളിപാടുപുസ്തകത്തില്‍ (21:4). അത് ആശ്വാസദായകന്‍ നല്‍കുന്ന അനുഭവം. ശില്‍പത്തെ പൊതിയുന്ന ശിലാഭാഗങ്ങള്‍ അരിഞ്ഞുകളയുന്നതിലൂടെയാണ് ശില്പി ശില്പതിതന് പാറയില്‍ നിന്ന് മോചനം നല്‍കുന്നത്. ആ പ്രക്രിയ നടക്കുമ്പോള്‍ പുറത്ത് യുദ്ധവും അകത്ത് ഭയവും(2 കൊരി 7:5) ഒഴിവാകുന്നില്ല. അത് പൂര്‍ത്തിയാകുമ്പോഴാണ് റൂഹാ ആശ്വാസപ്രദനാണ് എന്ന് നാം തിരിച്ചറിയുന്നത്.
പരിശുദ്ധറൂഹാ സത്യത്തിന്റെ ആത്മാവാണ്. പിതാവിനെ പിതാവായി കാണാനും പുത്രനെ പുത്രനായി വിളംബരം ചെയ്യാനും നമ്മെ പ്രാപ്തരാക്കുന്നത് ഈ സത്യത്തിന്റെ ആത്മാവത്രെ. മനുഷ്യനെയും സഭയെയും മനസ്സിലാക്കാന്‍ സഹായിക്കുന്നതും മറ്റാരുമല്ല. പ്രകൃതിയും പുരുഷനും എന്നൊക്കെ താപസന്‍ വിശുദ്ധ മക്കാറിയൂസ് ദൈവത്തെ സൃഷ്ടാവായും പുരുഷന്‍ മനുഷ്യനെ സൃഷ്ടിയായും സ്ത്രീ വിവരിച്ചിട്ടുണ്ട്. സൃഷ്ടാവ് സൃഷ്ടിയില്‍ വസിക്കുമ്പോള്‍ അത് ഒരു എപ്പിഫനി- രൂപാന്തരപ്പെടുത്തുന്ന ദൈവിക പ്രത്യക്ഷത- ആയി അനുഭവപ്പെടുന്നു. 

അതേസമയം നമ്മെ വിശ്വസിപ്പിക്കാന്‍ സദാ ശ്രമിച്ചുകൊണ്ടിരിക്കുന്നു. നീ പാപിയാണ്, ദൈവം ക്ഷമിക്കുമെങ്കിലും നിന്നെപ്പോലൊരാളോട് ക്ഷമിക്കാന്‍ സാധ്യതയില്ല, നീ ഒരു കപടമൂര്‍ത്തിയാണ്(ഫ്‌റോഡ് എന്ന് മംഗ്ലീഷ്) ഇത്യാദി ഒരു വഴിക്ക്; നീ നന്മ നിറഞ്ഞവനാണ്, ചെറിയ പാപം വലിയ ദോഷമല്ല, നിനക്ക് ഒരിക്കലും തെറ്റുകയില്ല. ഇത്യാദി വെറൊരു വഴിക്ക്. നിരാശയുടെ പടകുഴിയിലോ അഹങ്കാരത്തിന്റെ പരകോടിയിലോ , നമ്മെ എത്തിച്ച് അങ്ങനെ രക്ഷ നമുക്ക് അന്യമാക്കുകയാണ് സാത്താന്റെ ലക്ഷ്യം. പൂര്‍ണ്ണസത്യം കൊണ്ടാണ് നാം അര്‍ദ്ധസത്യത്തെ പരാജയപ്പെടുത്തേണ്ടത്. ആ പൂര്‍ണ്ണസത്യം ലഭിക്കുന്നത് സത്യത്തിന്റെ ആത്മാവില്‍ നിന്നാണ്. ആ ആത്മാവ് വ്യാപരിക്കുന്നത്- പരിവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്, ഉല്പത്തിപുസ്തകത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍-സഭയിലാണ്. സഭയാകട്ടെ ക്രിസ്തുവിന്റെ ശരീരം ആകുന്നു. 1 കൊരി 12:27 . ശരീരത്തില്‍ വസിച്ച ക്രിസ്തുവിനെക്കുറിച്ച് ലൂക്കോസ് പറയുന്നതോ? അധ്യായം 2, വാക്യം 52.” ജ്ഞാനത്തിലും വളര്‍ച്ചയിലും ദൈവത്തിന്റെയും മനുഷ്യരുടെയും കൃപയിലും വളര്‍ന്നുവന്നു.” പെന്തിക്കൊസ്തിക്ക് ശേഷം സഭ ജ്ഞാനത്തിലും വളര്‍ച്ചയിലും ദൈവത്തിന്റെയും മനുഷ്യരുടെയും കൃപയിലും വളര്‍ന്നുവന്നു എന്ന് ഓര്‍ത്തഡോക്‌സ് പിതാക്കന്മാര്‍ പറയുന്നതിന്റെ അര്‍ത്ഥം ഇങ്ങനെയാണ് ഗ്രഹിക്കേണ്ടത്.

ഇത് വ്യത്യസ്തതയെ അല്ല നൈരന്തര്യത്തെ അത്രേ സൂചിപ്പിക്കുന്നത്. ക്രിസ്തുവിന്റെ ശരീരമായ സഭ “എല്ലാറ്റിലും എല്ലാം നിറയ്ക്കുന്നവന്റെ നിറവായിരിക്കുന്നു” (എഫേസ്യര്‍ 1:23) എന്നതും അത് “ സത്യത്തിന്റെ തൂണും അടിസ്ഥാനവും” (1 തിമോത്തിയോസ് 3:15) ആകുന്നു എന്നതും പൗലോസ് പറഞ്ഞു തരുന്നത് ഈ നൈരന്തര്യത്തിന്റെ സ്ഥായീഭാവത്തെ സൂചിപ്പിക്കുന്നു. ഓര്‍ത്തഡോക്‌സ് വീക്ഷണം പുതിയ നിയമസഭയെ വിഗ്രഹവല്‍ക്കരിക്കുന്നില്ല. മറിച്ച് പരിശുദ്ധാത്മാ പ്രചോദിതമായ വികസ്വരതയാണ് സഭയുടെ ഈ നൈരന്തര്യം നിര്‍വ്വചിക്കുന്നത്. പത്രോസിന് അമ്മാവിയല്ല ഉണ്ടായിരുന്നെങ്കിലും പാത്രിയാര്‍ക്കീസിന് അമ്മാവിയമ്മ ഇല്ലാത്തതും ഒരു ഭാഷയില്‍ പറഞ്ഞ് പല ഭാഷയില്‍ തിരിയുന്നതായാലും കൊരിന്തിലെ പോലെ പറയുന്നത് ഒരു ഭാഷയിലും തിരിയാത്തതായാലും , മറുഭാഷ പ്രോത്സാഹിപ്പിക്കപ്പെടാത്തതും ഒക്കെ തെളിയിക്കുന്നത് ഈ വിഗ്രഹവല്‍ക്കരണ വിരുദ്ധത തന്നെ ആണ്. അതിന്റെ പിന്‍ബലം സത്യത്തിന്റെ ആത്മാവുമാണ്. 

ശാസ്ത്രിമാരില്‍ ഒരുവന്‍ ഏറ്റവും വലിയ കല്‍പന ഏത് എന്നന്വേഷിച്ച കഥ മര്‍ക്കോസ് രേഖപ്പെടുത്തിയിട്ടുണ്ട്. (12:28-34), ശ്രീയേശുവിന്റെ ഉത്തരം ബോധിപ്പിക്കുകുയം ഏറ്റുപറയുകയും ചെയ്ത ആ പണ്ഢിതനോട് നീ ദൈവരാജ്യത്തോട് അകന്നവനല്ല എന്ന് അവിടുന്ന് കല്പിച്ചതായി നാം വായിക്കുന്നു. അകലം ഒരു ദൂരത്തെയാണല്ലോ സൂചിപ്പിക്കുന്നത്. അതായത്, സഭയുടെ ദീപപ്രഭയ്ക്ക് പുറത്ത് എല്ലാം ഒരേ സാന്ദ്രതയുള്ള അന്ധകാരമാണ് എന്ന് പറയാതെ വയ്യ. അകത്തായിരിക്കുക, അടുത്തായിരിക്കുക, അകലെയല്ലാതിരിക്കുക എന്നിത്യാദി ദുരത്വനിര്‍വ്വചനങ്ങള്‍ മനുഷ്യന്‍ നടത്തേണ്ടതല്ല. കാറ്റ് അതിന് ഇഷ്ടമുള്ളടത്ത് ഊതുന്നു: യോഹന്നാന്‍ 3:8 ഓര്‍മ്മിക്കുക. ക്രിസ്ത്യാനിയോ അക്രൈസ്തവനോ എന്നതിലേറെ ആത്മാര്‍ത്ഥമായി ഈശ്വരനെ അന്വേഷിക്കുന്നവനാണോ എന്നതാണ് പ്രധാനം എന്ന് വിശുദ്ധനായ മക്കാരിയൂസ് പഠിച്ച കഥ 'ദ് മിസ്റ്റിക്കല്‍ തിയോളജി ഓഫ് ദ ഈസ്റ്റേണ്‍ ചര്‍ച്ച്' (വ്‌ളാഡിമര്‍ സെമിനാരി പ്രസ് 1976-ല്‍ അച്ചടിച്ചത്) എന്ന കൃതിയില്‍ പറയുന്നുണ്ട്. ക്രിസ്തു ഈശ്വരന്റെ ഏക പൂര്‍ണ്ണാവതാരമാണെന്നും ക്രിസ്തുവിലൂടെ മാത്രം ആണ് ഈശ്വരസാക്ഷാത്ക്കാരം സാധ്യമാവുന്നതെന്നും ആണ,് കൃത്യമായി പറഞ്ഞാല്‍, ഓര്‍ത്തഡോക്‌സ് വിശ്വാസം.

ഒരു ദൈവം ഒരു മനുഷ്യനായി ഒരു ദൈവരാജ്യം പ്രസംഗിക്കുകയും ഒരു രക്ഷാമാര്‍ഗ്ഗം എന്ന നിലയില്‍ ഒരു സഭ സ്ഥാപിക്കുകയും ചെയ്തു എന്ന് സത്യത്തെ നിര്‍വ്വചിക്കുകയാണ് സഭ ഇവിടെ ചെയ്യുന്നത്. എന്നാല്‍ ദൈവദൃഷ്ടിയില്‍ ആരൊക്കെ ആ സഭയിലാണ്, ആരൊക്കെ അകലെയല്ലാത്ത അവസ്ഥയിലാണ് എന്ന് പറയാന്‍ ശ്രമിക്കരുത്. “ കര്‍ത്താവ് വരുവോളം സമയത്തിന് മുന്‍പെ ഒന്നും വിധിക്കരുത്” എന്ന് പൗലോസ് ഓര്‍മ്മിപ്പിക്കുന്നു. 1 കൊരിന്ത്യര്‍ 4:5. സത്യം ഒന്ന്, എന്നാല്‍ സത്യാന്വേഷണമാര്‍ഗ്ഗം ഒന്ന് മാത്രം എന്ന് ശഠിക്കരുത്. അജ്ഞാതദേവന്റെ അള്‍ത്താര (അ.പ്ര.17) വിശ്വാസങ്ങളുടെ സംഗമബിന്ദു ആയേക്കാം എന്ന് പൗലോസ് തെളിയിച്ചുവല്ലോ. ത്രികാലവാഹിയായ അനന്തവര്‍ത്തമാനത്തിന്റെ നിത്യതയില്‍ വസിക്കുന്ന ആത്മാവാണ് ദൈവം. 

ഈ ആത്മാവിന്റെ ഫലങ്ങള്‍ ഗലാത്യലേഖനത്തില്‍ (5:22,23) ഇങ്ങനെ വായിക്കാം: സ്‌നേഹം, സന്തോഷം, സമാധാനം, ദീര്‍ഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൗമ്യത, ഇന്ദ്രിയജയം. എന്നാല്‍, ഈ ഫലങ്ങള്‍ക്കായി അധ്വാനിക്കാനല്ല പൗലോസ് പറയുന്നത് “ആത്മാവിനെ അനുസരിച്ച് നടപ്പിന്‍” എന്ന് തന്നെ ആണ് ഈ ഫലസൂചനയുടെ തുടക്കത്തിലും ഒടുക്കത്തിലും (16,25 വാക്യങ്ങള്‍) നാം കാണുന്നത്. ആത്മാവില്‍ നടക്കുന്നില്ലെങ്കില്‍ സ്‌നേഹം കാമമായും സന്തോഷം ഭോഗപരതയായും മാറും. അങ്ങനെ ഓരോന്നും. അതായത്, തേടേണ്ടത് ആത്മാവിനെയാണ്, ആത്മാവിന്റെ ഫലങ്ങളെ അല്ല. 

ഓര്‍ത്തഡോക്‌സ് സഭകള്‍ മാമ്മോദിസായിലൂടെയും മൂറോനിലൂടെയും ഈ പരിശുദ്ധാത്മാവിനെ വ്യക്തിയില്‍ നിക്ഷേപിക്കുന്നു. മാമ്മോദിസാ ഒരു കൂദാശയാണ്. അദൃശ്യകൃപകളുടെ ദൃശ്യവാഹനങ്ങളാണ് കൂദാശകള്‍. മാമ്മോദിസായും മൂറോനും വഴി പരിശുദ്ധാത്മാവിനെ പ്രാപിക്കുന്ന ശിശു-ഏത് സ്‌നാനാര്‍ത്ഥിയും - പഴയതിനെ ഉരിഞ്ഞുകളഞ്ഞ് പുതിയതിനെ സ്വീകരിക്കുകയാണ് ചെയ്യുന്നത്. പ്രലോഭനസമ്പന്നമായ ഒരു ലോകത്തില്‍ ഈ പുതിയതിനെ നിത്യവും സംരക്ഷിക്കുകയും നവീകരിക്കുകയും ചെയ്യണം. അതിനുള്ള ഉപാധികളാണ് കുമ്പസാരവും കുര്‍ബ്ബാനയും. മൂറോന്‍ നിക്ഷേപിക്കുന്ന പരിശുദ്ധാത്മാവിനെ നിഷ്‌ക്കാസനം ചെയ്യാന്‍ പാപം ഗശീയസ്സാവണമെന്നില്ല. പശ്ചാത്താപവും കുമ്പസാരവും പാപരൂപിയെ നിഷ്‌ക്കാസനം ചെയ്ത് പരിശുദ്ധാത്മ സാന്നിദ്ധ്യം അന്യൂനം ഉറപ്പിക്കാനുള്ള ഉപാധികളാണ്. 

“പരിശുദ്ധാത്മാവ് സുറിയാനി മാമ്മോദീസാക്രമണങ്ങളില്‍” എന്ന ഗവേഷണരചന ഇതുവരെ പറഞ്ഞ പരിശുദ്ധാത്മഭാവങ്ങളെ സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭ എങ്ങനെ സ്വാംശീകരിക്കുകയും പ്രസാരണം ചെയ്യുകയും ചെയ്യുന്നു എന്ന് പ്രതിപാദിക്കുന്ന കൃതിയാണ്. മനുഷ്യാവതാരത്തിലൂടെ വെളിവായ രക്ഷാകരരഹസ്യം ഭൂമിയില്‍ രൂപീകരിക്കപ്പെട്ട മൂശയില്‍ തന്നെയാണ് സിറിയന്‍ ഓര്‍ത്തഡോക്‌സ് - അന്ത്യോഖ്യന്‍-പാരമ്പര്യവും രൂപപ്പെട്ടത്. ഈ വസ്തുതയാണ് ഈ പാരമ്പര്യത്തെ നിസ്തുലമാക്കുന്നതും. ബ്രൂഹിലെ യാണാബിനെയും അപ്രേമിനെയും പോലെ ഉള്ള പിതാക്കന്മാര്‍ തന്റെ ആഗമനത്താല്‍ യോര്‍ദ്ദാന്‍ നദിയെ സ്രോതസ്സോളം ശുദ്ധീകരിച്ചവനെക്കുറിച്ച് പറയുമ്പോള്‍ മാമ്മോദിസായുടെ അഭൗമമാനങ്ങളിലേയ്ക്കുള്ള വാതായനമാണ് വായനക്കാരന് തുറന്നിടുന്നത്. 

സെബാസ്റ്റിയന്‍ ബ്രോക്കിനെ പോലെ ഒരു പണ്ഡിതപ്രകാണ്ഡത്തിന് മാത്രം സാധ്യമാകുന്ന അതിബൃഹത്തായ ഒരു യജ്ഞമാണ് ഈ കൃതിയില്‍ ദൃശ്യമാവുന്നത്. സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭ “ഷെവലിയര്‍” എന്ന് കേരളത്തില്‍ അറിയപ്പെടുന്ന അപ്രേം മെഡല്‍ നല്‍കി മാനിച്ചിട്ടുള്ള ബ്രോക്ക് കേംബ്രിഡ്ജില്‍ നിന്ന് ബിരുദവും ഓക്‌സ്ഫഡില്‍ നിന്ന് ഡോക്ടറേറ്റും നേടി ഓക്‌സ്ഫഡില്‍ നിന്ന് റീഡറായി പ്രവര്‍ത്തിച്ച ശേഷം വിരമിച്ചിട്ടാണ് വൂള്‍ഫ്‌സണ്‍ കോളേജില്‍ പ്രൊഫസോറിയല്‍ ഫെല്ലോ ആയി തന്റെ ജ്ഞാനസപര്യ തുടരുന്നത്. എല്ലാ വഴിയും റോമിലേയ്ക്ക് എന്ന പഴമൊഴി പോലെയാണ് സുറിയാനി പഠനത്തിന്റെ പാതകളെല്ലാം ബ്രോക്കിലേയ്ക്ക് എന്ന് പറയാറുള്ളത്. 

ആരാധനാക്രമങ്ങളില്‍ പരിശുദ്ധാത്മാവിനുള്ള പ്രാധാന്യം ആണ് ബ്രോക്കിന്റെ അന്വേഷണവിഷയം. റൂഹാദ്കുദിശ എന്ന ആശയം വിശദീകരിക്കുകയും അമ്മയായും അഗ്നിയായും ഉള്ള ബിംബകല്‍പനകള്‍ സുറിയാനി പാരമ്പര്യത്തെ എങ്ങനെ ധന്യമാക്കുന്നു എന്ന് പറഞ്ഞുതരികയും ചെയ്യുന്ന ഈ ഗുരു പൗരസ്ത്യ സുറിയാനി(കല്‍ദായ), സിറിയന്‍ ഓര്‍ത്തഡോക്‌സ് മാറോനൈറ്റ്, മെല്‍ക്കൈറ്റ് പാരമ്പര്യങ്ങളിലൂടെ അനിതരസാധാരണമായ അയഞ്ഞ ലാളിത്യത്തോടെ നമുക്ക് വഴി കാട്ടുന്നു. വിശുദ്ധകുര്‍ബ്ബാനയോടും വിശുദ്ധമറിയമിനോടും പരിശുദ്ധാത്മാവിനെ ബന്ധിപ്പിക്കുന്ന ചിന്താപദ്ധതിയും സ്‌നാനാനന്തരജീവിതത്തില്‍ ലേപനത്തിനുള്ള അദ്വിതീയ പ്രാധാന്യവും ബ്രോക്ക് അനായാസമായി വിവരിക്കുന്നത് അത്യന്തം ശ്രദ്ധേയമാണ്. 

സുറിയാനി ക്രിസ്ത്യാനി പാരമ്പര്യത്തിന്റെ നിസ്തുലസവിശേഷത ഊന്നിപ്പറയുകയും, റോം ഓണ്‍സ്മാന്റിനോപ്പിള്‍, കല്‍ദായ, അന്ത്യോഖ്യ എന്നൊക്കെ തിരിച്ചറിയുമ്പോഴും അവയെല്ലാം ഒരേ സെമിറ്റിക്-സുറിയാനി-ഏഷ്യന്‍ പാരമ്പര്യമാണ് എന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നു എന്നത് ബ്രോക്കിന്റെ സവിശേഷതയാണ്. 

ബ്രോക്കിന്റേത് പോലെ ഗഹനമായ ഒരു കൃതി ഭാഷാന്തരം ചെയ്യുന്നത് സുഖകരമല്ല. എങ്കിലും മനുഷ്യസിദ്ധമായത്ര ഭംഗിയായി ആ കര്‍ത്തവ്യം നിര്‍വ്വഹിച്ചിരിക്കുന്ന ശ്രീമാന്‍ ജേക്കബ് വര്‍ഗീസ് അഭിനന്ദനം അര്‍ഹിക്കുന്നു. 

സാമാന്യമായ വേദശാസ്ത്രവിജ്ഞാപനവും തരക്കേടില്ലാത്ത ഇംഗ്ലീഷ് ഭാഷാപരിചയവും ഉണ്ടെങ്കില്‍ മാത്രമെ ബ്രോക്കിന്റെ കൃതി സുഗ്രാഹ്യമാവുകയുള്ളൂ എന്നിരിക്കെ ഈ മലയാള വിവര്‍ത്തനം കേരളത്തിലെ വൈദികരും വൈദിക വിദ്യാര്‍ത്ഥികളും പരമാവധി പ്രയോജനപ്പെടുത്തട്ടെ എന്ന് പ്രാര്‍ത്ഥിക്കുകയും ആശംസിക്കുകയും ചെയ്യുന്നു.


 ഡി.ബാബു പോള്‍



















































ബ്രോക്കിന് ഒരു മലയാളപരിഭാഷ - ലേഖനം(ഡി.ബാബു പോള്‍)
Join WhatsApp News
andrew 2015-06-26 14:21:00

Theology is a pseudo name. There is no 'logos' science in it and has no characteristic of Science. Theology is simply literature about the god of the author. Just like a novel, all fiction. Theology can be regarded as one's faith. Faith is just an opinion and concept. It has no proof and cannot be proved and that is why there are several thousands of concepts about Jesus, Father god, Holy Spirit and even about Mary the mother of Jesus. So far there is no evidence to prove Jesus as a historical man. The gospels in the new testament describes different types of Jesus; some are self- contradictory. Gospel of Mary and Thomas narrates a different Jesus. No one is certain, when and where Jesus lived and what he said. What is seen in the gospels as Jesus said are collection of the teachings of Judaic Rabbis, and Buddhist teachings. During the beginning days of Christianity, there were hundreds of Jesus movements. They all had their own gospels too. Later they were all suppressed. Even now there are more than 3 thousand christian denominations and new ones originate everyday.

As per the gospel of John, holy spirit was given to his followers by Jesus himself while he was with them. John's gospel was written in the Alexandria region and was corrected and rewritten several times. That means the christian fathers changed it as per the political trend of the time and place. If Holy Spirit was given to his followers, while he was alive; there is no need for a second coming as per narrated in the Acts of the Apostles.

Acts of the apostles is another fiction written around 200 CE. It is written in a cunning way to fool the reader as if it is eye witness news. The author is unknown and the events narrated are either fiction or false. Eg: according to Acts. Paul and Peter were friends. But Paul's letters very clearly narrates the animosity and hatred between them. Paul even went in search of Peter challenging him. Peter, John, Jacob, Barnabas group never accepted Paul.

Pentecost event is another fabricated fiction. See some facts. - According to the Acts the Pentecost incident happened around CE 30. At that time Jerusalem was not a significant place and there was no reason for 'people of all nations' to gather there. During that time, the known world was the Mediterranean region. Americas, China, India, Australia etc were unknown to them. Roman army occupied Jerusalem during CE 30. Gathering of any kind was prohibited. So 'people from all nations gathering in Jerusalem was impossible and is not true. Judaic religion was also prohibited. The high priest was not allowed to wear his ceremonial dress. Why should people of all nations gather in a forbidden city for a Judaic festival.

Bible; old and new from the first word to the last word is fiction, fabricated literature.

Bible is several type of literature bound together. It is a product of creative imagination; like: painting, poetry, sculpture,novel.

Bible was written to safeguard food and shelter without working for it- for the priests who wrote them. They lied that god told them to do so. So faith was attached to the fiction to make the readers believe. Belief became fanatic and ever since the world is destroyed every day in the name of their own god and belief.

Bible is the biggest curse that humanity suffer for centuries and will be continued.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക