Image

ഫാസിസ്റ്റ് മാടമ്പിയോട് നാല് വര്‍ത്തമാനം സുരേഷ് ഗോപി പറയണം (ജയമോഹനന്‍ എം)

ജയമോഹനന്‍ എം Published on 27 June, 2015
ഫാസിസ്റ്റ് മാടമ്പിയോട് നാല് വര്‍ത്തമാനം സുരേഷ് ഗോപി പറയണം (ജയമോഹനന്‍ എം)
സുകുമാരന്‍ നായരാല്‍ അപമാനിക്കപ്പെട്ട സുരേഷ് ഗോപിയോട് സത്യത്തില്‍ ലേഖകന് സഹതാപമൊന്നുമില്ല. ജനാധിപത്യ സമൂഹത്തില്‍ ഒരു കലാകാരനും രാഷ്ട്രീയക്കാരനും ചെയ്യേണ്ടത് മത, ജാതി സമൂഹത്തിനപ്പുറം സമൂഹത്തെ നോക്കി കാണുകയാണ്. മതത്തിന്റെയും ജാതിയുടെയും സ്‌പെയിസ് പരിമിതപ്പെടുത്തി സമൂഹത്തിലേക്കാണ് അവര്‍ ശ്രദ്ധിക്കേണ്ടത്. ജാതി മത നേതാക്കള്‍ക്കും അര്‍ഹിക്കുന്ന സ്‌പെയിസും ശ്രദ്ധയും കൊടുത്താല്‍ മതിയാകും. എന്നാല്‍ സുരേഷ് ഗോപി ചെയ്തത് ഇപ്പോഴും ജാതിക്കോമരങ്ങള്‍ വാഴുന്ന നാട്ടിലെ ജാതി നേതാവിനെ പ്രത്യേക രാഷ്ട്രീയ ലക്ഷ്യം വെച്ച് ചെന്ന് തൊഴാനുള്ള പരിപാടിയായിരുന്നു. അതില്‍ വിജയച്ചില്ല എന്നത് മറ്റൊരു കാര്യം.

സുരേഷ് ഗോപി പരസ്യമായി ബി.ജെ.പിക്കാരനായി മാറിയിരിക്കുന്ന സാഹചര്യത്തില്‍ കലാകാരനായിട്ടല്ല രാഷ്ട്രീയക്കാരനായിട്ട് തന്നെ അദ്ദേഹത്തെ കാണണം. അരുവിക്കര തിരഞ്ഞെടുപ്പ് ദിവസം സുരേഷ് ഗോപി സുകുമാരന്‍ നായരെ കാണുന്നതിന് മറ്റു ചില രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഉണ്ടായിരുന്നു എന്നത് മനസിലാക്കാന്‍ അരിയാഹാരം കഴിക്കുന്ന ആര്‍ക്കും കഴിയും. നിര്‍ഭാഗ്യവശാല്‍ കേരളത്തിലെ രാഷ്ട്രീയക്കാരുടെ ഒരു പ്രധാന പരിപാടി തന്നെ ജാതിക്കോമരങ്ങളുടെ കാലുകഴുകി വെള്ളം കുടിക്കുക എന്നതാണ്.

ജാതി വെച്ച് മന്ത്രിമാരെ നിശ്ചയിക്കുക. തങ്ങളുടെ ജാതിക്ക് മന്ത്രി കുറഞ്ഞു പോയാല്‍ അതിന് വിലപേശുക. ജനാധിപത്യമാര്‍ഗത്തിലുടെ അധികാരത്തില്‍ എത്തിയ ഭരണകൂടങ്ങളെ ഭീഷണിപ്പെടുത്തുക തുടങ്ങി കേസെടുത്ത് ജയിലില്‍ അടക്കാവുന്ന സകല കുറ്റങ്ങളും ചെയ്യുന്നവരാണ് നമ്മുടെ ജാതി മേലാളന്‍മാര്‍. അവരുടെ കാലു തിരുമ്മാന്‍ രാഷ്ട്രീയക്കാരും. കോണ്‍ഗ്രസ്, കേരളാ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ നിന്നാണ് പരസ്യമായ ജാതീപ്രീണനം വരുന്നതെങ്കില്‍ ഇടതുപക്ഷ നേതാക്കള്‍ തലയില്‍ മുണ്ടിട്ട്, രാത്രിയില്‍ വന്ന് ജാതികോമരങ്ങളുടെ മുമ്പില്‍ വണങ്ങുന്നു. അത്ര തന്നെ.

ഹൈന്ദവ ജാതിക്കാര്‍ ഫലത്തില്‍ ഇന്നല്ലെങ്കില്‍ നാളെ ബി.ജെ.പിയിലേക്ക് ചേക്കേറും എന്നതില്‍ സംശയമൊന്നുമില്ല. എസ്.എന്‍.ഡി.പി ഇപ്പോള്‍ തന്നെ സംഘപരിവാര് പാളയത്തില്‍ എത്തി കഴിഞ്ഞു. അതുപോലെ എല്ലാ ജാതിസംഘടനകള്‍ക്കും ബി.ജെ.പിയോട് കൂട്ടുകൂടാന്‍ മടിയുമില്ല. ഫലത്തില്‍ ബി.ജെ.പിക്ക് കേരളത്തില്‍ അധികാരമില്ലാത്തതിനാല്‍ അതിന് തയാറാവുന്നില്ല എന്ന് മാത്രം. അതിനപ്പുറത്ത് മതേതരത്വമുള്ളവരൊന്നുമല്ല ഒരു എന്‍.എസ്.എസ് നേതാവും.
അപ്പോള്‍ തീര്‍ച്ചയായും അത് തന്നെയാണ് കാര്യം. നിലവില്‍ ബി.ജെ.പിയെക്കൊണ്ട് സുകുമാരന്‍ നായര്‍ക്ക് ഗുണമൊന്നുമില്ല. കോണ്‍ഗ്രസിനെക്കൊണ്ട് ഒരുപാട് ഗുണമുണ്ട് താനും. അതുകൊണ്ട് നിലവില്‍ ബി.ജെ.പിയുടെ മുഖമായ സുരേഷ്‌ഗോപിയെ ചീത്തവിളിച്ചാല്‍ കോണ്‍ഗ്രസ് സുകുമാരന്‍ നായരെ കൂടുതല്‍ സ്തുതിക്കും. അത്ര തന്നെ.

നാളെ ഈ സുരേഷ് ഗോപിയെങ്ങാനും മോഡിയുടെ അനുഗ്രഹത്താല്‍ വല്ല കേന്ദ്ര മന്ത്രിയോ മറ്റോ ആയാല്‍ ഈ സുകുമാരന്‍ നായര്‍ തന്നെ സുരേഷ് ഗോപിയെ നേരിട്ട് ചെന്നു കണ്ട് സമസ്ത അപരാധങ്ങളും ഏറ്റു പറഞ്ഞ് പൂവിട്ട് പൂജിക്കുകയും ചെയ്യും. അത്രേയുള്ളു കാര്യം.
പക്ഷെ ഇവിടെ പ്രശ്‌നം സുകുമാരന്‍ നായര്‍ സുരേഷ് ഗോപിയെ അപമാനിച്ചുവെന്നതിനേക്കാള്‍ എന്‍.എസ്.എസ് എന്ന ജാതിസംഘടനയുടെ തലപ്പത്തിരുന്ന് ഒരു വ്യക്തി കാണിക്കുന്ന ഫാസിസ്റ്റ് പ്രവര്‍ത്തനങ്ങളെയാണ്. മുമ്പ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആഭ്യന്തര മന്ത്രിസ്ഥാനം ഏറ്റെടുത്ത ശേഷം എന്‍.എസ്.എസ് ആസ്ഥാനത്തേക്ക് വരുമ്പോള്‍ അദ്ദേഹത്തിന് പ്രവേശനത്തിനുള്ള അനുമതി നിഷേധിച്ചിരുന്നു സുകുമാരന്‍ നായര്‍. സംസ്ഥാന ആഭ്യന്തര മന്ത്രി ഇവിടെ കയറരുത് എന്ന് പറയുന്ന തലത്തിലേക്ക് ഒരു ജാതിനേതാവിന്റെ ധാര്‍ഷ്ട്യം ഉയരുമ്പോള്‍ അതിനെതിരെ പ്രതികരിക്കേണ്ടത് ഈ സമൂഹം തന്നെയാണ്.

സത്യത്തില്‍ എസ്.എന്‍.ഡി.പിയുടെയോ അല്ലെങ്കില്‍ കേരളത്തിലെ ഏതെങ്കിലും ദളിത് സംഘടനയുടെയോ വോട്ട് ബാങ്ക് ശേഷിയുടെ പത്തിലൊന്ന് പോലും എന്‍.എസ്.എസിനില്ല എന്നതാണ് സത്യം. മൊത്തം ജനസംഖ്യയുടെ 10 ശതമാനമാണ് നായന്‍മാര്‍. അതില്‍ തന്നെ പ്രധാനം യുവജനങ്ങള്‍ ഈ സംഘടനയില്‍ ഇല്ല എന്നതാണ്. പിന്നീട് ശേഷിക്കുന്നവരില്‍ വലിയൊരു വിഭാഗം കോണ്‍ഗ്രസിലോ, ഇടതുപാര്‍ട്ടികളിലോ പ്രവര്‍ത്തിക്കുന്നവരോ അല്ലെങ്കില്‍ അനുഭാവികളോ ആണ്. പിന്നെയുള്ള നിഷ്പക്ഷ വിഭാഗം സുകുമാരന്‍ നായര്‍ പറഞ്ഞാല്‍ വോട്ട് ചെയ്യുന്ന ഒരു സിസ്റ്റത്തിനുള്ളില്‍ ഉള്ളവരുമല്ല. ഒരു മണ്ഡത്തില്‍ ആയിരം വോട്ട് പോലും സ്വാധീനിക്കാനുള്ള ശേഷി സുകുമാരന്‍ നായര്‍ക്കുണ്ടോ എന്ന് സംശയം. അങ്ങനെയുള്ള ജാതി നേതാവിനെ എന്തിനാണ് ഇവിടുത്തെ രാഷ്ട്രീയക്കാരന്‍ ഭയപ്പെടുന്നത് എന്നതാണ് ഇപ്പോഴും മനസിലാവാത്തത്.

എന്തായാലും സുരേഷ് ഗോപിക്ക് സംഭവം തീര്‍ത്താല്‍ തീരാത്ത നാണക്കേട് തന്നെയാണ് നല്‍കിയിരിക്കുന്നത്. മുമ്പ് ആറന്‍മുള വിമാനത്താവള വിഷയത്തില്‍ ഉമ്മന്‍ചാണ്ടിയെ കണക്കിന് ചീത്ത പറഞ്ഞപ്പോള്‍ സുരേഷ് ഗോപിക്ക് കിട്ടിയ ഹീറോയിസം ഇപ്പോള്‍ സുകുമാരന്‍ നായര്‍ക്ക് മുമ്പില്‍ നഷ്ടപ്പെട്ടിരിക്കുന്നു. കുറഞ്ഞ പക്ഷം സുകുമാരന്‍ നായരോട് ഈ എന്‍.എസ്.എസ് എന്ന് പറയുന്നത് തന്റെ കുടുംബ സ്വത്തല്ലടോ എന്ന് പറയാനുള്ള തന്റേടം സുരേഷ് ഗോപി കാണിക്കണമായിരുന്നു. അതിന് കഴിയാതെ പോയപ്പോള്‍ തകര്‍ന്നു പോയത് ഭരത്ചന്ദ്രന്റെയും ആനക്കാട്ടില്‍ ചാക്കോച്ചിയുടെയുമൊക്കെ തന്റേടം തന്നെയാണ്. റീലില്‍ നിന്നും റിയലിലേക്ക് വന്ന് താങ്കള്‍ കാണിച്ച തന്റേടങ്ങളൊക്കെയാണ്.

അത് തിരിച്ചറിഞ്ഞ് സുകുമാരന്‍ നായര് എന്ന ഫാസിസ്റ്റ് മാടമ്പിയോട് നാല് വര്‍ത്തമാനം അടുത്ത ദിവസമെങ്കിലും സുരേഷ് ഗോപി പറഞ്ഞ് തന്റെ നട്ടെല്ലിന്റെ കരുത്ത് തെളിയിക്കണം എന്ന് ആഗ്രഹിക്കുന്ന ഒരുപാട് മലയാളികളുണ്ടാവും. അവരെ നിരാശപ്പെടുത്തില്ലെന്ന് പ്രതീക്ഷിക്കുന്നു.
Join WhatsApp News
Suku fans association 2015-06-28 06:03:08
കേരള ചരിത്രത്തില്‍ തങ്ക ലിപികളില്‍ എഴുതേണ്ട അധ്യായമാണു സുകുമാരന്‍ നായരുടെ നടപടി. ഇതു വരെ ബി.ജെ.പിയും വെള്ളാപ്പള്ളിയും പറയുന്ന തോന്ന്യാസങ്ങള്‍ എല്ലാ ഹിന്ദുക്കളും അംഗീകരിക്കുന്നു എന്ന ധാരണ ഉണ്ടായിരുന്നു. സത്യസന്ധമായി ചിന്തിക്കുന്ന ഹെന്ദവ നേതാക്കളും ഉണ്ടെന്നു സുകുമാരന്‍ നായര്‍ തെളിയിച്ചു.നായര്‍ സമുദായം കേരളത്തിന്റെ സാംസ്‌കാരിക രംഗത്തെ നട്ടെല്ലാണെന്നു ഒരിക്കല്‍ കൂടി വ്യക്ത്മായി.
സുകുമാരന്‍ നായര്‍ ധീരതയൊടെ മുന്നോട്ടു പോകട്ടെ.
Justice 2015-06-28 06:31:02
I appreciate Mr. Sukumaran Nair.Now he proved that he is a brave Nair.But once umman chandy went to Mohanlal house .
Why?  No matter the actor or politician,they should take permission to come in the N.S.S mandiram.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക