Image

സംയുക്ത നിയന്ത്രണമെന്ന പ്രസ്താവന ദുരൂഹം: വി.എസ്‌

Published on 07 January, 2012
സംയുക്ത നിയന്ത്രണമെന്ന പ്രസ്താവന ദുരൂഹം: വി.എസ്‌
തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ പുതിയ ഡാമിന് കേരളത്തിന്റെയും തമിഴ്‌നാടിന്റെയും സംയുക്ത നിയന്ത്രണമാവാമെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവന ദുരൂഹമാണെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി വ്യക്തത വരുത്തണം. അതുപോലെ മന്ത്രിമാരായ കെ.എം മാണി, പി.ജെ ജോസഫ് എന്നിവരും നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കുകയാണെങ്കില്‍ തമിഴ്‌നാടും കേരളവും കേന്ദ്രവും ചേര്‍ന്നുള്ള സംയുക്ത നിയന്ത്രണത്തിന് സജ്ജമാണെന്ന് ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗത്തിന് ശേഷമാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇക്കാര്യം ഉന്നതാധികാരസമിതിയെ ഉടന്‍ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

എന്നാല്‍ വെള്ളിയാഴ്ച മുഖ്യമന്ത്രി പറഞ്ഞത് പുതിയ ഡാമിന്റെ സംയുക്ത നിയന്ത്രണം സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ലെന്നാണ്. പുതിയ ഡാമിന്റെ ഉടമസ്ഥത, നടത്തിപ്പ്, അറ്റകുറ്റപ്പണികള്‍ എന്നിവ തങ്ങള്‍ക്ക് വേണമെന്നാണ് കേരളത്തിന്റെ നിലപാട്. തമിഴ്‌നാടുമായി ജലം പങ്കുവെക്കുന്ന കാര്യത്തില്‍ മാത്രമാണ് സംയുക്ത സമിതിക്ക് തീരുമാനം വിട്ടിരിക്കുന്നതെന്നും ഇത് നേരത്തേ എല്‍.ഡി.എഫ്. സര്‍ക്കാര്‍ എടുത്ത നിലപാട് തന്നെയാണെന്നുമാണ് മുഖ്യമന്ത്രി കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.

ജലം പങ്കുവെക്കുന്നത് സംബന്ധിച്ച് 2010 ഒക്ടോബര്‍ 27-ന് എല്‍.ഡി.എഫ്. സര്‍ക്കാറാണ് ഉന്നതാധികാര സമിതിക്ക് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ഇതിനായുള്ള സംയുക്തസമിതിയില്‍ കേന്ദ്രത്തിന്റെ പ്രതിനിധിയെ കൂടി വേണമെന്നു മാത്രമാണ് ഈ സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. പറമ്പിക്കുളത്തും ശിരുവാണിയിലും ജലം പങ്കുവെക്കുന്നത് സംബന്ധിച്ച് നിലവിലുള്ള സംയുക്ത സമിതി മാതൃക മാത്രമാണ് മുല്ലപ്പെരിയാറിലും ഉദ്ദേശിക്കുന്നതെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക