Image

ഫോമ കണ്‍വെന്‍ഷന്‍ നാഷണല്‍ കോ-ഓര്‍ഡിനേറ്ററായി ജോയി കുറ്റിയാനിയെ തെരഞ്ഞെടുത്തു

Published on 30 June, 2015
ഫോമ കണ്‍വെന്‍ഷന്‍ നാഷണല്‍ കോ-ഓര്‍ഡിനേറ്ററായി ജോയി കുറ്റിയാനിയെ തെരഞ്ഞെടുത്തു
മയാമി: ഫോമ കണ്‍വെന്‍ഷന് ചുക്കാന്‍ പിടിക്കാന്‍ കണ്‍വെന്‍ഷന്റെ നാഷണല്‍ കോ-ഓര്‍ഡിനേറ്ററായി ജോയി കുറ്റിയാനിയെ ഫോമ കമ്മിറ്റി തെരഞ്ഞെടുത്തു.
ദേശീയതലത്തില്‍ ശ്രദ്ധേയമായ നിരവധി പദ്ധതികളും, പരിപാടികളും വിജയകരമാക്കിയ ഇദ്ദേഹം കേരളസമാജം ഓഫ് സൗത്ത് ഫ്‌ളോറിഡായുടെ മുന്‍ പ്രസിഡന്റും, ദേശീയ, പ്രാദേശിക സംഘടനകളില്‍ സേവനം ചെയ്ത് ഭാവനാസമ്പന്നനായ സംഘാടകനും, തികഞ്ഞ ഓര്‍ഗ്ഗനൈസറുമാണെന്നു തെളിയിച്ചിട്ടുണ്ട്.

2012-ല്‍ കേരള സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡായുടെ പ്രസിഡന്റായിരുന്നപ്പോള്‍ കേരള സമാജത്തിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ അമേരിക്കന്‍ കമ്മ്യൂണിറ്റിയെ ഒരുമിച്ചു ചേര്‍ത്ത് ഡേവി നഗരസഭയുടെ ഫാക്കണ്‍ ലീയാ പാര്‍ക്കില്‍ അമേരിക്കയിലെ ഏറ്റവും വലിയ ഗാന്ധിസ്‌ക്വയര്‍ നിര്‍മ്മാണത്തിനു നേതൃത്വം നല്‍കുകയും അത് ഇന്ത്യയുടെ മുന്‍പ്രസിഡന്റായ ഡോ.എ.പി.ജെ.അബ്ദുള്‍ കലാം ഉദ്ഘാടനം നിര്‍വ്വഹിച്ച് രാഷ്ട്രത്തിനു സമര്‍പ്പിക്കുകയും ചെയ്തു.
ആ വര്‍ഷം തന്നെ കേരള സമാജത്തിന്റെ ആഭിമുഖ്യത്തില്‍ പെംബ്രൂക്ക് നഗരസഭയുടെ 52-ാം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നഗരസഭയ്ക്കുവേണ്ടി മൂന്ന് ദിവസം നീളുന്ന ഇന്ത്യന്‍-അമേരിക്കന്‍ ഫെസ്റ്റ് “കാര്‍ണിവല്‍” നടത്തി ആയിരക്കണക്കിന് അമേരിക്കന്‍സിന് ഇന്ത്യന്‍ തനതു കലകളുടെ സ്റ്റേജ് ഷോയും, ഫുഡ്‌ഫെസ്റ്റും ആസ്വദിക്കാന്‍ നേതൃത്വം കൊടുത്തു.

കേരളസമാജം ഓഫ് സൗത്ത് ഫ്‌ളോറിഡായുടെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി എറണാകുളം ജില്ലയില്‍ കടമക്കുടി ഗ്രാമപഞ്ചായത്തില്‍ ഇന്ത്യ ഗവണ്‍മെന്റിന്റെ ജനറോം പദ്ധതിയുമായി സഹകരിച്ച് 75 കുടുംബങ്ങള്‍ക്ക് വീടു നിര്‍മ്മിച്ചു നല്‍കിയ പദ്ധതിയുടെ ചീഫ് കോ-ഓര്‍ഡിനേര്‌ററായും,  ചിക്കാഗോ സീറോമലബാര്‍ രൂപതയുടെ ആത്മായ സംഘടനയായ സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസിന്റെ (SMCC) യുടെ ആഭിമുഖ്യത്തില്‍ കേരളത്തിലെ നിര്‍ദ്ധനരായ 1000 പേര്‍ക്ക് തിമിരരോഗ ശസ്ത്രക്രിയ നടത്തി കാഴ്ച തിരിച്ചു നല്‍കുന്നതിനായി “കണ്ണും കണ്ണാടിയും” എന്ന പദ്ധതിയുടെ പ്രോജക്ട് കോ-ഓര്‍ഡിനേറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
2007-ല്‍ മയാമിയില്‍ വെച്ചു നടന്ന സീറോ മലബാര്‍ കാത്തലിക് രൂപതാ കണ്‍വെന്‍ഷന്റെ വിജയകരമായ നടത്തിപ്പിന് നേതൃത്വം നല്‍കുകയും ചെയ്തിട്ടുണ്ട്.

ഫ്‌ളോറിഡ സംസ്ഥാന ഗവര്‍ണ്ണര്‍, അറ്റോര്‍ണി ജനറല്‍ സ്ഥാനാര്‍ത്ഥികളുടെയും, കൗണ്ടി സ്‌കൂള്‍ ബോര്‍ഡ്, നഗരസഭ സ്ഥാനാര്‍ത്ഥികളുടെയും ഇലക്ഷന്‍ പ്രവര്‍ത്തനത്തിന് ഇന്ത്യന്‍ കമ്മ്യൂണിറ്റിക്ക് നേതൃത്വം കൊടുക്കുകയും, ഇന്ത്യന്‍ കമ്മ്യൂണിറ്റിക്കുവേണ്ടി ഇലക്ഷന്‍ ക്യാമ്പയിനുകള്‍ സംഘടിപ്പിക്കുകയും ചെയ്ത് മുഖ്യധാരാ രാഷ്ട്രീയത്തില്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റിയെ സജീവമാക്കി.

ഫ്‌ളോറിഡാ സെന്റ് തോമസ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് നിയമത്തിലും, അറ്റ്‌ലാന്റിക് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഹ്യൂമന്‍ റിസോഴ്‌സ് മാനേജ്‌മെന്റിലും, ബിസിനസ്സ് അഡ്മിനിസ്‌ട്രേഷനിലും മാസ്റ്റേഴ്‌സ് ബിരുദം നേടിയ ഇദ്ദേഹം ബ്രോവാര്‍ഡ് (Broward) കൗണ്ടി ജൂഡീഷ്യല്‍ സിസ്റ്റത്തിന്റെ ഭാഗമായ ബ്രോവാര്‍ഡ് കൗണ്ടി ക്ലാര്‍ക്ക് ഓഫ് കോര്‍ട്ടിന്റെ ഹ്യൂമന്‍ റിസോഴ്‌സ് ഡിപ്പാര്‍ട്ടുമെന്റില്‍ എംപ്ലോയി ട്രെയിനിംഗ് കോ-ഓര്‍ഡിനേറ്ററായി സേവനം ചെയ്യുന്നു.
ജോയി കുറ്റിയാനി ഫോമേ കണ്‍വെന്‍ഷന്റെ നാഷണല്‍ കോ-ഓര്‍ഡിനേറ്ററായി വരുന്നതുകൊണ്ട് ഫോമ കണ്‍വെന്‍ഷന് വലിയൊരു മുതല്‍കൂട്ടായിരിക്കുമെന്ന് ഫോമ പ്രസിഡന്റ് ആനന്ദന്‍ നിരവേലിയും, സെക്രട്ടറി ഷാജി എസ് വേര്‍ഡും, ട്രഷറര്‍ ജോയി ആന്റണിയും, കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ മാത്യു വര്‍ഗ്ഗീസും അറിയിച്ചു.

കേരളത്തിന്റെ ഭൂപ്രകൃതിയും മലയാളികള്‍ക്ക് ഗുഹാതുരത്വമുണര്‍ത്തുന്ന കാലവസ്ഥയും ഒത്തുചേര്‍ന്ന ഫ്‌ളോറിഡായിലെ മയാമി എന്ന മനംകുളിര്‍പ്പിക്കുന്ന സഞ്ചാരികളുടെ പറുദീസായില്‍ പ്രവാസി മലയാളികളുടെ ഏറ്റവും വലിയ സംഘടനാ കൂട്ടായ്മയായ ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ്  അമേരിക്കാസ് (ഫോമാ-FOMAA) യുടെ അഞ്ചാമത് നാഷണല്‍ കണ്‍വെന്‍ഷന് അരങ്ങ് ഒരുങ്ങാന്‍ ഇനി ഒരു വര്‍ഷം മാത്രം.

2016 ജൂലൈ 6,7,8 തിയതികളില്‍ ലോകത്തിലെ ഏറ്റവും വലിയതും അതിമനോഹരവുമായ മയാമി ബീച്ചില്‍ തലയെടുപ്പോടുകൂടി നില്‍ക്കുന്ന ഡീയുവില്ലേ ബീച്ച് 'റിസോര്‍ട്ടില്‍' (Deauville Beach Resort) വെച്ച് നടക്കുന്ന ഫോമ കണ്‍വെന്‍ഷന്‍ പ്രവാസി മലയാളികളുടെ ചരിത്രത്തില്‍ നക്ഷത്ര ശോഭയോടെ തിളങ്ങണമെന്ന് ഭാരവാഹികള്‍ ആഗ്രഹിക്കുന്നു.
ഫോമ കണ്‍വെന്‍ഷന്‍ നാഷണല്‍ കോ-ഓര്‍ഡിനേറ്ററായി ജോയി കുറ്റിയാനിയെ തെരഞ്ഞെടുത്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക