Image

അഴിമതി: പ്രസിഡന്റ്‌ വുള്‍ഫിന്‌ പിന്തുണയുമായി ചാന്‍സലര്‍ മെര്‍ക്കല്‍

Published on 07 January, 2012
അഴിമതി: പ്രസിഡന്റ്‌ വുള്‍ഫിന്‌ പിന്തുണയുമായി ചാന്‍സലര്‍ മെര്‍ക്കല്‍
ബര്‍ലിന്‍: അഴിമതി ആരോപണങ്ങളില്‍ മുങ്ങിത്താഴുന്ന ജര്‍മന്‍ പ്രസിഡന്റ്‌ ക്രിസ്‌റ്റിയന്‍ വുള്‍ഫിനെ രക്ഷിക്കാന്‍ ചാന്‍സലര്‍ അംഗല മെല്‍ക്കല്‍ രംഗത്ത്‌. ക്രിസ്‌റ്റിയന്‍ ഡമോക്രാറ്റിക്‌ പാര്‍ട്ടിക്കാരനായ പ്രസിഡന്റ്‌ വുള്‍ഫിന്‌ രക്ഷാകവചം ഒരുക്കിക്കൊണ്ടാണ്‌ മെര്‍ക്കല്‍ പിന്തുണ പ്രഖ്യാപിച്ചത്‌.

കഴിഞ്ഞ ഏതാനും ആഴ്‌ചകളായി ജര്‍മന്‍ രാഷ്‌ട്രീയ രംഗം പ്രസിഡന്റ്‌ വുള്‍ഫിന്റെ വിഴുപ്പലക്കല്‍ കഥകള്‍ കൊണ്ട്‌ നിറഞ്ഞുനില്‍ക്കേയാണ്‌ സംഭവത്തെ പറ്റി ചാന്‍സലറിന്റെ മനസ്സിലിരുപ്പ്‌ പുറംലോകമറിയുന്നത്‌. ചാന്‍സലര്‍ മെര്‍ക്കല്‍ നേരിട്ട്‌ മാധ്യമ പ്രവര്‍ത്തകരെ കാണാതെ പ്രസ്‌താവന വായിക്കാന്‍ മെര്‍ക്കലിന്റെ ഓഫിസിന്റെ ചുമതലയുള്ള മാധ്യമ വക്‌താവ്‌ സ്‌റ്റീഫന്‍ സൈബേര്‍ട്ടിനെ ചുമതലപ്പെടുത്തുകയായിരുന്നു.

സൈബേര്‍ട്ട്‌ മാധ്യമലോകത്തെ ഇങ്ങനെ അറിയിച്ചു: ചാന്‍സലര്‍ മെര്‍ക്കലിന്‌ ക്രിസ്‌ത്യന്‍ വുള്‍ഫിനോട്‌ വ്യക്‌തിപരമായും പ്രസിഡന്റ്‌ എന്ന നിലയിലും വളരെ ബഹുമാനമാണുള്ളത്‌. പ്രസിഡന്റ്‌ എന്ന നിലയില്‍ വുള്‍ഫിന്റെ കഴിഞ്ഞ രണ്ടുവര്‍ഷത്തെ പ്രവര്‍ത്തനം വിജയകരമാണ്‌. മാനുഷികമായ തെറ്റുകള്‍ പ്രസിഡന്റ്‌ ഏറ്റുപറഞ്ഞ്‌ മാപ്പ്‌ ചോദിച്ചുകഴിഞ്ഞു. ക്ഷമ പറഞ്ഞതോടെ ഈ പ്രശ്‌നം അവിടെ അവസാനിക്കുന്നു. വരുംകാലങ്ങളില്‍ പ്രസിഡന്റ്‌ എന്ന നിലയില്‍ അദ്ദേഹത്തിന്റെ സേവനം നമ്മുടെ രാജ്യത്തിന്‌ ആവശ്യമാണ്‌.

2008ല്‍ മുഖ്യമന്ത്രിയായിരിക്കെ വുള്‍ഫ്‌ ഭവന വായ്‌പയില്‍ അഴിമതി നടത്തിയെന്നാണ്‌ ആരോപണം. അതു വെളിച്ചത്തു കൊണ്ടുവന്ന, ജര്‍മനിയില്‍ വന്‍പ്രചാരമുള്ള ബില്‍ഡ്‌ എന്ന പത്രത്തിന്റെ പത്രാധിപരെ ഫോണില്‍ വിളിച്ച്‌ ഭീഷണിപ്പെടുത്തി വാര്‍ത്ത തുടര്‍ന്ന്‌ പ്രസിദ്ധീകരിക്കരുതെന്ന്‌ ആവശ്യപ്പെട്ടതാണ്‌ ഗുരുതരമായ മറ്റൊരു ആരോപണം. ഇതിന്റെ പേരില്‍ കഴിഞ്ഞ ദിവസം പ്രസിഡന്റ്‌ വുള്‍ഫ്‌ ടിവി ചാനലുകളില്‍ പ്രത്യപ്പെട്ട്‌ ക്ഷമ യാചിച്ചു.

115 ലക്ഷം പേര്‍ പ്രസിഡന്റിന്റെ ക്ഷമായാചനം കണ്ടതായാണ്‌ കണക്കുകള്‍ സൂചിപ്പിക്കുന്നത്‌. 56 ശതമാനം ജനങ്ങള്‍ പ്രസിഡന്റ്‌ രാജിവയ്‌ക്കണമെന്ന നിലപാടിലാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക