Image

സോമര്‍സെറ്റില്‍ പുതിയ ദേവാലയം, കൂദാശ ജൂലൈ 11-ന്‌ രാവിലെ 9-ന്‌

ജോയിച്ചന്‍ പുതുക്കുളം Published on 01 July, 2015
സോമര്‍സെറ്റില്‍ പുതിയ ദേവാലയം, കൂദാശ ജൂലൈ 11-ന്‌ രാവിലെ 9-ന്‌
ന്യൂജേഴ്‌സി: സോമര്‍സെറ്റ്‌ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ കാത്തലിക്‌ ഫൊറോനാ ദൈവാലയത്തിനു സ്വപ്‌ന സാഫല്യം. ന്യൂജേഴ്‌സി ഫ്രാങ്ക്‌ളിന്‍ ടൗണ്‍ഷിപ്പിന്റെ ഹൃദയഭാഗത്ത്‌ സോമര്‍സെറ്റിലെ വിശ്വാസികള്‍ക്ക്‌ ഇനി സ്വന്തം ദൈവാലയം. പുതിയ ദൈവാലയം കൂദാശ ചെയ്യപ്പെടുമ്പോള്‍ ഒന്നര പതിറ്റാണ്ട്‌ പിന്നിടുന്ന സീറോ മലബാര്‍ ചരിത്രത്തില്‍ പുതിയൊരു അധ്യായംകൂടി എഴുതിചേര്‍ക്കപ്പെടും.

ഫ്രാങ്ക്‌ളിന്‍ ടൗണ്‍ഷിപ്പില്‍ പത്ത്‌ ഏക്കര്‍ സ്ഥലത്ത്‌ കേരളീയ ക്രൈസ്‌തവ ശില്‌പഭംഗി പ്രകടമാക്കുംവിധം പണിതീര്‍ത്ത പുതിയ ദൈവാലയം ജൂലൈ 11-ന്‌ രാവിലെ 9 മണിക്ക്‌ ചിക്കാഗോ സീറോ മലബാര്‍ രൂപതാ ബിഷപ്പ്‌ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ കൂദാശ ചെയ്‌ത്‌ വിശ്വാസികള്‍ക്ക്‌ തുറന്നുകൊടുക്കും.

മെട്ടച്ചന്‍ ബിഷപ്പ്‌ പോള്‍ ജി. ബൂട്ടോസ്‌, തക്കല ബിഷപ്പ്‌ ജോര്‍ജ്‌ രാജേന്ദ്രന്‍, നോര്‍ത്ത്‌ അമേരിക്ക സീറോ മലങ്കര എക്‌സാര്‍ക്കേറ്റ്‌ ബിഷപ്പ്‌ ഡോ. തോമസ്‌ മാര്‍ യൗസേബിയോസ്‌, ചിക്കാഗോ രൂപതാ സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട്‌, ചാന്‍സിലര്‍ റവ.ഡോ. സെബാസ്റ്റ്യന്‍ വേത്താനത്ത്‌, അതിരൂപതാ പ്രൊക്യുറേറ്റര്‍ ഫാ. പോള്‍ ചാലിശേരി എന്നിവര്‍ക്കൊപ്പം നിരവധി വൈദീകരും സഹകാര്‍മികരായിരിക്കും. നിരവധി കന്യാസ്‌ത്രീകളും സന്നിഹിതരായിരിക്കും.

രണ്ടായിരമാണ്ടില്‍ മാസത്തിലൊരിക്കല്‍ വിശുദ്ധ കുര്‍ബാനയ്‌ക്ക്‌ ഏതാനും കുടുംബങ്ങള്‍ ഒരുമിച്ചു ചേര്‍ന്നതിലൂടെ ആരംഭിച്ച ഈ സമൂഹം അനന്തമായ ദൈവകൃപയിലൂടെ വളര്‍ന്ന്‌ ഇന്ന്‌ ഇരൂനൂറില്‍പ്പരം കടുംബങ്ങളുള്ള ഇടവകയായി മാറിക്കഴിഞ്ഞു. ഫാ. ഫിലിപ്പ്‌ വടക്കേക്കര, ഫാ. തോമസ്‌ പെരുനിലം തുടങ്ങിയവരുടെ സ്‌തുത്യര്‍ഹമായ സേവനവും, നേതൃപാടവവും ദൈവാലയ വളര്‍ച്ചയ്‌ക്ക്‌ ആക്കംകൂട്ടി.

സൗകര്യങ്ങളുടെ അപര്യാപ്‌തതയാണ്‌ പുതിയ ദൈവാലയം എന്ന ചിന്തയിലേക്ക്‌ നയിച്ചത്‌. `സോമര്‍സെറ്റിന്റെ' അത്ഭുതപൂര്‍വ്വമായ വളര്‍ച്ചയുടെ അടയാളമായ പുതിയ ദൈവാലയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ തുടക്കംകുറിച്ചു, 2013 ജൂലൈ 14-ന്‌.

ഇടവക സമൂദഹത്തിന്റെ കൂട്ടായ്‌മയുടേയും, കഠിനാധ്വാനത്തിന്റേയും, നിരന്തരമായ പ്രാര്‍ത്ഥനയുടേയും ഫലമായി രണ്ടു വര്‍ഷത്തിനുള്ളില്‍ പുതിയ ദൈവാലയം യാഥാര്‍ത്ഥ്യമായി.

വികാരി ഫാ. തോമസ്‌ കടുകപ്പിള്ളിയുടെ നേതൃത്വത്തില്‍ ദൈവാലയ കമ്മിറ്റിയും, പാരീഷ്‌ കൗണ്‍സിലും, വിവിധ ഭക്തസംഘടനകളും, യുവജനകൂട്ടായ്‌മയും ഒത്തൊരുമിച്ച്‌ നടത്തിയ പ്രയത്‌നങ്ങളാണ്‌ ഇതിനു കരുത്തേകിയത്‌. വിശുദ്ധ യൂദാശ്ശീഹായുടേയും, വി. അല്‍ഫോന്‍സാമ്മയുടേയും മാധ്യസ്ഥവും തുണയായി.

സോമര്‍സെറ്റ്‌ ഇടവകയെ 2014 ഏപ്രില്‍ 27-ന്‌ ഫൊറോനാ പദവയിലേക്ക്‌ ഉയര്‍ത്തി. അഞ്ഞൂറില്‍പ്പരം പേര്‍ക്ക്‌ ഒരുമിച്ച്‌ ആരാധന നടത്താന്‍ സൗകര്യമുള്ള ദൈവാലയവും, ആയിരം പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വിശാലമായ ഹാളും, സി.സി.ഡി ക്ലാസുകള്‍ നടത്താന്‍ പത്ത്‌ മുറികളും ഉള്‍പ്പെടുന്നതാണ്‌ കെട്ടിട സമുച്ചയം. നൂറ്റമ്പതില്‍പ്പരം കാറുകള്‍ക്ക്‌ പാര്‍ക്ക്‌ ചെയ്യാവുന്ന സൗകര്യവും ഇതോടനുബന്ധിച്ചുണ്ട്‌.

സ്വര്‍ഗ്ഗവും ഭൂമിയും നിറഞ്ഞുനില്‍ക്കുന്ന ദൈവമഹത്വത്തിന്റെ മനുഷ്യരുടെ ഇടയിലുള്ള ദൃശ്യമായ അടയാളമാണ്‌ ദൈവാലയം. അത്‌ പുതിയ നിയമജനതയായ സഭാ മക്കളുടെ ഇടയില്‍ ദൈവത്തിന്റെ സാന്നിധ്യം ഉറപ്പുവരുത്തുന്ന സംഗമകൂടാരമാണ്‌ (പുറ 33:7-11)). പഴയ നിയമത്തില്‍ സംഗമകൂടാരത്തില്‍ ഇസ്രായേല്‍ ജനതയോടൊപ്പം വസിച്ച ദൈവം പുതിയ നിയമത്തില്‍ ദൈവാലയമാകുന്ന സംഗമ കൂടാരത്തില്‍ സഭാ മക്കളോടൊത്ത്‌ വസിക്കുന്നു.

വിശ്വാസജീവിതത്തിലും സ്വഭാവരൂപീകരണത്തിലും കൂട്ടായ്‌മയുടെ വളര്‍ച്ചയിലും ഇടവക ദൈവാലയത്തിന്റെ പ്രസക്തിയും, പ്രാധാന്യവും തിരിച്ചറിഞ്ഞതുകൊണ്ടാണ്‌ അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ സീറോ മലബാര്‍ ദൈവാലയങ്ങള്‍ നിര്‍മ്മിക്കാന്‍ ബഹുമാനപ്പെട്ട വൈദീകരുടെ നേതൃത്വത്തില്‍ അത്മായ സഹോദരങ്ങള്‍ മുന്നിട്ടിറങ്ങുന്നത്‌.

നാം മക്കള്‍ക്കായി പലതും കരുതിവെയ്‌ക്കുന്നതുപോലെ വരുംതലമുറയ്‌ക്കായി ഒരു വിശ്വാസി സമൂഹം കരുതിവെയ്‌ക്കുന്ന അതിശ്രേഷ്‌ഠമായ സമ്മാനമാണ്‌ ദൈവാലയമെന്ന വികാരിയച്ചന്റെ വാക്കുകള്‍ നമുക്കോര്‍ത്ത്‌ വെയ്‌ക്കാം.

ദൈവാലയ നിര്‍മ്മാണത്തിനു തുടക്കംകുറിച്ച നാള്‍ മുതല്‍ ഇത്‌ സാധ്യമാക്കാന്‍ സഹകരിച്ച എല്ലാ ഇടവകാംഗങ്ങള്‍ക്കും, സാമ്പത്തികമായും മറ്റു രീതികളിലും സഹായിച്ച മറ്റെല്ലാ ഇടവക സമൂഹത്തിനും, ഇതിനു നേതൃത്വം കൊടുത്ത ദൈവാലയ ബില്‍ഡിംഗ്‌ കമ്മിറ്റി അംഗങ്ങള്‍ക്കും നന്ദിയും പ്രാര്‍ത്ഥനാമംഗളങ്ങളും ആശംസിക്കാം.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഫാ. തോമസ്‌ കടുകപ്പിള്ളില്‍ (വികാരി) 908 837 9484, റ്റോം പെരുമ്പായില്‍ (ട്രസ്റ്റി) 646 326 3708, തോമസ്‌ ചെറിയാന്‍ പടവില്‍ (ട്രസ്റ്റി) 908 906 1709, മേരിദാസന്‍ തോമസ്‌ (ട്രസ്റ്റി) 201 912 6451, മിനേഷ്‌ ജോസഫ്‌ (ട്രസ്റ്റി) 201 978 9828. വെബ്‌: st.thomassyronj.org

സെബാസ്റ്റ്യന്‍ ആന്റണി അറിയിച്ചതാണിത്‌.
സോമര്‍സെറ്റില്‍ പുതിയ ദേവാലയം, കൂദാശ ജൂലൈ 11-ന്‌ രാവിലെ 9-ന്‌സോമര്‍സെറ്റില്‍ പുതിയ ദേവാലയം, കൂദാശ ജൂലൈ 11-ന്‌ രാവിലെ 9-ന്‌സോമര്‍സെറ്റില്‍ പുതിയ ദേവാലയം, കൂദാശ ജൂലൈ 11-ന്‌ രാവിലെ 9-ന്‌സോമര്‍സെറ്റില്‍ പുതിയ ദേവാലയം, കൂദാശ ജൂലൈ 11-ന്‌ രാവിലെ 9-ന്‌സോമര്‍സെറ്റില്‍ പുതിയ ദേവാലയം, കൂദാശ ജൂലൈ 11-ന്‌ രാവിലെ 9-ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക