Image

സര്‍ക്കാരിന് ഹിഡന്‍ അജന്‍ഡ: മുല്ലപ്പെരിയാര്‍ സമര സമിതി

Published on 07 January, 2012
സര്‍ക്കാരിന് ഹിഡന്‍ അജന്‍ഡ: മുല്ലപ്പെരിയാര്‍ സമര സമിതി
ഇടുക്കി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഹിഡന്‍ അജന്‍ഡയുണ്ടെന്ന് മുല്ലപ്പെരിയാര്‍ സമര സമിതി. വിഷയത്തില്‍ സര്‍ക്കാരിന്റെ പുതിയ നിലപാടുകള്‍ ഈ സംശയം ബലപ്പെടുത്തുന്നു. വിഷയത്തില്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പല പ്രസ്താവനകളും ദുരൂഹമാണെന്നും മുല്ലപ്പെരിയാര്‍ സമരസമിതി ചെയര്‍മാന്‍ ഫാദര്‍   ജോയി നിരപ്പേല്‍ ആരോപിച്ചു. 

പഴയ കരാര്‍ നിലനിര്‍ത്തിക്കൊണ്ടു തന്നെ പുതിയ അണക്കെട്ടു വേണമെന്ന സര്‍ക്കാരിന്റെ   ആശയം ജനത്തെ വീണ്ടും സമരത്തിലേക്കു നയിക്കും. പുതിയ കരാറും പുതിയ അണക്കെട്ടു വേണമെന്ന നിലപാടില്‍ സമരസമിതി ഉറച്ചുനില്‍ക്കുന്നു.   ഭാവി തലമുറയ്ക്കു വേണ്ടിയാണ് പുതിയ കരാര്‍ എന്ന ആവശ്യം ഉന്നയിക്കുന്നത്. അന്‍പതു വര്‍ഷം കഴിഞ്ഞാല്‍ മുല്ലപ്പെരിയാറില്‍ വീണ്ടും സമരം ഉണ്ടാവരുത്.

തമിഴ്‌നാടിന് ഇപ്പോള്‍ നല്‍കുന്ന അതേ അളവ് വെള്ളം തന്നെ നല്‍കണം. അധിക ജലം കേരളത്തിന് ലഭ്യമാക്കണമെന്നാണ് സമരസമിതിയുടെ നിലപാട്. തമിഴ്‌നാടിന് അടിയറവു വയ്ക്കുന്ന നിലപാടുകള്‍ ആണ് വിഷയത്തില്‍ സര്‍ക്കാര്‍ അടുത്തിടെ സ്വീകരിച്ചതെന്ന് സമിതി കുറ്റപ്പെടുത്തി. ഈ നിലപാടുകള്‍ വിഷയത്തിലെ ഭാവി ചര്‍ച്ചകളില്‍ തമിഴ്‌നാടിന് അനുകൂലമാവുമെന്നും സമിതി വിലയിരുത്തി. ഭാവിസമരപരിപാടികള്‍ ആസൂത്രണം ചെയ്യുന്നതായി നാളെ സമരസമിതി യോഗം ചേരും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക