Image

മക്കള്‍ക്കു നല്ല മാതൃക നല്കാന്‍ മാതാപിതാക്കള്‍ ശ്രമിക്കണം: മാര്‍ ബോസ്‌കോ പുത്തൂര്‍

Published on 07 July, 2015
മക്കള്‍ക്കു നല്ല മാതൃക നല്കാന്‍ മാതാപിതാക്കള്‍ ശ്രമിക്കണം: മാര്‍ ബോസ്‌കോ പുത്തൂര്‍

മെല്‍ബണ്‍: മാതാപിതാക്കളുടെ ജീവിതമാണു മക്കള്‍ വായിക്കുന്ന വിശ്വാസത്തിന്റെ ആദ്യപാഠമെന്നു മെല്‍ബണ്‍ രൂപത ബിഷപ് മാര്‍ ബോസ്‌കോ പുത്തൂര്‍.

സഭയെന്ന സ്‌നേഹക്കൂട്ടായ്മയുടെ അനുഭവവും അഭ്യാസവും നടക്കേണ്ടത് കുടുംബമാകുന്ന ഗാര്‍ഹികസഭയിലാണ്. മാതാപിതാക്കളുടെ മാതൃക ജീവിതവും വിശ്വാസജീവിതവും വാക്കുകളും പ്രവര്‍ത്തികളും കുട്ടികളെ നന്മയിലേക്കു നയിക്കാന്‍ തക്കമുള്ളതാകണം. സെന്റ് അല്‍ഫോന്‍സ കത്തീഡ്രല്‍ ദേവാലയത്തില്‍ മുഖ്യകാര്‍മികത്വം വഹിച്ച് 15 കുട്ടികള്‍ക്കു പ്രഥമദിവ്യകാരുണ്യവും സ്ഥൈര്യലേപനവും നല്‍കി ദിവ്യബലി മധ്യേ വചനസന്ദേശം നല്‍കുകയായിരുന്നു മാര്‍ ബോസ്‌കോ പുത്തൂര്‍.

ദിവ്യബലിയില്‍ രൂപത ചാന്‍സിലറും കത്തീഡ്രല്‍ വികാരിയുമായ ഫാ. മാത്യു കൊച്ചുപുരയ്ക്കല്‍, ഫാ. ജോസി കിഴക്കേത്തലയ്ക്കല്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.

മെല്‍ബണ്‍ സെന്റ് അല്‍ഫോന്‍സ കത്തീഡ്രല്‍ ഇടവകയിലെ കെവിന്‍ ഏബ്രഹാം, ഏയ്ഞ്ചല്‍ ആന്‍ ജോണ്‍സണ്‍, ഡൊണാള്‍ഡ് സിവി, ഡിയോണ സിവി, ഡാനിയേല്‍ ജോബി ഫിലിപ്പ്, എലിസബത്ത് റോസ് ജെയ്, മിനില്‍ പയസ്, അഞ്ജന അസീസ്, രോവന്‍സ് ജിയോ റോയ്, നെഹ മരിയ സിബി, കെവിന്‍ സാബു, എറിക് ജോസഫ് സെബാസ്റ്റ്യന്‍, സിറില്‍ ഏബ്രഹാം, ആഷ്‌ലി മോറീസ് എന്നീ കുട്ടികളാണ് മാര്‍ ബോസ്‌കോ പുത്തൂരില്‍നിന്നു കൂദാശകള്‍ സ്വീകരിച്ചത്.

മൂന്നു മാസത്തോളം കുട്ടികളെ പരിശീലിപ്പിച്ചൊരുക്കിയ മതബോധന വിഭാഗം കോ-ഓര്‍ഡിനേറ്റര്‍മാരായ ജോബി ഫിലിപ്പ്, ഗ്ലാഡിസ് സെബാസ്റ്റ്യന്‍ എന്നിവര്‍ക്കും മതബോധന കുട്ടികളുടെ നേതൃത്വത്തിലുള്ള കത്തീഡ്രല്‍ ജൂണിയര്‍ ഗായകസംഘത്തിനും ദേവാലയ അള്‍ത്താര മനോഹരമായി അലങ്കരിച്ച ബേബി മാത്യു, ഷാജി വര്‍ഗീസ് എന്നിവര്‍ക്കും മാര്‍ ബോസ്‌കോ പുത്തൂരും ഫാ. മാത്യു കൊച്ചുപുരയ്ക്കലും നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: പോള്‍ സെബാസ്റ്റ്യന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക