Image

സുഖ്‌റാമിനെ ആശുപത്രിയിലേക്ക് മാറ്റി

Published on 08 January, 2012
സുഖ്‌റാമിനെ ആശുപത്രിയിലേക്ക് മാറ്റി
ന്യൂഡല്‍ഹി: 1993ലെ ടെലികോം അഴിമതിക്കേസില്‍ മൂന്നുവര്‍ഷം തടവിനു ശിക്ഷിക്കപ്പെട്ട മുന്‍ കേന്ദ്രമന്ത്രി സുഖ്‌റാമിനെ(86) വീണ്ടും ആശുപത്രിയിലേക്ക് മാറ്റി. സുപ്രീംകോടതി നിര്‍ദേശപ്രകാരം വിചാരണക്കോടതിയില്‍ കീഴടങ്ങിയ സുഖ്‌റാമിനെ ഇന്നലെ തിഹാര്‍ ജയിലിലേക്ക് മാറ്റിയിരുന്നു. 

നില വഷളായതിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച പ്രകാരമാണ് അദ്ദേഹത്തെ ആശുപത്രിയില്‍ വീണ്ടും പ്രവേശിപ്പിച്ചത്. 

സുഖ്‌റാമിനെ വിവിധ പ്രശ്‌നങ്ങള്‍ അലട്ടുന്നുണ്ടെന്നും ഇപ്പോഴത്തെ നിലയില്‍ അദ്ദേഹത്തിന് മതിയായ ചികിത്‌സാ സൗകര്യങ്ങള്‍ ജയില്‍ ആശുപത്രിയില്‍ ലഭ്യമല്ലെന്നും തിഹാര്‍ ജയില്‍ ഡപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ആര്‍.എന്‍.ശര്‍മ വിശദീകരിച്ചു.ഉച്ചയോടെ സുഖ്‌റാമിനെ ദീന്‍ ദയാല്‍ ഉപാധ്യായ് ആശുപത്രിയിലെ ഐസിയുവില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

സുഖ്‌റാം അബോധാവസ്ഥയിലാണെന്ന് വെള്ളിയാഴ്ച അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ സുഖ്‌റാം അബോധാവസ്ഥയിലല്ലെന്നും ശരീരത്തില്‍ സോഡിയത്തിന്റെ കുറവുമൂലമുള്ള തളര്‍ച്ച മാത്രമേയുള്ളൂവെന്നുമാണ്  അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടര്‍മാര്‍ അറിയിച്ചത്. ഇതേതുടര്‍ന്ന് കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിക്കുമെന്ന് മുന്നറിയിപ്പു നല്‍കിയ സാഹചര്യത്തിലാണ് അദ്ദേഹം ഇന്നലെ കീഴടങ്ങിയത്.സുഖ്‌റാമിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി നാളെ പരിഗണിച്ചേക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക