Image

കേന്ദ്രമന്ത്രി വീരഭദ്രസിങ്ങിനെ വിചാരണ ചെയ്യാന്‍ അനുമതി

Published on 08 January, 2012
കേന്ദ്രമന്ത്രി വീരഭദ്രസിങ്ങിനെ വിചാരണ ചെയ്യാന്‍ അനുമതി
ഷിംല: അഴിമതിക്കേസുമായി ബന്ധപ്പെട്ട് കേന്ദ്ര ചെറുകിട, ഇടത്തരം വ്യവസായമന്ത്രി വീരഭദ്രസിങ്ങിനെയും ഭാര്യ പ്രതിഭ സിങ്ങിനെയും വിചാരണ ചെയ്യാന്‍ ഹിമാചല്‍ പ്രദേശ് ഹൈക്കോടതി അനുമതി നല്‍കി. ഇരുവരോടും പ്രത്യേകകോടതിയില്‍ നേരിട്ട് ഹാജരാകാനും ഉത്തരവിട്ടിട്ടുണ്ട്. വിചാരണനടപടി സ്‌റ്റേ ചെയ്യണമെന്നും കേസ് സി.ബി.ഐ. ക്ക് കൈമാറണമെന്നും ആവശ്യപ്പെട്ട് വീരഭദ്രസിങ്ങും ഭാര്യയും സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. 

പ്രതികളോട് ഹാജരാകാന്‍ നിര്‍ദേശിച്ചുകൊണ്ട് വിചാരണക്കോടതി അയച്ച സമന്‍സ് അന്തിമമാണെന്ന് ജസ്റ്റിസുമാരായ കുര്യന്‍ ജോസഫും വി.കെ. അഹുജയുമടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. 1989ല്‍ ഹിമാചല്‍ മുഖ്യമന്ത്രിയായിരിക്കെ ഔദ്യോഗികസ്ഥാനം ദുരുപയോഗം ചെയ്ത് വന്‍പണമിടപാട് നടത്തിയെന്നാണ് വീരഭദ്രസിങ്ങിനും ഭാര്യയ്ക്കുമെതിരെയുള്ള കേസ്. 2009ല്‍ സംസ്ഥാന പോലീസിലെ വിജിലന്‍സ് വിഭാഗമാണ് അഴിമതി നിരോധനനിയമപ്രകാരം കേസെടുത്തത്. 

മുന്‍മന്ത്രി വിജയ് സിങ് മന്‍കോട്ടിയ ധര്‍മശാലയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ പുറത്തുവിട്ട ഓഡിയോ സി.ഡി.യിലെ സംഭാഷണത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് നടപടിയുണ്ടായത്. ഈ സി.ഡി.യില്‍ വീരഭദ്രസിങ്, പ്രതിഭാ സിങ്, മുന്‍ ഐ.എ.എസ്. ഓഫീസര്‍ മൊഹീന്ദര്‍ ലാല്‍, വീരഭദ്രസിങ്ങിന്റെ സ്‌പെഷല്‍ ഓഫീസര്‍ കെ.എന്‍. ശര്‍മ എന്നിവരുടെ സംഭാഷണമാണുള്ളത്. പണമിടപാടുമായി ബന്ധപ്പെട്ടാണ് ഇവര്‍ സംസാരിച്ചത്. 

കേസില്‍ സാധ്യമായ വിവരങ്ങളെല്ലാം അന്വേഷണ ഏജന്‍സി സമാഹരിച്ചിട്ടുണ്ടെന്നും ഈ പശ്ചാത്തലത്തില്‍ കൂടുതല്‍ അന്വേഷണത്തിന് ഉത്തരവിടേണ്ട ആവശ്യമില്ലെന്നും വിചാരണക്കോടതി വ്യക്തമാക്കിയിരുന്നു. പ്രതികളെ വിസ്തരിക്കാന്‍ വിചാരണക്കോടതിക്ക് സ്വാതന്ത്ര്യമുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. പ്രോസിക്യൂഷനും ആരോപണവിധേയര്‍ക്കും തങ്ങളുടെ വാദമുഖം ഉന്നയിക്കാന്‍ അവസരം ലഭിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക