Image

ഡോക്ടര്‍ ജോസിന്റെ ചുവരെഴുത്തുകള്‍ (ഡി. ബാബുപോള്‍)

Published on 19 July, 2015
ഡോക്ടര്‍ ജോസിന്റെ ചുവരെഴുത്തുകള്‍ (ഡി. ബാബുപോള്‍)
ഡെയ്‌ല്‍ കാര്‍ണിജിയുടെ പ്രശസ്‌തമായ കൃതി ഹൌ ടു വിന്‍ ഫ്രണ്ട്‌സ്‌ കൌമാരകാലത്തു തന്നെ വായിച്ചതാണ്‌. കാലം ഇത്ര കഴിഞ്ഞിട്ടും കാര്‍ണിജി പറഞ്ഞ ഒരാശയവും, അതു തെളിയിക്കാന്‍ പറഞ്ഞ ഉദാഹരണവും മനസ്സിലുണ്ട്‌. എല്ലാ മനുഷ്യരും എം. ടി. യുടെ കഥാപാത്രമായ സേതുവിനെപ്പോലെയാണ്‌. സേതുവിന്‌ സേതുവിനോടു മാത്രമാണ്‌ സത്യത്തില്‍ ഇഷ്ടം. ഒരു ഗ്രൂപ്പുഫോട്ടോ ആണ്‌ സായിപ്പു പറഞ്ഞ ഉദാഹരണം. ഏതു ഗ്രൂപ്പുഫോട്ടോയിലും നാം ആദ്യം പരതുന്നത്‌ നമ്മുടെ പടം തന്നെയാണ്‌; ശേഷം പിന്നാലെ.

എഴുത്തുകാരുടെ കാര്യവും വ്യത്യസ്‌തമല്ല. അവനവന്‍ എഴുതുന്നതില്‍ അച്ചടിമഷി പുരണ്ടു കാണുന്നതിനേക്കാള്‍ മനോഹരമായി മറ്റെന്തു ദൃശ്യമാണുള്ളത്‌ എന്നാണു ചിന്ത. ആദ്യലേഖനം പ്രസിദ്ധീകരിക്കുമ്പോള്‍ തോന്നുന്ന ആവേശം ക്രമേണ നഷ്ടപ്പെടും. 1949ല്‍ തോന്നിയത്‌ 2015ല്‍ തോന്നുമോ? എങ്കിലും സ്വന്തം രചനകള്‍ പേര്‍ത്തും പേര്‍ത്തും വായിക്കുന്ന ശീലം കുറേക്കാലം കൂടി നിലനില്‍ക്കും; നര്‍സീസസിനു മരണമില്ല എങ്കിലും എന്റെ പ്രായമൊക്കെ ആവുമ്പോള്‍ ആ സ്വഭാവവും മാറും. അപ്പോഴും മാറാത്തത്‌, അച്ചടിച്ച മാസിക കൈയില്‍ കിട്ടുമ്പോള്‍ നമ്മുടെ ലേഖനം തന്നെ ആദ്യം വായിക്കുന്ന രീതിയാണ്‌. പ്രൂഫ്‌ നോക്കിയതു ശരിയായോ എന്നു പരിശോധിക്കാനാണ്‌ എന്നൊക്കെ സ്വയം വിശ്വസിപ്പിക്കാന്‍ ശ്രമിക്കുമെങ്കിലും സത്യം അതല്ല. ഞാന്‍ ബോധപൂര്‍വ്വം പരിശ്രമിച്ച്‌ ആദ്ധ്യാത്മികവളര്‍ച്ചയുടെ ഭാഗമാക്കിയിട്ടാണ്‌ ആ സ്വഭാവത്തിന്‌ അറുതി വരുത്തിയത്‌. എന്നെ അതിനു സഹായിച്ചവരില്‍ ഒരാള്‍ ഈ പുസ്‌തകം രചിച്ച ജോസ്‌ ആണ്‌. ഹ്രസ്വം, മധുരം, ഗംഭീരം എന്നൊക്കെ വിശേഷിപ്പിക്കാവുന്ന പത്രാധിപക്കുറിപ്പുകളാണ്‌ `ന്യൂവിഷന്‍' തുറന്നാല്‍ ആദ്യം വായിക്കേണ്ടത്‌ എന്ന തിരിച്ചറിവ്‌ ഉണ്ടായതിനെക്കുറിച്ചാണു പറയുന്നത്‌. ഓരോ ലക്കവും കൈയില്‍ കിട്ടുമ്പോള്‍ എന്റെ ലേഖനത്തില്‍ അച്ചടിത്തെറ്റുണ്ടോ എന്നു നോക്കുന്നതിനു മുമ്പ്‌, ജോസിന്‌ എന്താണു പറയാനുള്ളത്‌ എന്നാണു ഞാന്‍ നോക്കാറുള്ളത്‌.

ഈ കുറിപ്പുകള്‍ എല്ലാം ചേര്‍ത്തു വച്ച്‌ ഒരുമിച്ചു വായിക്കുമ്പോള്‍ തെല്ലും വിരസത അനുഭവപ്പെടുന്നില്ല എന്നതാണ്‌ ഈ സമാഹാരത്തിന്റെ സവിശേഷത. അതു ചെറിയ കാര്യമല്ല. ഇംഗ്ലീഷിലും മലയാളത്തിലും വിരചിതമായിട്ടുള്ള പ്രതിദിനധ്യാനചിന്തകള്‍ നമുക്കൊക്കെ പരിചയമുള്ള ഒരു സാഹിത്യശാഖയായി കാണാവുന്നതാണ്‌. അതിനു പിന്നില്‍ വലിയ അദ്ധ്വാനവും അനുസ്യൂതമായ പ്രാര്‍ത്ഥനയും വിസ്‌മയകരമായ രചനാവൈഭവവും ഒക്കെയുണ്ട്‌ എന്നതില്‍ സംശയമില്ല. എന്നാല്‍ 365 ധ്യാനചിന്തകള്‍ ഒറ്റയിരിപ്പില്‍ വായിച്ചുതീര്‍ക്കണമെങ്കില്‍ വല്ല കുമ്പസാരപിതാവും ആ ക്രിയ പ്രായശ്ചിത്തമായി കല്‌പിക്കണം! ഇംഗ്ലീഷിലുള്ള ചിക്കന്‍സൂപ്പ്‌ സീരീസ്‌ മറ്റൊരുദാഹരണം. എന്തിന്‌, ബാര്‍ക്ലേയുടെ അനുദിനപഠനങ്ങള്‍ പോലും ഒറ്റയടിക്ക്‌ മുഴുവന്‍ വായിക്കാന്‍ കഴിയുന്നത്‌ ആദ്യമായി അതു കാണുമ്പോള്‍ മാത്രമല്ലേ?

ഡോ. ജോസ്‌ പാറക്കടവിലിന്റെ ഗദ്യത്തിന്‌ എസ്‌. എസ്‌. എല്‍. സി.യ്‌ക്കു ശേഷം ഔപചാരികമായി മലയാളം പഠിച്ചിട്ടില്ലാത്ത എന്റെ സാക്ഷ്യം വേണ്ടതില്ല. എങ്കിലും അയത്‌നലളിതമായ നിര്‍മ്മാണസമ്പ്രദായവും തത്ഭവമായ ശയ്യാസുഖവും, പ്രൌഢവും സുന്ദരവുമായ പദവിന്യാസവും ഈ കൃതിയിലെ ഓരോ കുറിപ്പിനേയും അനവദ്യമാക്കുന്നു എന്നു നിരീക്ഷിക്കാതെ വയ്യ.

പദങ്ങള്‍ അമ്മാനമാടുമ്പോള്‍ താഴെ വീണു ശിഥിലമാകാതിരിക്കുന്നതു നല്ലതു തന്നെ. അവ ചേര്‍ത്തു വയ്‌ക്കുമ്പോള്‍ നിര്‍ദ്ധാരണം ചെയ്യപ്പെട്ട ജിഗ്‌സോ പസില്‍ പോലെ ആക്കാന്‍ കഴിയുന്നത്‌ അതിനേക്കാള്‍ നല്ലത്‌. എന്നാല്‍ ആശയസമ്പുഷ്ടമല്ലാത്ത വാചാടോപം എല്ലാ നന്മകളേയും ന്യൂനീകരിക്കാന്‍ പോന്നതാണ്‌ എന്നതില്‍ മതഭേദം ഉണ്ടാകാനിടയില്ല. ഇവിടെയാണ്‌ ഈ സമാഹാരത്തിന്റെ വിജയരഹസ്യം അനാവൃതമാകുന്നത്‌. ഓരോ കുറിപ്പിലും ഓരോ സത്യം; കുറിപ്പുകള്‍ക്കെല്ലാം അന്തര്‍ധാരയായി സത്യം സ്വാതന്ത്ര്യം നല്‍കുമെന്നു പഠിപ്പിച്ചവനും.

ആദ്യത്തെ ലേഖനം ആദ്യമെടുക്കാം. വര്‍ത്തമാനകാലത്ത്‌ സഭ എങ്ങനെയൊക്കെയാണ്‌ ദൌത്യനിര്‍വ്വഹണത്തില്‍ പരാജയപ്പെടുന്നതെന്ന്‌ അക്കമിട്ടു പറയുകയാണ്‌ രചയിതാവ്‌. വില്യം കേരി തുടങ്ങിവച്ചതും, നവോത്ഥാനത്തിലേയ്‌ക്കു നയിച്ചതുമായ നന്മകള്‍ വിവരിച്ച ശേഷം ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ആ മൂല്യങ്ങള്‍ കൊണ്ടു സ്വയം അടയാളപ്പെടുത്തുവാന്‍ സഭയ്‌ക്കു കഴിയാതെ പോകുന്നു എന്നു കരുതുന്ന ഗ്രന്ഥകാരന്‍ ആയത്‌ ഒഴുക്കന്‍ മട്ടില്‍ പറഞ്ഞു നിര്‍ത്തുകയല്ല, മറിച്ച്‌ സഭയില്‍ത്തന്നെ സാമുദായികതയും ചുമതലകളേക്കാള്‍ മേലെ അവകാശങ്ങളാണ്‌ എന്ന ചിന്തയും വളരുന്നത്‌ പ്രതിസാക്ഷ്യമായി തീരുന്നു എന്നു കൂട്ടിച്ചേര്‍ക്കുകയാണു ചെയ്യുന്നത്‌. സഭയുടെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍, ആശുപത്രികള്‍, വനിതാവസതികള്‍ എന്നിവയെല്ലാം സഭാനാഥന്റെ മൂല്യശ്രേണി അന്യമാക്കുന്നതിനെക്കുറിച്ച്‌ സൂചിപ്പിച്ചുകൊണ്ട്‌, ഉപഭോഗപരതയും രാഷ്ട്രീയശൈലിയുടെ സ്വാധീനതയുമാണ്‌ ആയതിലേയ്‌ക്കു നയിക്കുന്ന അടിസ്ഥാനഘടകങ്ങള്‍ എന്നു വ്യക്തമായി സ്ഥാപിക്കുവാന്‍ കഴിയുന്നുണ്ട്‌ ഈ പ്രബന്ധത്തിന്‌. അടുത്ത കുറിപ്പിലെ ഒരു വാക്യം ഇങ്ങനെ ഉദ്ധരിക്കാവുന്നതാണ്‌:

`എന്തായിരിക്കണമെന്നതിലുമുപരി, എന്തുണ്ടായിരിക്കണമെന്നു ചിന്തിക്കുന്നവരുടെ നിയന്ത്രണത്തിലാണിന്നു സഭകള്‍.' സഭ സഭയ്‌ക്കു വേണ്ടി എന്നു കരുതുന്നവരുടെ സംഖ്യ വര്‍ദ്ധിച്ചുവരുന്നതില്‍ ഖിന്നനാകുന്നയാള്‍ `ക്രിസ്‌തുവിന്റെ പേരില്‍ ഒരു മതമുണ്ടെങ്കിലും ആ മതത്തിലെ സഭകളൊക്കെ ക്രിസ്‌തുവിന്റെ പേരു സ്വീകരിക്കുന്നതില്‍ നിന്ന്‌ ഒഴിഞ്ഞുമാറിയത്‌ ആശ്വാസകരമായി' എന്നു നിരീക്ഷിക്കുന്നതു വായിയ്‌ക്കുമ്പോള്‍ നര്‍മ്മം കൊണ്ടു മര്‍മ്മത്തില്‍ കുത്തുന്ന കുഞ്ചന്‍ നമ്പ്യാരേയും ഈ വി കൃഷ്‌ണപിള്ളയേയും ഓര്‍ത്തുപോകും വായനക്കാരന്‍.

സഭകള്‍ ഉള്‍വലിയുന്നതും അവരവരുടെ വേലിക്കെട്ടുകളില്‍ ഒതുങ്ങിക്കൂടുന്നതും ഒന്നിലധികം ഇടങ്ങളില്‍ ആക്ഷേപവിധേയമാകുന്നുണ്ട്‌ ഈ രചനകളില്‍. ഉപ്പു പോലെ സമൂഹത്തില്‍ അലിഞ്ഞു ചേര്‍ന്ന്‌ രുചി പകരുവാന്‍ വിളിയ്‌ക്കപ്പെട്ട സഭ മണല്‍ത്തരികള്‍ പോലെ വേര്‍പെട്ടു നില്‍ക്കുവാന്‍ ആഗ്രഹിക്കുന്നതിലെ അശാസ്‌ത്രീയതയാണ്‌ ഒരിടത്തു പ്രകോപനമെങ്കില്‍, റോബിന്‍ ഹുഡിനേയും കായംകുളം കൊച്ചുണ്ണിയേയും പുണ്യവാളന്മാരായി പ്രഖ്യാപിക്കുന്നതു പോലെ, കള്ളപ്പണക്കാരുടേയും അബ്‌കാരികളുടേയും ധനമുപയോഗിച്ച്‌ ` സഭാസേവനം' നടത്തുന്നതിലെ പരിഹാസ്യതയാണു മറ്റൊരിടത്തു ചൂണ്ടിക്കാണിക്കപ്പെടുന്നത്‌.

ഖാദിയും മദ്യവും തമ്മില്‍ എന്താണു ബന്ധം? ബന്ധമില്ലായ്‌മയാണു ബന്ധം. ബന്ധമില്ലായ്‌മയിലെ ഈ ബന്ധം ഉരുവാകുന്നത്‌ മഹാത്മാഗാന്ധിയിലൂടെയാണ്‌: മദ്യമുക്തഭാരതത്തില്‍ മാത്രമേ യഥാര്‍ത്ഥസ്വാതന്ത്ര്യം സാക്ഷാല്‍ക്കൃതമാവൂ എന്നു വിശ്വസിച്ച മഹാത്മജി രാഷ്ട്രീയസ്വാതന്ത്ര്യത്തിനുള്ള സമരത്തില്‍ ഖാദിയെ ഒരു പ്രതീകമാക്കി. സ്വതന്ത്രഭാരതത്തില്‍ കോണ്‍ഗ്രസുകാര്‍ പോലും യഥാര്‍ത്ഥഖാദി ഉപയോഗിക്കുന്നില്ല. കോണ്‍ഗ്രസുകാരനായി മുദ്ര കുത്തപ്പെടുമെന്ന ഭയം കൊണ്ടു മറ്റുള്ളവര്‍ ഖാദിയില്‍ നിന്നു സ്വാതന്ത്ര്യം തേടുകയും ചെയ്യുന്നു. ഈ പശ്ചാത്തലത്തില്‍ ഗ്രന്ഥകാരന്‍ നിര്‍ദ്ദേശിക്കുകയാണ്‌ െ്രെകസ്‌തവവൈദികര്‍ ഖാദികൊണ്ടു നിര്‍മ്മിച്ച കുപ്പായം ധരിക്കണമെന്ന്‌. മാര്‍ത്തോമ്മാസഭയിലെ യൂഹാനോന്‍ തിരുമേനി ഖാദി ധരിച്ചിരുന്നു. മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയിലെ ബര്‍നബാസ്‌ തിരുമേനി ഖാദി ധരിച്ചിരുന്നു. ഇപ്പോഴും മൂവാറ്റുപുഴയിലെ അത്താനാസിയോസ്‌ തിരുമേനിയെപ്പോലെ എല്ലാ സഭകളിലും കുറേ ഖാദിവാദികളെ കാണാമായിരിക്കും. എങ്കിലും രണ്ടരക്കോടിയുടെ ബെന്‍സിലാണ്‌ സഭാധ്യക്ഷന്‍ അഭിരമിക്കുന്നതെങ്കില്‍ എത്ര വൈദികരുണ്ടാവും ഖാദി ധരിച്ച്‌ മണ്ടന്‍ കളിക്കാന്‍ എന്ന വിഷയം ആലോചനാമൃതമാണെന്നു പറയാതെ വയ്യ.

എമ്പ്രായലേഖനകര്‍ത്താവിന്റെ ഒരു വാക്യം (11:32) പെട്ടെന്ന്‌ ഓര്‍മ്മ വരുന്നതിനാല്‍ ഈ ആമുഖം ഇവിടെ അവസാനിപ്പിക്കുകയാണ്‌. ഈ ചുവരെഴുത്തുകള്‍ ഓരോന്നും വിശദമായ ഒരു പ്രബന്ധത്തിനു വക നല്‍കുന്നു. ഇവയില്‍ ഒന്നിനെക്കുറിച്ചു പോലും `തെക്കേല്‍' (ദാനിയേല്‍ 5:27) എന്ന്‌ ആര്‍ക്കും പറയാന്‍ കഴിയുകയില്ല എന്നു ദാനിയേല്‍ ആയ ഞാന്‍ ഉത്തമബോധ്യത്തോടെ സാക്ഷ്യപ്പെടുത്തുന്നു.

ചുവരെഴുത്തുകള്‍ വായിക്കാന്‍ കഴിയാത്ത സമൂഹം നാശത്തിലേയ്‌ക്കുള്ള പ്രയാണത്തിലാണ്‌. അവരുടെ വിധിയാണ്‌ `മെനെ, മെനെ, തെക്കേല്‍, ഉഫര്‍സീന്‍.' കിഞ്ചിജ്ഞന്മാരാണ്‌ മദാന്ധഗജസമാനരെന്ന്‌ ഭര്‍തൃഹരി പറഞ്ഞിട്ടുണ്ട്‌. ഭര്‍തൃഹരി നിര്‍ദ്ദേശിക്കുന്ന പരിഹാരം (ഡോ. ജോസ്‌ പാറക്കടവിലിനെപ്പോലെയുള്ള) ബുധജനങ്ങളില്‍ നിന്നു കുറേശ്ശെക്കുറേശ്ശെ വല്ലതും മനസ്സിലാക്കുക എന്നതാണ്‌. കേരളീയസമൂഹത്തിന്‌, വിശിഷ്യാ ക്രിസ്‌തുമതാനുയായികള്‍ക്കും പൊതുവെ ഈശ്വരവിശ്വാസികള്‍ക്കും ഈ ചുവരെഴുത്തുകള്‍ വായിച്ചു മനസ്സിലാക്കാനാവട്ടെ എന്ന ആശംസയോടെ ഈ കൃതി സജ്ജനസമക്ഷം അവതരിപ്പിക്കുന്നു.

(ഡോ. ജോസ്‌ പാറക്കടവിലിന്റെ `ചുവരെഴുത്തുകള്‍' എന്ന കൃതിയുടെ അവതാരിക. പ്രസാധകര്‍: സി. എസ്‌. എസ്‌., തിരുവല്ല)
ഡോക്ടര്‍ ജോസിന്റെ ചുവരെഴുത്തുകള്‍ (ഡി. ബാബുപോള്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക