Image

വിദ്യാഭ്യാസ-ചരിത്ര-ജനകീയ സ്ഥാപനങ്ങളുടെ കാവി വല്‍ക്കരണമോ? (ഡല്‍ഹികത്ത് : പി.വി.തോമസ്)

പി.വി.തോമസ് Published on 20 July, 2015
വിദ്യാഭ്യാസ-ചരിത്ര-ജനകീയ സ്ഥാപനങ്ങളുടെ കാവി വല്‍ക്കരണമോ? (ഡല്‍ഹികത്ത് : പി.വി.തോമസ്)
മോഡിയും എന്‍.ഡി.എ.യും അധികാരത്തില്‍ വന്നതിനു ശേഷം വിദ്യാഭ്യാസത്തിന്റെയും ചരിത്രത്തിന്റെയും ജനാധിപത്യ സ്ഥാപനങ്ങളുടെയും കാവി വല്‍ക്കരണത്തിന് ബോധപൂര്‍വ്വവും ആസൂത്രിതവും സംഘടിതവുമായ ഒരു ശ്രമം സംഘപരിവാറും സംഘവും നടത്തുന്നുണ്ടോ?
ഉണ്ടെന്നാണ് മനുഷ്യവിഭവശേഷി വികസ വകുപ്പ് മന്ത്രി സ്മൃതി ഇറാനിയും രാഷ്ട്രീയ സ്വയവേവുക സംഘം സമ്മതിക്കുന്നത്. ഇതിന് കാവി വല്‍ക്കരണം എന്ന പേരല്ല ഇറാനി ഉപയോഗിക്കുന്നത്. ഭാരതവല്‍ക്കരണമെന്നോ അല്ലെങ്കില്‍ വിദ്യാഭ്യാസത്തിന്റെ ഹൈന്ദവചിന്താവല്‍ക്കരണമെന്നോ ഒക്കെയാണ് ഇറാനി ആശയപ്രകടനം നടത്തുന്നത്. ലോകപ്രശസ്ത സാമ്പത്തീക വിദഗ്ദ്ധനും നൊബേല്‍ സമ്മാന വിജയേതാവുമായ അമര്‍ത്യസെന്നിന്റെ അഭിപ്രായത്തില്‍ മോഡി ഗവണ്‍മെന്റ് അക്കാദമിക്ക് സ്വാതന്ത്ര്യത്തില്‍ കൈകടത്തുകയും നിയന്ത്രിക്കുകയും ആശയങ്ങള്‍ അടിച്ചേല്‍പിക്കുകയും ചെയ്യുന്നുണ്ട്. സെന്‍ തന്നെ അതിന്റെ ഒരു ഇരയാണ്. ഈ അടുത്തകാലത്താണ് അദ്ദേഹത്തെ മോഡി ഗവണ്‍മെന്റ് നളന്ദ സര്‍വ്വകലാശാലയുടെ ചാന്‍സ് ലര്‍ സ്ഥാനത്തുനിന്നും നീക്കം ചെയ്തത്. ഏതായാലും വിദ്യാഭ്യാസ-ചരിത്ര-ജനകീയ സ്ഥാപനങ്ങളുടെ കാര്യത്തില്‍ ഗവണ്‍മെന്റ് ആശയപരമായ ഇടപെടലുകള്‍ നടത്തുന്നുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. ആര്‍.എസ്. എസിന്റെ അഭിപ്രായ പ്രകാരം ഹിന്ദുസ്ഥാന്റെ ആദ്ധ്യാത്മീക വിചാരധാരയുമായി സമ്മിശ്രമല്ലാത്ത ഒരു വിദ്യാദ്യാസ സംവിധാനം അര്‍ത്ഥശൂന്യമാണ്. സെന്നും ചരിത്രകാരനായ രാമചന്ദ്രഗുഹയും ഈ പ്രക്രിയയെ ഒരു കയ്യേറ്റമായി കണക്കാക്കുന്നു. ഇവരുടെ അഭിപ്രായത്തില്‍ വിദ്യാഭ്യാസത്തിന്റെയും ചരിത്രത്തിന്റെയും ജനകീയസ്ഥാപനങ്ങളുടെയും കാവിവല്‍ക്കരണം അല്ലെങ്കില്‍ ഭാരതവല്‍ക്കരണം, അല്ലെങ്കില്‍ ഭാരതവല്‍ക്കരണം, അല്ലെങ്കില്‍ ഹൈന്ദവവല്‍ക്കരണം അര്‍ത്ഥശൂന്യം ആണ്. ശിവരാമ കാരന്തിനെ ഉദ്ധരിച്ചുകൊണ്ട് ഗുഹ പറയുന്നു ഭാരത സംസ്‌ക്കാരം ഒരിക്കലും ഒരു ഒറ്റ ശിലാസ്തംഭം അല്ല. ഭാരതസംസ്‌ക്കാരത്തെ ഇന്ന് ഭാരതസംസ്‌ക്കാരങ്ങള്‍ എന്ന് വിളിക്കേണ്ട രീതിയില്‍ അത് വളര്‍ന്ന് പടര്‍ന്ന് പന്തലിച്ചിരിക്കുന്നു. ഭാരത സംസ്‌ക്കാരത്തിന്റെ അടിവേരുകള്‍ പുരാണകാലത്തിലാണ്. അത് വികസിച്ചത് വിവിധയിനം ജനങ്ങളും മനുഷ്യ വര്‍ഗ്ഗങ്ങളുമായുള്ള സംസര്‍ഗ്ഗത്തിലൂടെയാണ്. അതുകൊണ്ട് ഇതില്‍ ഏതാണ് വിദേശിയെന്നോ ഏതാണ് സ്വദേശിയെന്നോ പറയുക എളുപ്പമല്ല. ഏതാണ് സ്‌നേഹം കൊണ്ട് സ്വീകരിച്ചതെന്നോ ഏതാണ് അടിച്ചേല്പിക്കപ്പെട്ടതെന്നോ വിവേചിക്കുകയും ബുദ്ധിമുട്ടാണ്. അതുകൊണ്ട് ഭാരതസംസ്‌ക്കാരത്തെ പഠിക്കുമ്പോള്‍, ഉള്‍ക്കൊള്ളുമ്പോള്‍ അത് ഒരു തരം സങ്കുചിതമായ ദേശസ്‌നേഹത്തോടെ ആയിരിക്കരുത്. കാരന്തിന്റെയും ഗുഹയുടെയും ഈ നിരീക്ഷണം വളരെ അര്‍ത്ഥവത്താണ്. ഇവിടെയാണ് കാവിവല്‍ക്കരണവാദികള്‍ക്ക് തെറ്റുപറ്റുന്നത്.

വിദ്യാഭ്യാസത്തിന്റെ കാവിവല്‍ക്കരണമെന്ന് പറഞ്ഞു അധിക്ഷേപിക്കുന്നതിനെതിരെയാണ്. ഒരു രാജ്യത്തിന്റെ സമ്പന്നമായ പൈതൃകത്തെയും സംസ്‌ക്കാരത്തെയും കുറിച്ച് ഊറ്റം കൊള്ളുന്നതില്‍ ലജ്ജിക്കുന്ന സമ്പ്രദായം ഇന്‍ഡ്യയില്‍ മാത്രമെ കാണുകയുള്ളുവെന്നും ഇറാനി പരാതിപ്പെടുന്നു. ഇന്‍ഡ്യയുടെ പുതിയ വിദ്യാഭ്യാസ നയം അടുത്തവര്‍ഷം ആരംഭത്തോടെ പ്രഖ്യാപിക്കപ്പെടുമെന്നും ഇറാനി പറയുമ്പോള്‍ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ നിരവധി സംഘപരിവാര്‍ സംഘടനകള്‍ ഇവയുടെ പിന്നില്‍ അഹോരാത്രം അദ്ധ്വാനിക്കുന്നുണ്ട്.

എന്താണ് വിദ്യാഭ്യാസത്തിന്റെയും ചരിത്രത്തിന്റെയും ജനകീയ സ്ഥാപനങ്ങളുടെയും കാവിവല്‍ക്കരണത്തിന്റെ പിന്നിലുള്ള യാഥാര്‍ത്ഥ്യം?
അത് മനസിലാക്കുവാന്‍ അധികമൊന്നും ആലോചിക്കേണ്ട കാര്യം ഇല്ല. ഈ ഗവണ്‍മെന്റ്, ഈ പാര്‍ട്ടി(ബി.ജെ.പി.) അല്ലെങ്കില്‍ സംഘപരിവാര്‍ അധികാരത്തില്‍ വന്നത് ഒരു പ്രത്യയശാസ്ത്രത്തിന്റെ പേരില്‍ ആണ്. ആ പ്രത്യയശാസ്ത്രം വികസനത്തേക്കാള്‍ ഏറെ ഹിന്ദുത്വ ആണ്. സംഘപരിവാറിന്റെ പ്രത്യേകശാസ്ത്രത്തിലെ പ്രധാന അജണ്ടയായ 'ഹിന്ദുരാഷ്ട്രം' നടപ്പാക്കുകയെന്നതിന്റെ ക്രമാനുഗതമായ ഇടപെടലാണ് വിദ്യാഭ്യാസത്തിലെയും ചരിത്രത്തിലെയും ജനകീയ സ്ഥാപനങ്ങളിലെയും ഈ കയ്യേറ്റങ്ങള്‍. ഈ പാര്‍ട്ടി അല്ലെങ്കില്‍ മോഡി, അല്ലെങ്കില്‍ സംഘപരിവാര്‍ അതിന്റെ അജണ്ടയെ വെടിഞ്ഞ് ഭരിക്കുമെന്ന് ആരെങ്കിലും വിശ്വസിക്കുന്നുണ്ടെങ്കില്‍ അവര്‍ വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തിലാണ്. അവര്‍ അതില്‍ വിജയിക്കുമോ ഇല്ലയോ എന്നുള്ളത് മറ്റൊരു കാര്യം. അപ്പോള്‍ ഇതുവരെ സിനിമ തിരക്കഥ അനുസരിച്ച് പുരോഗമിക്കുന്നു. അതിന്റെ ഭാഗമാണ് ഈ കാണുന്നതെല്ലാം. ഈ യാഥാര്‍ത്ഥ്യം മറന്നു കൊണ്ട്, അതിന്റെ പൊരുള്‍ മനസിലാക്കാതെ ആട്ടം കാണുന്നവര്‍ക്ക് തെറ്റ് പറ്റും. എനിക്ക് ആ തെറ്റു പറ്റുകയില്ല. പക്ഷേ, ഭരിക്കുന്നവര്‍ ഭരിക്കപ്പെടുന്ന പ്രജകളെ ഇങ്ങനെ തെറ്റിദ്ധരിപ്പിക്കരുത്.

എന്താണ് എന്തുകൊണ്ടാണ് വിദ്യാഭ്യാസ മേഖലയിലെ കാവിവല്‍ക്കരണം? വിദ്യാഭ്യാസമേഖല മര്‍മ്മപ്രധാനമായ ഒന്നാണ്. അതാണ് ഭാവിയിലേക്കുള്ള ചൂണ്ടു പലക അത് സംഘപരിവാറിന് ശരിക്കും അറിയാം. അത് പിന്നോട്ടു പോയ ഒരു മേഖലയും ഇതാണ്. വടക്കെ ഇന്‍ഡ്യയിലെ രണ്ട് പ്രമുഖ വിദ്യാഭ്യാസ മുന്നേറ്റങ്ങളായ ദയാനന്ദ ആഗ്ലോ- വേദിക്ക്, ദയാനന്ദ് ബ്രിജേന്ദ്ര സര്യസ്വതി പ്രസ്ഥാനങ്ങളില്‍ സംഘ പരിവാറിന് വലിയ സ്വാധീനവും ഉണ്ടായിരുന്നില്ല. വിദ്യാഭ്യാസത്തില്‍ മതം ചേര്‍ക്കുന്നത് അപകടമാണ്. അത് ഹിന്ദു ആയാലും മുസ്ലീം ആയാലും ക്രിസ്ത്യാനി ആയാലും ആപത്താണ്. പിഞ്ചു ഹൃദയങ്ങളില്‍ മതത്തിന്റെ സ്‌നേഹം നിറയ്ക്കാം. പക്ഷേ, പകയും. വിദ്വേഷവും അസഹിഷ്ണുതയും നിറയ്ക്കരുത്. വിദ്യാഭ്യാസത്തിലെ കാവിവല്‍ക്കരണം കൊണ്ട് അതാണ് മോഡിയും ഇറാനിയും ഉദ്ദേശിക്കുന്നതെങ്കില്‍ ചരിത്രത്തോടുള്ള അപരാധം ആണ് അത്. മാത്രവുമല്ല ദീനാനാഥ് ബത്രയെ പോലുള്ള വിദ്യാഭ്യാസ വിദഗ്ദ്ധരാണ് ഇതിനൊക്കെ ചുക്കാന്‍ പിടിക്കുന്നതെങ്കില്‍ പഴമ്പുരാണങ്ങളായിരിക്കും വിദ്യാര്‍ത്ഥികളെ ശാസ്ത്രീയ സത്യങ്ങളായി പഠിപ്പിക്കുന്നത്. ഈ വിദ്വാന്‍ സംഘപരിവാറിന്റെ വിദ്യാഭ്യാസ പരിഷ്‌ക്കരണങ്ങളുടെ മുഖ്യ ശില്പിയാണ്. കാവി-പുരാണ ചുവയുള്ള സിലബസിന്റെ നിര്‍മ്മിതിയിലാണ് സംഘപരിവാര്‍ ബുദ്ധി ജീവികള്‍ ഇപ്പോള്‍. മഹാരാഷ്ട്ര ഗവണ്‍മെന്റ് കണക്കും ശാസ്ത്രവും സാമൂഹ്യപാഠവും പഠിപ്പിക്കാത്ത മദ്രസകളെ അംഗീകരിക്കാതിരിക്കുവാനുള്ള ഒരു നീക്കം നടത്തിയിട്ടുണ്ട്. ഇത് വളരെയേറെ വിവാദങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. മുസ്ലീങ്ങല്‍ സ്വാഭാവീകമായിട്ടും ഇതിനെ എതിര്‍ത്തിട്ടുണ്ട്. എന്തുകൊണ്ട് ഒരു സംഭാഷണത്തിനും സമന്വയത്തിനും ശേഷം ഇങ്ങനെ ഒരു നടപടി എടുത്തു കൂട്ടായിരുന്നു എന്നതാണ് ഇവിടെ ചോദ്യം. അതുപോലെതന്നെ ബംഗാളിലെ മദ്രസകള്‍ക്കും എതിരായി ആര്‍.എസ്.എസ്. ഒരു നീക്കം നടത്തുന്നുണ്ട്. ഈ മദ്രസകള്‍ അപൂര്‍ണ്ണമായ ഇന്‍ഡ്യന്‍ ചരിത്രമാണ് പഠിപ്പിക്കുന്നതെന്നാണ് ആക്ഷേപം. അതുകൊണ്ട് അവയെയും നിരോധിക്കണമത്രെ. ഈ മദ്രസകള്‍ ഇന്‍ഡ്യയുടെ വേദിക്ക് സംസ്‌ക്കാരത്തെയോ അശോകന്റെ ചരിത്രപ്രാധാന്യത്തെയോ പഠിപ്പിക്കാതെ മുസ്ലീം കാലഘട്ടത്തെ മാത്രമാണ് പഠിപ്പിക്കുന്നതെന്നാണ് പരാതി. ഇതിനെ ബംഗാളിലെ മദ്രസ ബോര്‍ഡ് നിഷേധിച്ചിട്ടുണ്ട്. ആരാണ് ആര്‍.എസ്.എസ്. ഇതുപോലുള്ള ചരിത്ര വിദ്യാഭ്യാസ പോലീസിംങ്ങ് നടത്തുവാന്‍ അധികാരികള്‍?
എന്തുകൊണ്ടാണ് ചരിത്രത്തെ കാവി വാരി പുതപ്പിക്കുവാന്‍ സംഘപരിവാര്‍ മുതിരുന്നത്? സംഘപരിവാറിന്റെ പ്രധാന പരാതി ഇന്‍ഡ്യയുടെ ചരിത്രം കോണ്‍ഗ്രസും ഇടതു പക്ഷ ബുദ്ധിജീവികളും വിദേശചരിത്രകാരന്മാരും കൂടെ വളച്ചൊടിച്ച ഒരു രേഖയാണെന്നാണ്. ഇത് യാഥാര്‍ത്ഥത്തില്‍ ഇടവും കിട്ടിയിട്ടില്ല. ഇത് തിരുത്തുവാനുള്ള ശ്രമം ആണ് ഇപ്പോള്‍ നടക്കുന്നത്. ഇതിനായി നാഷ്ണല്‍ കൗണ്‍സില്‍ ഫോര്‍ എഡ്യൂക്കേഷന്‍, റിസര്‍ച്ച് ആന്റ് ട്രെയിനിംങ്ങ് ജൂണ്‍ എട്ടു മുതല്‍ പന്ത്രണ്ട് വരെ ഒരു പണിപ്പുര നടത്തി. അതില്‍ ഇന്‍ഡ്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ചിലെ അംഗങ്ങളും ഉണ്ടായിരുന്നു. പണിപ്പുരയുടെ അംഗങ്ങളും ഉണ്ടായിരുന്നു. പണിപ്പുരയുടെ ഉദ്ദേശം ചരിത്രത്തിലെ തെറ്റുകളും വിവാദങ്ങളും കണ്ടെത്തുകയെന്നതായിരുന്നു. അതായത് സംഘപരിവാറിന്റെ കാവി വീക്ഷണകോണിലൂടെ. ഈ പ്രക്രിയ നടന്നുകൊണ്ടിരിക്കുകയാണ്. സംഘപരിവാറിന്റെ പുസ്തകത്തില്‍ അക്ബര്‍ മഹാനല്ല. റാണാപ്രതാപ് സിംങ്ങ് ആണ് അതിലും മഹാന്‍. മഹാത്മാ ഗാന്ധിജിയേക്കാളും പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിനേക്കാളും മഹാത്മാരാണ് സര്‍ദാര്‍ വല്ലഭായി പട്ടേലും ബാലഗംഗാധര തിലകനും. മഹാഭാരതവും രാമായണവും പുരാണങ്ങള്‍ അല്ല. ചരിത്രം ആണ്. ആര്യന്മാര്‍ ഇന്‍ഡ്യയെ കീഴടക്കി ദ്രാവിഡന്മാരെ ഗംഗാ തടത്തില്‍ നിന്നും തെക്കോട്ടും കിഴക്കോട്ടും പായിച്ചതല്ല. ആര്യന്മാര്‍ ഇന്‍ഡ്യയില്‍ ജനിച്ചവരാണ്. ദളിതന്മാര്‍ മുസ്ലീം അധിനിവേശ സംസ്‌ക്കാരത്തിന്റെ സൃഷ്ടികള്‍ ആണ്. അശോക ചക്രവര്‍ത്തിയുടെ അഹിംസ പ്രചാരണവും ബുദ്ധമത വിശ്വാസവും ഉത്തരേന്ത്യയെ ബലഹീനമാക്കി. ഇങ്ങനെ ഒട്ടേറെ ചരിത്രസത്യങ്ങള്‍ പാഠപുസ്തകങ്ങള്‍  ആകുവാന്‍ സംഘപരിവാറിന്റെ ആയുധപ്പുരയില്‍ കാത്തിരുപ്പുണ്ട്. ഈ സമാന്തര ചരിത്രം രസാവഹം ആയിരിക്കുമെന്നതില്‍ സംശയം ഇല്ല.

ചരിത്രത്തോടുള്ള ഈ കാവി പരീക്ഷണം 1977- ല്‍ ജനതപാര്‍ട്ടി അധികാരത്തില്‍ വന്നപ്പോള്‍ ആരംഭിച്ചതാണ്. അന്ന് ബി.ജെ.പി.യുടെ മുന്‍ അവതാരം ജനസംഘ് ജനത ഗവണ്‍മെന്റില്‍ ഉള്‍പ്പെട്ടിരുന്നു. ജനസംഘ് ചരിത്രം തിരുത്തി. പിന്നീട് 1999-ല്‍ എന്‍.ഡി.എ. അധികാരത്തില്‍ വന്നപ്പോള്‍ വീണ്ടും എന്‍.സി.ഇ.ആര്‍.റ്റി. ചരിത്രപുസ്തകങ്ങള്‍ തിരുത്തി എഴുതി. 2004-ല്‍ യു.പി.എ. അധികാരത്തില്‍ വന്നപ്പോള്‍ അവര്‍ അത് വീണ്ടും തിരുത്തി. എന്ത് വിചിത്ര കഥയാണ് ഈ ചരിത്രത്തിന്റേത്!

ജനകീയ സ്ഥാപനങ്ങളോടുള്ള കാവി കടുംകൈയാണ് മറ്റൊന്ന്. ഇതില്‍ എല്ലാ പ്രധാന ജനകീയ സ്ഥാപനങ്ങളും ഉള്‍പ്പെടുന്നു. എല്ലാം തന്നെ കാവിവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു. ഐ.സി.സി.ആറിന്റെ തലപ്പത്ത് വച്ചിരിക്കുന്ന സംഘപരിവാറിയുടെ(ഡോ. ലോകേഷ് ചന്ദ്ര) പ്രധാന യോഗ്യത. അമര്‍ത്യസെന്നിന്റെ ഭാഷയില്‍, അദ്ദേഹം മോഡി മഹാത്മജിയെക്കാള്‍ മഹാനാണെന്ന് ഉദ്‌ബോധിപ്പിച്ചതാണ്. ചരിത്ര ഗവേഷണ കൗണ്‍സിലിന്റെ മേധാവിയുടെ(വൈ.എസ്.റാവു) മഹത്വം അദ്ദേഹം ചാതുര്‍വര്‍ണ്ണ്യത്തെ പുകഴ്ത്തിയതാണ്.  ചാതുര്‍വര്‍ണ്ണ്യം ഇന്‍ഡ്യക്ക് ഗുണമാണ് ചെയ്തതത്രെ! അതില്‍ ചൂഷണത്തിന്റെ അംശമേയില്ല! പ്രസാര്‍ ഭാരതിയും(എ. സൂര്യപ്രകാശ്), പ്രധാനമന്ത്രിയുടെ സുരക്ഷ ഉപദേഷ്ടാവും(എന്‍.കെ.ദോവാള്‍) എല്ലാം കാവിവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു. നാഷ്ണല്‍ ബുക്ക്ട്രസ്റ്റില്‍ നിന്നും ചെയര്‍മാനായ സേതു മാധവനെ(സേതു) മാറ്റ് ആര്‍.എസ്.എസ്. കാരനായ ബല്‍ദേവ് ശര്‍മ്മയെ നിയമിച്ചത് വിവാദം ഉയര്‍ത്തിയിരുന്നു. ഇവിടെത്തന്നെ ആസാമിലെ ബി.ജെ.പി. നേതാവിന്റെ ഭാര്യയായ റീത്താചൗധരിയെ ഡയറക്ടറായി നിയമിച്ചിട്ടുണ്ട്. പൂനഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ മേധാവിയായി ആര്‍.എസ്.എസ്. സ്ഥാനാര്‍ത്ഥിയായ ഗജേന്ദ്രചൗഹാനെ നിയമിച്ചത് വലിയ പ്രക്ഷോഭണം വിദ്യാര്‍ത്ഥികളില്‍ ഉളവാക്കിയിരിക്കുകയാണ്. ഒരു കാലത്ത് അടൂര്‍ ഗോപാലകൃഷ്ണനും മൃണാള്‍ സെന്നും മറ്റും ഇരുന്ന ആ കസേരയില്‍ ഇരിയ്ക്കുവാനുള്ള ചൗഹാന്റെ ഒരേയൊരു യോഗ്യത അദ്ദേഹം മഹാഭാരതം ടെലിവിഷന്‍ സീരിയലില്‍ യുധിഷ്ഠരന്റെ വേഷം അണിഞ്ഞുവെന്നതാണ്. അതേ സീരിയലില്‍ തന്നെ ശ്രീകൃഷ്ണനായി അഭിനയിച്ച നിതീഷ് ഭരദ്വാജ് ഐ.ആന്റ്.സി. മന്ത്രാലയത്തില്‍ നല്ലൊരു വേഷത്തിനായി ശ്രമിക്കുന്നുണ്ട്.

ഇതൊക്കെയാണ് വിദ്യാഭ്യാസത്തിലെയും ചരിത്രത്തിലെയും ജനകീയ സ്ഥാപനങ്ങളിലെയും കാവിവല്‍ക്കരണത്തിന്റെ കഥ. വിദ്യാഭ്യാസ മേഖലയെയും ചരിത്രത്തെയും ജനകീയ സ്ഥാപനങ്ങളെയും കാവിവല്‍ക്കരിക്കുന്നത് രാജ്യത്തോടു ചെയ്യുന്ന വലിയ അപരാധം ആണ്.
വിദ്യാഭ്യാസ-ചരിത്ര-ജനകീയ സ്ഥാപനങ്ങളുടെ കാവി വല്‍ക്കരണമോ? (ഡല്‍ഹികത്ത് : പി.വി.തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക