Image

അകലങ്ങളിലിരിക്കുന്ന തമ്പുരാന്‍ (കഥ) - ഡോ.ജോര്‍ജ്ജ് മരങ്ങോലി

ഡോ.ജോര്‍ജ്ജ് മരങ്ങോലി Published on 22 July, 2015
അകലങ്ങളിലിരിക്കുന്ന തമ്പുരാന്‍ (കഥ) - ഡോ.ജോര്‍ജ്ജ് മരങ്ങോലി
മുംബൈ നഗരത്തില്‍ പ്രാന്തപ്രദേശങ്ങളിലൊന്നിലുള്ള കേരളസ്റ്റോറില്‍ വെച്ച് മനോരമ പത്രം കണ്ടപ്പോഴാണ് വര്‍ഷങ്ങളോളം മറന്നു കിടന്ന സ്വന്തം നാടിനെക്കുറിച്ചോര്‍മ്മ വന്നത്. എന്റെ നാട്ടില്‍ പുറത്ത് വലിയൊരു ദേവാലയം നിര്‍മ്മിച്ചതിന്റെ ഫോട്ടോയും, വാര്‍ത്തയും പത്രത്തില്‍ വന്നിരിക്കുന്നു!

മനസ്സിന്റെ എത്തപ്പെടാത്ത കോണിലെവിടെയോ മരവിച്ചു കിടന്ന നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ സടകുടഞ്ഞെണീറ്റു! ഇരുപതിലേറെ വര്‍ഷങ്ങളായി നാടുവിട്ടിട്ട് പിന്നീട് ഒരിക്കല്‍ പോലും ജന്മനാടിനെക്കുറിച്ച് ഓര്‍ക്കാന്‍ മനഃപൂര്‍വ്വം ശ്രമിച്ചില്ല! ഓര്‍ത്തിരിക്കാന്‍ മാത്രം പ്രത്യേകിച്ച് കാരണങ്ങളുമുണ്ടായില്ല! എനിക്കു ആറുവയസ്സുള്ളപ്പോള്‍ മഞ്ഞപ്പിത്തം വന്ന് അമ്മ മരിച്ച് പോയി! എന്നെ നോക്കാന്‍ വേണ്ടി അപ്പന്‍ രണ്ടാം വിവാഹം ചെയ്തു കൊണ്ടു വന്നത് ഒരു പിശാചിനെയായിരുന്നു! ആ സ്ത്രീ പറയുന്നതായിരുന്നു അപ്പന് വേദവാക്യം!  പഠിക്കാന്‍ മിടുക്കനായിരുന്ന എന്നെ സ്‌കൂളില്‍ വിടാതിരിക്കാന്‍ അവര്‍ ഒരുപാട് ശ്രമിച്ചു നോക്കി, പക്ഷെ, അതു മാത്രം അപ്പന്‍ സമ്മതിച്ചില്ല.

“അവന്‍ പഠിക്കട്ടെ”

“ഓ, എന്നാത്തിനാ പഠിക്കുന്നെ, അവന്‍ പഠിച്ച് കളക്ടറാകാന്‍ പോകുന്നോ? വല്ല ജോലിയും ചെയ്ത് പഠിച്ചാല്‍ പത്തു കാശുണ്ടാക്കാം!”

അവരുടെ താണ്ഢനങ്ങളും, പീഡനങ്ങളും ദൈനംദിനം സഹിച്ച് ഞാന്‍ പഠിച്ചു. എന്തെല്ലാം പ്രശ്‌നങ്ങളുണ്ടായിരുന്നിട്ടും രാവിലെ വികാരിയച്ചന്റെ കുര്‍ബ്ബാനയ്ക്ക് കൂടിയിരുന്നത് ഞാനായിരുന്നു. അതും അപ്പന്‍ എതിര്‍ത്തില്ല! കുര്‍ബ്ബാന കഴിഞ്ഞ് തമ്പുരാന്റെ അടുത്തു നിന്ന് കരഞ്ഞു പ്രാര്‍ത്ഥിക്കാനല്ലാതെ എനിക്കൊന്നിനും കഴിയുമായിരുന്നില്ല! മാറി മാറി വന്ന ഓരോ അച്ചന്മാരും എന്റെ വിഷമസ്ഥിതിയില്‍ എന്നെ സ്വാന്തനപ്പെടുത്താന്‍ ശ്രമിച്ചു. അവരായിരുന്നു എന്റെ ഏക ആശ്രയവും, പണിയായിരുന്നു എന്റെ ഏക സങ്കേതവും!

വര്‍ഷങ്ങള്‍ക്കുമുമ്പ് കണ്ടു മറന്ന വികാരിയച്ചന്മാരുടെ മുഖവും, നാട്ടിന്‍പുറത്തെ കൊച്ചു പള്ളിയിലെ മാതാവും, യൗസേപ്പ് പിതാവുമെല്ലാം മനോമുകുരത്തില്‍ പെട്ടെന്ന് തെളിഞ്ഞു വന്നു.
ഹൈസ്‌കൂളില്‍ എനിക്ക് ഉയര്‍ന്ന ഫസ്റ്റുക്ലാസ്സുണ്ടായിരുന്നു. അയലത്തെ വീട്ടിലെ പോളും, ജോര്‍ജ്ജുമെല്ലാം കോളേജ് അഡ്മിഷനുവേണ്ടി പരക്കം പാഞ്ഞപ്പോള്‍ ജീവിക്കാന്‍ വേണ്ടി എവിടേക്കെങ്കിലും ഓടി രക്ഷപ്പെട്ടതിനെക്കുറിച്ചായിരുന്നു എന്റെ ചിന്ത! ആയിടയ്ക്കാണ് ഒരു ആക്‌സിഡന്റില്‍ അപ്പന്‍ മരിച്ചത്. പ്രത്യേകിച്ച് ഗുണമൊന്നുമുണ്ടായിരുന്നില്ലെങ്കില്‍ കൂടി അപ്പന്റെ വേര്‍പാട് എന്നെ ഏകനാക്കി!  ഞാന്‍ ആരോരുമില്ലാത്ത ഒരനാഥന്‍!

അന്നൊരു ദിവസം രാവിലെ കുര്‍ബ്ബാന കഴിഞ്ഞപ്പോള്‍ വികാരിയച്ചനോട് പറഞ്ഞ് കരഞ്ഞു.

“ എനിക്കാരുമില്ലച്ചോ, എവിടെയെങ്കിലും പോയി രക്ഷപ്പെടാമെന്നു വെച്ചാല്‍ പൈസയുമില്ല.” എന്റെ സങ്കടം കണ്ട് മനസ്സലിഞ്ഞ അച്ചന്‍ എനിക്ക്  ഇരുന്നൂറു രൂപാ തന്നു.

“ മോനേ, തോമ്മാക്കുഞ്ഞേ, എനിക്കറിയാം നിന്റെ വിഷയം, നീ എവിടെയെങ്കിലും പോയി രക്ഷപ്പെട്ടോ, തമ്പുരാന്‍ നിന്നെ കാക്കും.” അച്ചന്റെ പ്രാര്‍ത്ഥനയും ഇരുന്നൂറു രൂപയുമായി അന്ന് വൈകീട്ട് റെയില്‍ വേസ്റ്റേഷനില്‍ എത്തി. മദ്രാസ്, ഡല്‍ഹി, ബോംബെ, എന്ന മൂന്നു പട്ടണങ്ങളുടെ പേരാണ് മനസ്സിലുണ്ടായിരുന്നത്. ആദ്യം വന്ന വണ്ടി ബോംബെയ്ക്കായിരുന്നു. ടിക്കറ്റെടുത്ത് വണ്ടിയിലിരിക്കുമ്പോള്‍ മറ്റൊന്നിനെക്കുറിച്ചും ചിന്തിച്ചില്ല, ആ നശിച്ച രണ്ടാനമ്മയില്‍ നിന്ന് രക്ഷപ്പെട്ടല്ലോ എന്ന സന്തോഷം മാത്രമേ മനസ്സിലുണ്ടായിരുന്നുള്ളൂ!

മുംബൈ നഗരത്തിലെ ഓട്ടോറിക്ഷക്കാരന്‍ കരിംഭായിയാണ് എന്നെ ലാലാജിയുടെ എണ്ണ ഗോഡൗണില്‍ കൊണ്ടു വന്നാക്കിയത്. ആദ്യമൊക്കെ ലാലാജിക്ക് ചായ വാങ്ങാനും, ഓഫീസ് തുടയ്ക്കാനുമൊക്കെ ഏല്പിച്ചിരുന്ന ഞാന്‍ രാത്രികാലങ്ങളില്‍ വാശിയോടെ, ഉറക്കമിളച്ചിരുന്നു പഠിച്ച്, ഒരു ഡിഗ്രിയെടുത്തു. വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇന്ന് ഞാന്‍ ലാലാജിയുടെ മാനേജരാണ്. പണ്ട് നാട്ടുകാരുടെ തോമ്മാക്കുഞ്ഞായിരുന്ന ഞാന്‍ തോമസ് ഇന്ന് മുംബൈക്കാരുടെ തോമ്മാഭായി ആയി മാറി !

“തോമ്മാഭായി, ആപ് ഘര്‍ കബ് ജാനേകാ?” ജോലിക്കാരുടെ ചോദ്യത്തിന് ഒറ്റ മറുപടിയേ ഉണ്ടായിരുന്നുള്ളൂ. 

“മേരാ ഘര്‍ യഹി ഹെ!”

ഗൃഹാതുരത്വമുണര്‍ത്തുന്ന ചിന്തകള്‍ മനസ്സിനെ അലട്ടാന്‍ തുടങ്ങിയപ്പോള്‍ നാട്ടിലേക്ക് വണ്ടി കയറി. എന്റെ ഓര്‍മ്മയിലുള്ള വീട് നിന്നിരുന്ന സ്ഥലവും പരിസരവുമെല്ലാം കണ്ടുപിടിക്കാന്‍ വളരെ പണിപ്പെട്ടു. ആ സ്ഥലം മുട്ടുവാന്‍ അംബരചുംബികളായ ഫ്‌ളാറ്റ് സമുച്ഛയങ്ങളെക്കൊണ്ട് നിറഞ്ഞിരിക്കുന്നു! പണ്ടുണ്ടായിരുന്ന ചായക്കടകളും മുറുക്കാന്‍ കടകളും ഒന്നും ഇന്നവിടെയില്ല. പകരം അവിടെയെല്ലാം ബഹുനില ബിസിനസ്സ് സ്ഥാപനങ്ങളാണ് ! പൂഴിയിട്ടുറപ്പിച്ചിരുന്ന പഞ്ചായത്ത് റോഡിന്റെ സ്ഥാനത്ത് ടാറുചെയ്ത രണ്ടു വരിപ്പാതയാണ്!

പഴയ സര്‍ക്കാരാശുപത്രിയാകട്ടെ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജും ! മുഖച്ഛായ മാറി നഗരമായ എന്റെ പഴയനാട്ടില്‍ പുറത്തെ പടിഞ്ഞആറു ഭാഗത്തുണ്ടായിരുന്ന കുരിശുമ്മൂടിന്റെ സ്ഥാനത്ത് ഇന്നുള്ളത് അതിമനോഹരമായ കപ്പേളയാണ്. അതിന്റെയെല്ലാം പുറകില്‍, അങ്ങകലെ റോമിലെ ബസിലിക്കയെ വെല്ലുന്ന പുതിയ ദേവാലയം പ്രൗഢിയോടെ തലയുയര്‍ത്തി നില്‍ക്കുന്നു! പണ്ട് ചില്ലിത്തെങ്ങുകള്‍ മാത്രം നിന്നിരുന്ന ആ പള്ളിപ്പറമ്പു മുഴുവന്‍ ഇന്ന് വാഹനങ്ങള്‍ പാര്‍ക്കു ചെയ്യാനുള്ള സ്ഥലമാണ്. അവിടം മുഴുവന്‍ കാറുകളും, ടൂറിസ്റ്റ് ബസ്സുകളും കൊണ്ട് നിറഞ്ഞിരിക്കുന്നു. എന്തെങ്കിലും ആഘോഷം നടക്കുന്നുണ്ടാകുമെന്നാണ് ആദ്യം കരുതിയത്. പക്ഷെ, അതല്ല, പുതിയ ദേവാലയം കാണാന്‍ എത്തിയ തീര്‍ത്ഥാടകരുടെയും, വിനോദസഞ്ചാരികളുടെയും വാഹനങ്ങളാണ് അതെന്ന് മനസ്സിലാക്കാന്‍ അധികസമയം വേണ്ടി വന്നില്ല!

ഞാനും പുതിയ ദേവാലയത്തിലേക്ക് പ്രവേശിച്ചു. ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ മാര്‍ബിള്‍ വിരിച്ച്, ഫുട്‌ബോള്‍ കോര്‍ട്ടു പോലെ നീണ്ടു പരന്നു കിടന്ന ദേവാലയത്തിനുള്ളിലേക്ക് കയറിയപ്പോള്‍ത്തന്നെ ഞാന്‍ അന്തംവിട്ടു നിന്നുപോയി ! തീര്‍ത്ഥാടകരുടെയും, സന്ദര്‍ശകരുടെയും, അതിനിടയ്ക്ക് ഭക്തജനങ്ങളുടെയും അമിതപ്രവാഹം ! അങ്ങു ദൂരെ അതിമനോഹരമായ ശില്പചാതുര്യം ഉയര്‍ത്തിക്കാണിക്കുന്ന അള്‍ത്താര ! അതിനു പിന്നില്‍ മുകളിലായി കുംഭഗോപുരത്തില്‍ മുട്ടിനില്‍ക്കുന്ന ഒരു അഭിനവക്രൂശിത രൂപം! സ്ഥലം ദേവാലയമായതുകൊണ്ടും, കുരിശില്‍ കിടക്കുന്നത് ക്രിസ്തുനാഥനാണെന്നറിയാവുന്നതുകൊണ്ടും സംശയത്തിനിടവന്നില്ല ! ഇരു പാര്‍ശ്വങ്ങളിലുള്ള ചെറിയ അള്‍ത്താരകളില്‍ മാതാവിന്റെയും യൗസേഫ് പിതാവിന്റെയും എന്നു തോന്നിപ്പിക്കുന്ന രണ്ടു രൂപങ്ങള്‍! ചെറുപ്പം മുതലേ മാതാവിനെയും യൗസേഫ് പിതാവിനെയും കണ്ടു ശീലിച്ചതാണ്. അതില്‍ നിന്നെല്ലാം വ്യത്യസ്ഥമായി മുഖച്ഛായ മാറിയ പുതിയ രൂപങ്ങള്‍ കണ്ടപ്പോള്‍ മനസ്സൊന്നു പിടഞ്ഞു ! മാത്രവുമല്ല, ഞാന്‍ പണ്ട് സ്ഥിരമായി പ്രാര്‍ത്ഥിക്കാറുണ്ടായിരുന്ന മാതാവും, യൗസേഫ് പിതാവും. മിശിഹാതമ്പുരാനുമെല്ലാം ഒരുപാട് അകലെത്തിലായതുപോലെ ഒരു തോന്നല്‍ !

തമ്പുരാനുമായുള്ള നമ്മുടെ മനസ്സു തുറന്ന സംഭാഷണമല്ലേ-പ്രാര്‍ത്ഥന ? ദൈവസാന്നിദ്ധ്യത്തിന്റെ നിശ്ശങ്കമായ അംഗീകാരമല്ലേ പ്രാര്‍ത്ഥന ? വലിയ ദേവാലയത്തിലെ അകലങ്ങളിലായിപ്പോയ പ്രതിഷ്ഠകളും, നഷ്ടപ്പെട്ട ദേവസാന്നിദ്ധ്യവും എന്നെ വ്യാകുലനാക്കി. പ്രാര്‍ത്ഥികാനുള്ള ഏകാഗ്രത നഷ്ടപ്പെട്ട ഞാന്‍ തിരിച്ചുപോരാനായി വെളിയിലേക്കിറങ്ങി. ഓടുമേഞ്ഞ പണ്ടത്തെ ദേവാലയം ഇപ്പോഴും അവിടെത്തന്നെയുണ്ട്. കാലുകള്‍ അറിയാതെ അങ്ങോട്ടു ചലിച്ചു. പഴകിയ താടിവാതിലുകള്‍ മലക്കെ തുറന്നു കിടന്ന ആ ദേവാലയത്തിലേക്ക് ഞാന്‍ പ്രവേശിച്ചു. ഞാന്‍ പണ്ട് കുര്‍ബ്ബാനക്ക് കൂടാറുണ്ടായിരുന്ന അള്‍ത്താര, മാതാവിന്റെയും യൗസേഫ് പിതാവിന്റെയും കണ്ടു പരിചയമുള്ള രൂപങ്ങള്‍ ! മുട്ടുകള്‍ അിറയാതെ കുത്തി ! ഞാനറിയാതെ മനസ്സ് ദൈവസന്നിധിയിലേക്കുയര്‍ന്നു കണ്ണുകളടച്ച് പ്രാര്‍ത്ഥിച്ചു ! 

തിരികെപ്പോരുമ്പോള്‍ അകലങ്ങളിലിരിക്കുന്ന തമ്പുരാനെക്കുറിച്ചുള്ള ചിന്തയായിരുന്നു മനസ്സില്‍ !


അകലങ്ങളിലിരിക്കുന്ന തമ്പുരാന്‍ (കഥ) - ഡോ.ജോര്‍ജ്ജ് മരങ്ങോലി
Join WhatsApp News
vayanakaran 2015-07-22 15:47:13
അനുഗ്രഹീതനായ  എഴുത്തുകാരൻ ശ്രീ മരങ്ങോലിയിൽ നിന്നും ഇതിനേക്കാൾ മികച്ച
രചന പ്രതീക്ഷിച്ചാണ് വായിച്ചത്. അവസാനം
നല്ല സന്ദേസം നല്കുന്നെങ്കിലും ആദ്യ ഭാഗം
ഏച്ചു വച്ചപോലെ തോന്നി. ക്ഷമിക്കണം ഒരു
വായനകാരന്റെ അഭിപ്രായമാണ്~.
വായനക്കാരൻ 2015-07-22 17:34:51
എഴുതാൻ വേണ്ടി എഴുതിയതുകൊണ്ടായിരിക്കാം  ഒരു ലാലേട്ടൻ സിനിമാക്കഥ ഫിറ്റുചെയ്ത കഥയുടെ ആദ്യഭാഗം ഗണപതിയുടെ ആനത്തലപോലെ മുഴച്ചു നിൽക്കുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക