Image

കൗമാരസന്ധ്യകള്‍ (നോവല്‍-5: കാരൂര്‍ സോമന്‍)

Published on 23 July, 2015
കൗമാരസന്ധ്യകള്‍ (നോവല്‍-5: കാരൂര്‍ സോമന്‍)
അധ്യായം അഞ്ച്‌

സമതലങ്ങള്‍


ആകാശത്ത്‌ നക്ഷത്രങ്ങള്‍ വിളക്ക്‌ കത്തിച്ചു.

ഓച്ചിറയിലെ സ്‌ത്രീസമാജം പ്രതിക്ഷേധയോഗത്തില്‍ പങ്കെടുത്ത സരള കാമഭ്രാന്തുള്ള പുരുഷന്‍മാര്‍ക്കെതിരെ അതിശക്തമായ ഭാഷയില്‍ ആഞ്ഞടിച്ചു.

സ്‌ത്രീകള്‍ക്ക്‌ നേരെ തുടരെതുടരെയുണ്ടാകാറുള്ള ആക്രമണത്തെ പ്രതിരോധിക്കാന്‍ ഓരോ സ്ഥലങ്ങളിലും സ്‌ത്രീകള്‍ക്ക്‌ വീര്യം പകര്‍ന്നു. ഭര്‍ത്താക്കന്മാരുടെ ഇച്ഛകള്‍ക്ക്‌ മാത്രം വേട്ടയാടപ്പെടുന്നവരല്ല സ്‌ത്രീകളെന്നും ഭര്‍ത്താക്കന്മാര്‍ക്ക്‌ കൊട്ടാനുള്ള ചെണ്ടയല്ല സ്‌ത്രീകളെന്നും പുരുഷന്റെ ഇച്ഛയ്‌ക്കും വിരുദ്ധമായി പ്രവര്‍ത്തിക്കാനുള്ള കരുത്ത്‌ സമ്പാദിക്കാന്‍ സ്‌ത്രീകള്‍ മുന്നോട്ടു വരണമെന്നുള്ള ആഹ്വാനം കേട്ട്‌ കൂടിയിരുന്ന ഭൂരിപക്ഷം സ്‌ത്രീകളും അമ്പരന്നുപോയി. ഇന്ത്യയിലെ സ്‌ത്രീകള്‍ ഇന്നും പുരുഷന്‌ മുന്നില്‍ അടികളാണ്‌. അവര്‍ ഉയിര്‍ത്തെഴുന്നേല്‍ക്കാനുള്ള സമയമായിരിക്കുന്നുവെന്ന്‌ പറഞ്ഞപ്പോള്‍ അമ്പരപ്പോടെയിരുന്ന സ്‌ത്രീകളും കരഘോഷം മുഴക്കി സരളയെ സ്‌തുതിച്ചു. അവള്‍ക്കായി ആമ്മീനും ഹലേലൂയായും പാടി.

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ സ്‌ത്രീകളെ കൂടുതല്‍ അധികാരത്തിലെത്തിക്കാനുള്ള പോരാട്ടത്തിലാണ്‌ സരള. സരള നാടായ നാടെല്ലാം സ്‌ത്രീ വിമോചന സമരത്തിനായുള്ള പ്രതിക്ഷേധ സമരങ്ങള്‍ തുടങ്ങി കഴിഞ്ഞിരുന്നു. സ്‌ത്രീകള്‍ക്ക്‌ വീര്യം പകരുന്ന സ്‌ത്രീകളുടെ അമ്മയായി ദേവിയായി സരള മാറിക്കൊണ്ടിരിക്കുന്നതും പൊതുപ്രവര്‍ത്തകര്‍ ഉറ്റുനോക്കിക്കൊണ്ടിരുന്നു. വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ സരളയുടെ സ്വാധീനം നിര്‍ണ്ണായകമാണ്‌. അധികാരത്തിലുള്ളവര്‍ വാലാട്ടികള്‍ക്കും അവളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ നിര്‍ദ്ദേശം കൊടുത്തു. ഒരു രാഷ്‌ട്രീയപാര്‍ട്ടിയെയും പിന്തുണയ്‌ക്കാത്തവളെ ലക്ഷങ്ങള്‍ കൊടുത്ത്‌ പാട്ടിലാക്കാനുള്ള ഒരു ശ്രമവും വാലാട്ടികള്‍ നടത്തിക്കൊണ്ടിരുന്നു. ഏതെങ്കിലും പാര്‍ട്ടിയുടെ ചിഹ്നത്തില്‍ എം.എല്‍.എ. ആയി മത്സരിക്കാന്‍ താല്‌പര്യമുണ്ടോ എന്ന ഒരു പത്രക്കാരന്റെ ചോദ്യത്തിനും ഇല്ല എന്ന ഒറ്റ ഉത്തരമേ അവള്‍ക്കുണ്ടായിരുന്നുള്ളൂ. എന്റെ ലക്ഷ്യവും ആദര്‍ശവും ഇവിടുത്തെ സ്‌ത്രീകളുടെ വിമോചനമാണ്‌ അല്ലാതെ അധികാരത്തില്‍ ജീവിതകാലം മുഴുവന്‍ അള്ളിപ്പിടിച്ചിരുന്ന്‌ തുരുമ്പ്‌ പിടിപ്പിക്കാനുള്ളതല്ല. അവളുടെ ആ നിലപാടിനെയും മറ്റുള്ളവര്‍ സസ്‌നേഹം സ്വീകരിച്ചു. മറ്റുള്ളവര്‍ തെരഞ്ഞടുപ്പിലൂടെ രക്ഷപ്പെട്ട്‌ സമ്പത്ത്‌ കൊയ്‌തെടുക്കാന്‍ ശ്രമിക്കുമ്പോള്‍ അധികാരമില്ലാതെ സമ്പത്ത്‌ സഫലമാക്കാനാണ്‌ സരള ശ്രമിക്കുന്നത്‌. അതിലൂടെ ജനങ്ങളുടെ സ്‌നേഹസഹകരണം വര്‍ദ്ധിക്കും. അനുകമ്പയും കൂടും. അവിടെ ഭീഷണിയില്ല. പ്രതിക്ഷേധമില്ല. പ്രതിഫലം മാത്രമേയുള്ളൂ.

സരള വീട്ടിലെത്തിയത്‌ ഉറക്കത്തിലാണ്ടു കിടന്ന സൂരജോ ആനന്ദോ അറിഞ്ഞതേയില്ല. ഇരുട്ടില്‍ പ്രപഞ്ചം അപ്രത്യക്ഷമാകുകയും ആകാശം നീലമേഘങ്ങളില്‍ മിന്നിമറയുകയും ചെയ്‌തു.

രാവിലെ പതിവു പോലെ തന്നെ ആനന്ദ്‌ നേരം പുലര്‍ന്നപ്പോള്‍ തന്നെ ഉറക്കമുണര്‍ന്നു. റബര്‍ വെട്ടും മറ്റ്‌ ജോലികളും ചെയ്‌തു തീര്‍ക്കാന്‍ പാടുപെട്ടു. അതെല്ലാം നോക്കി മിനി നിന്നു. വിയര്‍പ്പുതുള്ളികള്‍ തുടച്ച്‌ ചിരട്ടയിലുള്ള റബര്‍പ്പാല്‍ എടുക്കാന്‍ പോയപ്പോള്‍ മിനി ഏതാനും റബര്‍ ഷീറ്റുകള്‍ അടിച്ചിട്ടു. സരള രാത്രിയില്‍ താമസിച്ച്‌ വന്നതിനാല്‍ നല്ല ഉറക്കത്തിലായിരിക്കുമെന്ന്‌ അവര്‍ക്കറിയാമായിരുന്നു.

സ്‌കൂളിലേക്കുള്ള ഓട്ടത്തിനിടയിലാണ്‌ വഴിയരികില്‍ ഓമന നില്‍ക്കുന്നത്‌ ആനന്ദ്‌ കാണുന്നത്‌. അവള്‍ തന്നെയും പ്രതീക്ഷിച്ചായിരുന്നു നിന്നത്‌. അതോ മറ്റെന്തെങ്കിലം കാരണമുണ്ടായിരുന്നോ? ഇവള്‍ എന്തിനാണ്‌ എന്നെയും പ്രതീക്ഷിച്ച്‌ നില്‌ക്കുന്നത്‌. ഇതിന്‌ മുന്‍പൊന്നും ഇങ്ങനെ കണ്ടിട്ടില്ലല്ലോ. ഇന്ന്‌ സോപ്പിട്ടു കുളിച്ചതുകൊണ്ട്‌ ചാണകത്തിന്റെ മണമില്ലെന്ന്‌ മിനിച്ചേച്ചിയും പറഞ്ഞു.

അടുത്തു ചെന്നപ്പോള്‍ ഓമനയുടെ ചുണ്ടുകള്‍ പൂവിതള്‍പോലെ വിടര്‍ന്നു. പുലര്‍കാല വന്ദനം പറഞ്ഞു. സത്യത്തില്‍ അവളുടെ മുഖത്തേക്കു നോക്കാന്‍ അവന്‌ ഭയമായിരുന്നു. ഇനിയും എന്തെങ്കിലും സമ്മാനപ്പൊതികള്‍ തന്നാല്‍ എന്തെങ്കിലും കാരണത്തിന്‌ വല്യമ്മയില്‍ നിന്ന്‌ അടി കൊള്ളേണ്ടി വരും. എന്നാലും ആ മുഖത്തേക്ക്‌ സൂക്ഷിച്ചൊന്നു നോക്കാതിരിക്കാന്‍ കഴിഞ്ഞില്ല. കഴിഞ്ഞ ദിവസത്തേക്കാള്‍ അവള്‍ സുന്ദരിയായിരുന്നു. അവളുടെ ശരീരഭംഗിയില്‍ ആരും ഒന്ന്‌ നോക്കിപ്പോകും. യൗവനത്തിന്റെ വടിവും മുഴുപ്പും ആകൃതിയും ആ ശരീരത്ത്‌ തെളിഞ്ഞുനിന്നു. അവള്‍ പ്രണയവായ്‌പോടെ അവനെ നോക്കി. കഴിഞ്ഞ രാത്രിയില്‍ കണ്‍പോളകള്‍ അര്‍ദ്ധരാത്രിയായിട്ടും അടഞ്ഞില്ല. മനസ്സില്‍ മുഴുവന്‍ ആനന്ദിന്റെ അമ്മയെപ്പറ്റിയുള്ള ചിന്തകളായിരുന്നു. എല്ലാമറിയാന്‍ അവളുടെ മനസ്സ്‌ വെമ്പല്‍കൊണ്ടു. അവള്‍ക്കൊപ്പം മറ്റൊരു കൂട്ടുകാരി വന്നതിനാല്‍ അതൊന്ന്‌ ചോദിച്ചറിയാന്‍ മനസ്സും വന്നില്ല.

അന്നത്തെ മ്യൂസിക്‌ ക്ലാസ്സില്‍ ജോസഫ്‌ സാര്‍ പറഞ്ഞു.
``ആനന്ദിന്റെ കാസറ്റ്‌ പുറത്തിറക്കാന്‍ ഒരാള്‍ ഏറ്റിട്ടുണ്ട്‌.''
കുട്ടികള്‍ പരസ്‌പരം പിറുപിറുത്തു. ആരാണ്‌?
കുട്ടികള്‍ അക്ഷമരായി റ്റീച്ചറിന്റെ മുഖത്തേക്ക്‌ നോക്കി.
ആനന്ദും ഓമനയും അതാരാണെന്നറിയാന്‍ വീര്‍പ്പുമുട്ടി.
ജീവിതം ഒഴുക്കില്‍പ്പെട്ടു വലയുമ്പോഴാണ്‌ രക്ഷപ്പെടുത്താന്‍ ആരോ വരുന്നത്‌.
ആരാണത്‌?

ഓമനയുടെ അമ്മ ഏലിയാമ്മയാണത്‌ എന്ന്‌ കേട്ടപ്പോള്‍ ഓമനയില്‍പോലും അമ്പരപ്പുയര്‍ന്നു. എല്ലാവരും ആഹ്ലാദത്തോടെ ഓമനയെ നോക്കി. ആനന്ദിന്‌ പുഞ്ചിരി മാത്രം. എങ്ങനെയാണ്‌ നന്ദി പറയുക. സന്തോഷം ഹൃദയത്തിലേക്ക്‌ തള്ളി കയറുന്നു. മണ്ണില്‍ വിധി കല്‌പിക്കുന്ന ന്യായാധിപന്‍മാര്‍ മഹാരാജാവിനേക്കാള്‍ കൊട്ടാരങ്ങളേക്കാള്‍ പാവങ്ങളുടെ തലയില്‍ സ്വര്‍ണ്ണക്കിരീടം ചാര്‍ത്തുന്നവര്‍. ആനന്ദ്‌ ഓമനയുടെ മുഖത്തേക്ക്‌ നോക്കി. അവളുടെ കുസൃതിച്ചിരി എവിടെപ്പോയി മറഞ്ഞു. അവളുടെ കണ്ണുകള്‍ തുറിച്ചിരുന്നു.

അവന്‍ പറഞ്ഞു.
``ഒത്തിരി നന്ദിയുണ്ട്‌. അമ്മയെക്കൊണ്ട്‌ സമ്മതിപ്പിച്ചതില്‍.''

അവളുടെ മനസ്സ്‌ കുഴഞ്ഞു. എങ്ങിനെയാണ്‌ ആനന്ദിനെ വിശ്വസിപ്പിക്കുക. ഞാന്‍ സ്വപ്‌നത്തില്‍പ്പോലും ആനന്ദിന്റെ ഗാനങ്ങളെ സ്‌പോണ്‍സര്‍ ചെയ്യണമെന്ന്‌ പറഞ്ഞിട്ടില്ല. കഴിഞ്ഞ രാത്രിയില്‍ ആനന്ദിന്റെ അമ്മയുടെ നിശബ്‌ദമായ കിടപ്പിനെപ്പറ്റിയും പുതിയൊരു പാട്ടു സീഡി ഉണ്ടാക്കുന്നതിനെപ്പറ്റിയും സംസാരിച്ചു. ഇന്ന്‌ റ്റീച്ചറിന്റെ വായില്‍ നിന്ന്‌ ഒരു ഞെട്ടലോടെയാണത്‌ കേട്ടത്‌. ആഹ്ലാദവും അമ്പരപ്പും അവളില്‍ ആഞ്ഞടിച്ചുകൊണ്ടിരിക്കുമ്പോള്‍ സാറിന്റെ ശബ്‌ദം വീണ്ടും മുഴങ്ങി.

``ഈ വാര്‍ത്ത ഓമനയെ ഞെട്ടിച്ചുകാണും. ഇന്ന്‌ രാവിലെ ഫോണില്‍ വിളിച്ചാണ്‌ ഏലിയാമ്മ ഈ കാര്യം പറഞ്ഞത്‌. ഇന്ന്‌ ഓമനയുടെ ജന്മദിനമാണ്‌. ഇത്‌ ജന്മദിനസമ്മാനമാണെന്നും പറഞ്ഞു.'

സാര്‍ പറഞ്ഞതു കേട്ടപ്പോള്‍ അവളുടെ മനസ്സിന്‌ എന്തെന്നില്ലാത്ത സന്തോഷം തോന്നി. മുഖത്ത്‌ വികാരത്തുടിപ്പുകള്‍ നിറഞ്ഞു. നിമിഷനേരത്തേക്ക്‌ സംസാരിക്കാന്‍പോലും കഴിഞ്ഞില്ല. മമ്മി തന്നെയും ഞെട്ടിച്ചിരിക്കുന്നു. ഒരിക്കല്‍പ്പോലും ജന്മദിനക്കേക്ക്‌ മുറിച്ച്‌ എന്റെ ജനനദിവസം ആഘോഷിക്കുവാന്‍ ഞാന്‍ തുനിഞ്ഞിട്ടില്ല. സമ്പത്തിനെ ആധാരമാക്കി നടത്തുന്ന ഈ ചടങ്ങിനോടും അവള്‍ക്ക്‌ തീരെ താല്‌പര്യമില്ലായിരുന്നു. അറിവില്ലാതിരുന്ന കാലത്ത്‌ ഇതൊക്കെ നടത്തിയതായി മമ്മി പറഞ്ഞിട്ടുണ്ട്‌. അറിവുണ്ടായപ്പോള്‍ ആ യാഥാര്‍ത്ഥ്യം അവള്‍ തുറന്നു പറഞ്ഞു. മമ്മീ, കോടാനുകോടി ജനങ്ങള്‍ ഒരുനേരം വയറുനിറയെ ആഹാരം കഴിക്കാനില്ലാത്ത ഈ ദേശത്ത്‌ എനിക്കിതില്‍ സന്തോഷിക്കാനാകില്ല. മകളുടെ വാക്കുകള്‍ നിര്‍വികാരതയോടെ കേട്ടുനില്‌ക്കാനേ കഴിഞ്ഞുള്ളൂ. എല്ലാവരും അവള്‍ക്കും ജന്മദിനാശംസകള്‍ നേര്‍ന്നു. അവള്‍ അവര്‍ക്ക്‌ നന്ദി പറഞ്ഞുകൊണ്ട്‌ എഴുന്നേറ്റിട്ട്‌ പറഞ്ഞു.

``എന്റെ അറിവില്‍ ഞാനിന്നുവരെ ബര്‍ത്ത്‌ഡേ കൊണ്ടാടിയിട്ടില്ല. എന്നാല്‍ ആനന്ദിനായി നല്‌കുന്ന ഈ ജന്മദിനസമ്മാനം ഞാന്‍ സ്വീകരിക്കുന്നു.'' ജോസഫ്‌സാര്‍ അവളെ അഭിനന്ദിച്ചു.

തുടര്‍ന്ന്‌, മ്യൂസിക്ക്‌ സാര്‍ പുതിയ കാസറ്റിനെപ്പറ്റി വിശദീകരിച്ചു.

``നിങ്ങള്‍ കേരളത്തില്‍ നിന്നുള്ള ആദ്യത്തെ കുട്ടികളുടെ ഗാനമേള സംഘമാണ്‌. എല്ലാറ്റിലും നിങ്ങള്‍ സഹകരിക്കണം. ഈ കാസറ്റിലെ ആദ്യ പാട്ട്‌ പാടുന്നത്‌ കേരളത്തിലെ ഗന്ധര്‍വ്വസംഗീത വിദ്വാനാണ്‌. അതിനുള്ള വരികള്‍ എഴുതുന്നതും ആനന്ദാണ്‌. തുടര്‍ന്നുള്ള എല്ലാ ഗാനങ്ങളും സംഗീതസംവിധാനവും എല്ലാംതന്നെ നിങ്ങളുടെ ചുമതലയില്‍ നടത്തുക. നിങ്ങള്‍ എഴുതിക്കൊണ്ടു വരുന്ന വരികള്‍ ഞാനോ നിങ്ങളോ സംവിധാനം നിര്‍വ്വഹിക്കും. ഇതിനോട്‌ വിയോജിപ്പുണ്ടെങ്കില്‍ ഇപ്പോള്‍ പറയണം. എല്ലാവരും വലിയ പാട്ടുകാരാണ്‌, എഴുത്തുകാരാണ്‌ തുടങ്ങിയ അഹന്ത കലയില്‍ പാടില്ല.''

കലയില്‍ കരകവിഞ്ഞൊഴുകുന്ന ഒരു നദിയാണ്‌ ആനന്ദ്‌ എന്ന്‌ എല്ലാവര്‍ക്കുമറിയാം.
ഓമനയെ ആകര്‍ഷിക്കുന്നതും അതുതന്നെയാണ്‌.

പ്രണയം പൂവിടുന്ന നിമിഷങ്ങളില്‍ ആനന്ദിനെ ഓര്‍ത്തിരിക്കാറുണ്ട്‌. മനസ്സില്‍ എന്തെല്ലാം ആഗ്രഹങ്ങളാണ്‌ മുളച്ചു വരുന്നത്‌. കണ്‍പോളകളില്‍ ഉറക്കം തൂങ്ങുമ്പോള്‍ അതെല്ലാം കൊഴിഞ്ഞുപോകും. പ്രണയസല്ലാപത്തില്‍ പങ്കുകൊള്ളാന്‍ ആനന്ദ്‌ വരില്ലെന്ന്‌ അവള്‍ക്കറിയാം. അതൊന്ന്‌ തുറന്ന്‌ ചോദിക്കാന്‍ ഉള്ളില്‍ ഭയമുണ്ട്‌. പരിചിതരായി നടക്കുന്ന നല്ല സുഹൃത്തുക്കള്‍ അപരിചിതരായി മാറുമോ എന്നൊരു ആശങ്ക. അങ്ങനെ സംഭവിച്ചാല്‍ അത്‌ മനസ്സിന്‌ ഒരിക്കലും താങ്ങാനാവാത്ത ഭാരമായിരിക്കും. അങ്ങനെയൊരു ഭാരം മനസ്സില്‍ ഉണ്ടാക്കണോ? അവളുടെ തിളങ്ങുന്ന കണ്ണുകളിലേക്ക്‌ ആനന്ദ്‌ നിമിഷങ്ങള്‍ നോക്കിയിരുന്നു. അവളും അവനെ നോക്കി പുഞ്ചിരിച്ചു. ആ പുഞ്ചിരിയില്‍ പ്രണയമനോഹാരിത നിറഞ്ഞുനിന്നു.

ആനന്ദിന്റെ പുതിയ ഗാനം റ്റീച്ചര്‍ ചിട്ടപ്പെടുത്തിയിരുന്നു.

അത്‌ പാടാനായി ആനന്ദിനെ ക്ഷണിച്ചു. എല്ലാവരും അവരവരുടെ വാദ്യോപകരണങ്ങളുമായി എഴുന്നേറ്റു. കോരിത്തരിപ്പിക്കുന്ന ഗാനമായിരുന്നു അത്‌. എല്ലാവരും കൈയടിച്ചു.

ഓമന ദുഃഖസാന്ദ്രമായ കണ്ണുകളോടെ ആനന്ദിനെ നോക്കി.

ദുഃഖമുണ്ടെങ്കിലും ആ പാട്ടില്‍ സംതൃപ്‌തി നേടിയ ആനന്ദിന്റെ മനസ്സ്‌ അവള്‍ കണ്ടു. ആനന്ദിന്റെ ആഗ്രഹങ്ങള്‍ സഫലീകരിക്കപ്പെടട്ടെയെന്നു മനസ്സില്‍ പ്രാര്‍ത്ഥിച്ചു.

അവര്‍ ഓരോരുത്തരും ഉപകരണങ്ങള്‍ പരിശീലിക്കുന്നതില്‍ വ്യാപൃതരായി. ഗിത്താര്‍ വായിച്ചുകൊണ്ടിരുന്ന ഓമനയുടെ മനസ്സ്‌ മമ്മിയിലേക്ക്‌ തിരിഞ്ഞു. പപ്പായെപ്പോലെ മമ്മിയും മറ്റുള്ളവരുടെ ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കുന്നതില്‍ മുന്‍പന്തിയിലാണ്‌. ഇതില്‍ മമ്മി സ്വീകരിച്ച വഴി അവളെ ആശ്ചര്യപ്പെടുത്തുകയും ചെയ്‌തു. മകളെ ഇത്രമാത്രം സ്‌നേഹിക്കുന്നുവെന്ന്‌ ശക്തമായി മനസ്സിലാക്കാന്‍ കൂടി ഈ അവസരം കഴിഞ്ഞു. മാതാപിതാക്കളെയോര്‍ത്തും അവള്‍ക്ക്‌ അഭിമാനം തോന്നി. അവരുടെ സ്‌നേഹത്തിന്‌ മുന്നില്‍ നല്ലൊരു മകളായി കഴിയാന്‍ മനസ്സാഗ്രഹിച്ചു. അതിന്‌ കഴിയുമോ? ഭാവിയില്‍ അവരുടെ വിശ്വാസത്തിനും സ്‌നേഹത്തിനും പ്രതീക്ഷകള്‍ക്കും വിപരീതമായി എന്തെങ്കിലും സംഭവിച്ചാല്‍ അവര്‍ക്ക്‌ നേരെ കണ്ണുകളുയര്‍ത്താന്‍ ശക്തിയുണ്ടാകുമോ? കൗമാരത്തില്‍ മാതാപിതാക്കളുടെ പ്രിയപ്പെട്ട കുട്ടികള്‍ യൗവനത്തില്‍ അവരെ സങ്കടപ്പെടുത്തുന്നത്‌ എന്താണ്‌? മമ്മിയുടെ ശുഭാശംസകള്‍ക്കൊപ്പം പ്രായത്തില്‍ വരുത്തുന്ന മാറ്റം അവളില്‍ ഒരു നൊമ്പരമായി കിടന്നു.

മ്യൂസിക്ക്‌ സാര്‍ പിന്നീടു പാടാന്‍ വിളിച്ചതും ഓമനയെയായിരുന്നു.
അവളുടെ വിടര്‍ന്ന കണ്ണുകളിലേക്ക്‌ എല്ലാവരും നോക്കി.
ആനന്ദിനെ നോക്കാന്‍ അവള്‍ക്ക്‌ ധൈര്യമില്ലായിരുന്നു.

അവള്‍ എഴുതിയ വരികള്‍ തന്നെയാണ്‌ അവള്‍ പാടുവാന്‍ തെരഞ്ഞെടുത്തതും. അതൊരു ക്രിസ്‌തീയ ലളിതഗാനമായിരുന്നു. എല്ലാമതവിശ്വാസികളുടെയും ഗാനങ്ങള്‍ ഉള്‍ക്കൊണ്ട ഒരു പാട്ടുകാസറ്റാണ്‌ അവര്‍ പുറത്തിറക്കാന്‍ തീരുമാനിച്ചിട്ടുളളത്‌. ആ പാട്ടില്‍ എല്ലാവരും ലയിച്ചിരുന്നു. അവളുടെ മധുരശബ്‌ദത്തില്‍ ആനന്ദ്‌ ഒഴുകിയൊഴുകി ചക്രവാളങ്ങള്‍ വരെയെത്തി. ആ ശബ്‌ദം ഉറങ്ങുന്നവരെ ഉണര്‍ത്തുന്നതായിരുന്നു.

എല്ലാവരും കൈയടിച്ച്‌ അവളെ പ്രോത്സാഹിപ്പിച്ചു.
ആനന്ദിന്റെ കയ്യടി കൂടിയപ്പോള്‍ എല്ലാവരും സൂക്ഷ്‌മതയോടെ നോക്കി.
ഓമനയ്‌ക്കും ചിരിയടക്കാനായില്ല.

``ആനന്ദ്‌ കൈയടി നിറുത്ത്‌. ആരോഗ്യത്തിന്‌ കേടാ. എവിടെയാണ്‌? ഇവിടെയല്ലേ?'' ജോണ്‍ ഉച്ചത്തില്‍ പറഞ്ഞു. ആനന്ദ്‌ ലജ്ജിതനായി എല്ലാവരെയും നോക്കി. ആ പാട്ടും അവനെ പരമാനന്ദത്തില്‍ എത്തിച്ചു. രാജനോടായി റ്റീച്ചര്‍ പരാതിപ്പെട്ടു.

``ജോണ്‍ നീ ശ്രുതി തെറ്റിച്ചത്‌ എന്താണ്‌. ഞാന്‍ പറഞ്ഞിട്ടില്ലേ ഗാനത്തില്‍ മുഴുകിയിരിക്കണമെന്ന്‌. ഇങ്ങനെയെങ്കില്‍ നിന്നെ എനിക്ക്‌ മാറ്റേണ്ടി വരും.''

എല്ലാവും ചിന്താകുലരായി. ആനന്ദ്‌ സ്‌നേഹബഹുമാനത്തോടെ പറഞ്ഞു.
``റ്റീച്ചറെ, ദയവായി രാജനെ മാറ്റരുതെ'' റ്റീച്ചര്‍ ക്ഷുഭിതനായി രാജനെ നോക്കി.

``അടിസ്ഥാന സത്യങ്ങള്‍ തെറ്റിച്ചാല്‍ എന്തു ചെയ്യും? അക്ഷരാഭ്യാസമില്ലാത്തവന്‌ ഏതുപകരണവും വായിക്കാം. നാടകത്തിലും സിനിമയിലും അഭിനയിക്കാം. പണവും പ്രശസ്‌തീം കിട്ടും. എന്നാല്‍ അക്ഷരമെഴുതിയ നിങ്ങളെ നിങ്ങളാക്കിയവനെ നിന്ദിച്ചാലോ? പാടുന്നയാളും വയലിന്‍ വായിക്കുന്ന ആളും ഒരു പാറപോലെ അക്ഷരത്തിലും താളത്തിലും ഉറച്ചു നില്‌ക്കേണ്ടവരാണ്‌. മനസ്സില്‍ ദൃഢനിശ്ചയമുണ്ടായിരിക്കണം. ഇത്‌ എല്ലാവര്‍ക്കുമുള്ള താക്കീതാണ്‌.''

രാജന്‍ എഴുന്നേറ്റ്‌ ക്ഷമാപണം നടത്തി. ഇതേ നാവില്‍ നിന്ന്‌ താന്‍ നല്ലൊരു പേരുണ്ടാക്കുമെന്ന്‌ രാജനും മനസ്സില്‍ ദൃഢനിശ്ചയം ചെയ്‌തു.

ആനന്ദിനെപ്പോലെ ഒരാളായിത്തീരാനുള്ള ശ്രമമാണാവശ്യം.

ഒരു വ്യക്തി എല്ലാവരാലും ആകര്‍ഷിക്കപ്പെടുന്നത്‌ എന്താണ്‌? അയാളുടെ പ്രവൃത്തിയാണ്‌, വ്യക്തിത്വമാണ്‌. വ്യക്തിത്വമുള്ളവനെ ആരും അനുസരിക്കുന്നു, അനുസ്‌മരിക്കുന്നു. ആ ചിന്ത സമുദ്രത്തില്‍ നങ്കൂരമിട്ടു കിടക്കുന്ന കപ്പല്‍പോലെ മനസ്സിലേക്ക്‌ വന്നു. ക്ലാസ്സുമുറിയില്‍ നിന്ന്‌ പുറത്തേക്കിറങ്ങി നടക്കുമ്പോഴും ആ ചിന്ത മനസ്സില്‍ ചലനങ്ങള്‍ സൃഷ്‌ടിച്ചുകൊണ്ടിരുന്നു. വഴിയില്‍ നിന്ന ആനന്ദിനോട്‌ അവന്‍ ആത്മാര്‍ത്ഥമായി നന്ദിയെ അറിയിച്ചു. ജോസഫ്‌ റ്റീച്ചറിന്‌ ഇഷ്‌ടപ്പെടാത്ത എന്തുണ്ടായാലും ക്ലാസ്സില്‍ നിന്ന്‌ പുറത്താക്കാന്‍ മടിയില്ലാത്തവനാണ്‌. അങ്ങനെ സംഭവിച്ചിട്ടുണ്ട്‌. തടി അറത്ത്‌ മുറിച്ച്‌ മാറ്റുന്നതുപോലുള്ള സ്വഭാവക്കാരന്‍. കലയെ രസതന്ത്രമാക്കാന്‍ അദ്ദേഹം അനുവദിക്കുന്നില്ല. കലയ്‌ക്ക്‌ തിരിനാളം കൊളുത്തേണ്ടവരാണ്‌ കലാകാരന്മാര്‍. അല്ലാതെ കെടുത്തേണ്ടവരല്ല എന്നാണ്‌ അദ്ദേഹം എപ്പോഴും ശിഷ്യഗണങ്ങളെ ഉപദേശിക്കുന്നത്‌.

ഓമന നടന്നു വന്നത്‌ രാജന്‍ കണ്ടു. പലപ്പോഴും അവളുമായി സംസാരിക്കാന്‍ ആവേശം കാണിച്ചിരുന്ന രാജന്‍ അതില്‍ താല്‌പര്യം കാണിക്കാതെ നടന്നുപോയി. ക്ലാസ്സില്‍ അവളെ നോക്കിയിരുന്നപ്പോള്‍ ശ്രുതി തെറ്റി. സമനില വീണ്ടെടുത്തു വന്നപ്പോഴേയ്‌ക്കും എല്ലാം കുഴഞ്ഞു മറിഞ്ഞിരുന്നു. ആനന്ദിന്റെ വാക്കുകളാണ്‌ ഇന്ന്‌ എന്നെ രക്ഷപെടുത്തിയത്‌. എന്നാലും മ്യൂസിക്ക്‌ സാറിന്റെ ഉള്ളില്‍ വെറുപ്പ്‌ ഉണ്ടെന്ന്‌ തോന്നി.

അവള്‍ അടുത്തെത്തി. ആനന്ദിന്‌ ഹൃദയം നിറയെ അവളോടു സ്‌നേഹമായിരുന്നു. അവള്‍ ആനന്ദിന്റെ കണ്ണുകളിലേയ്‌ക്ക്‌ ഹൃദയസ്‌പര്‍ശിയായി നോക്കി.

ആ നോട്ടത്തില്‍ അവന്റെ തല കുനിഞ്ഞു. പടിഞ്ഞാറോട്ടുപോയ സൂര്യരശ്‌മികള്‍ പോലെ അവളുടെ മുഖം തിളങ്ങി.

``എന്താ അനന്ദ്‌ നിന്നത്‌? ദിവസവും ഓടിപ്പോകുന്നതല്ലേ?''
``എനിക്കിന്ന്‌ ഓമനയെ കാണണമെന്ന്‌ തോന്നി.''
``എന്റെ മമ്മി മുടക്കുന്ന പണത്തിന്‌ നന്ദി പറയാനാണോ?''
``അതെ'' അവന്റെ കണ്ണുകള്‍ തിളങ്ങി.
``എനിക്കതില്‍ യാതൊരു പങ്കുമില്ല. നന്ദി മമ്മിയോടു പറയുക.''
``മമ്മി വീട്ടില്‍ കാണുമോ? ഞാനും കൂടി വരട്ടെ?''
``എന്റെ ഒപ്പം ഒരു ചെറുക്കന്‍ വന്നാല്‍ ആള്‍ക്കാര്‍ എന്തെങ്കിലും പറയില്ലേ? അതു വേണോ ആനന്ദ്‌?''
``അത്‌ ശരിയാ, ഞാനെന്നാല്‍ പിറകെ വന്നുകൊള്ളാം. ഓമന പൊയ്‌ക്കൊള്ളൂ.''

അവള്‍ പ്രായപൂര്‍ത്തിയായ ഒരു പെണ്ണെന്ന്‌ അപ്പോള്‍ മാത്രമാണ്‌ അവന്‍ ഓര്‍ത്തത്‌. ഓമന ആ മുഖത്തേക്ക്‌ നോക്കി. ആ മനസ്സ്‌ വായിച്ചെടുക്കാനുള്ള ശ്രമത്തിലായിരുന്നു.

പെട്ടെന്നവള്‍ ചോദിച്ചു.
``ഇപ്പോള്‍ ആനന്ദിന്‌ എന്തു പ്രായമുണ്ട്‌?''
``എന്തിനാ എന്റെ പ്രായം അറിയുന്നേ?''

``അല്ല, ഇത്ര ചെറുപ്പത്തിലെ നല്ല കഥയും കവിതയും എഴുതുന്ന ആളിന്‌ കുറഞ്ഞത്‌ ഇരുപത്തിയഞ്ച്‌ വയസ്സെങ്കിലും കാണണം. ശരിയല്ലേ?''

``ഇല്ല. എനിക്കറിയില്ല.''
അവളുടെ മുഖഭാവം പെട്ടെന്ന്‌ മാറി.
``പിന്നെ എന്താ ഇയാള്‍ക്കറിയാവുന്നേ? മീശ കിളിച്ചല്ലോ. ഇങ്ങനെയും പേടിയുള്ള ആമ്പിള്ളേരുണ്ടോ?''
അവന്‍ ഒന്നുമറിയാതെ ചോദിച്ചു.
``എന്താ ഓമനെ. എനിക്കൊന്നും മനസ്സിലാകുന്നില്ല.''
``എന്റെ ഒപ്പം നടന്നാല്‍ മതി. മനസ്സിലായോ?'' അവന്‍ മൂളി.

അവളുടെ മുടികള്‍ കാറ്റില്‍ ആടി പറന്നു. ആനന്ദ്‌ നിശബ്‌ദനായി അവള്‍ക്കൊപ്പം നടന്നു. ഇവള്‍ ദേഷ്യക്കാരിയാണോ? സ്‌നേഹവും പരാതികളും പ്രതിക്ഷേധവും എല്ലാം ഒപ്പത്തിനൊപ്പം കൂടെയുണ്ട്‌. പെട്ടെന്ന്‌ അതിന്‌ അഭിമുഖീകരിക്കാന്‍ കഴിഞ്ഞില്ല. പരസ്‌പരം അറിയാത്തവരെപ്പോലെ ഒറ്റപ്പെട്ടു നടന്നപ്പോള്‍ അവള്‍ ചോദിച്ചു.

``ആനന്ദിന്‌ എന്നോടു പിണക്കമാണോ?''
ആനന്ദ്‌ സംശയത്തോടെ നോക്കി.

ആ ചോദ്യത്തിലടങ്ങിയ വികാരം മനസ്സിലാകുന്നില്ല. പിണക്കമില്ലെന്ന്‌ പറഞ്ഞാല്‍ എന്തുകൊണ്ട്‌ പിണങ്ങുന്നില്ലെന്ന്‌ ചോദിച്ചാലോ? അവന്‍ ആലോചനയിലാണ്ടു. എന്നിട്ട്‌ ഒരുത്തരം കൊടുത്തു.

``എന്തിനാ പിണങ്ങുന്നേ?''
ആ മറുപടി അവള്‍ക്കിഷ്‌ടപ്പെട്ടു.
``അപ്പോള്‍ ഇണക്കമുണ്ട്‌. ഇനിയും ആ ഇഷ്‌ടത്തില്‍ വല്ല പ്രേമവും ഒളിച്ചു കിടപ്പുണ്ടോ?''
അവന്‍ പകച്ചു നോക്കി. എന്നെ കളിയാക്കുകയാണോ. അതോ തമാശ പറയുകയോ? അവള്‍ ഉദ്ദേശിക്കുന്ന അര്‍ത്ഥം എനിക്കറിയത്തുമില്ല.

ആ വിഷയം മാറ്റാനായി അവള്‍ ചോദിച്ചു.
``എന്തു ദൂരമുണ്ട്‌ വീട്ടിലേയ്‌ക്ക്‌?''
അവള്‍ കൈ ചൂണ്ടി കാണിച്ചു.
`` ദേ ആ കാണുന്നത്‌.''
അവളുടെ വീട്‌ ടൗണിനടുത്തു തന്നെയാണ്‌.

പടിഞ്ഞാറ്‌ കടലും ഒരു ഭാഗത്ത്‌ ഒരു കുന്നിന്‍ ചരിവില്‍ ആകാശം മുട്ടേ നില്‌ക്കുന്ന മരങ്ങള്‍. അവര്‍ വീടിന്‌ മുന്നിലെത്തി. ഗേറ്റ്‌ തുറന്ന്‌ അകത്തേക്ക്‌ നടന്നു. മുറ്റത്ത്‌ നിറയെ വൃക്ഷത്തോപ്പുപോലം വിവിധ നിറത്തിലുള്ള പൂക്കള്‍. മനോഹരമാ ഒരു രണ്ട്‌ നില കെട്ടിടം. അവരെ കണ്ടയുടനെ ഒരു വലിയ നായ്‌ കൂടിളക്കി കുറച്ചു. എങ്ങും വസന്തത്തിന്റെ പുതുമ നിറഞ്ഞു നില്‌ക്കുന്ന വീട്‌. അവള്‍ ബാഗില്‍ നിന്ന്‌ താക്കോലെടുത്ത്‌ കതക്‌ തുറന്നു. അവനെ അകത്തേക്ക്‌ ക്ഷണിച്ചുവെങ്കിലും ചെല്ലാതെ വരാന്തയിലെ ചൂരല്‍ കസേരയിലിരുന്നു. അവള്‍ തിരികെ വന്ന്‌ ചോദിച്ചു.

``എന്താ ഇവിടെ ഇരിക്കുന്നേ? അകത്തു വന്നിരിക്കൂ.''
``വേണ്ട, ഞാന്‍ ഇവിടെ ഇരുന്നോളാം. ഇവിടെ മറ്റാരും ഇല്ലേ?''
``മമ്മി ഡ്യൂട്ടി കഴിഞ്ഞ്‌ ഇപ്പോഴെത്തും. ആനന്ദിന്‌ കുടിക്കാന്‍ എന്തുവേണം?''
``എനിക്കൊന്നും വേണ്ട''

വീടിന്റെ ആഡംബരഭംഗിയിലേയ്‌ക്ക്‌ ഉറ്റുനോക്കിയിരുന്നുവെങ്കിലും ഉള്ളില്‍ ഭയം നിറഞ്ഞിരുന്നു. അവള്‍ മുറിയടച്ചിട്ട്‌ അകത്തേക്കു പോയപ്പോഴാണ്‌ മനസ്സിന്‌ ഒരാശ്വാസം തോന്നിയത്‌. പെട്ടെന്നവള്‍ തുണികള്‍ മാറി വന്ന്‌ ആനന്ദിന്‌ അടുത്തായി ഇരുന്നു. കടല്‍ക്കാറ്റിനൊപ്പം ഓമനയുടെ മമ്മി ഒരു ഹോണ്ടാ കാറില്‍ മുറ്റത്ത്‌ വന്നിറങ്ങി. അവര്‍ എഴുന്നേറ്റ്‌ നിന്നു. ഓമന ആനന്ദിനെ പരിചയപ്പെടുത്തി.

``ആനന്ദിനെപ്പറ്റി ഇവള്‍ ധാരാളം പറഞ്ഞിട്ടുണ്ട്‌. ഇരിക്കൂ!'' അവര്‍ ഇരുന്നു.
``ഞങ്ങള്‍ക്ക്‌ പണം തന്ന്‌ സഹായിക്കാമെന്ന്‌ പറഞ്ഞതിന്‌ നന്ദി അറിയിക്കാന്‍ വന്നതാ.''
``ഞാനത്‌ സ്വീകരിച്ചിരിക്കുന്നു. മോളെ നീ കുടിക്കാനൊന്നും കൊടുത്തില്ലേ?''
``ആനന്ദിന്‌ ഇച്ചിരി ഗമ കൂടുതലാ മമ്മീ, വേണ്ടാന്ന്‌ പറഞ്ഞു. കൊടുത്തില്ല.''
``ആരൊക്കെയുണ്ട്‌ ആനന്ദിന്റെ വീട്ടില്‍. പറയൂ, കേള്‍ക്കട്ടെ''

ആനന്ദ്‌ ഒരു നിമിഷം മൗനിയായി. അവന്‌ എന്തു പറയണമെന്ന്‌ അറിയില്ലായിരുന്നു. എവിടെ നിന്ന്‌ തുടങ്ങും, എങ്ങനെ പറയും തന്റെ ജീവിതം. മുറ്റത്തെ പേരമരച്ചുവട്ടില്‍ നിന്ന്‌ ഒരു കിളി പറന്നു പോയി. അതിന്റെ ചിലപ്പില്‍ ഒരു തേങ്ങല്‍ കുടിയിരിപ്പുണ്ടായിരുന്നുവെന്ന്‌ ആനന്ദിന്‌ തോന്നി.


(തുടരും.....)
കൗമാരസന്ധ്യകള്‍ (നോവല്‍-5: കാരൂര്‍ സോമന്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക