Image

ഫോമോത്സവത്തെ വരവേല്‍ക്കാനൊരുങ്ങി അനന്തപുരി (അനില്‍ പെണ്ണുക്കര)

Published on 23 July, 2015
ഫോമോത്സവത്തെ വരവേല്‍ക്കാനൊരുങ്ങി അനന്തപുരി (അനില്‍ പെണ്ണുക്കര)
അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ ഫെഡറേഷനായ ഫോമയുടെ കേരളാ കണ്‍വന്‍ഷനെ വരവേല്‍ക്കാന്‍ അനന്തപത്മനാഭന്റെ നാടൊരുങ്ങി. ലോകം മുഴുവന്‍ വിലയ്‌ക്കുവാങ്ങുവാന്‍ കഴിവുള്ള കലവറയില്‍ നിധിയുമായി അനന്തപത്മനാഭന്‍ സുസ്‌മേരവദനനായി ശയിക്കുമ്പോള്‍ ലോകത്തെ നിയന്ത്രിക്കാന്‍ കഴിവുള്ള അമേരിക്കന്‍ മണ്ണില്‍ നിന്നാണ്‌ ഫോമോത്സവവുമായി അമേരിക്കന്‍ മലയാളികള്‍ അനന്തന്റെ മണ്ണിലിറങ്ങുന്നത്‌.

ഓഗസ്റ്റ്‌ ഒന്നിന്‌ തിരുവനന്തപുരം മസ്‌കറ്റ്‌ ഹോട്ടലില്‍ നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ ഫോമാ കേരളാ കണ്‍വന്‍ഷന്‌ തിരിതെളിയുമ്പോള്‍ ഫോമാ പ്രവര്‍ത്തകര്‍ക്ക്‌ ആനന്ദിക്കാം. നാളിതുവരെയുള്ള ഫോമയുടെ എല്ലാ പ്രവര്‍ത്തനങ്ങളും ജനങ്ങളിലെത്തിക്കുവാനും, യുവജനങ്ങളെ ആകര്‍ഷിക്കാനും, വരുംകാലങ്ങളില്‍ ഫോമയുടെ നേതൃസ്ഥാനത്തിനുവേണ്ടി വാശിയേറിയ മത്സരം വരെ കാഴ്‌ചവെയ്‌ക്കുന്നതരത്തില്‍ നേതാക്കളെ വാര്‍ത്തെടുക്കുവാന്‍ ഫോമയുടെ കഴിഞ്ഞകാല പ്രവര്‍ത്തകര്‍ക്ക്‌ ഉണ്ടാകുന്ന ചാരിതാര്‍ത്ഥ്യം ഒരുവശത്ത്‌, കൂടാതെ ഒരു ദിവസംകൊണ്ട്‌ ചിട്ടയോടുകൂടി അനന്തപുരിയുടെ മടിത്തട്ടിലിരുന്ന്‌ മന്ത്രിമാരോടും ജനപ്രതിനിധികളോടും ബ്യൂറോക്രസിയോടും പറയേണ്ടത്‌ പറയുകയും നേടേണ്ടത്‌ നേടുകയും ചെയ്യുക എന്ന ആവശ്യം മറ്റൊരു വശത്ത്‌- രണ്ടുംകൂടി സമ്മേളിക്കുമ്പോള്‍ ഫോമാ കേരളാ കണ്‍വന്‍ഷന്‍ ചരിത്രസംഭവമാകും

അവധിക്കാലം ആഘോഷിക്കാനെത്തിയ അമേരിക്കന്‍ മലയാളികളെ മുഴുവന്‍ മസ്‌കറ്റ്‌ ഹോട്ടലിലേക്ക്‌ ഹൃദയപൂര്‍വ്വം ക്ഷണിക്കുകയാണ്‌ ഫോമാ നേതൃത്വം. ചടങ്ങിന്‌ മാറ്റുകൂട്ടുവാന്‍ ചലച്ചിത്രതാരങ്ങളും ഗസല്‍താരവും കൂടിയാകുമ്പോള്‍ കലയുടെ ഒരു പരിഛേദം കൂടിയാവും ഫോമോത്സവം. കലാപാരമ്പര്യത്തില്‍ നിന്നും, സാംസ്‌കാരിക ഭൂമികയിലേക്ക്‌ കടന്നുവന്ന ഷാജി എഡ്വേര്‍ഡും, ഭാരതീയ തനിമയുടെ സാംസ്‌കാരിക- രാഷ്‌ട്രീയ പച്ചപ്പില്‍ നിന്ന്‌ സംഘടനയിലേക്ക്‌ വന്ന ആനന്ദന്‍ നിരവേലും നയിക്കുന്ന ഫോമയുടെ കേരലാ കണ്‍വന്‍ഷന്‍ ആനന്ദമയമാകും എന്നതില്‍ രണ്ടഭിപ്രായമില്ല.
ഫോമോത്സവത്തെ വരവേല്‍ക്കാനൊരുങ്ങി അനന്തപുരി (അനില്‍ പെണ്ണുക്കര)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക